Image

ഒരു പല്ലെടുക്കലും പിന്നെ ചില ചിന്തകളും (ജെസി ജിജി)

Published on 10 July, 2021
ഒരു പല്ലെടുക്കലും പിന്നെ ചില ചിന്തകളും (ജെസി ജിജി)
കണ്മുൻപിൽ തൂക്കിയിട്ട xrayയിലേക്ക് ഞാൻ വീണ്ടും നോക്കി . അത്‌ എന്തിന്റെ xray ആണെന്ന് ചിന്തിച്ചു തല പുകക്കേണ്ട കാര്യം എനിക്കില്ല , കാരണം ഞാൻ ഇപ്പോൾ ഇരിക്കുന്നത് ദന്തഡോക്ടറുടെ പരിശോധനാമുറിയിൽ . വന്നത്  മറ്റൊന്നിനുമല്ല , ഇത്തിരി wisdom കൂടിപ്പോയോ എന്നൊരു സംശയം , അതുകൊണ്ടു രണ്ടു wisdom tooth അങ്ങ് എടുത്തുകളയാമെന്നു കരുതി . അപ്പോൾ എന്റെ മുൻപിൽ  കൊണ്ട് xray തൂക്കിയിട്ടിട്ടു വിശദീകരണവും consent വാങ്ങലും ഒക്കെ തകൃതി ആയി നടക്കുന്നു .ഞാൻ വെറുതെ ആ xray യിലേക്ക് സൂക്ഷിച്ചു നോക്കി . അതു ഒരു തലയോട്ടിയുടെ അസ്ഥികൂടം പോലെ എന്നെ തുറിച്ചുനോക്കി .വേഗം തന്നെ ഞാൻ നോട്ടം മാറ്റി .

assistant ഒരു ട്രേയും ആയി എത്തി .forceps , scissors അങ്ങനെ പല ഉപകരണങ്ങളും ആ ട്രേയിൽ ഉണ്ട് . അതൊക്കെ കണ്ടപ്പോൾ ചുറ്റികയും കൊടിലും ഒക്കെ ആയി ആണ് എനിക്ക് തോന്നിയത് എന്ന് മാത്രം. സമയം കളയാതെ സർജനുംഅസിസ്റ്റന്റും പണി തുടങ്ങി .ലോക കാര്യങ്ങൾ പലതും തമ്മിൽ തമ്മിൽ സംസാരിച്ചു  കൊണ്ട് ചുറ്റികയും കൊടിലും screw driver ഉം ഒക്കെ വളരെ ലാഘവത്തോടെ മാറി മാറി പ്രയോഗിക്കാൻ തുടങ്ങി .

ദൈവമേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് ഞാനും . പേടിയും വേദനയും അറിയാതിരിക്കാൻ അവരുടെ സംഭാഷണം ശ്രദ്ധിക്കാം എന്ന് അങ്ങ് തീരുമാനിച്ചു . തുടക്കം തന്നെ ജോലിത്തിരക്കിനെ പറ്റിയുള്ള പരാതികൾ . അപ്പോഴേക്കും മറ്റാരോ എത്തി ഈ കൊടിൽ പ്രയോഗം കഴിഞ്ഞാൽ അടുത്ത റൂമിലെ രോഗി ഇതിനായി കാത്തിരിക്കുന്നു എന്ന് അറിയിച്ചു .ശരി എന്നറിയിച്ചതിനുശേഷം അടുത്ത വിഷയത്തിലേക്കു അവർകടന്നു . ഇത്തവണ വിഷയം first lady യെപ്പറ്റിയും spelling bee യെപ്പറ്റിയും .
ഇതിനിടയിൽ അവരുടെ കൊടിൽ പ്രയോഗം ഏതാണ്ടൊക്കെ തീർന്നതുപോലെ . അവരുടെ സംഭാഷണം തീർന്നിരുന്നില്ല . പെട്ടെന്ന് സംഭാഷണം ലോകകാര്യങ്ങളിലേക്കു തിരിഞ്ഞു ഇന്ത്യയിലെത്തി .ഇന്ത്യൻ ജനാധ്യപത്യത്തിലേക്കും പിന്നെ ഫാദർ സ്റ്റാൻസ്വാമിയിലേക്കും .
ഇന്ത്യ ,ജനാധിപത്യം എന്നൊക്കെ വെറുതെ വീമ്പിളക്കുന്നതെ ഉള്ളൂ അല്ലെ ? ഭരണകൂടത്തിനെതിരെ ചെറുവിരൽ ഉയർത്തിയാൽ, രോഗിയായ വയോവൃദ്ധനെ പ്പോലും  വെറുതെ വിടാത്ത നീതിന്യായ വ്യവസ്ഥ. എന്തെ ആരും ഇപ്പോഴുള്ള വാർത്താ പ്രാധാന്യം ഒന്നും ആ മനുഷ്യൻ ജീവിച്ചിരുന്നപ്പോൾ നൽകിയില്ല ? സഭയും സംഘടനകളും , മനുഷ്യാവകാശ പ്രവർത്തകരും ഒന്നും .എന്ത് പറയാനാ . എല്ലായിടത്തും ഇങ്ങനെ ഒക്കെ തന്നെ . മരണശേഷം മഹത്വങ്ങൾ വാഴ്ത്തിപ്പാടും , കുറ്റാരോപിതരിലേക്കു വിരലുകൾ ചൂണ്ടും . മനുഷ്യത്വരഹിതമായ കാടത്തത്തെ അപലപിക്കുന്നു എന്ന നാടകങ്ങൾ അരങ്ങേറും .

അല്ല ഇതൊക്കെ എന്നോടാണോ പറയുന്നത് എന്ന അർത്ഥത്തിൽ ഞാൻ അവരെ നോക്കി . ഇനി എന്നോടാണെങ്കിലും ഒരു മറുപടി അവർ, മിണ്ടാൻ വയ്യാതെ വായും തുറന്നിരിക്കുന്ന എന്നിൽനിന്നും പ്രതീക്ഷിക്കില്ലല്ലോ എന്നോർത്തപ്പോൾ എനിക്കാശ്വാസം .
ഒരു മറുപടി അവർ എന്നിൽനിന്നും പ്രതീക്ഷിക്കുന്നില്ല എങ്കിലും , മനസിൽ എവിടെയോ ഒരുനീറ്റൽ .
ലോകത്തിലെ ഏറ്റവും വലിയ ജനാധ്യപത്യ രാജ്യമാണ് ഇന്ത്യ  എന്ന് പണ്ട് സ്കൂളിൽ കാണാതെ പഠിച്ചത് ഒക്കെ ഓർത്തു .ഇന്ത്യൻ നീതിന്യായ വ്യവസ്ഥയും ജനാധ്യപത്യ സംവിധാനങ്ങളും എങ്ങനെ മറ്റു രാജ്യങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്നു എന്ന് മനസിരുത്തി പഠിച്ച കാലഘട്ടം .
സഹജീവികൾക്ക് വേണ്ടി ശബ്ദമുയർത്തിയതിനു , മനുഷ്യത്വപരമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ട ദൈവദാസൻ . parkinson രോഗത്തിന്റെ പിടിയിലമർന്നു , വിറയൽ മൂലം സാധാരണ മനുഷ്യരെപ്പോലെ ഒരു ഗ്ലാസ് കയ്യിൽ പിടിച്ചു വെള്ളം കുടിക്കാൻ പോലും ആകാതെ ,അതിനുള്ള ഒരു sipper നു വേണ്ടി നീതിന്യായവ്യവസ്ഥക്കു മുൻപിൽ കൈ നീട്ടിയവൻ . കോവിഡ് എന്ന കുഞ്ഞൻ ഭീകരൻ ആശ്ലേഷിച്ചു ദൈവത്തിന്റെ അടുക്കലേക്കു കൂട്ടിപ്പോയവൻ . "പച്ചമരത്തോടു ഇതാണ് അവർ ചെയ്യുന്നതെങ്കിൽ , ഉണക്കമരത്തോടു അവർ എന്തുതന്നെ ചെയ്യുകയില്ല " തന്നെ ഓർത്തു വിലപിച്ച സ്ത്രീജനങ്ങളോട് യേശു പറഞ്ഞ വാക്കുകൾ .

എല്ലാവർക്കും ഫാദർ സ്റ്റാൻസ്വാമി ആകാൻ പറ്റില്ല . എന്നിരുന്നാലും .... ഇതെഴുതുന്ന ഞാനും എന്റെ ചെറിയ comfort സോണിലേക്ക് , സുരക്ഷിതം എന്ന ധാരണയിൽ ഞാൻ കെട്ടിപ്പൊക്കിയ  മിഥ്യാലോകത്തേക്കു ഉൾവലിയും . പ്രതികരണശേഷി നഷ്ടപ്പെടുന്നവരുടെ , പ്രതീകം പോലെ .......


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക