Image

അഫ്ഗാനിസ്ഥാനില്‍നിന്നും അമേരിക്കന്‍ സൈനിക പിന്‍വാങ്ങല്‍ ഇന്‍ഡ്യയ്ക്ക് മഹാഭീഷണി (കോര ചെറിയാന്‍)

Published on 23 July, 2021
അഫ്ഗാനിസ്ഥാനില്‍നിന്നും അമേരിക്കന്‍ സൈനിക പിന്‍വാങ്ങല്‍ ഇന്‍ഡ്യയ്ക്ക് മഹാഭീഷണി (കോര ചെറിയാന്‍)
ഫിലാഡല്‍ഫിയ, യു. എസ്. എ.:  ഈ ആഗസ്റ്റ് മാസം 31-ന് 20 വര്‍ഷമായി അഫ്ഗാനിസ്ഥാന്‍ ജനതയ്ക്കും രാജ്യത്തിനും സുരക്ഷിതത്വം നല്‍കിയ അമേരിക്കന്‍ സേനയും നോര്‍ത്ത് അറ്റ്‌ലാന്റിക്ക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ - നാറ്റോ പടയാളികളും പിന്‍വാങ്ങുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവന ഇന്‍ഡ്യയുടെയും അമേരിക്കയുടെയും സൈ്വര്യത്തേയും സ്വസ്ഥതയേയും ശക്തമായി ബാധിക്കും. അല്‍ -ക്വയ്ദയുടെ അമേരിക്കന്‍ ആക്രമണ ശക്തി ലഖുകരിച്ചെന്നും ഒസാമ ബിന്‍ ലാദനെ അമേരിക്കന്‍ സൈന്യം പാക്കിസ്ഥാന്‍ പട്ടാള ക്യാമ്പിന് സമീപത്തുവെച്ച് 2011, മെയ് 2 ന് നിരുപാധികം കൊലപ്പെടുത്തിയതിനാല്‍ താലിബാന്‍ ശക്തി ക്ഷയിച്ചതായുള്ള ജോ ബൈഡന്റെ ബാലിശ പ്രസ്താവന സമീപ ഭാവിയില്‍തന്നെ അമേരിക്കയ്ക്ക് അപായകരമാകും. താലിബാന്റെയും അല്‍-ക്വയ്ദയുടെയും ഏതാനും നേതാക്കളുടെ അകാല നിര്യാണം അഫ്ഗാന്‍ ഭീകര പ്രവര്‍ത്തകരുടെ വീര്യത്തിന് കാര്യമായ വിഘാതം വരുത്തിയിട്ടില്ല.
    
വിവിധ മുസ്ലീം രാജ്യങ്ങളില്‍നിന്നുമുള്ള ചാവേര്‍പ്പടയുടെ പാര്‍പ്പിടത്തിനും പരിശീലനത്തിനും ഉള്ള സുരക്ഷിത താവളമായി അഫ്ഗാന്‍ മാറ്റപ്പെടും. ഇന്‍ഡ്യന്‍ - അഫ്ഗാന്‍ സൗകൃത പുറംചട്ടയ്ക്കുള്ളില്‍കൂടി തന്നെ ഇന്‍ഡ്യന്‍ നഗരങ്ങളെ ആക്രമിക്കുവാനുള്ള ആഹ്വാനത്തോടെയുള്ള പരിശീലനവും വെടികോപ്പുകളുടെ പ്രവാഹവും  സമീപഭാവിയില്‍ തന്നെ തുടങ്ങും. 2008-ലെ മുംബൈ ആക്രമണവും ടാജ് ഹോട്ടലിന്റെ ഉള്ളില്‍ വെച്ച് ഭീകരാക്രമിയായ അജ്മല്‍ കസ്ബിനെ ജീവനോടെ പിടിച്ചതും തുടര്‍ന്നുള്ള കോര്‍ട്ട് കേസുകളും തൂക്കിലേറ്റിയതുമായ വേദനാത്മകമായ സംഭവപരമ്പരകള്‍ എല്ലാ ഭാരതീയരുടെയും മനസ്സില്‍ മങ്ങാതെ നിലകൊള്ളുന്നു.
    
ബിന്‍ ലാദന്റെയും തുടര്‍ന്നുള്ള ഭീകര നേതാവായ മുള്ളാ മുഹമ്മദ് ഒമാറിന്റെ 2013-ലെ മരണശേഷം രഹസ്യമായും പരസ്യമായും അനേകം താലിബാന്‍ നേതാക്കള്‍ വിവിധ ഗ്രൂപ്പുകളുടെ നേതൃത്വം സ്വയമായി ഏറ്റെടുത്തു രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. സകല ഗ്രൂപ്പ് നേതാക്കളുടെയും മുഖ്യഅജണ്ട ഇന്‍ഡ്യയുടെയും അമേരിക്കയുടെയും നാശം. 92 കോടി ഹിന്ദുക്കളെയും 212 കോടി ക്രിസ്ത്യാനികളെയും ഭൂതലത്തില്‍നിന്നും നിശേഷം നിര്‍മ്മാര്‍ജ്ജനം ചെയ്യുക. ജീവനോടെ പിടിയ്ക്കപ്പെട്ട ചാവേര്‍ ഭീകരരുടെ ദുരുദ്ദേശം നിരന്തരമായ ചോദ്യംചെയ്യലില്‍ നിസങ്കോചം വെളിപ്പെടുത്തിയ വിവരങ്ങള്‍ തികച്ചും ഭയാനകമാണ്.
    
അമേരിക്കന്‍ സേനയുടെ അഫ്ഗാന്‍ പിന്‍വാങ്ങലോടെ കാഷ്മീര്‍ താഴ്‌വരകളില്‍ ഉണ്ടായിരുന്നതിലും ശക്തിമത്തായ ചാവേര്‍ പരിശീലന താവളങ്ങളുടെ പുനരുത്ഥാനം അഫ്ഗാനിസ്ഥാനില്‍ തീര്‍ച്ചയായും പ്രതീക്ഷിയ്ക്കാം. ഇന്‍ഡ്യന്‍ അതിര്‍ത്തികളില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിയമ വിരുദ്ധമായ കുടിയേറ്റം തടയുവാന്‍വേണ്ടി മെക്‌സിക്കന്‍ ബോര്‍ഡറില്‍ പടുത്തുയര്‍ത്തിയതുപോലുള്ള കോട്ടകളും വൈദ്യുതി വേലികളും ഉടനെ ഉണ്ടാകുന്നത് ഉത്തമമായിരിക്കും. അതിര്‍ത്തി സംരക്ഷണത്തിനുവേണ്ടതായ സാമ്പത്തിക ശക്തി സമാഹരിയ്ക്കുവാന്‍ അനേകം കോടികള്‍ മുടക്കിയുള്ള ശിലാപ്രതിമ നിര്‍മ്മാണവും എണ്ണഛായ ചിത്രങ്ങളുടെ ക്യാന്‍വാസ് വരയും നേതാക്കുളുടെ ഹാര്‍ഷ ആഗമനത്തോടനുബന്ധിച്ചുള്ള അനാഛാദനങ്ങളും നിയമനിര്‍മ്മാണത്തിലൂടെ നിറുത്തല്‍ ചെയ്യണം. തീരദേശ പ്രദേശങ്ങളില്‍ കോസ്റ്റ് ഗാര്‍ഡും ഇന്‍ഡ്യന്‍ നേവിയും തീവ്രതമായ ജാഗ്രതയോടെ ചാവേര്‍പ്പടയുടെ നുഴഞ്ഞുകയറ്റത്തെ തടയുകയും സംശയാസ്പദമായ നിലപാടെങ്കില്‍ ഉടനെ നിയമാനുസരണമുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്യണം.
    
ജോ ബൈഡന്റെ വിശദീകരണം ഒരു പരിധിവരെ അംഗീകൃതമാണ്. അമേരിക്കന്‍ യുവസേനയെ ഭീകരവാഴ്ച നടമാടുന്ന അഫ്ഗാനിലേയ്ക്ക് തുടര്‍ച്ചയായി അയച്ചു മരണം ഏറ്റുവാങ്ങി വീണ്ടുമൊരു വിയറ്റ്‌നാം യുദ്ധകാലഘട്ടത്തിന്റെ പുനരുദ്ധാരണം അമേരിക്കന്‍ ജനത അംഗീകരിയ്ക്കുന്നതും അസാദ്ധ്യമാണ്. അമേരിക്കന്‍ സേനയുടെ പിന്‍വാങ്ങലോടൊപ്പം അനേകവര്‍ഷങ്ങളായി അഫ്ഗാനിസ്ഥാനിലെ പ്രമുഖ ഭാഷയായ ഡാറിയും പാഷ്‌റ്റോയും അടക്കം വിവിധ ഭാഷകള്‍ അമേരിക്കന്‍ സേനയ്ക്കുവേണ്ടി പരിഭാഷപ്പെടുത്തിയിരുന്ന ദ്വിഭാഷികളേയും വിഖ്യാതാക്കളെയും കുടുംബസമേതം ഗള്‍ഫ് മേഖലയിലെ സ്വന്തം രാജ്യങ്ങളിലേയ്ക്ക് സുരക്ഷിതമായി മടക്കിയയ്ക്കും. അമേരിക്കന്‍ എംബസിയ്ക്കും കാബൂള്‍ എയര്‍പോര്‍ട്ടിനും പരിരക്ഷണം നല്‍കുവാന്‍ ഏകദേശം 1000-ത്തില്‍പരം അമേരിക്കന്‍ പട്ടാളം അഫ്ഗാനിസ്ഥാനില്‍ തന്നെ ഉണ്ടാകുമെന്നും ബൈഡന്റെ പ്രസ്താവനയില്‍ പറയുന്നു.
    
താലിബാന്റെ പുനരുത്ഥാനത്തിന്റെ തുടക്കത്തില്‍തന്നെ ഏറ്റവും പീഡനങ്ങള്‍ സഹിച്ചവരമായ യുവതികളുടെയും പെണ്‍കുട്ടികളുടെയും തുടര്‍ന്നുള്ള ഭീകരമായ ശോചനീയവസ്ഥ ഹൃദയഭേദകമാണ്. സ്ത്രീകള്‍ പുരുഷന്റെ സുഖഭോഗങ്ങക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടവര്‍ മാത്രമെന്ന ക്രൂരവിചാരവും തത്വവുമാണ് താലിബാന്റെ വിജ്ഞാപന പത്രവും ഭരണ സംഹിതയും.
    
താലിബാന്‍ നേതാക്കളും അഫ്ഗാന്‍ ഗവണ്മെന്റ് പ്രതിനിധികളും ആയിട്ടുള്ള സന്ധിസംഭാഷണം വളരെ മന്ദഗതിയിലാണെന്നും ദോഹയില്‍വച്ച് നടത്തുവാന്‍ ഉദ്ദേശിച്ച 3 സമ്മേളനങ്ങളിലും സര്‍ക്കാര്‍ തലത്തിലുള്ളവര്‍ സംബന്ധിച്ചില്ലെന്നും വ്യസനസമേതം താലിബാന്‍ ഡെലിഗേറ്റ് സുഹെയ്ല്‍ ഷാഹീന്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്‍പാകെ വെളിപ്പെടുത്തി. ഇരുവിഭാഗത്തില്‍നിന്നും സമാധാന സന്ധി സംഭാഷണങ്ങള്‍ക്കുള്ള ആത്മാര്‍ത്ഥമായ സമീപനം മന്ദഗതിയില്‍ ആകുന്നതിന് അനുപാതമായി അഫ്ഗാന്‍ ജനജീവിതവും കൂടുതല്‍ ദുര്‍ഘട ഘട്ടത്തിലേക്ക് നീങ്ങുകയാണ്.


അഫ്ഗാനിസ്ഥാനില്‍നിന്നും അമേരിക്കന്‍ സൈനിക പിന്‍വാങ്ങല്‍ ഇന്‍ഡ്യയ്ക്ക് മഹാഭീഷണി (കോര ചെറിയാന്‍)അഫ്ഗാനിസ്ഥാനില്‍നിന്നും അമേരിക്കന്‍ സൈനിക പിന്‍വാങ്ങല്‍ ഇന്‍ഡ്യയ്ക്ക് മഹാഭീഷണി (കോര ചെറിയാന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക