Image

വെള്ളക്കല്ലറ (കവിത: വേണു നമ്പ്യാർ)

Published on 23 June, 2021
വെള്ളക്കല്ലറ (കവിത: വേണു നമ്പ്യാർ)
1

കണ്ണീരിൽ ഒളിപ്പിക്കാം ദുഃഖത്തെ
കവിതയിൽ  ഒളിപ്പിക്കാം മൗനത്തെ
ചുണ്ടിൽ ഒളിപ്പിക്കാം പുഞ്ചിരി
ഹൃദയത്തിൽ ഒളിപ്പിക്കാം സ്നേഹത്തെ
പ്രണയത്തിൽ ഒളിപ്പിക്കാം പ്രണയത്തെ
ചിതയിൽ ഒളിപ്പിക്കാം കാലത്തെ
മൃത്യവിൽ ഒളിപ്പിക്കാം അമൃതിനെ
നിന്നിൽ ഒളിപ്പിക്കാം ജീവനെ

2

പ്രപഞ്ചത്തിനു അതിരില്ല
ഭൂമിക്ക് അറ്റമില്ല
എനിക്ക് മരണമില്ല
ചെയ്യാത്ത കുറ്റത്തിന്
വിചാരണ കൂടാതെ
ഗർഭപാത്രത്തിൽ  
വധശിക്ഷക്ക് വിധിക്കപ്പെട്ടപ്പോഴും  
ജനനത്തിനു മുന്നേയുള്ള എന്റെ
നിസ്സംഗതയ്ക്ക് അറ്റമില്ല  

3    

നിന്റെ തിരുനാമത്തിലുള്ള
ഒരു നാമമായി
പരാതിപ്പെട്ടും കണ്ണീർ വാർത്തും
പുഴുത്തു ചാകുന്നതിനേക്കാൾ അഭികാമ്യം
ഉദകക്രിയയ്ക്ക്  ഉതകുന്ന ഒരു ശുദ്ധക്രിയയായി
വന്യവും ഭ്രാന്തവുമായ ഊർജ്ജസ്വലതയോടെ
അട്ടഹസിച്ചും കൊണ്ടുള്ള
ഒരു പടിയിറങ്ങലാണ്

4    

അറിയാം അങ്ങാടിവില
അറിയില്ല മൂല്യം
ശവകുടീരം പോലും തിരസ്കരിച്ച ഞാൻ ഇപ്പോൾ  
തുറക്കാത്ത സ്കൂൾ  ലാബിലെ വെറുമൊരു അസ്ഥികൂടം

സ്വപ്നത്തിൽ ഒരു പെൺകുട്ടി    
ലാബിലെ ജനാല തുറക്കുമ്പോൾ
ആകാശത്തിന്റെ കിഴക്കെചെരിവിൽ
ഒരു  വെള്ളക്കല്ലറ
എന്നെയും കാത്ത് .......................
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക