Image

സ്റ്റാൻ സ്വാമി എന്ന വിമോചകൻ (ജോബി ബേബി, കുവൈറ്റ്)

Published on 08 July, 2021
സ്റ്റാൻ സ്വാമി എന്ന വിമോചകൻ (ജോബി ബേബി, കുവൈറ്റ്)
“മരണത്തോടെ സ്വേച്ഛാധിപതിയുടെ വാഴ്ച അവസാനിക്കുന്നു, രക്തസാക്ഷിയുടെ വാഴ്ച മരണത്തോടെ ആരംഭം കുറിക്കുന്നു”-സോറൻ കീർക്കെഗാഡ്.

“എട്ട് മാസം മുമ്പ് എനിക്ക് സ്വന്തമായി തിന്നാമായിരുന്നു.കുറച്ചൊക്കെ എഴുതാനും നടക്കാനും സ്വയം കുളിക്കാനും കഴിഞ്ഞിരുന്നു. എന്നാൽ,ഈ ശേഷിയൊക്കെ ഒന്നിനു പിറകെ ഒന്നായി മാഞ്ഞുപോകുന്നു. ജയിൽവാസം എഴുത്തും നടത്താവുമൊക്കെ അവസാനിപ്പിച്ചു. ഇപ്പോൾ ആരെങ്കിലും വാരിത്തന്നിട്ടു വേണം തിന്നാൻ. എന്റെ നില അറു വഷളാണെന്ന കാര്യം പരിഗണിക്കണം. ഇക്കണക്കിന് പോയാൽ ഞാൻ വൈകാതെ മരിക്കും. ജാമ്യം നൽകുന്നില്ലെങ്കിൽ ഇനിയും എന്നെ ആശുപത്രിയിലേക്ക് കെട്ടിയെടുക്കേണ്ട. ജയിലിൽ കിടന്ന് മരിച്ചോളാം”-കേൾവി ഏതാണ്ട് പൂർണ്ണമായി നഷ്ടപ്പെട്ട്, കാഴ്ച മങ്ങി, പാർക്കിൻസൺസ് ബാധിച്ചു ഇരുകൈയും വിറയാർന്നു, പലവെട്ടം ജയിലിൽ കുഴഞ്ഞു വീണ എൺപത്തിനാലുകാരനായ ഒരു വയോവൃദ്ധൻ ജനാധിപത്യ രാഷ്ട്രത്തിലെ നീതിപീഠത്തിനുമുൻപിൽ കെഞ്ചിനോക്കി.

ഈശോ സഭയിലെ വന്ദ്യവയോധികനായ ആ പുരോഹിതന് ഒരപേക്ഷയെ ഉണ്ടായിരുന്നുള്ളൂ, മരണമെത്തുന്ന നേരത്തു ഇത്രടം സേവിച്ച സ്വന്തക്കാരുടെ അരികിൽ ഇത്തിരിനേരം ഇരിക്കാൻ ഒരു ഇടക്കാല ജാമ്യം. എന്നാൽ നീതിപീഠം കണ്ണുതുറക്കാൻ പിന്നേയും സമയം നീണ്ടു-ഒന്നര മാസം. ഒടുവിൽ തിങ്കളാഴ്ച ഉച്ചക്ക് 2.30ന് ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കും മുൻപേ മുംബൈ ഹോളി ഫാമിലി ആശുപത്രിയിൽ ഫാ.സ്റ്റാൻ സ്വാമി മരിച്ചു. നീതിവാതിലുകൾ മുട്ടിതളർന്ന് ഒടുവിൽ ആ വയോധികൻ മരണത്തിന്റെ തണുപ്പിലലിഞ്ഞു.

ജസ്യൂട്ട് സഭയിലെ പുരോഹിതനായിരുന്ന ഫാ.സ്റ്റാൻ സ്വാമിയുടെ പ്രവർത്തനം മുഴുവനും കിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസികൾക്കിടയിലായിരുന്നു. തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ ജനിച്ച സ്റ്റാനിസ്ലസ് ലൂർദ്സാമിയാണ് സ്റ്റാൻ സ്വാമി എന്ന പേരിൽ പിന്നീട് അറിയപ്പെട്ടത്. മതപഠനത്തോടൊപ്പം മനില സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടി. ബ്രസൽസിൽ തുടർ പഠനത്തിന് ശേഷം ജസ്യൂട്ട് സഭയുടെ കീഴിൽ ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി. 1986ൽ അവിടെ നിന്ന് ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്നതിനായി എത്തി. ആദിവാസി ദലിത് പ്രശ്നങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ഇതിനിടെയാണ് കള്ളക്കേസിൽ യു.പി.എ ചുമത്തി അറസ്റ്റ് ചെയ്യുന്നത്.

മഹാരാഷ്ട്രയിലെ പൂനെക്കടുത്ത് ഭീമ-കോറേഗാവ് ഗ്രാമത്തിൽ 2018ജനുവരി ഒന്നിന് കോറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാർഷികം ആചരിക്കാൻ ദലിത് സംഘടനകൾ വലിയ സമ്മേളനം സംഘടിപ്പിച്ചിരുന്നു.ഈ സമ്മേളനത്തിനെതിരെ സവർണ്ണജാതി വിഭാഗങ്ങൾ ആക്രമണം അഴിച്ചു വിടുകയും സംഘർഷം രൂപപ്പെടുകയും ചെയ്യ്തു.ഇതാണ് ഭീമ-കോറേഗാവ് കേസിന്റെ ആധാരം.ദലിത് സമ്മേളനത്തിന് നേരെ സവർണ്ണർ ആക്രമണം നടത്തുകയായിരുന്നെങ്കിലും അവരാരും കേസിൽ പ്രതിചേർക്കപ്പെട്ടില്ല.നഗരനക്സലുകൾ എന്നാരോപിച്ചായിരുന്നു അറസ്റ്റ്.കാൻസർ,പാർക്കിൻസൺസ് രോഗങ്ങൾ അലട്ടവേ ആയിരുന്നു അറസ്റ്റും ജയിൽ വാസവും.ഒരു പക്ഷേ യു.പി.എ ചുമത്തപ്പെട്ട് ജയിലിൽ കിടന്നിട്ടുള്ള ഏറ്റവും പ്രായം കൂടിയ ആളാകും സ്വാമി.

ജാർഖണ്ഡിലെ ആദിവാസിതടവുകാരുടെ ക്രമാധീതമായ വർധന കണ്ടാണ് സ്വാമി വിഷയം സംബന്ധിച്ച വിശദപoനത്തിനു ഇറങ്ങുന്നത്.നക്സലുകൾ എന്ന് മുദ്രകുത്തി അധികൃതർ ജയിലിലടച്ച ഓരോ ആദിവാസിയുടെയും ജീവിതം അദ്ദേഹം അടുത്തറിഞ്ഞു.97ശതമാനവും വ്യാജ കേസുകളാണെന്നും ആദിവാസികളുടെ ഭൂമിയും വിഭവങ്ങളും കവരാൻ കരുതിക്കൂട്ടി കെട്ടിച്ചമച്ച കേസുകളാണെന്നും സ്വാമി സമർഥിച്ചു.കുറ്റം ആരോപിച്ചു ജയിലിൽ കഴിയുന്ന 96ശതമാനം ആദിവാസികൾക്കും മാസവരുമാനം 5000രൂപയിൽ താഴെയുള്ളവരാണെന്ന് സ്വാമി കണ്ടെത്തി.നക്സലൈറ്റ് മുദ്രകുത്തി ജയിലിൽ അടച്ചിരിക്കുന്നവരിൽ മൂന്നിലൊന്നും ആദിവാസികളാണെന്നും ജയിലിലെ ആദിവാസികളുടെ ശതമാനം അവരുടെ ജനസംഖ്യയേക്കാൾ വളരെ കൂടുതലാണെന്നും കണക്കുകൾ വെച്ചു സ്വാമി ലോകത്തിന് കാട്ടിക്കൊടുത്തു.ഇതൊക്കെ ഭരണകൂടത്തിന്റെ കണ്ണിലെ കരടാക്കി ആ വയോധികനെ മാറ്റി.

ജയിലിൽ അടക്കപ്പെട്ടിട്ടും അദ്ദേഹത്തിന്റെ ആവേശത്തിനും വീര്യത്തിനും തരിമ്പു കുറവുണ്ടായിരുന്നില്ല.സഹതടവുകാർക്കും സുഹൃത്തുക്കൾക്കുമെല്ലാം ശുഭ സന്ദേശങ്ങൾ നൽകി,പ്രചോദനം പകർന്നു.ജയിലിനുള്ളിലും പക്ഷികൾ പാടിക്കൊണ്ടിരിക്കുമെന്ന് മറ്റുള്ളവരെ ആശ്വസിപ്പിച്ചു.ഇതെല്ലാം അദ്ദേഹത്തെ ഇല്ലാതാക്കാൻ ആഗ്രഹിച്ചവർക്ക് ആലോചിക്കാവുന്നതിലും അപ്പുറമായിരുന്നു.ഇനിയും അനീതിക്കെതിരെ ശബ്ദിക്കാൻ നാവുകളുയരാതിരിക്കാൻ സ്റ്റാൻ സ്വാമിയെയും ഒപ്പം അറസ്റ്റിലായവരെയും കടുത്ത പകയോടെ കൈകാര്യം ചെയ്യ്തു.സ്റ്റാൻ സ്വാമിക്ക് പലതരം രോഗങ്ങൾ ഉണ്ടായിരുന്നു.പക്ഷേ,അസുഖങ്ങളല്ല,മരണത്തിലേക്ക് നയിച്ചത് ഭരണകൂടത്തിന്റെ ധാർഷ്ട്യം അതൊന്നുമാത്രമാണ്.

ജയിലിലിട്ടാൽ സ്റ്റാൻ സ്വാമി ഇല്ലാതാകും എന്ന് കരുതിയവരോട് പറയട്ടെ,നിങ്ങൾക്ക് തെറ്റിപ്പോയിരിക്കുന്നു.മനുഷ്യാ വകാശങ്ങൾക്ക്,ചൂഷങ്ങൾക്കുമെതിരായ ആദിവാസികളുടെയും മറ്റ് പാർശ്വവത്കൃതരുടെയും ചെറുത്തുനില്പിനു വേണ്ടി നിലകൊള്ളുന്ന രാജ്യത്തെ ഓരോ മനുഷ്യരെയും ജീവിതം കൊണ്ടും രക്തസാക്ഷിത്വം കൊണ്ടും പ്രചോദിപ്പിക്കുകയാണദ്ദേഹം.പ്രിയപ്പെട്ട ഫാദർ,ഈ ഭൂമിയിൽ തീർത്ഥാടനത്തിന് വന്ന് മടങ്ങുന്ന അങ്ങേക്ക് വിട,നിസ്സംശയം പറയാം,നീതിക്കും സമാധാനത്തിനും വേണ്ടി പോരാടിയ,ജീവിതത്തിന്റെ അവസാന ദശവരെ സഹോദരങ്ങൾക്ക് വേണ്ടി സമർപ്പിച്ച അങ്ങരു രക്തസാക്ഷിയാണ്.താങ്കളുടെ പോരാട്ടവും മരണവും പാഴായിപ്പോവുകയില്ല.ഇനിയുമുയിർകൊള്ളും ഒരു പാട് സ്റ്റാൻമാർ,താങ്കൾക്ക് മരണമില്ല.

“ജയിൽ;എല്ലാം സമപ്പെടുത്തിന്ന ഇടം”
(കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ സ്റ്റാൻ സ്വാമി എഴുതിയത്)
(വിവർത്തനം:സവാദ് റഹ്മാൻ )

പേടിപ്പെടുത്തുന്ന ജയിൽവളപ്പ് കടന്നാൽ
കൈയിലുള്ളതെല്ലാം കൈമാറേണ്ടിവരും
‘നീ’ആദ്യം വരും
‘ഞാൻ’പിന്നാലെ
‘നമ്മൾ’ഏവരുടെയും ജീവവായു
ഒന്നും എന്റേതല്ല
ഒന്നും നിന്റേതല്ല
എല്ലാമെല്ലാം നമ്മുടേത്

കഞ്ഞിപ്പാത്രത്തിലെ അവസാനത്തെ
വറ്റുപോലും കളയില്ല
ആകാശത്തിലെ പറവകളുടെ അന്നമാണത്
പറന്നെത്തി,അതുസ്വീകരിച്ചു സന്തുഷ്ട
രായവർ പറന്ന് പോകുന്നു.

സങ്കടം തോന്നി,ഒരുപാടൊരുപാട് ചെറു
മുഖങ്ങളെ കണ്ടപ്പോൾ
ചോദിച്ചു നോക്കി’എന്താണിവിടെ?’
അവർ പറഞ്ഞു,തരിമ്പ് നാട്യങ്ങളില്ലാതെ

ഓരോരുത്തരിൽനിന്നും ആവുന്നത് പോലെ
ഓരോരുത്തർക്കും ആവശ്യം പോലെ
അതിനെയല്ലേ സോഷ്യലിസമെന്ന് പറയാറ്
നോക്കണേ,ഈ സാമാന്യത നിർബന്ധ
ങ്ങൾകൊണ്ട് പരുവപ്പെടുത്തിയതാണ്
എല്ലാ മനുഷ്യരും ഇത് സ്വതന്ത്രമായി
നെഞ്ചേറ്റും കാലത്ത്
എല്ലാവരും മണ്ണിന്റെ മക്കളായി മാറും.


(കുവൈറ്റിൽ നഴ്സായി ജോലി നോക്കുന്നു ലേഖകൻ ). 
സ്റ്റാൻ സ്വാമി എന്ന വിമോചകൻ (ജോബി ബേബി, കുവൈറ്റ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക