Image

അപകടത്തില്‍ ഓര്‍മ്മ പോയ മകന്‍ ആകെ തിരിച്ചറിയുന്നത് വിജയ് യെ മാത്രം ; സൂപ്പര്‍താരം എല്ലാ ജന്മദിനത്തിനും തേടിയെത്തുമെന്ന് നാസര്‍

Published on 17 July, 2021
അപകടത്തില്‍ ഓര്‍മ്മ പോയ മകന്‍ ആകെ തിരിച്ചറിയുന്നത് വിജയ് യെ മാത്രം ; സൂപ്പര്‍താരം എല്ലാ ജന്മദിനത്തിനും തേടിയെത്തുമെന്ന് നാസര്‍


ചെന്നൈ: എന്നും ആരാധകര്‍ക്കൊപ്പം നില്‍ക്കുന്ന നടന്‍ എന്നാണ് ഇളയ ദളപതി വിജയ് യെക്കുറിച്ച് പറഞ്ഞു കേള്‍ക്കാറുള്ളത്. ഇതാ വിജയ് യുടെ മഹാമനസ്‌ക്കതയുമായി ബന്ധപ്പെട്ട ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് തമിഴിലും മലയാളത്തിലും അനേകം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടന്‍ നാസര്‍. അപകടത്തെ തുടര്‍ന്ന് ഓര്‍മ്മ നഷ്ടമായ മകന് ആകെ ഓര്‍മ്മയുണ്ടായിരുന്നത് നടന്‍ വിജയ് യെ മാത്രമായിരുന്നു എന്നും ഇതറിഞ്ഞ് വീട്ടില്‍ വിജയ് കാണാന്‍ വന്നതുമാണ് നാസര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ആക്സിഡന്റില്‍ ഓര്‍മ്മ നഷ്ടപ്പെട്ട  തന്റെ മൂത്ത മകന്‍ അബ്ദുള്‍ അസന്‍ ഫൈസലിന്റെ കാര്യമാണ് നാസര്‍ പറഞ്ഞത്. മകന്‍ വിജയിയുടെ വലിയ ഫാനാണ്. ഇടയ്ക്ക് അവന് ഒരു വലിയ ആക്സിഡന്റ് സംഭവിച്ചു. ഓര്‍മ്മ മുഴുവന്‍ നഷ്ടപ്പെട്ടു പോയി. ഇന്നും അവന് ഓര്‍മ തിരിച്ചു കിട്ടിയിട്ടില്ല. എന്നാല്‍ അവന് ഇപ്പോഴും ഓര്‍മയുള്ളത് വിജയ്യെ മാത്രമാണ്. വിജയ് എന്ന് പറഞ്ഞ് ബഹളം വെച്ചപ്പോള്‍ അവന്റെ വിജയ് എന്ന കൂട്ടുകാരന്റെ കാര്യമാണ് എന്നായിരുന്നു നാസര്‍ കരുതിയത്. എന്നാല്‍ നടന്‍ വിജയ് യുടെ പാട്ടു വെച്ചപ്പോഴാണ് അവന്‍ ശാന്തനായതെന്ന് നാസര്‍ പറഞ്ഞു.

എപ്പോഴും അവന്‍ വീട്ടില്‍ വെയ്ക്കുന്ന പാട്ടുകള്‍ വിജയ് സിനിമയിലേതായിരിക്കും. ഇക്കാര്യം അറിഞ്ഞ് ?വളരെ വൈകാരികമായും വ്യക്തിപരമായും ഏറ്റെടുത്ത വിജയ് പിന്നീട് പിറന്നാളിനും മറ്റുമെല്ലാം വന്ന് അവനുമായി സംസാരിക്കാറുണ്ടെന്ന് നാസര്‍ പറഞ്ഞു. അബ്ദുള്‍ അസന്‍ ഫൈസല്‍ ഒരു ചിത്രത്തില്‍ ആദ്യമായി വേഷമിടാന്‍ ഇരിക്കെയാണ് അദ്ദേഹത്തിന് ആക്സിഡന്റ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

അപകടത്തില്‍ മകന്റെ ജീവന്‍ തന്നെ തിരിച്ചുകിട്ടിയത് വലിയ കാര്യമാണെന്നായിരുന്നു നാസറിന്റെ പ്രതികരണം.  നടന്‍ മനോബാലയുമായി നടത്തിയ അഭിമുഖത്തിലാണ് നാസര്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. ആരാധകരുമായി എപ്പോഴും ഹൃദയബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് വിജയ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക