Image

തെക്കൻ കാറ്റ് (ചെറുകഥ: സാംജീവ്)

Published on 17 July, 2021
തെക്കൻ കാറ്റ് (ചെറുകഥ: സാംജീവ്)
ഒരു മുത്തശ്ശിയമ്മ പറഞ്ഞകഥയാണ്. അപ്പോൾ ഒരു നൂറ്റാണ്ടിനുമുമ്പ് നടന്ന കഥയായിരിക്കണം. കല്ലടയാറിനു വടക്കുള്ള ഒരു ഗ്രാമത്തിൽനടന്ന കഥയാണ്. നെല്ല് വിളയുന്ന പാടശേഖരങ്ങൾ അക്കാലത്ത് ആ ഗ്രാമത്തിലുണ്ടായിരുന്നു.

“ഞങ്ങൾക്കുള്ളൊരു കർത്താവേ,
ഞാനിഹ നിദ്രയൊഴിഞ്ഞിട്ട്
ഉണർവോടെ നിൻതിരുമുമ്പിൽ
ദോഷം കൂടാതാക്കണമേ..”
മാടത്തറവീട്ടിലെ ആച്ചിയമ്മ സന്ധ്യാനമസ്ക്കാരം ചൊല്ലുകയാണ്.
പെട്ടെന്ന് തൊട്ടടുത്തുള്ള കുടിലിൽ നിന്നും മറ്റൊരു ഗീതമുയർന്നു. അവരാണ്ടൻ തോമയാണ് ഗായകൻ.

“പാറേലിരിക്കണ മാതാവേ
ഞങ്ങടെ പെണ്ണിനെ കെട്ടിക്കണേ
സ്ത്രീധനമൊന്നും ചോദിക്കല്ലേ
ചെറുക്കന് പെണ്ണിനെ പോതിക്കണേ..”

അവരാണ്ടൻ തോമാ കളിയാക്കി പാടിയതാണ്. അവനങ്ങനെയാണ്. നിമിഷകവിയാണവൻ. പ്രത്യേകിച്ച് തെറിപ്പാട്ടുകൾ ഉണ്ടാക്കിപ്പാടാൻ അവരാണ്ടൻ മിടുക്കനാണ്. മാടത്തറതറവാടിന്റ ആശ്രിതരായ ഒരു കർഷകത്തൊഴിലാളിഭവനമാണ് അവരാണ്ടന്റേത്. പക്ഷേ അവരാണ്ടൻ ധിക്കാരിയാണ്. അവൻ ആരെയും കൂസാതെ തെറിപ്പാട്ടുണ്ടാക്കും, ദേശത്തൊക്കെ പാടിനടക്കും.
അവരാണ്ടൻ എന്നുള്ളത് തോമായുടെ മാതാപിതാക്കൾ നല്കിയ നാമധേയമല്ല. അപരാധം ചെയ്യുന്നവൻ എന്നാണ് ആ നാട്ടിൻപുറത്ത് അതിനർത്ഥം. മാടത്തറവീട്ടിലെ ആച്ചിയമ്മയാണ് തോമായ്ക്ക് ആ പേര് നല്കിയത്. ഇപ്പോൾ നാട്ടുകാർക്കെല്ലാം തോമാ അവരാണ്ടനാണ്. തോമാ പകരംവീട്ടി. ആച്ചിയമ്മയുടെ മകൾ സാറായെ അവൻ മറുതത്താറായെന്ന് വിളിക്കാൻ തുടങ്ങി. അങ്ങനെ കോങ്കണ്ണിസാറാ മറുതത്താറാ ആയി.

അവരാണ്ടന്റെ പാട്ടുകേട്ട് മറിയപ്പെണ്ണ് പൊട്ടിച്ചിരിച്ചു. മറിയപ്പെണ്ണ് മാടത്തറയിലെ മരുമകളാണ്, പുത്തൻമരുമകൾ.
ആച്ചിയമ്മയ്ക്കു കലികയറി.. അവർ ഉറക്കെ ചോദിച്ചു..
“എന്താടീ ചിരിക്കുന്നത്?
മറിയപ്പെണ്ണ് മറുപടി പറഞ്ഞില്ല.. അവൾ വീണ്ടും പൊട്ടിച്ചിരിച്ചു.
സന്ധ്യാനമസ്ക്കാരം ചൊല്ലുമ്പോൾ ചിരിക്കാൻ പാടില്ല, അതും വീട്ടിലെ മരുമകൾ.

മരുമകൾക്ക് ഭർത്തൃഗ്രഹത്തിൽ സ്വാതന്ത്ര്യമില്ല.
അവൾ അടിമയാണ്.
കോഴി കൂകുന്നതിനുമുമ്പെഴുനേല്ക്കണം..
മുറ്റമടിക്കണം.
തൊഴുത്ത് വൃത്തിയാക്കണം.
രണ്ടു പശുക്കളുണ്ട്.
ചാണകം വാരുന്നതാണ് ഭയങ്കരം. നാറുന്ന ചാണകം കൊട്ടയിൽ കോരിവയ്ക്കണം. തലയിൽ ചുമന്ന് ദൂരെയുള്ള വളക്കുഴിയിൽ നിക്ഷേപിക്കണം. മംഗലശ്ശേരി തറവാട്ടിൽ ചാണകം വാരി ശീലമില്ല. അവിടെ അപ്പന്റെ പുന്നാരമോളായിരുന്നു മറിയക്കുഞ്ഞ്. ഹൃദയം വിങ്ങി.
ചാണകക്കുട്ട തലയിലേന്തിയ മറിയപ്പെണ്ണിനെക്കണ്ട് അവരാണ്ടൻ തോമാ പാട്ടുണ്ടാക്കി. കയ്യാലയുടെ അപ്പുറത്തുനിന്നും അവൻ പാട്ടുണ്ടാക്കി പാടി.

“എനിക്കെന്റമ്മോ ചെറുക്കൻ വീട്ടിലെ പൊറുതി വയ്യായേ
നേരം വെളുക്കുമ്പം തൂക്കണം വാരണം
കഞ്ഞിവയ്ക്കണം ചാണകം കോരണം
കഴുകണം തൂറ്റണം മാളോരേ
മറുതയെ തീറ്റണം ആച്ചിയെ പോറ്റണം മാളോരേ
എനിക്കെന്റമ്മോ ചെറുക്കൻ വീട്ടിലെ പൊറുതി വയ്യായേ”

അവരാണ്ടന്റെ പാട്ടുകേട്ട് മറിയപ്പെണ്ണ് പൊട്ടിച്ചിരിച്ചു. പൊട്ടിച്ചിരി കേട്ട ആച്ചിയമ്മ വിളിച്ചുചോദിച്ചു.
“എന്തവാടി അവടൊരു ചിങ്കാരം?”
ഭയപ്പെട്ട മറിയപ്പെണ്ണ് വീട്ടിനുള്ളിലേയ്ക്കോടിക്കയറി.

ആച്ചിയമ്മ ഭയങ്കരിയാണ്. പൊന്നുതമ്പുരാട്ടി ലക്ഷ്മിഭായി ആണെന്നാണവരുടെ ഭാവം. ആച്ചിയമ്മയുടെ മുഖം എപ്പോഴും കടന്നൽകുത്തേറ്റതു പോലെയാണ്.
വീട്ടിൽ സഹായിക്കാൻ ഏലിയാച്ചേടത്തി വരുമായിരുന്നു.
മറിയപ്പെണ്ണ് മരുമകളായി വന്നദിവസം ഏലിയാച്ചേടത്തിയെ പറഞ്ഞുവിട്ടു.
ഒരു വീട്ടിൽ രണ്ടു വേലക്കാരികൾ വേണ്ട. മാടത്തറ ആച്ചിയമ്മ തീരുമാനിച്ചു.
മരുമകൾ അടിമയാണ്. കൂലി വേണ്ടാത്ത അടിമ.


ജോൺ സ്നേഹമുള്ളവനാണ്. ജോൺ മംഗലത്തുതറവാട്ടിലെ മറിയക്കുഞ്ഞിനെ കെട്ടിക്കൊണ്ടു വരുമ്പോൾ അവൾക്കു പതിനാലുവയസ്സ്.
ആച്ചിയമ്മ പേര് മാറ്റിവിളിച്ചു. മറിയക്കുഞ്ഞ് മറിയപ്പെണ്ണായി. പേരു മാറ്റിവിളിക്കാൻ ആച്ചിയമ്മയ്ക്കു നല്ല തിറമാണ്.
ജോൺ ഏഴാംക്ലാസ്സ് പഠിപ്പുള്ളവനാണ്. അതുകൊണ്ടുതന്നെ അടുത്തുള്ള ശ്രീരാമവിലാസം സ്കൂളിൽ വാദ്ധ്യാരായി. അങ്ങനെ മാടത്തറവീട്ടിലെ ജോൺ, ജോൺസാറായി മാറി. ജോൺസാർ സ്ക്കൂളിൽ പോകാൻ ഒരു സൈക്കിൾവാങ്ങി. സ്ക്കൂളിൽ സമയത്തിനു ചെല്ലണ്ടേ?മാടത്തറ ആച്ചിയമ്മയുടെ പൗവ്വറും കൂടി. അവരിപ്പോൾ ജോൺസാറിന്റെ അമ്മയാണ്. ശ്രീപത്മനാഭന്റെ പത്തുപുത്തൻ വാങ്ങുന്ന ജോൺസാറിന്റെ അമ്മയാണവർ നിസ്സാരകാര്യമാണോ?
ഞായറാഴ്ചതോറും പള്ളിയാരാധനയിൽ പങ്കെടുക്കണമെന്ന് മാടത്തറ ആച്ചിയമ്മയ്ക്ക് നിർബന്ധമാണ്. ആച്ചിയമ്മ പള്ളിത്തോട് മെത്രാച്ചന്റെ വകയിലൊരു അനന്തിരവളുമാണ്. പള്ളിയും വൈദികരുമൊക്കയുള്ള കുടുംബമാണ്. ഇപ്പോൾ ക്ഷയിച്ചുപോയി. പക്ഷേ ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ?
സാറാമ്മ അണിഞ്ഞൊരുങ്ങി പള്ളിയിൽ പോകണമെന്ന് ആച്ചിയമ്മയ്ക്കു നിർബന്ധമാണ്. സുന്ദരിയായ മറിയപ്പെണ്ണ് പള്ളിയിൽ പോകരുതെന്നും മാടത്തറ ആച്ചിയമ്മയ്ക്ക് നിർബന്ധമാണ്. അതെന്താണങ്ങനെ? അതിന് ആച്ചിയമ്മ പറയുന്ന ന്യായം മംഗലത്തുകാർ മാർത്തോമാക്കാരാണ്. അവർക്ക് ആഢ്യത്വം കുറവാണുപോലും.
അണിഞ്ഞൊരുങ്ങിയ സാറാമ്മയെ കണ്ട് അവരാണ്ടൻ പാട്ടുണ്ടാക്കി പാടി.

“മന്മലുമുണ്ടു ഞൊറിഞ്ഞിട്ട്
വാസനതൈലം തേച്ചിട്ട്
പന്നത്തലയും കോതിക്കെട്ടി
കൊന്തപ്പല്ലും കാണിച്ച്
കല്ലടയാറിനു തെക്കുകടന്നാൽ
ഇവളെപ്പോലൊരു ചുന്നരിയുണ്ടോ?
മറുതത്താറാ ചുന്നരിയല്യോ മാളോരേ?”

“അവളു ചുന്നരിയല്ലെങ്കിൽ നീ കെട്ടണ്ടടാ അവളെ.” ആച്ചിയമ്മ പൊട്ടിത്തെറിച്ചു.
അവരാണ്ടന്റെ മറുപടി ഗാനരൂപത്തിലായിരുന്നു.
“ചക്കച്ചുളപ്പല്ലും പേന്തലയും
എനിക്കിത്താറയെ വേണ്ടന്റമ്മോ”

പള്ളിയങ്കണത്തിൽ വച്ചായതുകൊണ്ട് പലരും കണ്ടു. പലരും കേട്ടു. പലരും ചിരിച്ചു..
താഴേലെ ദോശാമ്മ ആച്ചിയമ്മയുടെ പക്ഷം ചേർന്നു.
“ഈ അവരാണ്ടന് ഒന്നുകൊടുക്കാൻ ഈ നാട്ടിൽ ആണുങ്ങളില്ലല്ലോ. അവന്റെ നെകളം കൊറച്ചു കൂടുന്നുണ്ട്.”
“സാറാമ്മയ്ക്ക് ആലോചന വല്ലതും വരുന്നൊണ്ടോ ആച്ചിയമ്മേ?”
“ആലോചന പലതൊണ്ട് ദോശാമ്മേ. പക്ഷേങ്കി, നമ്മക്ക് കൊള്ളാവുന്നതു വേണ്ടേ ദോശാമ്മേ? ഞങ്ങളു പള്ളിത്തോട് മെത്രാച്ചന്റെ കുടുമ്മമല്യോ? ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ? ഞങ്ങളു നമ്പൂരിക്കുടുമ്മമാ. തോമാസ്ലീഹായാ വല്യവല്യപ്പന് മാമൂസാ കൊടുത്തത്.”
“അപ്പം ആത്തേമാരുടെ അച്ചായന്മാർക്ക് പൂണൂല് കാണുമല്ലോ?” അവരാണ്ടന്റെ കമന്റ്.
“പക്ഷേ അച്ചായന്മാരുടെ പൂണൂല്അരയ്ക്കു കുറുകെയാണ്.”
സാറാമ്മ എന്നു പേരുള്ള മറുതത്താറാ കടക്കണ്ണുകൊണ്ട് അവരാണ്ടനെ നോക്കി. അവളുടെ ചുണ്ടുകളിൽ നാണത്തിൽ പൊതിഞ്ഞ ഒരു ചെറുപുഞ്ചിരി വിരിഞ്ഞു.


രാവിലെ മറിയപ്പെണ്ണിന്റെ ഭക്ഷണം പഴഞ്ചോറാണ്. പഴങ്കഞ്ഞി എന്നുപറയുന്നതാവും ശരി. തലേദിവസത്തെ അത്താഴത്തിന്റെ ഒരുഭാഗം മാറ്റിവയ്ക്കും. അതിൽ കുറെ കഞ്ഞിവെള്ളം ഒഴിച്ചാൽ പഴങ്കഞ്ഞിയാവും. അവിയലും അല്പം വെറുമ്പുളിയും കൂടെ ചേർത്താൽ നല്ല രുചിയുള്ള പ്രാതൽ. രസത്തിന്റെ നാടൻരൂപമാണ് വെറുമ്പുളി.


ജോൺസാറിന് പഴഞ്ചോറിഷ്ടമല്ല. അതുകൊണ്ട് പള്ളിക്കൂടത്തിൽ പോകുന്നതിനുമുമ്പ് പുട്ടുണ്ടാക്കണം. വറുത്ത പുട്ടുപൊടി കലത്തിൽ ഇരിപ്പുണ്ട്. പക്ഷേ അതെടുക്കാൻ ആച്ചിയമ്മയുടെ സമ്മതം വേണം. ആച്ചിയമ്മ അളന്നുതൂക്കി പുട്ടുപൊടി എടുത്ത് മറിയപ്പെണ്ണിനെ ഏല്പിക്കും.
നാലു ചില്ലി പുട്ട്..
ജോണിനൊരു ചില്ലി..
അമ്മാവിയപ്പനൊരു ചില്ലി..
അമ്മാവിയമ്മയ്ക്കൊരു ചില്ലി..
നാത്തൂനൊരു ചില്ലി..
മറിയപ്പണ്ണിനു പുട്ടില്ല..
“ഓ, മറിയപ്പെണ്ണിന് പഴങ്കഞ്ഞിയാണിഷ്ടം.” ഒരിക്കൽ ആച്ചിയമ്മ താഴേലെ ദോശാമ്മയോട് പറഞ്ഞു.


ജോൺ സ്നേഹമുള്ള ഭർത്താവാണ്. ഒരിക്കൽ പുട്ടും പഴവും ഇളക്കിത്തിന്നുമ്പോൾ മറിയപ്പെണ്ണ് അടുത്തുണ്ട്. അങ്ങനെ മറിയപ്പെണ്ണ് അടുത്തുവരാറില്ല. അതിനു സ്വാതന്ത്ര്യമില്ല.
ജോൺ ചോദിച്ചു.
“നീ പുട്ടുതിന്നോ?”
മറിയപ്പെണ്ണിന് പുട്ടും പഴവും കഴിക്കാൻ അവകാശമില്ല. അവൾ മരുമകളാണ്.
മരുമകൾ പറഞ്ഞു.
“ഞാൻ പഴഞ്ചോറുതിന്നു.”
“നിനക്ക് പുട്ടുവേണ്ടേ?”
“-------------------------------“   മറിയപ്പെണ്ണിന്റെ കണ്ണുകൾ നിറഞ്ഞു.
നാലുകണ്ണുകൾ ഇടഞ്ഞു.
ജോൺ ചുറ്റുവട്ടം നോക്കി. ഒരുപിടിപുട്ട് അയാൾ ഉരുളയുരുട്ടി മറിയപ്പെണ്ണിന്റെ ചുണ്ടുകളിലേയ്ക്കടുപ്പിച്ചു.
പൂവൻപഴമിട്ട് ഇളക്കിയ പുട്ട്.
“അമ്മേ, അവരുടെയൊരു ചിങ്കാരം കണ്ടോ?” മറുതത്താറാ കണ്ടു. അവൾ വിളിച്ചുകൂവി.
“അയ്യോ നാണോം മാനോമില്ലാത്ത പരിഷ. തറവാട് മുടിയുന്നത് കണ്ടോ?”
ജോൺ പെട്ടെന്ന് പുട്ടുതിന്നാതെതന്നെ സൈക്കിളെടുത്ത് വേഗത്തിൽ പറന്നുപോയി.
സ്ക്കൂളിൽ സമയത്തിന് ചെല്ലണ്ടേ?

ഒരു സന്ധ്യമയങ്ങിയ നേരത്ത് പശുക്കൾക്ക് അല്പം വയ്ക്കോലെടുക്കാൻ പോയതാണ് മറിയപ്പെണ്ണ്. വയ്ക്കോൽത്തുറുവിന്റെ പാർശ്വത്തിൽ നിന്ന് രണ്ടുനിഴലുകൾ ഓടിമറയുന്നതു മറിയപ്പെണ്ണ് കണ്ടു. വ്യക്തമായി കണ്ടില്ല. പക്ഷേ അവൾ ഭയപ്പെട്ടു പോയി.
“എന്റമ്മോ....”
മറിയപ്പണ്ണിന്റെ നിലവിളികേട്ട് മഴമാത്തനും ആച്ചിയമ്മയും ഓടിവന്നു. ആച്ചിയമ്മയുടെ ഭർത്താവാണ് മഴമാത്തൻ. മറിയപ്പെണ്ണിന്റെ അമ്മാവിയപ്പൻ. ചില നിമിഷങ്ങൾ കഴിഞ്ഞ് മറുതത്താറായും രംഗത്തെത്തി.
“എന്താടി?”
“എന്താടി?”
“രണ്ട് നിഴലുകൾ, തുറുവിന്റപ്പുറത്ത്..”
കുറേനേരത്തേയ്ക്ക് ആരും ഒന്നും മിണ്ടിയില്ല. ആച്ചിത്തള്ളയാണ് മൗനം ഭഞ്ജിച്ചത്.
“ആ, അതിലെ ഒരു വരത്തുപോക്കുള്ളതാ, യക്ഷിപ്പാറയിൽ നിന്ന്. ഞാൻ പറഞ്ഞിട്ടൊള്ളതാ, പെണ്ണുങ്ങൾ മൂവന്തിമയങ്ങിയ നേരത്ത് തുറുവിന്റടുത്ത് പോകരുതെന്ന്. അതും വയറ്റിലൊള്ള പെണ്ണുങ്ങൾ.”
മറിയപ്പെണ്ണിന്റെ വയറ്റിലേയ്ക്ക് നോക്കിയാണ്ആച്ചിയമ്മ അതു പറഞ്ഞത്.
മറിയപ്പെണ്ണിന് ചില സംശയങ്ങൾ മനസ്സിലുദിച്ചു. അവൾ ചോദിച്ചു.
“യക്ഷിപ്പാറയിൽ ഒരു യക്ഷിയല്ലേയുള്ളു. പക്ഷേ ഞാൻ രണ്ടുനിഴലുകൾ കണ്ടല്ലോ.”
“ങ്ഹാ, ചാത്തനാങ്കുളത്തെ കെന്തറോൻ പാറയിൽനിന്ന് വല്ല കെന്തറോന്മാരും യക്ഷിക്കു കൂട്ടുവന്നതാവാം..” മറിയപ്പെണ്ണ് ആത്മഗതമെന്നോണം പറഞ്ഞു.
മറിയപ്പെണ്ണ് മറുതത്താറായുടെ മുഖത്തേയ്ക്കുനോക്കി. അവൾ മുഖം തിരിച്ചുകളഞ്ഞു.
“തറുതല പറയാതെ നെലവിളക്ക് കത്തിച്ച് പുണ്യാളന്മാരോട് പാർത്തിച്ച് ഏഴിന്റടുത്ത നമസ്ക്കാരം ചൊല്ലാൻ നോക്ക്. അല്ലേലും നീയും നിന്റെ വീട്ടുകാരും തറുതല പറയാൻ മിടുക്കരാ..” ആച്ചിയമ്മ കുത്തുവാക്ക് പറഞ്ഞു.
“നിലവിളക്ക് കത്തിച്ചുവച്ച് പുണ്യാളന്മാരോട് പ്രാർത്ഥിക്കുന്ന പതിവ് ഞങ്ങൾക്കില്ല. മംഗലശ്ശേരിക്കാർ മാർത്തോമ്മക്കാരാ.”
മറിയപ്പെണ്ണ് തന്റേടമുള്ള പെണ്ണാണ്. അവൾക്കു വായിൽ നാക്കുണ്ട്. വായിൽ നാക്കുള്ള പെണ്ണ് മാപ്പിളവീട്ടിൽ വാഴത്തില്ലെന്ന് താഴേലെ ദോശാമ്മ ഒരിക്കൽ പറഞ്ഞുകേട്ടിട്ടുണ്ട്.
“എന്റെ മാതാവേ, ഞാനെന്താ കേട്ടത്. ദൈവനിന്ന.. അല്ലാതെന്താ. ഞാനന്നേ പറഞ്ഞതാ, ഈ മാർത്തോമക്കാരുമായുള്ള ബന്തം നമ്മക്കു വേണ്ടാന്ന്. പക്കേങ്കി, അവടെ വെളുപ്പും ചൊമപ്പുമൊക്കെ കണ്ട് അവനങ്ങു മയങ്ങിപ്പോയി. ഇപ്പം അനുപവിച്ചോ. അവളു വലതുകാലെടുത്തുവച്ച് കേറിയപ്പഴേ എരണക്കേട് കണ്ടു തൊടങ്ങിയതാ. ഇനി അനുപവിച്ചോ.. വരാനുള്ളത് വഴീത്തങ്ങത്തില്ല.” ആച്ചിത്തള്ള അലയ്ക്കാൻ തുടങ്ങി.
മഴമാത്തൻ ഇടപെട്ടു. അയാൾ ചോദിച്ചു.
“ആച്ചീ, നീ കെടന്ന് തൊണ്ട തൊറക്കാതെ. എന്തോന്ന് എരണക്കേടാ? പെൺശാപം പെരുംശാപമെന്നാ പറയുന്നത്. പ്രത്യേകിച്ച് ഗർഭിണിയായ പെണ്ണിന്റെ കണ്ണുനീർ വീണാൽ ഭവനം നശിക്കും. ദേശംപോലും കുട്ടിച്ചോറാകുമെന്നാ പഴമക്കാർ പറയുന്നത്.” മഴമാത്തൻ അല്പം ദയ കാണിച്ചു.
“അതിയാന്റെ ഒരു കൊണവതിയാരം. മരുമോളെ കൊമ്പത്തിരുത്തിക്കോ. എവളുമാരൊന്നും വയസ്സാംകാലത്ത് നമ്മക്ക് തൊള്ളി വെള്ളം അനത്തിത്തരുമെന്ന് കരുതേണ്ട.”
“വല്യ സുന്നരിക്കോതയൊന്നും ഈ വീട്ടിൽ വേണ്ടാന്നു ഞാനന്നേ പറഞ്ഞതാ. അറയ്ക്കൽ ബീവിയാണെന്നാ ഈ മൂതേവിയുടെ വിചാരം.” മറുതത്താറായും സംഭാഷണത്തിൽ പങ്കുചേർന്നു.
ആച്ചിത്തള്ളയുടെ വായ്ത്താരി തുടർന്നുകൊണ്ടുപോവാൻ മഴമാത്തൻ ഇഷ്ടപ്പെട്ടില്ല. അയാൾ മുറ്റത്തേയ്ക്കിറങ്ങി.


മഴമാത്തന് കാലാവസ്ഥ പ്രവചിക്കാൻ കഴിയും.
മേഘങ്ങളുടെ നിറവും കാറ്റിന്റെ ദിശയും നോക്കി മഴമാത്തൻ പറയും.
ഇന്നു മഴ പെയ്യും..
നാളെ കൊടുങ്കാറ്റടിക്കും..
ഉച്ചതിരിയുമ്പോൾ മിന്നലും ഇടിയുമുണ്ടാകും..
മഴമാത്തൻ പറഞ്ഞാൽ അച്ചട്ടാണ്..


മുറ്റത്തേയ്ക്കിറങ്ങിയ മഴമാത്തൻ മാനത്തേയ്ക്കു നോക്കി. രണ്ടു കൈകളും നെറ്റിയിൽ വച്ച് മാനത്തേയ്ക്ക് വീണ്ടും തുറിച്ചുനോക്കി. അയാൾ ആകാശത്തെ ആദ്യമായികാണുന്നതുപോലെ തോന്നി.
അയാൾ ആച്ചിയോട് പറഞ്ഞു.
“തെക്കൻകാറ്റടിക്കുന്നുണ്ട്. പേമാരിയുടെ മട്ടുണ്ട്. കൊടുങ്കാറ്റുമുണ്ടാകും..
പെരുന്തോടെങ്ങാൻ പൊട്ടിയാൽ ഏലാ നശിച്ചതുതന്നെ. കളകാഞ്ചിപ്പാടം കുപ്പക്കുന്നായതുതന്നെ.
തെക്കൻ കാറ്റ് നാശം വിതയ്ക്കുമെന്നാ പഴമക്കാർ പറയുന്നത്.”
“തെക്കൻ കാറ്റും തെക്കൻ പെണ്ണും ഒരുപോലാ. രണ്ടും നാശം വിതയ്ക്കും.” ആച്ചിത്തള്ള കൂട്ടിച്ചേർത്തു. കുത്തുവാക്കുകൾ പറയാൻ അവർ മിടുക്കിയാണ്.
ആച്ചിത്തള്ളയുടെ കുത്തുവാക്കുകൾ മറിയപ്പെണ്ണ് കേട്ടു. അവളുടെ മനസ്സിലും കാർമേഘങ്ങൾ നിറഞ്ഞു. അവൾ പ്രതികരിച്ചു.
“നിങ്ങടെ നാക്കാ തെക്കൻ കാറ്റ്..”
വായിൽ നാക്കുള്ള പെണ്ണിന് മാപ്പിളവീട്ടിൽ വാഴാൻ പറ്റത്തില്ല. പഴമക്കാർ പറഞ്ഞുകേട്ടിട്ടുള്ളതാണ്.


“ഇല്ല, ഇനി ഈ പീഢനം സഹിക്കാൻ വയ്യ.  ഇനി മാടത്തറയിൽ പിടിച്ചുനില്ക്കാനാവില്ല. ഞാൻ അനാഥയല്ല. എനിക്ക് മംഗലശ്ശേരിത്തറവാട്ടിൽ അപ്പനും അമ്മയുമുണ്ട്. അപ്പന്റെ പുന്നാരമോളാണു ഞാൻ. എന്നെ അവർ ഓമനിച്ചുവളർത്തിയതാണ്. മാടത്തറ ആച്ചിയുടെ എച്ചിൽ തിന്നേണ്ട കാര്യമില്ല. മംഗലശ്ശേരിക്കാർ എന്നെ പൊന്നുപോലെ സംരക്ഷിക്കും. സ്വന്തഭവനത്തിലേയ്ക്ക് പോവുക തന്നെ.”  മറിയപ്പെണ്ണ് മനസ്സിലുറച്ചു.

പക്ഷേ പെരുന്തോട് എങ്ങനെ കടക്കും?
പെരുന്തോട് കുത്തിമറിഞ്ഞൊഴുകുകയാണ്.
ഒറ്റത്തടിപ്പാലം.
ഒരു പഴയ തെങ്ങിൻതടിയാണ് പാലം.
കാലൊന്നു വഴുതിയാൽ തോട്ടിൽ വീണതുതന്നെ.
സൂക്ഷിച്ചുകയറി.


“ഇപ്പം വീണുപോയി..”
“ഇപ്പം വീണുപോയി..”
അവരാണ്ടൻ തോമായാണ്. അവൻ മറുകരയിൽനിന്ന് കൈകൊട്ടി വിളിച്ചു കൂവുകയാണ്. അന്യന്റെ ആപത്ത് അവന് വിനോദമാണ് അവൻ വല്യവീട്ടിലെ പശുക്കളെ മേയ്ക്കുകയാണ്.
അവരാണ്ടന്റെ അട്ടഹാസം ശ്രദ്ധിച്ചില്ല.
ചുവടുകളിൽമാത്രം ശ്രദ്ധിച്ചു.
ഒരുവിധത്തിൽ മറുകരയെത്തി.
“തോമാ, നീയിങ്ങുവന്നേ..” മറിയപ്പെണ്ണ് വിളിച്ചു.
അവരാണ്ടന്റെ മുഖത്ത് പരിഹാസച്ചിരി.
ടപ്പ്..ടപ്പ്..
മറിയപ്പെണ്ണിന്റെ ബലിഷ്ഠമായ കൈകൾ ഉയർന്നുതാണു.. ഒന്നല്ല, രണ്ടുതവണ.
അവരാണ്ടൻ തോമായുടെ കണ്ണുകളിൽ പൊന്നീച്ചകൾ പറന്നു.
“ഇതിലൊന്ന് ആ മാടത്തറ ആച്ചിക്ക് കൊണ്ടുക്കൊടുത്തേയ്ക്കണം. മറ്റേത് നിന്റെ ആ രഹസ്യക്കാരിയുണ്ടല്ലോ, മറുതത്താറാ. അവൾക്കുള്ളതാ.”
“പോടാ.. ഇനി, മംഗലശ്ശേരിയിലെ മറിയയോട് കളിക്കരുത്.”
അതൊരു ഗർജ്ജനമായി അവരാണ്ടൻ തോമായ്ക്കു തോന്നി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക