Image

ഫിലിപ്പ് പാറയ്‌ക്കൽ ഓർമ്മയാകുമ്പോൾ (ഫാ. തോമസ് താഴപ്പള്ളി OSH, കാനഡ)

Published on 20 July, 2021
ഫിലിപ്പ് പാറയ്‌ക്കൽ ഓർമ്മയാകുമ്പോൾ (ഫാ. തോമസ് താഴപ്പള്ളി OSH, കാനഡ)

ഫിലിപ്പ് പാറയ്‌ക്കൽ (ജോമി-68 ) ജൂലൈ 13 രാത്രി 10.30  -ന്  താൻ  എന്നും സ്നേഹിച്ച ഭാര്യയും മക്കളും കുടുംബാംഗങ്ങളും ഉറ്റവരും സുഹൃത്തുക്കളും സമീപം നിൽക്കെ ലോസ് ആഞ്ചലസിലുള്ള ചാർട്സ് വർത്തിലെ  സ്വഭവനത്തിൽ നിര്യാതനായി. ജോമി എന്ന് വിളിക്കപ്പെട്ടിരുന്ന ഫിലിപ്പിന്റെ നിര്യാണം അവർക്കു താങ്ങാനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. ആര് വിളിച്ചാലും ഓടി എത്തുന്ന, ഏതു ചോദ്യത്തിനും ശരിയായ മറുപടിയുള്ള, ഏതു സഹായത്തിനും മടികാണിക്കാത്ത ഏവർക്കും പ്രിയങ്കരനായ ഒരു നല്ല മനുഷ്യൻ, നല്ല കുടുംബനാഥൻ, നല്ല അയൽക്കാരൻ, എല്ലാവരുടെയും അഭ്യുദയകാംക്ഷിയായിരുന്ന അദ്ദേഹം ഇനി ഒരു തിരിച്ചു വരവില്ലാത്ത ലോകത്തിലേക്ക് യാത്രയായിരിക്കുന്നു.

ഇന്ത്യൻ എയർഫോഴ്സിൽ ചേർന്ന് 15 വർഷക്കാലം രാജ്യത്തെ സേവിച്ചതിനുശേഷം റിട്ടയർ ചെയ്തു മൂന്നു വർഷത്തിൽ താഴെ കേരളത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവങ്കൂറിൽ ജോലി ചെയ്തശേഷം 1993 -ലാണ് ജോമി അമേരിക്കയിലെത്തിയത്.     ലോസ് ആഞ്ചലസിൽ  താമസമാക്കിയ അദ്ദേഹം വളരെ കുറഞ്ഞ കാലം കൊണ്ട്  ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുകയും അവിടുത്തെ സാംസ്കാരിക, സാമുദായിക,സഭാ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമാവുകയും ചെയ്തു.

സ്‌കൂൾ പഠന കാലത്തു ഒരു വൈദീകനാകാൻ ആഗ്രഹിച്ചു ഏറ്റുമാനൂർ SFS സെമിനാരിയിൽ ചേർന്ന് പഠനമാരംഭിച്ച അദ്ദേഹത്തിന് രണ്ടുവർഷം കഴിഞ്ഞപ്പോൾ സ്‌കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന തന്റെ പിതാവിന്റെ അകലമരണത്തെത്തുടർന്നു അത് തുടരാനായില്ല. വീട്ടിലെ ആറ് മക്കളിൽ മൂത്ത ആളെന്ന നിലയിൽ കുടുംബത്തെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ദൗത്യം പ്രിയ മാതാവിനോടൊപ്പം അദ്ദേഹത്തിന് ഏറ്റെടുക്കേണ്ടി വന്നു. ഇളയ സഹോദരങ്ങളുടെ പഠനത്തിലും വളർച്ചയിലും അദ്ദേഹത്തിന്റെ വ്യക്തമായ കയ്യൊപ്പുണ്ട്. അവരിൽ മൂന്നു പേർ ഇപ്പോൾ അമേരിക്കയിലും ഒരാൾ ഇംഗ്ലണ്ടിലും ഒരാൾ കേരളത്തിലും സന്തോഷമായി ജീവിക്കുന്നു. 87 വയസ്സുള്ള 'അമ്മ വേണ്ടത്ര സംരക്ഷണയോടെ കേരളത്തിൽ സ്വഭവനത്തിൽ കഴിയുന്നു.

ലേഖകൻ (ഫാ.തോമസ് താഴപ്പള്ളി) ജോമിയോടൊപ്പം (ഫയൽ ചിത്രം )

ആഴമേറിയ വായനയും, പഠനവുമുള്ള നല്ല  അറിവുള്ള വ്യക്തിയായിരുന്നു ജോമി. ജന്മദിനങ്ങളിലും വിവാഹ വാർഷിക ദിനങ്ങളിലും ഏറ്റവും അദ്ദേഹം ഏറ്റവും ഇഷ്ടപ്പെടുന്ന സമ്മാനം പുസ്തകങ്ങളായിരുന്നു. മലയാളത്തിലും ഇഗ്ളീഷിലുമായി പത്തോളം പത്രങ്ങൾ ദിവസവും വായിക്കുന്ന അദ്ദേഹത്തിന്  അമേരിക്കയുടെയും ഇന്ത്യയുടേയും രാഷ്ട്രീയമുൾപ്പെടെ  എല്ലാ വിഷയങ്ങളിലും നല്ല അവഗാഹമുണ്ടായിരുന്നു. ജന്മം കൊണ്ടും കർമ്മം കൊണ്ടും നല്ലൊരു കത്തോലിക്കാനായിരുന്ന അദ്ദേഹത്തിന്  ഇതര സഭാവിഭാഗങ്ങളെക്കുറിച്ചും മതങ്ങളെക്കുറിച്ചും നല്ല അറിവും അതുകൊണ്ടുതന്നെ വലിയ ആദരവും ഉണ്ടായിരുന്നു. ധ്യാനപ്രസംഗങ്ങൾ ഉൾപ്പെടെ നല്ല പ്രസംഗങ്ങൾ കേൾക്കാനും ചർച്ച ചെയ്യാനും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു . ഒരു ഉത്തമ വിശ്വാസി എന്ന നിലയിൽ ആചാരാനുഷ്ടാനങ്ങളിലും തിരുകർമ്മങ്ങളിലും നിഷ്ഠ പുലർത്തിയിരുന്ന അദ്ദേഹം ചിന്തിക്കുന്നത് പറയുകയും; പറയുന്നത് പ്രവർത്തിക്കുകയും ചെയ്യുന്ന സ്വഭാവത്തിനുടമയായിരുന്നു. ഒരു പട്ടാളക്കാരനെന്നപോലെ ജീവിതത്തിൽ  നിഷ്ഠയും കൃത്യതയും പാലിച്ചിരുന്ന അദ്ദേഹം  അധരവും ഹൃദയവും തമ്മിൽ ഒരു ഗാഢമായ ബന്ധം കാത്തു സൂക്ഷിച്ചിരുന്നു.

1987-ൽ ഉഴവൂർ ഈസ്റ്റ് വള്ളിപ്പടവിൽ ഗ്രേസിയെ വിവാഹം ചെയ്ത അദ്ദേഹത്തിന്റെ കുടുംബജീവിതം തികച്ചും ക്രിസ്തീയവും മാതൃകാപരവുമായിരുന്നു. മക്കളെന്നതിലുപരി ഉറ്റ സ്നേഹിതരെപ്പോലെയാണ് ഉന്നതമൂല്യങ്ങൾ പകർന്നു കൊടുത്തു ഉണ്ണിയേയും റോണിയെയും വളർത്തിയത്. 34 വർഷം സന്തതസഹചാരിയായിരുന്ന ഭാര്യയുടെയും സ്നേഹനിധികളായ മക്കളുടെയും, മക്കളെപ്പോലെ കണ്ടിരുന്ന മരുമക്കളായ നിമ്മി,സിൽപു എന്നിവരുടെയും,  സഹോദരങ്ങളായ മേരിക്കുട്ടി, സാവി, ഡെയ്‌സി, സാനി, ബെറ്റി എന്നിവരുടെയും അവരുടെ പങ്കാളികളുടെയും  സ്നേഹവും ശുശ്രൂഷയും രോഗശയ്യയിലായിരുന്ന എട്ടു മാസക്കാലം  മതിയാവോളം ലഭിച്ചതിനുശേഷമാണ് അദ്ദേഹം ഈ ലോകത്തോട് യാത്രയായത്.  

ലേഖകൻ (ഫാ.തോമസ് താഴപ്പള്ളി) ജോമിയോടും കുടുംബത്തോടുമൊപ്പം


ജോമിയും ഞാനുമായി 60 കൊല്ലത്തിലധികം നീളുന്ന നല്ല ബന്ധമുണ്ട്. കസിൻ എന്ന നിലയിൽ പ്രൈമറി സ്‌കൂൾ വിദ്യാഭാസ കാലത്തു തുടങ്ങിയ അടുപ്പം പരസ്പരം ആലോചിക്കാതെ ഒന്നും ചെയ്യാറില്ല എന്ന രീതിയിലുള്ള  വലിയ സൗഹൃദത്തിലേക്കു വളർന്നു. അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ മക്കളുടെയും കുടുംബത്തിലെ മറ്റു സഹോദരങ്ങളുടെയും വിവാഹത്തിന്  ഞാനായിരുന്നു കാർമ്മികൻ. ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങൾ എന്നോട് ചർച്ച ചെയ്തു കൈക്കൊണ്ടിരുന്ന അദ്ദേഹം എനിക്കും നല്ലൊരു ആലോചനക്കാരൻ ആയിരുന്നു. എത്ര അകലെയായിരുന്നെങ്കിലും പരസ്പരം സംസാരിക്കുവാൻ ഞങ്ങൾ സമയം കണ്ടെത്തിയിരുന്നു. കഴിഞ്ഞ 60 കൊല്ലത്തിനിടയിൽ ഒരിക്കൽപോലും മുഷിഞ്ഞു സംസാരിക്കേണ്ടി വന്നിട്ടില്ലാത്ത ഞങ്ങൾക്ക്  പരസ്പരം ബഹുമാനിക്കാനും അംഗീകരിക്കാനും ഉൾക്കൊള്ളാനും  കഴിഞ്ഞിരുന്നു.
മരണദിനത്തിൽ  അന്ത്യകൂദാശ സ്വീകരിച്ചു എന്റെ കണ്മുന്നിൽ  60 കൊല്ലത്തെ ഞങ്ങളുടെ ഊഷ്മളബന്ധത്തിന് തിരശീലയിട്ടുകൊണ്ട് ജോമി കാലത്തിന്റെ യവനികൾക്കുള്ളിൽ മറയുമ്പോൾ  പ്രാർത്ഥനാനിരതനായി നോക്കിനിൽക്കാനേ എനിക്കായുള്ളു. സുദീർഘമായ ഞങ്ങളുടെ ആത്മബന്ധം ഒരു ഓർമ്മ മാത്രമാകുബോൾ അത് എന്നിലേൽപ്പിച്ച ശൂന്യത എത്ര പറഞ്ഞാലും മതിയാവില്ല.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക