Image

സജിൽ ശ്രീധറിന്റെ വാസവദത്ത - ഒരവലോകനം (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

Published on 13 July, 2021
സജിൽ ശ്രീധറിന്റെ വാസവദത്ത - ഒരവലോകനം (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

കുമാരനാശാന്റെ കരുണ എന്ന ഖണ്ഡകാവ്യത്തെ അവലംബമാക്കി വയലാർ രാമവർമ്മ പുരസ്കാരം നേടിയ ശ്രീ സജിൽ ശ്രീധർ രചിച്ച  വാസവദത്ത എന്ന നോവൽ വായിക്കാൻ എന്നെ പ്രേരിപ്പിച്ചത്  എന്റെ പുസ്തകപ്രേമവും സാഹിത്യലോകത്തെ കൂടുതൽ പരിചയപ്പെടുകയെന്ന ആഗ്രഹവുമായിരുന്നു. കൂടാതെ മലയാളത്തിലെ പ്രശസ്തമായ ഖണ്ഡകാവ്യത്തിന്റെ  നോവൽ ആവിഷ്കാരം പരിചയപ്പെടാനുള്ള കൗതുകവും.

നോവലിൽ എന്നെ ആകർഷിച്ചത് ലളിതമായ ഭാഷയുടെ സൗന്ദര്യവും ആഖ്യാനത്തിന്റെ മനോഹാരിതയുമാണ്.  സാധാരണക്കാരനും സാഹിത്യകാരനും ഒരേപോലെ ആസ്വദിക്കാൻ കഴിയാവുന്നവിധം ഇതിന്റെ രചന നിർവഹിക്കപ്പെട്ടിരിക്കുന്നത് പ്രശംസനീയം തന്നെ. ദുരൂഹതയും, ബിംബങ്ങളും ഉൾപ്പെടുത്താതെ ഭാഷയുടെ തെളിനീരിലൂടെ കഥാസന്ദർഭങ്ങൾ മഴവില്ലുപോലെ പ്രത്യക്ഷപ്പെടുന്നു. എത്ര അനായേസേനയാണ്  നോവലിസ്റ്റ് കഥപറയുന്നതെന്നു വായനക്കാരൻ അതിശയത്തോടെ ആലോചിക്കും.

ഒരു ശില്പിയെപോലെ വാസവദത്തയെ അക്ഷരങ്ങളിൽ കൊത്തിയെടുത്ത് വായനക്കാരുടെ മുന്നിൽ കൊണ്ടുവരികയാണ് നോവലിസ്റ്റ്. അതുകൊണ്ട് കഥാപാത്രത്തെക്കുറിച്ച് വായിക്കുന്നതായല്ല മറിച്ച് അവരുമായി നേരിൽ സംവദിക്കുന്ന അനുഭവമാണ് നമുക്കുണ്ടാകുക. ആശാന്റെ കരുണ വായിച്ചതുകൊണ്ട്  നോവലിലെ ഓരോ വരിയും വായിക്കുമ്പോൾ അടുത്തത് എന്തെന്നറിയാനുള്ള ഉൽക്കണ്ഠ നിറഞ്ഞുനിന്നു. ഒരു ഖണ്ഡകാവ്യം നോവലായി രൂപാന്തരപ്പെടുന്ന വിസ്മയനിർവൃതിയിൽ  വായനക്കാരെ കൊണ്ടെത്തിക്കാൻ നോവലിസ്റ്റിനു കഴിയുന്നത് രചനയുടെ വിജയം തന്നെ.

മറ്റൊരുകാര്യം എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് ഒരു നല്ല നോവൽ എഴുതണമെങ്കിൽ അതിന് ആരും കേൾക്കാത്ത പുതുമയുള്ള കഥ നിർബന്ധമില്ലെന്നാണ്. കാരണം മലയാളം അറിയാവുന്ന ഏതൊരു ഭാഷാസ്നേഹിയും കുമാരനാശാന്റെ കരുണയെക്കുറിച്ച്  കേൾക്കാതിരിക്കില്ല. ആ കരുണയിലെ   വാസവദത്തയെ കുറിച്ചുതന്നെയാണ് ശ്രീ സജിൽ ശ്രീധർ ഈ നോവലിലെയും പ്രമേയമാക്കിയിരിക്കുന്നത്. കഥയെക്കാളും അവതരണഭംഗികൊണ്ട് കഥയുടെ പുതുമ  വർധിപ്പിക്കാൻ നോവലിസ്റ്റിനു കഴിയുന്നു. നോവലിന്റെ വിലകൂട്ടുന്ന ചേരുവകൾ നിഷ്കര്ഷതയോടെ നോവലിസ്റ്റ് കൈകാര്യം ചെയ്യുന്നുണ്ട്.

 പുരാണങ്ങളെ സ്വതസിദ്ധമായ ശൈലിയിൽ കെട്ടുകഥകളായി അവതരിപ്പിക്കുന്ന ഒരു രീതി പണ്ടുമുതലേ നിലവിലുണ്ട്.  ശ്രീ സജിൽ ശ്രീധർ എല്ലാവര്ക്കും സുപരിചിതയായ വാസവദത്തയുടെ കഥയെ അതിന്റേതായ കഥാതന്തു നഷ്ടപ്പെട്ടുപോകാതെതന്നെ തന്റേതായ ഭാഷയിൽ എഴുതിയിട്ടാണ് എല്ലാ വായനക്കാരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. അതോടൊപ്പം എഴുത്തുകാരന്  പറയാനുള്ള കാലാനുസൃതമായ ചിന്തകളും അദ്ദേഹം ഈ കഥയിലൂടെ വായനക്കാരുമായി സംവദിച്ചിരിക്കുന്നു എന്ന ഒരു പ്രത്യേകത കൂടി ഈ നോവലിനുണ്ട്. 

വാസവദത്ത എന്ന കഥാപാത്രത്തിന്റെ അവതരണത്തിലൂടെ ശ്രീ സജിൽ എടുത്തുകാണിക്കുന്നത് സ്വന്തം ശരീരലാവണ്യത്തിൽ മതിമറക്കുന്ന ഒരു അഹങ്കാരിയായ സ്ത്രീയെയും അവളുടെ വൈകാരികതകളെയുമാണ്. സദാചാരത്തെ  മറന്ന് സ്വന്തം ശരീരസൗന്ദര്യത്തെ പ്രദർശിപ്പിച്ച് പുരുഷവർഗ്ഗത്തിന്റെ പ്രകൃതിദത്തമായ ബലഹീനതകളെ  മുതലെടുത്ത് എല്ലാ ജീവിതസൗഭാഗ്യങ്ങളും നിഷ്പ്രയാസം നേടിയെടുത്ത അഹങ്കാരിയായ ഒരു സ്ത്രീയുടെ ജീവിതയാത്രയും അന്ത്യവും അദ്ദേഹം ഈ കഥയിലൂടെ എടുത്തുകാണിക്കുന്നു . 

മറ്റൊരുതരത്തിൽ വീക്ഷിച്ചാൽ,  വാസവദത്ത എന്ന നിഷ്കളങ്കയായ  ഒരു പെൺകുട്ടിയുടെ പവിത്രമായ പ്രണയത്തോട് വെറും കച്ചവടമനസ്സുമാത്രമുള്ള പുരുഷൻ കാണിച്ച വിശ്വാസവഞ്ചന തന്നെയാണ് അവളെ ഈ അവസ്ഥയിൽ എത്തിച്ചത് എന്ന് നോവലിസ്റ്റ് നമ്മെ ഓർമ്മിപ്പിക്കുന്നുമുണ്ട്   ഒരു നിമിഷം എല്ലാം നഷ്ടപ്പെട്ട വാസവദത്തയിലെ സ്ത്രീ കരഞ്ഞുവെങ്കിലും പിന്നീട് കണ്ണുനീർ തുടച്ച് ചിരിച്ചുകൊണ്ട് വന്നുചേർന്ന സാഹചര്യത്തെ കൈനീട്ടി സ്വീകരിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിക്കുന്ന വാസവദത്തയെ ശ്രീ സജിൽ നമ്മെ പരിചയപ്പെടുത്തുന്നു.  ഇതിലൂടെ അദ്ദേഹം നൽകുന്ന സന്ദേശം വന്നുചേർന്ന സാഹചര്യത്തെകുറിച്ചോർത്ത് ജീവിതം കരഞ്ഞുതീർക്കാതെ സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ ഒരു സ്ത്രീയ്ക്ക് ആവശ്യം  ദൃഢനിശ്ചയമാണെന്നാണ്. മാതാപിതാക്കളെയും വീട്ടുകാരെയും ഗ്രാമവാസികളെയും കബളിപ്പിച്ച് മാണിക്യനിൽ വിശ്വാസമർപ്പിച്ച് ഇറങ്ങിവന്ന വാസവദത്ത തനിക്ക് പറ്റിയ ചതി മനസ്സിലാക്കിയപ്പോൾ ഓർത്തത് ആത്മഹത്യയെക്കുറിച്ചല്ല എന്ന അവതരണത്തിൽ നിന്നും, സ്ത്രീകൾക്ക് ഏതുസാഹചര്യത്തെയും പിടിച്ച് നിൽക്കാനുള്ള ഒരു തന്റേടമാണ് ശ്രീ സജിൽ ഉപദേശിച്ചത്.  തന്നെ നിഷ്കരുണം ചതിച്ച മാണിക്യൻ എന്ന കച്ചവടക്കാരനോട് സാഹചര്യങ്ങളെ വിലയിരുത്തിയാൽ വാസവദത്തയ്ക്ക് തീരാത്ത പ്രതികാരവും വെറുപ്പുമാണ് ഉളവാക്കേണ്ടത്.   മറിച്ച്  മാണിക്യൻ നിമിത്തമായി തനിക്ക് എല്ലാ സൗഭാഗ്യങ്ങളും കൈവരുന്നു എന്ന് വാസവദത്ത ആശ്വസിക്കുന്നതായി എഴുത്തുകാരൻ പറയുന്നതിലൂടെ വന്നുചേർന്ന ഒരു ദുരന്തത്തിനെ എങ്ങിനെ നല്ല ചിന്തയായി കാണണമെന്നാണ് എഴുത്തുകാരൻ വായനക്കാരെ കാണിച്ചുതരുന്നത്.  സദാചാരത്തിന് വിപരീതമായി വർത്തിക്കുന്നവളാണെങ്കിലും സാഹചര്യങ്ങൾക്കനുസൃതമായി തീരുമാനങ്ങളെടുക്കാനും ഏതുസാഹചര്യങ്ങളെയും ബുദ്ധിയും വിവേകവും ഉപയോഗിച്ചു സധൈര്യം നേരിടാനും കഴിവുള്ള തന്റേടിയായ ഒരു കഥാപാത്രത്തെ വാസവദത്തയിലൂടെ    ശ്രീ സജിൽ ശ്രീധർ അവതരിപ്പിച്ചത് ഇന്നത്തെ സ്ത്രീയെ മുന്നിൽകണ്ടുതന്നെയാകണം   

വാസവദത്ത എന്ന കഥാപാത്രത്തിലൂടെ സൗന്ദര്യലാവണ്യത്തിൽ അഹങ്കരിക്കുന്ന, ധനത്തിനോടും സുഖസൗകര്യങ്ങളോടും, കാമത്തോടും അമിതമായ ആസക്തിയുള്ളതുമായ ഒരു സ്ത്രീയെയാണ് എടുത്തുകാണിക്കുന്നത് എങ്കിലും സ്ത്രീ സഹജമായ ദയ, കരുണ തുടങ്ങിയ അവളിലടിഞ്ഞുകിടക്കുന്ന മനോവികാരങ്ങളെയും ഉത്തരയോടുള്ള വാസവദത്തയുടെ വീക്ഷണത്തിലൂടെ എഴുത്തുകാരൻ എടുത്തുപറയുന്നു.

നോവലിന്റെ തുടക്കത്തിൽ തന്റെ അംഗലാവണ്യം വാൽകണ്ണാടിയിൽ നോക്കി മതിമറക്കുന്ന വാസവദത്തയെയാണ് നമുക്ക് കാണാൻ കഴിയുന്നത്.  മോഹിപ്പിക്കുന്ന സൗന്ദര്യം, അതിലൂടെ ജീവിതത്തിനുവേണ്ട എല്ലാ സൗഭാഗ്യങ്ങളും നേടിയെടുത്ത, എല്ലാ സുഖങ്ങളും അനുഭവിച്ച സദാചാരങ്ങളെ മറന്ന്  ജീവിച്ച ഒരു സ്ത്രീ മരണത്തിലേക്കുള്ള അവളുടെ കാൽവെപ്പിൽ ആരും തുണയില്ലാതെ ഏകാകിയാകുന്നു. എന്തിന് യൗവ്വനത്തിൽ അവളെ ഒന്ന് കാണാൻ അവളോടൊപ്പം ഒരുനിമിഷം ചെലവഴിക്കാൻ ഏവരും കൊതിച്ചിരുന്ന അവളുടെ അന്ത്യയാത്രയിൽ അവളെ ഒന്ന് നോക്കിനിൽക്കാനോ ഒരുതുള്ളി കണ്ണുനീർ പൊഴിക്കാനോ ആരും ഇല്ലാതെയാകുന്നു. താൻ ചെയ്തുകൂട്ടിയ തെറ്റുകളാൽ ശരീരം വിരൂപമായി കിടക്കുന്ന വാസവദത്ത പ്രാര്ഥിക്കുന്നതിനായി ബിംബം ആവശ്യപ്പെടുമ്പോൾ    സർവ്വസംഗപരിത്യാഗിയായ,   നന്മയാകുന്ന ഉപഗുപ്തൻ കണ്ണാടി കാണിക്കുകയും, അവൾക്ക് അവളെ സ്വയം തിരിച്ചറിയുവാനായി  അവസരം നൽകുകയും ചെയ്യുന്ന   അവസാനഭാഗം തന്നെയാണ് ഈ നോവലിന്റെ മർമ്മപ്രധാനം. ഇതിലൂടെ എഴുത്തുകാരൻ നൽകാൻ  തീരുമാനിച്ചത് ക്ഷണികമായ ബാഹ്യസൗന്ദര്യത്തേക്കാൾ എത്രയോ അനശ്വരമാണ് ആന്തരിക സൗന്ദര്യം എന്നതാണ്.
ഈ നോവൽ വായിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്ന ഒരു ആത്മസംതൃപ്തി ഏതാനും വാക്കുകളിലൂടെയോ വാചകങ്ങളിലൂടെയോ  പകർന്നുതരാൻ കഴിയുന്നതിലും അപ്പുറത്താണ്. ഈ നോവലിന്റെ ഉള്ളടക്കത്തെ വേർത്തിരിച്ചെടുത്ത് അതേകുറിച്ച് പറയാനും ഞാൻ മുതിർന്നില്ല കാരണം ആ  സംതൃപ്തിക്കായി ഈ നോവൽ വായിക്കുകതന്നെവേണം.  ഇത്രയും നല്ല ഒരു നോവലിന് ജന്മം നൽകിയ ശ്രീ സജിൽ ശ്രീധർ തീർച്ചയായും മലയാള സാഹിത്യത്തിന് ഒരു മുതൽക്കൂട്ടാണ്. ഇനിയും ഇത്തരം നോവലുകൾ നമ്മുടെ മലയാള സാഹിത്യത്തിനായി കാഴ്ചവയ്ക്കാൻ ശ്രീ സജിൽ ശ്രീധറിനു കഴിയട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ആശംസിക്കുന്നു

സജിൽ ശ്രീധറിന്റെ വാസവദത്ത - ഒരവലോകനം (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)
Join WhatsApp News
Sureshkumar Punjhayil 2021-07-13 04:55:56
Good one
കെ.വി.രാജീവ് 2021-07-13 14:04:02
നല്ല അവലോകനം
abdul punnayurkulam 2021-07-14 03:04:37
Joythyleksmi, Excellent review. Your description easily comprehensible, and easily readable, too.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക