Image

അല്പത്തരങ്ങളുടെ വിളംബരം (ജോസ് കാടാപ്പുറം) 

Published on 20 June, 2021
അല്പത്തരങ്ങളുടെ വിളംബരം (ജോസ് കാടാപ്പുറം) 

പുതിയ ആശയങ്ങൾ  കേരളത്തിൽ നടപ്പാക്കുന്ന കെപിസിസി പ്രസിഡന്റ്  അല്ല താനെന്ന് ഉറപ്പിക്കുന്ന വാക്കുകളാണ്  കെ. സുധാകരന്റെ വാക്കുകളിൽ നിന്ന് വരുന്നത്. പകരം അല്പത്തരങ്ങളുടെ വിളംബരം നടത്തുന്ന  പ്രസിഡന്റ്  ആയി മാറി കഴിഞ്ഞു സുധാകരൻ

പ്രസിഡന്റാകാന്‍ മര്യാദക്കാരെ അന്വേഷിച്ചില്ല. ഇപ്പോഴുള്ളവരില്‍ ഏറ്റവും  കുഴപ്പക്കാരനെയാണ് കണ്ടെത്തിയത്.  സംസാരിച്ചാല്‍ ഗുണ്ടായിസമാണ് പറയുന്നത്. മുഖ്യമന്ത്രിയെ ചവിട്ടിയെന്നാണ് പറയുന്നത്. അത് നേരെ പറയില്ല. ഇപ്പോള്‍ വാര്‍ത്ത എഴുതിയ ലേഖകര്‍ക്കായി കുറ്റം. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബുള്‍പ്പെടെ ഒട്ടേറെ ഉന്നതര്‍ നയിച്ച കോണ്‍ഗ്രസിന്റെ  ഉന്നത  സ്ഥാനത്തേക്ക് ഗുണ്ടകളെയാണ്  നിയോഗിക്കുന്നത്. അനധികൃതമായി കടത്തി കൊണ്ടുപോവുകയായിരുന്ന മണൽലോറി പിടിച്ചതിന് മണൽ മാഫിയയുടെ ആളായി ചെന്ന് സ്റ്റേഷനിലെ എസ് ഐ യോട് തട്ടിക്കയറിയ സുധാകരൻ  എസ്ഐയുടെ തൊപ്പി തെറിപ്പിക്കും എന്നാണ് പറഞ്ഞത് . സിനിമയിലെ സുരേഷ് ഗോപി ആണോ തലയിൽ തൊപ്പി കാണില്ല  എന്നൊക്കെ പറയാൻ? മണൽ മാഫിയക്ക് വേണ്ടി സുധാകരൻ സ്റ്റേഷനിൽ നടത്തിക്കൂട്ടിയത്  വിക്രിയകൾ . ഒപ്പം ഗുണ്ടകളും ഉണ്ടായിരുന്നു . ഇങ്ങനെ നിയമലംഘനം കാണിക്കുന്ന ഒരാളെ ആണോ നിങ്ങൾ കെപിസിസി   പ്രസിഡണ്ട് ആക്കിയത്

ഇങ്ങനെ യാതൊരു ധാർമികതയും ഇല്ലാത്ത പാർട്ടിയാണോ ഇന്ത്യൻ നാഷണൽ കോൺഗ്രസ്? ഇതൊന്നും ചോദിക്കുന്നില്ല. മറിച്ചു   പതിവ് പോലെ ഇടത് പക്ഷത്തെ ഉത്തമന്മാർ ഉപദേശങ്ങളുമായി ഇറങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി ഇങ്ങനെയൊക്കെ പറയാമോ, സുധാകരനെ അവഗണിച്ചാൽ പോരായിരുന്നോ, സുധാകരന് റീച്ച് കൊടുക്കണമായിരുന്നോ, ഇങ്ങനെയൊക്കെ പോകുന്നു ഉപദേശങ്ങൾ.. തൽക്കാലം നിങ്ങളുടെ ഉപദേശം കൈയ്യിൽ വെച്ചാൽ മതി..

പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവ്, മഖ്യമന്ത്രി സംശയലേശമെന്യേ തെളിയിച്ചിട്ടുള്ള കാര്യമാണ് എന്ത് തള്ളണം, എന്ത് കൊള്ളണം, ആർക്കൊക്കെ ഏത് കാര്യത്തിന് എങ്ങനെ എപ്പോൾ മറുപടി കൊടുക്കണം എന്നൊക്കെ. കാച്ചിക്കുറുക്കി, അളന്ന് തൂക്കി, മുഖം നോക്കാതെയുള്ള അദ്ദേഹത്തിന്റെ നിലപാടുകളും പ്രതികരണങ്ങളും ചരിത്രപരമെന്നാണ് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്.. അത് വായാടിത്തരങ്ങളോ പാഴ്വാക്കുകളോ ആയിരുന്നില്ല. തരവഴി പറയുകയും കാണിക്കുകയും ചെയ്ത  പത്രക്കാരനോടും രാഷ്ട്രീയ നേതാവിനോടും ശക്തമായ ഭാഷയിൽ തന്നെ മറുപടി കൊടുത്ത ചരിത്രമാണ് പിണറായി എന്ന രാഷ്ടീയ നേതാവിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.

കെ. സുധാകരൻ മുൻകാലത്ത് പിണറായി എന്ന രാഷ്ടീയ നേതാവിനെ, മുഖ്യമന്ത്രിയെ എത്രയോ തവണ മ്ലേച്ഛമായ ഭാഷയിൽ കടന്നാക്രമിച്ചിട്ടുണ്ട്. അപ്പോഴൊക്കെ മുഖ്യമന്ത്രി തള്ളേണ്ടത് തള്ളുകയും മറുപടി പറയേണ്ടത് എന്ന് ആദ്ദേഹത്തിന് തോന്നിയ വിഷയങ്ങളിൽ കൃത്യമായ മറുപടി കൊടുക്കുകയും ചെയ്തിട്ടുണ്ട്. എസ് എസ് എൽ സി പരീക്ഷ നടത്താൻ സർക്കാർ തീരുമാനം എടുത്തപ്പോൾ പരിഹാസത്തോടെ സുധാകരൻ പറഞ്ഞത് "അയാൾക്ക് വട്ടല്ലേ" എന്നായിരുന്നു.. അതിന് മറുപടി കൊടുക്കാതെ പരീക്ഷ മികച്ച രീതിയിൽ പരീക്ഷ നടത്തിയാണ് മുഖ്യമന്ത്രിയും സർക്കാരും പ്രതികരിച്ചത്. 

എന്നാൽ സുധാകരൻ യാതൊരു പ്രകോപനവും ഇല്ലാതെ മുഖ്യമന്ത്രിയുടെ പിതാവിനെ ജാതി പറഞ്ഞ് ആക്ഷേപിച്ചപ്പൊൾ അദ്ദേഹം കൃത്യമായ മറുപടി കൊടുത്തിരുന്നു.. അങ്ങനെ എത്രയോ വൃത്തികെട്ട ആക്ഷേപങ്ങൾ സുധാകരന്റെ ഭാഗത്ത് നിന്ന് ഉണ്ടായി. എന്നാൽ കെ പി സി സി പ്രസിഡന്റായി ചാർജ്ജ് എടുത്തതിന്റെ പിറ്റേ ദിവസം മുഖ്യമന്ത്രിയെ ഒന്ന് ആക്കിക്കളയാം എന്ന രീതിയിൽ മനോരമക്ക് കരുതിക്കൂട്ടി കൊടുത്ത അഭിമുഖം വളരെ ഗൗരവത്തോടെ കാണേണ്ടതാണ് എന്നതിൽ ഒരു സംശയവുമില്ല. 

സുപ്രധാന പദവിയിലിരുന്നാണ് സുധാകരൻ അമ്പത് വർഷങ്ങൾക്ക് മുമ്പ് കോളേജ് പഠനകാലത്ത് നടന്നു എന്ന് പറയപ്പെടുന്ന ഒരു സംഭവം ഭാവനയുടെ നിറം ചാർത്തി പ്രമുഖ മാധ്യമത്തിലൂടെ അവതരിപ്പിച്ചത്. കേരളത്തിന്റെ മുഖ്യമന്ത്രിയെയാണ്   അസത്യ പ്രചരണത്തിലൂടെ ആക്ഷേപിച്ചത്. ആ പദവിയിലിരുന്ന് വെറും ഒരു കീലേരി അച്ചുവിന്റെ ലെവലിലേക്ക് തരം താഴാൻ പാടില്ലായിരുന്നു. പാർട്ടി അണികളെ പിണറായി എന്ന നേതാവിനെതിരേ പോരാട്ടം നടത്താൻ ഉത്തേജിപ്പിക്കാൻ ചെയ്ത കുരുട്ട് ബുദ്ധി ആയിരുന്നിരിക്കാം  മനസിൽ. 

എന്നാൽ സുധാകരൻ തൊടുത്ത അമ്പ് ലക്ഷ്യം തെറ്റി സ്വന്തം കുണ്ടിക്ക് കൊള്ളുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. അഭിമുഖവും വാർത്താ സമ്മേളനവും നടത്തി വെട്ടിലായിരിക്കുകയാണ്  സുധാകരൻ. പെരും നുണകളും വസ്തുതാ  വിരുദ്ധമായ കാര്യങ്ങളും പ്രചരിപ്പിക്കുന്നതിനൊപ്പം കോൺഗ്രസ് നടത്തിയ കൊലപാതകങ്ങളുടെ ചുരുൾ അഴിക്കുന്ന പരാമർശങ്ങൾ കൂടി സുധാകരൻ നടത്തി. പാർട്ടിയിൽ പോലും, എന്തിന് സ്വന്തം തട്ടകമായ കണ്ണൂരിൽ പോലും അനഭിമതനായ സുധാകരൻ തൊടുത്തു വിടുന്ന കുതന്ത്രങ്ങൾ പൊളിച്ചടുക്കേണ്ടത് കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയ നിലപാട് തന്നെയാണ്.. മ്ലേച്ഛവും പരിഹാസ്യവുമായ രാഷ്ട്രീയ ശൈലി ഉപേക്ഷിച്ച് മാന്യവും ജനാധിപത്യപരവുമായ രാഷ്ട്രീയ പ്രവർത്തനത്തിന് തയ്യാറാകാനാണ് സുധാകരനും കോൺഗ്രസും ശ്രമിക്കേണ്ടത്

ഇതിനടയിൽ കെ സുധാകരനെതിരെ   കെ നാണുവിന്റെ ഭാര്യ രംഗത്ത്. കെ സുധാകരന്റേത് കുറ്റസമ്മതമാണെന്ന് സേവറി ഹോട്ടലില്‍  കൊലചെയ്യപ്പെട്ട നാണുവിന്റെ ഭാര്യ ഭാര്‍ഗവി മാധ്യമങ്ങളോട് പറഞ്ഞു.

നാണുവിന്റെ കൊലപാതകം  കരുതിക്കൂട്ടി നടപ്പാക്കിയതാണ്. കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും  സുധാകരന് ഒഴിഞ്ഞുമാറാനാകില്ലെന്നും അവര്‍ പറഞ്ഞു.

നാണുവിന്റെ കൊലപാതകം കോണ്‍ഗ്രസുകാര്‍ക്ക് പറ്റിയ കൈപ്പിഴയാണെന്ന് സുധാകരന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ്  ഭാര്യ ഭാര്‍ഗവി രംഗത്തെത്തിയത്. നാണുവിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കെ സുധാകരനെതിരെ കേസെടുക്കണമെന്നും ഭാര്‍ഗവി ആവശ്യപ്പെട്ടു. നാൽപ്പാടി വാസു, നാണു കൊലപാതകങ്ങളിലെ പങ്ക്‌ തുറന്നു പറഞ്ഞ കെ സുധാകരനെ പ്രതിയാക്കി കേസിൽ തുടരന്വേഷണം വേണമെന്ന്‌ നാട്ടുകാർ . നാൽപ്പാടി വാസുവിനെ വെടിവച്ചും സേവറി ഹോട്ടലിൽ ഭക്ഷണം വിളമ്പുകയായിരുന്ന നാണുവിനെ ബോംബെറിഞ്ഞും കൊന്നത്‌ കോൺഗ്രസാണെന്നാണ്‌ കെ സുധകരൻ ശനിയാഴ്‌ച എറണാകുളത്ത്‌ പറഞ്ഞത്‌. നാൽപ്പാടി വാസു ആക്രമിക്കാൻ വന്നപ്പോൾ ഗൺമാൻ വെടിവച്ചു എന്നായിരുന്നു സുധാകരൻ ഇതുവരെ പറഞ്ഞിരുന്നത്‌. എന്നാൽ, വാസു ആക്രമിച്ചില്ലെന്നും  ദൂരെ മാറിനിൽക്കുകയായിരുന്നെന്നും ശനിയാഴ്‌ച സമ്മതിച്ചു. പണ്ട് മണി ആശാനേ അനാവശ്യമായി പ്രസംഗത്തിന്റെ പേരിൽ പിടിച്ചു ജയിലിൽ  ഇടാൻ ഗൂഢ തന്ത്രം മെനഞ്ഞ ഉമ്മൻ ചാണ്ടിയും പി ടി തോമസും സുധാകരനെതിരെ പട നയിക്കുമോ കണ്ടറിയാം ....-അങ്ങനെ എങ്കിൽ സുധാകരന്റെ ഭാവി കട്ട  പുക

സുധാകരൻ  പിണറായിയെ ചവിട്ടി പോലും . അന്ന് അവിടുത്തെ കെഎസ്‌യു നേതാവായിരുന്ന മമ്പുറം ദിവാകരൻ പറയുന്നു അങ്ങനെ ഒരു സംഭവം താൻ അറിഞ്ഞിട്ടില്ല എന്ന്. മാത്രവുമല്ല ചെയർമാൻ തെരഞ്ഞെടുപ്പിൽ കെ എസ് എഫ് സ്ഥാനാർത്ഥി (എസ്എഫ്ഐ ) എകെ ബാലനാണ് ജയിച്ചത് . രണ്ടാം സ്ഥാനം കെഎസ് യു വിന്റെ മമ്പുറം ദിവാകരൻ, എൻഎസ്ഒ യുടെ കെ സുധാകരൻ മൂന്നാം സ്ഥാനത്തും. മമ്പുറം ദിവാകരൻ 2016 ലെ തെരഞ്ഞെടുപ്പിൽ പിണറായിക്കെതിരെ ധർമ്മടത്ത് മത്സരിച്ച യുഡിഎഫിന്റെ കോൺഗ്രസ് സ്ഥാനാർത്ഥി ആണ്. ഇത്തവണ അദ്ദേഹം മത്സരിച്ചില്ല . 

സുധാകരനോട് പിണറായിക്കെതിരേ മത്സരിക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടു . എനിക്ക് പറ്റില്ല അതിനെക്കുറിച്ച് ഒരുക്കങ്ങൾ വേണ്ടിയിരുന്നു എന്നാണ് പറഞ്ഞത് . മൂപ്പർക്ക് കളരി പഠിക്കാൻ പോകണമായിരിക്കും. കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവും ഡിസിസി പ്രസിഡണ്ടും ആയിരുന്ന പി. രാമകൃഷ്ണൻ പറഞ്ഞത് ഗുണ്ടകൾ ഇല്ലാതെ വീടിനു പുറത്തിറങ്ങാൻ സുധാകരന് പേടിയാണ് ,10 ,20 ഗുണ്ടകൾ കൂടെ ഇല്ലെങ്കിൽ സുധാകരന് പ്രസംഗിക്കാൻ പേടിയാണ് എന്നാണ്. കണ്ണൂർ ഡിസിസി സെക്രട്ടറി വട്ടിപ്പുറം പ്രദീപ് പറഞ്ഞത് സുധാകരൻ ബിജെപിയിൽനിന്ന് അഞ്ചുകോടി രൂപയും രാജ്യസഭാ സീറ്റും ആവശ്യപ്പെട്ടുവെന്നാണ് . അത് കിട്ടാഞ്ഞത് കൊണ്ടായിരിക്കാം പോകാതിരുന്നത്. 

ഇതൊക്കെ കണ്ണൂർ ഡിസിസി പ്രസിഡൻറും സെക്രട്ടറിയും ഒക്കെ പറഞ്ഞ കാര്യങ്ങളാണ്. സുധാകരൻ ഡിസിസി ഓഫീസിന് വേണ്ടി പണം പിരിച്ചു അത് മുക്കി എന്ന് പറയുന്നത് ഉന്നത കോൺഗ്രസ് നേതാക്കൾ തന്നെയാണ്. അല്ലാതെ സിപിഎംകാർ ഒന്നുമല്ല. കോൺഗ്രസിൻറെ കണ്ണൂർ മണ്ഡലം പ്രസിഡണ്ടും സുധാകരന്റെ ഡ്രൈവറും ആയിരുന്ന പ്രശാന്ത് ബാബു ഇപ്പോൾ പറയുന്നത് സുധാകരൻ പറഞ്ഞിട്ടാണ് തന്നെപ്പോലുള്ളവർ കുറ്റവാളികളായത് എന്നാണ്. പലരും സുധാകരന്റെ വാക്കുകൾ കേട്ട് ബലിയാട് ആവുകയായിരുന്നു എന്നാണ് പ്രശാന്ത് ബാബു പറയുന്നത്. സുധാകരൻ ഏതു അക്രമവും നടത്തുമ്പോൾ ചെന്നൈയിലേക്കോ ബോംബെയിലേക്കോ വണ്ടി കയറും .ഇ പി ജയരാജനെ കൊല്ലാൻ ആളെ അയക്കുന്നത് താൻ കണ്ടത് ആണെന്നാണ്  പ്രശാന്ത് ബാബു പറയുന്നത് . ഏതായാലും അന്നത്തെ അക്രമങ്ങൾക്ക് എല്ലാം കൂടെ നിന്ന പ്രശാന്ത്ബാബു തന്നെ സത്യാവസ്ഥ  വെളിപ്പെടുത്തുമ്പോൾ ഇതുപോലുള്ള ഒരാളെ  തന്നെയാണല്ലോ മഹത്തായ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സംസ്ഥാന പ്രസിഡൻറ് ആക്കി വെച്ചിരിക്കുന്നത് എന്ന് നല്ലവരായ കോൺഗ്രസുകാർക്ക് തോന്നിയേക്കാം . ഇതിനേക്കാൾ വലിയ എന്ത് ദുരന്തമാണ് ഇനി   വരാനുള്ളത് എന്ന് കോൺഗ്രസുകാർ ആലോചിക്കണം

കോൺഗ്രസ് രാജ്യത്ത് ഇന്ന് പതനത്തിന്റെ പാതാളത്തിലാണ്. അതിനു കാരണം ഏതെങ്കിലുമൊരു നേതാവിന്റെ കുറവല്ല. മുഖ്യപ്രശ്നം നയങ്ങളുടേതാണ്. ഹിന്ദു വർഗീയതയിൽ അടിയുറച്ച് രാജ്യം ഭരിക്കുന്ന ബിജെപിക്കെതിരെ പോരാടാൻ കരുത്തില്ലാത്ത പാർടിയായി കോൺഗ്രസ് മാറിയത് ഈ നയവൈകല്യങ്ങൾ മൂലമാണ്. ഉത്തരവാദിത്ത ബോധം ഇല്ലാത്ത നേതാക്കളും അടിമുടി ബാധിച്ച വിഭാഗീയതയും ഈ തകർച്ചയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ടെന്നുമാത്രം. ഇന്ന് ബിജെപി പിന്തുടരുന്ന ജനദ്രോഹ സാമ്പത്തിക നയത്തിന്റെ മിക്കതിന്റെയും ഉപജ്ഞാതാക്കൾ കോൺഗ്രസാണ്. അതുകൊണ്ടുതന്നെ ആ നയങ്ങളെ ചെറുക്കാൻ അവർക്കാകുന്നില്ല.

ബിജെപി ഉയർത്തുന്ന വർഗീയ രാഷ്ട്രീയത്തിനെതിരെ നേർക്കുനേർ നിന്ന് പോരാടാനും കഴിയുന്നില്ല. മൃദുഹിന്ദുത്വ സമീപനത്തിലൂടെ വിശ്വാസ്യത തകർക്കുന്നു.
മിക്ക നേതാക്കളും ബിജെപിയിലേക്ക് ചാടാൻ കാലുയർത്തി നിൽക്കുന്നു. ഇന്നലെയും ഒരു നേതാവ് പാർടി വിട്ടിട്ടുണ്ട്. അതും രാഹുൽ ഗാന്ധിയുടെ ഏറ്റവും അടുപ്പക്കാരിൽ ഒരാളായ ജിതിൻ പ്രസാദ. എന്നാൽ കോൺഗ്രസിലെ ഒരു ചെറുവിഭാഗം ഈ നയവൈകല്യങ്ങൾക്കെതിരെ അവരുടെ നേർത്ത ശബ്ദം ഉയർത്തുന്നുണ്ട്. പക്ഷേ കാര്യമായ ചലനമുണ്ടാക്കാൻ അവർക്ക് കഴിയുന്നില്ല.

ചുരുക്കത്തിൽ കോൺഗ്രസിലെ ഏറ്റവും പ്രതിലോമപരവും ജീർണിച്ചതുമായ ധാരയുടെ പ്രതിനിധിയാണ് കേരളത്തിൽ ആ പാർടിയുടെ നേതൃചുമതല ഏറ്റിരിക്കുന്നത്. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട ദയനീയ പതനം ഒരു ദിവസം പെട്ടെന്നുണ്ടായതല്ല. അതുകൊണ്ടുതന്നെ ഒരു നേതാവിനെക്കൊണ്ട് മാറ്റാൻ കഴിയുന്നതുമല്ല. നയങ്ങളിലെ അടിമുടിയുള്ള മാറ്റവും കൂട്ടായ നേതൃത്വവും മാത്രമേ ആ പാർടിയെ രക്ഷിക്കൂ. ഇല്ലെങ്കിൽ കേരളത്തിലെ കോൺഗ്രസിന്റെ അന്ത്യത്തിന് കാർമികനാകാനാകും പുതിയ പ്രസിഡന്റിന്റെ വിധി. ഏതായാലും ഗ്രൂപ്പിതരമായി എല്ലാ നേതാക്കളെയും വെറുപ്പിച്ചുള്ള സുധാകരന്റെ വരവ് ആ പാർടിക്കോ കേരളത്തിനോ ഒരു ഗുണവും ചെയ്യില്ലെന്ന് ഉറപ്പ്. ഏതായാലും ഒരുമാതിരിപ്പെട്ട കോൺഗ്രസ്സുകാരൊന്നും സുധാകരനെ ന്യായീകരിച്ചു വന്നില്ല എന്നത് ശ്രദ്ധേയമാണ്  ഒന്നുണ്ട്.   ചിലപ്പോൾ ബിജെപി കോൺഗ്രസ് പരസ്പര സഹായ പദ്ധതി കൂടുതൽ മെച്ചപ്പെടാൻ ഉപകരിക്കുമെന്നല്ലാതെ മറ്റെന്തെങ്കിലും പ്രയോജനം കോൺഗ്രസിന് സുധാകരനിൽ നിന്നും  ആരും പ്രതിക്ഷിക്കുന്നില്ല  !!

ഹനുമാൻ സേന (തീവ്ര വർഗീയ സന്ഘടന ) സംസ്ഥാന സമ്മളനം നടത്തിയപ്പോൾ പ്രധിനിധി സമ്മേളനം ഉൽഘാടന  നടത്തിയത്  കെ സുധാകരനാണെന്ന്  സൽസഭാവികളായ കോൺഗ്രെസ്സുകാർ ഓർത്താൽ നല്ലത്.  കെപിസിസി പ്രെസിഡെന്റ് ആകുന്ന ആദ്യത്തെ അർദ്ധ ബിജെപി കാരൻ  മാത്രമല്ല തന്റെ  കോളേജ് കാലത്തു  താനൊരു തല്ലിപ്പൊളി അടിപിടുത്തകാരൻ എന്നുകൂടി പറഞ്ഞു വയ്ക്കുന്ന  നേതാവിന്റെ  ആസുരകാലമാണ് കേരളം നേരിടുന്ന വെല്ലുവിളി !!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക