Image

വാചക "അടി' മത്സരം മുറുകുന്നു; "ഗപ്പ്' ആരെടുക്കും? കേരളം ആകാംക്ഷയില്‍ (ഷോളി കുമ്പിളുവേലി)

Published on 20 June, 2021
വാചക "അടി' മത്സരം മുറുകുന്നു; "ഗപ്പ്' ആരെടുക്കും? കേരളം ആകാംക്ഷയില്‍ (ഷോളി കുമ്പിളുവേലി)
നമ്മുടെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍, പണ്ടേ ഊരിപ്പിടിച്ച കത്തിയുടേയും, വടിവാളിന്റേയും ഇടയിലൂടെ നടന്നു ശീലിച്ചവനാണ്. കൂടാതെ കടത്തനാടന്‍ കളരിയില്‍ പയറ്റിത്തെളിഞ്ഞ "ഫയല്‍മാനു'മാണെന്ന്
നമുക്ക് അറിയാം. ഇതൊക്കെ കൊണ്ടാണ് "ഇരട്ട ചങ്കന്‍' എന്ന പരിവേഷം ആരാധകര്‍ അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തത്.

കടത്തനാട്ടുനിന്നു തന്നെയുള്ള മറ്റൊരു ചേകവനാണ് പുതിയ കെ.പി.സി.സി പ്രസിഡന്റ് ശ്രീ കെ. സുധാകരനും! ആള് പേരിന് കോണ്‍ഗ്രസാണെങ്കിലും, "പല്ലിന് പകരം പല്ല്' എന്ന തത്വശാസ്ത്രത്തോടാണ് കൂടുതല്‍ ആഭിമുഖ്യം. കോണ്‍ഗ്രസുകാരുടെ ഇടയില്‍ "ധീരനും വീരനുമായ ഒതേനനാണ്' അദ്ദേഹം.

ഇരട്ട ചങ്കന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായതു മുതല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ "ഗ്രിപ്പ്' കുറഞ്ഞു തുടങ്ങി. ഇക്കാലയളവില്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ നയിച്ചുകൊണ്ടിരുന്നത്, അഹിംസാ സിദ്ധാന്തവാദികളായ വി.എം. സുധീരന്‍, എം.എം ഹസ്സന്‍, പിന്നെ മുല്ലപ്പള്ളി രാമചന്ദ്രന്‍മാരായിരുന്നു. എല്ലാവരും കടുത്ത ഗാന്ധിയന്മാര്‍...!! ഈ മൂവരുടേയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍വ്വ ശക്തിയും എടുത്ത് "ആഞ്ഞടിച്ചിട്ടും' ഇരട്ട ചങ്കന്‍ കലങ്ങിയതുമില്ല, കുലങ്ങിയതുമില്ല.!! കൂടാതെ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തോറ്റ് തുന്നംപാടുകയും ചെയ്തു.

ഈ "കലി'കാലത്ത്, ഊരിപ്പിടിച്ച പിച്ചാത്തിയുടെ മുന്നില്‍ - പാര്‍ട്ടിയെ നയിക്കാന്‍ ഗാന്ധിസത്തിനു കഴിയില്ലെന്ന തിരിച്ചറിവ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനുണ്ടായത് ഈ അവസരത്തിലാണ്. അതുകൊണ്ട് തത്കാലം ഗാന്ധിയെ "ഭിത്തിയില്‍' തന്നെ വച്ചിട്ട്, ഇരട്ട ചങ്കന്‍ പഠിച്ച അതേ കളരിയില്‍ തന്നെ "അടി-തട' പഠിച്ച സുധാകരനെന്ന "ധാരാസിംഗിനെ' കെ.പി.സി.സി പ്രസിഡന്റായി രംഗത്തിറക്കാന്‍ അല്പം റിസ്ക് എടുത്തിട്ടാണെങ്കിലും ഹൈക്കമാന്‍ഡ് തീരുമാനിച്ചത്.

സുധാകരന്‍ കച്ചമുറുക്കി ഗോദായില്‍ ഇറങ്ങിയപ്പോഴേ നല്ലൊരു പ്രകടനം കാണികള്‍ പ്രതീക്ഷിച്ചു. സത്യം പറഞ്ഞാല്‍ ആ പ്രതീക്ഷ തെറ്റിയില്ല!! ആദ്യ റൗണ്ടില്‍ സുധാകരന്റെ "കാല്‍പ്രയോഗം', ഇരട്ട ചങ്കന്‍ കൈകൊണ്ട് ഒരു പ്രത്യേക രീതിയില്‍ ശബ്ദമുണ്ടാക്കി തടുത്തുവെങ്കിലും, ഒന്നു പതറിയോ എന്നൊരു സംശയം! അതുകൊണ്ടാണ് മക്കളെപ്പറ്റി പറഞ്ഞ് "സെന്റി'യടിക്കാന്‍ ശ്രമിച്ചത്?

ഇരട്ട ചങ്കന്റെ വടിവാള്‍ പ്രയോഗങ്ങളെപ്പറ്റി കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ സുധാകരന്‍ ഉദാഹരണ സഹിതം വിശദീകരിക്കുന്നത് കേട്ടു. അതുപോലെ സുധാകരനെ "കൈകാര്യം' ചെയ്തതിനെപ്പറ്റി മുന്‍ നിയമ മന്ത്രിയും പറയുന്നതു കേട്ടു. ഇതൊക്കെ കാണുമ്പോള്‍ തോന്നുന്നത്, കേരളം ഇന്ന് ഉറ്റുനോക്കുന്നത്, ആരാണ് മികച്ച പൊതു പ്രവര്‍ത്തകന്‍ എന്നല്ല; മറിച്ച് ആരാണ് മികച്ച ഗുസ്തിക്കാരന്‍ എന്നാണ്.

കോവിഡ് നിയന്ത്രണങ്ങള്‍ മൂലം വീടുകളിലിരുന്ന് ബോറടിക്കുന്ന മലയാളികള്‍ക്ക് ഇവരുടെ "ഗുസ്തി' കാണുന്നത് ആനന്ദകരമാണ്.

കൂടാതെ ഓരോരുത്തര്‍ക്കും തങ്ങളുടെ കോളജ് ജീവിതകാലത്തെ "വീര-ശൂര' പരാക്രമങ്ങള്‍ ഓര്‍ത്തെടുക്കാനുമുള്ള അസുലഭ അവസരമാണ് ഇവര്‍ നമുക്ക് സമ്മാനിക്കുന്നത്.

അങ്ങനെ ഇരട്ട ചങ്കനും സുധാകരനും പരസ്പരം കൊണ്ടും കൊടുത്തും മുന്നേറുമ്പോള്‍, ഇവിടെ കോവിഡ് കൂടുകയോ കുറയുകയോ ചെയ്യാം. കാട്ടിലെ തടി മിടുക്കന്മാര്‍ വെട്ടിക്കൊണ്ടു പോയേക്കാം. ലക്ഷദ്വീപ് മോദിയും കൂട്ടരും പൂട്ടിച്ചേക്കാം. ഇനി ഇതൊന്നും സംഭവിച്ചിട്ടില്ലെങ്കിലും, പെട്രോളിന്റെ വില "സെഞ്ച്വറി' അടിക്കും. അത് തീര്‍ച്ച!! തത്കാലത്തേക്ക് ഇരുകൂട്ടരും വാചകമടി നിര്‍ത്തിവച്ച്, പെട്രോളിന്റെ "സെഞ്ച്വറി' സംയുക്തമായി ആഘോഷിക്ക്! അല്ലെങ്കിലും നമുക്ക് എല്ലാം ആഘോഷങ്ങള്‍ മാത്രമല്ലേ??



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക