Image

ദുഃസ്വപ്‌നം(കവിത: ദീപ ബി.നായര്‍(അമ്മു))

ദീപ ബി.നായര്‍(അമ്മു) Published on 13 July, 2021
ദുഃസ്വപ്‌നം(കവിത: ദീപ ബി.നായര്‍(അമ്മു))
നീയെന്ന വര്‍ണ്ണത്തില്‍ ഞാന്‍ കണ്ട മഴവില്ലിന് നിറമില്ലാതായത് എത്ര പെട്ടെന്നാണ്?

എന്തിനോ വേണ്ടി പലപ്പോഴായി ഞാന്‍ കെട്ടിയുയര്‍ത്തിയ ചീട്ടുകൊട്ടാരം നിന്റെ നിശബ്ദതയില്‍ വീണുടഞ്ഞത് എത്ര വൈകിയാണ് ഞാനറിഞ്ഞത്?

നീയെന്നെ തൊട്ടപ്പോഴുണ്ടായ ആത്മനിര്‍വൃതി ഇന്നെന്റെ അംഗങ്ങളിലൊരു സര്‍പ്പം വരിഞ്ഞുമുറുക്കുന്നതുപോലെയാണ്.

നിന്റെ കണ്ണുകളിലൊളിപ്പിച്ച പ്രണയത്തിന് പകരമായി  ഇന്നു ഞാന്‍ കാണുന്നത് അതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഇരയെ കണ്ട കഴുകന്റെ ആവേശമാണ്.

നീ വിരിച്ച പ്രേമവലയിലില്‍ അറിയാതെ അകപ്പെട്ടൊരു മിണ്ടാപ്രാണി മാത്രമാണ് ഞാനിന്ന്.

നിന്റെ പ്രണയ നാടകത്തിലെ വെറുമൊരു കഥാപാത്രമാണ് ഞാനെന്നറിയാന്‍ വൈകിയെങ്കിലും, ഇനി നിനക്ക് എന്നെ തോല്പിക്കാനാകില്ല.

പിടഞ്ഞുവീണു മരിച്ചു പോകുമെന്ന് നീ കരുതിയ, വെളിച്ചം തേടി വന്ന ഈയാംപാറ്റയല്ല ഞാന്‍.

ഏതോ ഒരു ദു:സ്വപ്നം കണ്ടതു മാത്രമാണെന്ന് കരുതി തന്നെ എല്ലാം മറക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍.

ഇനിയാണെന്റെ ജീവിതം തുടങ്ങുന്നത്. പ്രതികാരമല്ല..... നീയില്ലാതെയും എനിക്ക് ജീവിക്കാന്‍ കഴിയുമെന്ന് നീയറിയണം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക