Image

സിനിമയിലെത്തിയ ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ നിര്‍മല്‍

Published on 16 July, 2021
 സിനിമയിലെത്തിയ ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ നിര്‍മല്‍
സിനിമയിലെത്തിയ അഞ്ചാം വാര്‍ഷികത്തില്‍ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് മലയാളി സംവിധായകന്‍ നിര്‍മല്‍ ബേബി വര്‍ഗീസ്. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനിലെ ഓര്‍മ്മകളാണ് നിര്‍മല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിയ്ക്കുന്നത്. നിര്‍മലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ.. ''സിനിമാക്കാരുടെ കൂടെ കൂടിയിട്ട് 5 കൊല്ലം! ഗ്രോടെക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷനിലെ ഡിപ്ലോമ കഴിഞ്ഞ് കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനിലേയ്ക്ക് കൂട്ടുവന്ന അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ.. അവിടെ ഗുരുസ്ഥാനത്തുണ്ടായിരുന്ന ജയചന്ദ്ര കൃഷ്ണ, ടി. അനീഷ് കുമാര്‍, രാജീവ് വിശ്വംഭരന്‍, പൂര്‍ണ്ണ പിന്തുണ നല്‍കിയ സതീഷ് ബാബു, ആനന്ദ് ബാബു, ഷൈന്‍ ബി ജോണ്‍, ശങ്കര്‍, സി. എസ് അജിത്, രതീഷ് അരങ്ങത്ത്, ജോയ് ചേട്ടന്‍, മായ ചേച്ചി.. താമസിക്കാന്‍ സൗകര്യം തന്ന സന്ദീവ് ജി.വി. കണക്കുപറയാതെ ഭക്ഷണം തന്ന ഞങ്ങളുടെ മാമി.. എല്ലാവരോടും സ്‌നേഹം..''

വയനാട്ടിലെ കാവുംമന്ദത്ത് ബേബി പി.കെ. ലില്ലി ബേബി എന്നിവരുടെ മകനായി ജനിച്ച നിര്‍മല്‍ 2016 ല്‍ സംവിധാനം ചെയ്ത 'മിറര്‍ ഓഫ് റിയാലിറ്റി', 'മാറ്റം: ദി ചേഞ്ച്' എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ 2020 ല്‍ ആമസോണ്‍ പ്രൈമിലും ആപ്പിള്‍ ടി വി യിലും റിലീസ് ചെയ്തിരുന്നു. ചില ഇന്റര്‍നാഷണല്‍ ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിച്ചിരുന്നു. കല്‍പ്പറ്റ ഗവണ്‍മെന്റ് കോളജിലെ ബിരുദ പഠനത്തിന് ശേഷം ഗ്രോടെക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷനില്‍ ഫിലിം എഡിറ്റിങ്ങില്‍ ഡിപ്ലോമ നേടിയ നിര്‍മല്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ പ്രാക്ടീസ് ചെയ്യുകയും, അവിടെ വെച്ച് ധാരാളം സിനിമയുടെ ഭാഗമാവുകയും ചെയ്തു.


2019 ല്‍ റിലീസ് ചെയ്ത കലിപ്പ് എന്ന ചിത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററായിരുന്ന നിര്‍മല്‍ ചില സിനിമകള്‍ക്ക് പി. ആര്‍. ഓ. ജോലികളും പോസ്റ്റര്‍ ഡിസൈനും ചെയ്തിട്ടുണ്ട്. വയനാട്ടിലെ സ്വര്‍ണ്ണ ഖനന ചരിത്രത്തെ പ്രമേയമാക്കി 'തരിയോട്' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിലൂടെയാണ് നിര്‍മല്‍ ശ്രദ്ധ നേടിയത്. ഹോളിവുഡില്‍ നിന്നടക്കമുള്ള അവാര്‍ഡുകള്‍ നേടിയ ഡോക്യുമെന്ററിയുടെ സിനിമാറ്റിക് റീമേക്കും നിര്‍മല്‍ അനൗണ്‍സ് ചെയ്തിട്ടുണ്ട്. 'തരിയോട്: ദി ലോസ്റ്റ് സിറ്റി' എന്ന് പേരിട്ടിരിക്കുന്ന റീമേക്കില്‍ ലോകപ്രശസ്ത സിനിമാ താരം റോജര്‍ വാര്‍ഡ് ഉള്‍പ്പടെ ഹോളിവുഡില്‍ നിന്നടക്കമുള്ള പല വിദേശ താരങ്ങളും ഭാഗമാകുന്നുണ്ടെന്ന കാര്യം നേരത്തെ തന്നെ വാര്‍ത്തയായിരുന്നു.

മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമയായ 'വഴിയെ' ആണ് നിര്‍മലിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. ഹോളിവുഡ് സംഗീത സംവിധായകന്‍ ഇവാന്‍ ഇവാന്‍സാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രം ഉടന്‍തന്നെ റിലീസ് ചെയ്യും.



references: 

https://bit.ly/Nirmal-mlwiki

https://g.co/kgs/Z5J7rm

https://www.imdb.com/name/nm9758574/

https://en.wikipedia.org/wiki/Thariode

https://en.wikipedia.org/wiki/Vazhiye

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക