Image

ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ യാത്രയ്ക്കു കാലതാമസം വരും

Published on 03 July, 2021
 ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ യാത്രയ്ക്കു കാലതാമസം വരും


ബര്‍ലിന്‍: കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് യൂറോപ്പിലേക്കു വരാമെങ്കിലും ചെറിയ കാലംകൂടി ചില വീസാ കാറ്റഗറിക്കാര്‍ക്കു കാത്തിരിക്കേണ്ടിവരും. വിനോദസഞ്ചാരികള്‍ക്ക് ജര്‍മനിയില്‍ തത്കാലം പ്രവേശനമില്ല. എന്നാല്‍, ജര്‍മനിയില്‍ താമസിക്കുന്ന വിദ്യാര്‍ഥികളെ വരാന്‍ അനുവദിക്കും. അവര്‍ നാട്ടില്‍ പോയാലും ജര്‍മനിയിലേക്ക് മടങ്ങാം. എന്നാല്‍ ഫസ്റ്റ് ടൈം ട്രാവലറായ വിദ്യാര്‍ഥികള്‍ ജൂലൈ 28 വരെ കാത്തിരിക്കേണ്ടിവരും. ജോലി വീസാ ലഭിച്ചവരും ഇതില്‍ ഉള്‍പ്പെടും. ഫാമിലി റീയൂണിയന്‍ വീസക്കാരെയും മുന്‍ഗണനാ വിഭാഗത്തില്‍ പെട്ടവരെയും മാത്രമേ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളൂ.

പ്രോസസിംഗിനായി കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ജര്‍മന്‍ സര്‍ക്കാര്‍ ഒരു വീസ സെക്ഷന്‍ കൂടി തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് എത്രയും വേഗം വീസ പ്രൊസസിംഗ് പൂര്‍ത്തിയാക്കി വരാനാവും. ഇപ്പോള്‍ വീസയ്ക്കായി അപേക്ഷിക്കുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ എടുത്തുകളയുന്‌പോഴേക്കും ലഭിക്കുകയും ചെയ്യും.

ഇന്ത്യയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഒമ്പത് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിന്‍ ഗ്രീന്‍ പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്താന്‍ ധാരണയായി.

ജര്‍മനി, ഓസ്ട്രിയ, എസ്‌തോണിയ, ഗ്രീസ്, ഐസ്ലാന്‍ഡ്, അയര്‍ലന്‍ഡ്, സ്‌ളൊവേനിയ, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീരാജ്യങ്ങളാണ് ആദ്യഘട്ടത്തില്‍ കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയത്. എന്നാല്‍ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ) വാക്‌സിന്റെ പ്രതിരോധ ശേഷി പരീക്ഷിച്ചുവരികയാണ്. ഇതിനായി ഒരു മാസമെങ്കിലും എടുക്കും. അതിനുശേഷമേ ഇഎംഎയുടെ അംഗീകാരം ലഭിക്കൂ.

അസ്ട്രാ സെനക്ക, ഫൈസര്‍ ബയോണ്‍ടെക്, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ നാലു വാക്‌സിനുകളാണ് ഇഎംഎ നിലവില്‍ അംഗീകരിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അഥവാ ഗ്രീന്‍പാസ് ജൂലൈ ഒന്നുമുതല്‍ ഇയുവില്‍ പ്രാബല്യത്തിലാക്കിയിട്ടുണ്ട്.

ഇറ്റലി കോവിഷീല്‍ഡ് അംഗീകരിച്ചിട്ടില്ല. ഇന്ത്യക്കാര്‍ക്ക് യാത്രാവിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജര്‍മനി കോവിഷീല്‍ഡ്, അതായത് അസ്ട്രാസെനെക്ക അംഗീകരിക്കാന്‍ തീരുമാനിച്ചുവെങ്കിലും ഇന്ത്യന്‍ നിര്‍മിത വാക്‌സിന്‍ കോവാക്‌സിന്‍ ഇഎംഎ ഇതുവരെ അംഗീകരിച്ചിട്ടില്ല.

ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക