Image

ഹൃദയം വിങ്ങിപ്പൊട്ടുന്ന അനുഭവം (ലക്ഷ്‌മി നായർ)

Published on 11 July, 2021
ഹൃദയം വിങ്ങിപ്പൊട്ടുന്ന അനുഭവം (ലക്ഷ്‌മി നായർ)
Things We Cannot Say
- A Novel by Kelly Rimmer

ഒരു പുസ്തകം വായിച്ചു കഴിഞ്ഞാൽ അതിനെക്കുറിച്ചു ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ ഹൃദയം വിങ്ങിപ്പൊട്ടുന്നപോലെയുള്ളൊരു അനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ടോ? അത്തരം ഒരനുഭവമായിട്ടാണ് ഞാനീ കുറിപ്പെഴുതുന്നത്. ഇന്ന് വായിച്ചുതീർത്ത, കെല്ലി റീമെറുടെ (Kelly Rimmer) Things We Cannot Say എന്ന പുസ്തകത്തെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്.

ലോകമഹായുദ്ധങ്ങളുടെ പശ്ചാത്തലമായ അനേകം പുസ്തകങ്ങളും സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. വ്യത്യസ്തമാണെങ്കിലും ഓരോ പുസ്തകവും സിനിമയും അത്യന്തം ഹൃദസ്പർശിയായി എനിക്ക് അനുഭവപ്പെടാറുണ്ട്. കെല്ലി റീമറുടെ ഈ പുതിയ പുസ്തകവും അത്തരം ഒരനുഭവമാണ് എനിക്ക് നൽകിയത്.  മറ്റൊരു സവിശേഷത, ഇതൊരു കാത്തോലിക് കുടുംബത്തിന്റെ കഥയാണെന്നുള്ളതാണ്. എന്റെ പോളിഷ് കൂട്ടുകാരായ മൈക്കലും അന്നയും, പറയുന്ന ഒരു കാര്യം ഞാൻ ഇപ്പോൾ ഓർക്കുന്നു. “ലോകമഹായുദ്ധങ്ങളെക്കുറിച്ചു പറയുമ്പോൾ മിക്കവരും ജൂതരുടെ നാശത്തെക്കുറിച്ചും അവർ അനുഭവിച്ച ദുരന്തങ്ങളെക്കുറിച്ചും മാത്രമാണ് പറയാറുള്ളത്. എന്നാൽ പോളണ്ടിൽ ഒരുപാട് കത്തോലിക്കക്കാർക്കും വംശനാശം വന്നിട്ടുണ്ട് എന്നതിനെക്കുറിച്ചു് ആരും സംസാരിക്കാറില്ല.” രണ്ടു മുഖ്യകഥാപാത്രങ്ങൾ, ആലീസും അലീനയും, മാറി മാറി കഥ പറഞ്ഞുകൊണ്ടാണ് റീമർ ഈ നോവൽ അവതരിപ്പിച്ചിട്ടുള്ളത്. തൊണ്ണൂറ്റഞ്ചാം വയസ്സിൽ, സ്‌ട്രോക്കിന് ശേഷം സംസാരശക്തി നഷ്ടപ്പെട്ട അലീന, പൗത്രിയായ ആലീസിനോട് പോളണ്ടിലേക്കു പോയി അലീനയുടെയും തൊമാസിന്റെയും പൂർത്തിയാക്കാൻ കഴിയാത്ത ചില കാര്യങ്ങൾ ചെയ്തു തീർക്കാൻ ആവാശ്യപ്പെടുന്നതിനനുസരിച്ചു ആലീസ് പോളണ്ടിലേക്കു പോകുന്നു. രണ്ടാം ലോഹമഹായുദ്ധകാലത്തു് പോളണ്ടിൽ നിന്നും ഓടി രക്ഷപ്പെട്ട അലീനയുടെ കഥ ആലീസ് ചുരുളഴിക്കുമ്പോൾ, നാല് തലമുറകളായി അമേരിക്കയിൽ ജീവിക്കുന്ന ഈ പോളിഷ് കുടുംബം സ്തബ്ധരാകുന്നു. വർത്തമാനകാലവും, നാസികൾ പിടിച്ചെടുത്ത പോളണ്ടിലെ ദിനങ്ങളും കോർത്തിണക്കിയാണ് റീമർ കഥ പറഞ്ഞിട്ടുള്ളത്.

1942 ൽ യൂറോപ്പ് മുഴുവനും യുദ്ധത്തിന്റെ കൈകളിലമർന്നുദുരന്തമനുഭവിക്കുമ്പോൾ ഒരു റഷ്യൻ അഭയാർത്ഥി ക്യാമ്പിൽ നടക്കുന്ന ഒരുപോളിഷ് പെൺകുട്ടിയുടെ (അലീന) വിവാഹച്ചടങ്ങോടുകൂടിയാണ് നോവൽ തുടങ്ങുന്നത്.പക്ഷെ ആ തീരുമാനം ഒരു നുണയായിരുന്നു. അത് അവളുടെ വിധിയെ
മാറ്റിമറിക്കുന്നു.

ഒൻപതു വയസ്സിൽ അലീന അവളുടെ കൂട്ടുകാരനായ തൊമാസ്സിനെ വിവാഹം കഴിക്കുമെന്ന്തീരുമാനിക്കുകയും, പതിനഞ്ചു  വയസ്സിൽ അവരുടെ വിവാഹം ഉറപ്പിക്കുകയും
ചെയ്യുന്നു. അതിനിടയിൽ യുദ്ധം പൊട്ടിപ്പുറപ്പെടുന്നു. നാസികൾ പിടിച്ചെടുത്ത പോളണ്ടിൽനിന്നും ഓടി രക്ഷപ്പെടുന്നതിനിടയിൽ അലീനയും തോമാസും വേർപെടുന്നു. അവർ രക്ഷപ്പെടുത്തിയ ജൂതകുടുംബത്തിന്റെയും കരളലിയിപ്പിക്കുന്ന കഥയാണിത്. അലീനയുടെ ജീവിതം തീരാക്കുരുക്കളിൽ പെടുമ്പോഴും അലീന തോമസിന് വേണ്ടി എന്നെന്നേക്കുമായി കാത്തിരിക്കുന്നു.
യുദ്ധം കൊണ്ട് വേർപെട്ട അലീനയുടെയും തോമസിന്റെയും അനശ്വര പ്രണയമാണ് ഈ നോവലിന്റെ കാതലെങ്കിലും, ഇനിയൊരിക്കലും ഇത്തരം ക്രൂരതകൾ ലോകം നേരിടാതിരിക്കട്ടെ എന്ന് നാസികളെ ചൂണ്ടിക്കാട്ടി റീമർ ലോകത്തിനോടായിപറയാതെ പറയുന്നു.

അലീനയും തോമാസും വീണ്ടും  കണ്ടു മുട്ടുമോ? ആലീസിന്റേയും ആലീസിന്റെ ഓട്ടിസ്റ്റിക് ആയ മകൻ എഡിയുടെയും പച്ചക്കണ്ണുകൾക്കു കാരണം? എന്നിങ്ങനെ ഒരു പാട് ചോദ്യങ്ങൾ നമ്മുടെ മനസ്സിലുണരുമ്പോൾ അതിനെല്ലാത്തിനും ഉത്തരം കാണുവാൻ അവസാനത്തെ വരിവരെ നമ്മെ പിടിച്ചിരുത്തുന്ന മറ്റൊരു യുദ്ധകാലപ്രണയകഥ!
ഹൃദയം വിങ്ങിപ്പൊട്ടുന്ന അനുഭവം (ലക്ഷ്‌മി നായർ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക