Image

നൊമ്പരക്കിനാവുകള്‍(കവിത : വിനീത് വിശ്വദേവ്)

വിനീത് വിശ്വദേവ് Published on 13 July, 2021
നൊമ്പരക്കിനാവുകള്‍(കവിത : വിനീത് വിശ്വദേവ്)
ഓര്‍മ്മതന്‍ ചില്ലു ജാലകം തുറന്നപ്പോള്‍ മിഴിനീര്‍ മഴ പെയ്തുപോയി...
കൂടുകൂട്ടിയ നൊമ്പരക്കിനാവുകള്‍ പെയ്തിറങ്ങി ഇടതോരാതെ 
മഴയില്‍ കുതിര്‍ന്ന നനവാര്‍ന്ന മെയ്യുമായി നിന്നു പോയി 
പരിഭവം പെറാത്ത വിറയാര്‍ന്ന  ചുണ്ടിനാല്‍ മന്ത്രിച്ചുകൊണ്ട് ഞാന്‍.

കിനാവുകള്‍ പേറിടാത്ത  മാനവരുണ്ടോ ഈ ഭൂതലത്തില്‍ 
നിദ്രയില്‍ നെയ്ത സ്വപ്നങ്ങളെ ചേര്‍ത്തുവെച്ചു ഓടിനടന്നവര്‍ 
പാതിവഴിയില്‍ നിലച്ചവര്‍ വീണ്ടും അഗാധനിദ്രയിലാണ്ടുപോയി 
നിദ്രയുണര്‍ന്നവര്‍ പൂങ്കിനാവാക്കുവാന്‍ അശ്രാന്തം പണിപ്പെട്ടിരുന്നു.

ബാല്യത്തിലെന്‍ പ്രെജ്ഞയില്‍ പേവിഷം കുത്തിയ സ്വപ്നങ്ങള്‍ 
ഇഹലോകമറിയാതെ കുഴിമാടമൊരുക്കി യവ്വനയുക്തനാം വേളയില്‍ 
പകല്‍ കിനാവുകള്‍ സമ്മാനമായിത്തന്നു കാലം കടന്നുപോയി...
ഇനിയും ഒരുപാടു കാതമകലെ പാതിവഴിയില്‍ നിലയ്ക്കുമോ ജീവിതം ..?

അന്ന് മനതാരില്‍ കൊരുത്ത കിനാക്കള്‍ നിദ്രാവിഹീനനാക്കി 
ജീവിതചക്രത്തില്‍ രാപ്പകലുകള്‍ പിഴുതെറിയപ്പെട്ടുകൊണ്ടേയിരുന്നു...
സ്വപ്ന സഞ്ചാരിയായവന്  യാഥാര്‍ഥ്യങ്ങള്‍ മാറാക്കടമ്പകളായിത്തീര്‍ന്നിരുന്നു 
ഇന്നും ഞാന്‍ തഴുകിത്തലോടുന്നു പകല്‍ക്കിനാവുകളാകാത്ത എന്‍ നൊമ്പരക്കിനാവുകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക