Image

ദിലീപ് കുമാറിന് വിട  (മീട്ടു റഹ്മത്ത് കലാം) 

Published on 07 July, 2021
ദിലീപ് കുമാറിന് വിട  (മീട്ടു റഹ്മത്ത് കലാം) 

ഇതിഹാസ നടൻ ദിലീപ് കുമാർ വിടവാങ്ങിയതോടെ, ബോളിവുഡിന്റെ ഒരു യുഗമാണ് അവസാനിക്കുന്നത്.1998 വരെ  അഞ്ച് പതിറ്റാണ്ട് നീണ്ടുനിന്ന അഭിനയസപര്യയിൽ, അറുപത്തിരണ്ട്‍ ചിത്രങ്ങൾ  മാത്രമേ അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുള്ളു. പകർന്നാടിയതത്രയും കാമ്പുള്ള കഥാപാത്രങ്ങളായതുകൊണ്ടുതന്നെ  എല്ലാ  തലമുറയിൽപ്പെട്ട പ്രേക്ഷകമനസ്സുകളിലും മറ്റാർക്കും അവകാശപ്പെടാനില്ലാത്ത സ്ഥാനമാണ് ഈ അതുല്യ പ്രതിഭയ്ക്ക് ഇപ്പോഴുമുള്ളത്.
അനുകരിക്കാൻ പൂർവ്വമാതൃകകളില്ലാത്ത കാലഘട്ടത്തിൽ, അഭിനയമെന്ന പേരിൽ മെലോഡ്രാമയുടെ അതിപ്രസരം കുത്തിനിറച്ച നായകന്മാരുടെ ഇടയിൽ സ്വാഭാവികതയുടെ നിറച്ചാർത്ത് നൽകിക്കൊണ്ടാണ്  ദിലീപ് കുമാർ എന്ന യുസുഫ് ഖാൻ സ്വന്തം സിംഹാസനം തീർത്തത്. ബോളിവുഡിലേക്ക്  ഖാന്മാരുടെ ആദ്യ കാൽവയ്പ്പും  അദ്ദേഹത്തിലൂടെ ആയിരുന്നു.
അമിതാഭ് ബച്ചൻ അടക്കം അദ്ദേഹത്തിന്റെ പിന്മുറക്കാർ എല്ലാം, അഭിനയത്തിന്റെ ഒരു പാഠശാലയായാണ് ദിലീപ്കുമാറിന്റെ പ്രകടനത്തെ നോക്കിക്കണ്ടിരുന്നതെന്ന് ഏറ്റു പറഞ്ഞിട്ടുണ്ട്. ബച്ചനും ദിലീപ്കുമാറും ചേർന്ന് അനശ്വരമാക്കിയ ' ശക്തി'(1982) എന്ന ചിത്രവും ബോളിവുഡിലെ ഒരു നാഴികക്കല്ലാണ്.
ദിലീപ്കുമാറിന് മുൻപും ശേഷവും എന്ന വിധത്തിൽ  ബോളിവുഡിന്റെ ചരിത്രം എഴുതപ്പെടുമെന്നാണ്, ഗുരുതുല്യനായ അഭിനേതാവിന്റെ വിയോഗമറിഞ്ഞ്  ബച്ചൻ പ്രതികരിച്ചത്.

സ്പോട്ട് ഡബ്ബിങ്ങിൽ നിന്ന് സ്റ്റുഡിയോ ഡബ്ബിങ്ങിലേക്ക് സിനിമ മാറിയപ്പോൾ, അഭിനയത്തിന്റെ മാറ്റ് ഉയർത്തുന്നതിന്  ശബ്ദവിന്യാസത്തിന്റെ സാധ്യതകൾ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയ നടൻ എന്ന നിലയിലും ദിലീപ്കുമാറിന്റെ സംഭാവന ചെറുതല്ല. 
പ്രണയഭാവങ്ങൾ പ്രകടിപ്പിച്ച് ഊർജ്ജസ്വലനായി നടകേണ്ടവനാണ് സിനിമയിലെ നായകൻ എന്ന സങ്കല്പത്തെ തച്ചുടച്ചുകൊണ്ട് വിഷാദം താളം കെട്ടിയ കഥാപാത്രങ്ങൾക്ക് മിഴിവേകി ' ട്രാജഡി കിംഗ്' എന്ന പേരും അദ്ദേഹം നേടിയെടുത്തു. 
കഥാസന്ദർഭവുമായി  ബന്ധമില്ലാത്ത നർമ്മവുമായി പ്രേക്ഷകരെ ചിരിപ്പിക്കാൻ  ' കോമിക് ആക്ടർ' എന്ന നിലയിൽ സജീവമായ സഹനടന്മാരെ ഉൾച്ചേർക്കുന്ന സമ്പ്രദായത്തിനും മാറ്റം കൊണ്ടുവന്നത് ദിലീപ് കുമാറാണ്.അസാമാന്യ ടൈമിംഗോടെ  മുഴുനീള ഹാസ്യം കൈകാര്യം ചെയ്തുകൊണ്ട്, നായകൻ തമാശ പറഞ്ഞാലും പ്രേക്ഷകർ ചിരിക്കുമെന്ന് അദ്ദേഹം തെളിയിച്ചു.' രാം ഔർ ഷാം' എന്ന ചിത്രത്തിലൂടെ  ഇരട്ടകളായ സഹോദരങ്ങളായി ഡബിൾ റോൾ എന്ന ട്രെൻഡിനും തുടക്കം കുറിച്ചു. 

ബോളിവുഡിലെ അക്കാലത്തെ എല്ലാ താരറാണികളുമായും ഒന്നിനൊന്ന് മികച്ച ചിത്രങ്ങൾ ദിലീപ് കുമാറിന്റേതായി പുറത്തുവന്നിട്ടുണ്ട്. നർഗിസും ദിലീപ് കുമാറും രാജ് കപൂറും ചേർന്നുള്ള ത്രികോണ പ്രണയസിനിമകൾ എല്ലാം തന്നെ വൻ വിജയങ്ങളായിരുന്നു.- അന്ദാസ്( 1949), ബാബുൽ (1950),ജോഗൻ (1950).
അദ്ദേഹത്തിന്റേതായി പിറന്ന ക്ലാസിക് ചിത്രങ്ങളിൽ എല്ലാം തന്നെ ഒപ്പത്തിനൊപ്പം പ്രകടനം കാഴ്ചവച്ചത് വൈജയന്തിമാലയാണ്. ഏഴ് പടങ്ങൾ ഒന്നിച്ചഭിനയിച്ച ഈ ഭാഗ്യജോഡികളുടെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം ദേവദാസിലേതാണ്.
നഷ്ടപ്രണയത്തിന്റെ സ്മാരകമായി എക്കാലവും വാഴ്ത്തപ്പെടുന്നതാണ്  സലീമും അനാർക്കലിയുമായി മുഗൾ- ഇ-അസമിൽ  മധുബാലയുമൊത്ത് അദ്ദേഹത്തിന്റെ മത്സരിച്ചുള്ള അഭിനയം.
ട്രാജഡി ക്വീൻ എന്നറിയപ്പെട്ടിരുന്ന മീനാകുമാരിക്കൊപ്പം ട്രാജഡി കിങ്ങായ ദിലീപ് കുമാർ എത്തിയതെല്ലാം തന്നെ ആസാദ് (1955), കോഹിനൂർ(1960) എന്നിങ്ങനെ ലൈറ്റ് -ഹാർട്ടഡ് ചിത്രങ്ങളിൽ ആയിരുന്നു എന്നത് കൗതുകമായി തോന്നാം.
തന്നേക്കാൾ 22 വയസ്സ് പ്രായം കുറവുള്ള സൈറ ബാനുവിനൊപ്പം സ്ക്രീൻ പങ്കിടാൻ തുടക്കത്തിൽ വിസമ്മതിച്ച വ്യക്തിയാണ് ദിലീപ്കുമാർ. എന്നാൽ, ഗോപി(1970), സാഗിന(1974) എന്നീ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിക്കാനുള്ള നിയോഗം, ഇരുവരുടെയും പ്രണയത്തിന് വഴിയൊരുക്കി. വിവാഹശേഷം, ബൈരാഗ്(1976) എന്ന ചിത്രത്തിലും ഇവർ ഒന്നിച്ചഭിനയിച്ചു.

 ഫിലിംഫെയര്‍ അവാര്‍ഡ് ആദ്യമായി നേടിയതും ഏറ്റവും കൂടുതൽ തവണ നേടിയതും അദ്ദേഹമാണ്.

2015 ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. 1994  ല്‍ ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരവും  അദ്ദേഹത്തിന് ലഭിച്ചു. 1997 ൽ പാകിസ്താന്‍ സര്‍ക്കാരും രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ നിഷാൻ-ഇ-ഇമതിയാസ് നൽകി ആദരിച്ചു.

ശരീരം ഒരു നടന്റെ ആയുധമാണെന്ന് മനസ്സിലാക്കിയതാണ്  ദിലീപ് കുമാറിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. സിനിമയിൽ നിന്ന് വിട്ടുനിന്നപ്പോഴും, അപൂർവമായി ഏതാനും താരനിശകളിൽ പ്രത്യക്ഷപ്പെടുമ്പോൾ,പ്രേക്ഷകർ തന്നെ കാണാൻ ആഗ്രഹിക്കുന്ന രൂപസൗകുമാര്യത്തോടെ മാത്രമേ അദ്ദേഹം പങ്കെടുത്തിട്ടുള്ളു. സുന്ദരനായ ദിലീപ്കുമാറിനെയാണ് ആളുകൾ കാണാൻ ആഗ്രഹിക്കുന്നതെന്നും അവരെ നിരാശപ്പെടുത്തരുതെന്നുമുള്ള ശാഠ്യം അദ്ദേഹത്തിനുണ്ടായിരുന്നു. 98 വയസ്സിൽ വിടപറയുമ്പോൾ പോലും പ്രായം ബാധിച്ച ഒരു രൂപം ദിലീപ്കുമാറിന്റെ ആരാധകരുടെ മനസ്സിൽ തെളിയാത്തത് ആ വാശികൊണ്ടാണ്. സുന്ദരനായി ജനമനസ്സുകളിൽ കുടിയേറിയ ദിലീപ്കുമാറിനെക്കുറിച്ചുള്ള  ഓർമ്മകളിലും  എക്കാലവും  സൗന്ദര്യവും പ്രസരിപ്പും ഇതൾവിരിക്കും.

ദിലീപ് കുമാറിന് വിട  (മീട്ടു റഹ്മത്ത് കലാം) 
ദിലീപ് കുമാറിന് വിട  (മീട്ടു റഹ്മത്ത് കലാം) 
ദിലീപ് കുമാറിന് വിട  (മീട്ടു റഹ്മത്ത് കലാം) 
ദിലീപ് കുമാറിന് വിട  (മീട്ടു റഹ്മത്ത് കലാം) 
ദിലീപ് കുമാറിന് വിട  (മീട്ടു റഹ്മത്ത് കലാം) 
ദിലീപ് കുമാറിന് വിട  (മീട്ടു റഹ്മത്ത് കലാം) 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക