Image

അച്ഛന് പകരം അച്ചൻ മാത്രം (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 19 June, 2021
അച്ഛന് പകരം അച്ചൻ മാത്രം (ശ്രീകുമാർ ഉണ്ണിത്താൻ)

ഒരു വൈകുന്നേരം   ഞങ്ങൾ  അടൂരിലെ ഒരു റെസ്റ്റോറന്റിൽ ഇരുന്ന് ഭക്ഷണം  കഴിക്കുകയായിരുന്നു. ഞങ്ങളുടേ അടുത്ത മേശയിൽ  ഒരാൾ തന്റെ പതിനാല്  വയസു തോന്നിക്കുന്ന  മകളുമായി ആഹാരം കഴിക്കുന്നു.

അയാളെ ശ്രദ്ധിക്കാൻ കാരണം അയാളുടെ വേഷം  തന്നെ ആയിരുന്നു .  മുഷിഞ്ഞ ഷർട്ടും  ചെളി പറ്റിയ  മുണ്ടും. പക്ഷേ ആ കുട്ടിയുടെ  വേഷം നല്ലതായിരുന്നു. അവളുടെ മുഖത്ത്  സന്തോഷം.  അവൾ ഹോട്ടലിന്റെ നാലുപാടും നോക്കി അതിന്റെ  ആലങ്കാരിക ഭംഗി മുഴുവൻ ആസ്വദിക്കുന്നുണ്ടായിരുന്നു . കാഴ്ചയിൽ ആദ്യമായിട്ട് ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുന്നത് പോലെ തോന്നി.

ആ അച്ഛൻ ആഹാരം ഒന്നും കഴിക്കുന്നില്ല. മകൾക്കു ചപ്പാത്തിയും ചിക്കൻ കറിയും ഓർഡർ ചെയ്തു.
അത് കേട്ടപ്പോൾ പെൺകുട്ടിയുടെ മുഖത്തെ സന്തോഷം  കാണേണ്ടതായിരുന്നു. വെയിറ്റർ അച്ചനെ നോക്കി ചോദിച്ചു, നിങ്ങൾക്ക്  എന്താണ് വേണ്ടുന്നത്, എനിക്ക് ഗ്യാസ് ആണ് ഒന്നും വേണ്ട  ഒരു ഗ്ലാസ് വെള്ളം മാത്രം മറുപടി.


ചുരുങ്ങിയ സമയത്തിനുള്ളിൽ, ചപ്പാത്തിയും ചിക്കൻ കറിയുമെത്തി ആർത്തിയോട് കഴിക്കുന്ന കുട്ടി  കൂടെ കൂടെ  ഒരു ഒരു വിശേഷ ജീവിയെ പോലെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. അവൾ  ഞങ്ങൾ  കഴിക്കുന്ന  ആഹാരങ്ങളിലേക്കും.  കത്തിയും ഫോർക്കും  ഒക്കെ ഉപയോക്കുന്ന രീതിയും  വളരെ അതിശയത്തോടു  നോക്കുന്നത്ത് കണ്ടപ്പോൾ    അധികമൊന്നും പുറത്തു ഇറങ്ങാത്ത കുട്ടിയാണെന്നു  മനസിലായി .

അവളുടെ പിതാവ്  സ്നേഹത്തോടു കുടി  മകൾ  ആഹാരം കഴിക്കുന്നത്  നോക്കിയിരിക്കുന്നത്  ഏതൊരു മനുഷ്യന്റെയും  ഹൃദയത്തെ സ്നേഹ സാന്ദ്രമാക്കുന്നതായിരുന്നു. ഇത്  കണ്ടു  ഞങ്ങൾ അടുത്തു ചെന്ന്  കുട്ടിയോട്  വിശേഷം തിരക്കി .  അവൾ പത്താംക്ലാസ്  ഫസ്റ്റ് ക്ലാസിൽ  ഏ  ഗ്രേഡോട്  പാസ്സായി. ഏ  ഗ്രേഡ് കിട്ടുകയാണെങ്കിൽ വലിയ ഹോട്ടലിൽ നിന്നും ഭക്ഷണം  വാങ്ങി കൊടുക്കാം എന്ന്  അച്ഛൻ പറഞ്ഞിരുന്നു .
അച്ഛൻ ആ വാക്കു പാലിച്ചു.  

ഞാൻ ആ  അച്ഛനോട് ചോദിച്ചു എന്താണ് ആഹാരം കഴിക്കാത്തത് എന്ന്, അദ്ദേഹത്തിന്റെ മറുപടി. ഇത്ര  വലിയ ഹോട്ടലിൽ നിന്നും ഞാൻ ഇതുവരെ ആഹാരം കഴിച്ചിട്ടില്ല, എന്റെ  കൈയിൽ  കുറച്ചു രൂപയേയുള്ളു, മോളുടെ ബിൽ  എത്രയെന്നുപോലും അറിയില്ല.  അല്ലെങ്കിലും ഞാൻ അല്ലല്ലോ  ജയിച്ചത്, ഇത്  അവൾ ഏ  ഗ്രേഡ് കിട്ടിയതിനുള്ള സമ്മാനമാണ്.

 ഇങ്ങനെ യുള്ള പല അച്ചന്മാരും നമുക്ക് ചുറ്റും ധാരാളമുണ്ടു. പല അച്ഛന്മാരും  ഇതുപോലെയുള്ള  അവസ്ഥയിൽ കൂടെ കടന്നു പോകുന്നവർ ആണ്.   സങ്കടങ്ങൾ ഒക്കെ ഉള്ളിൽ ഒതുക്കി ഭാര്യയെയും മക്കളെയും അച്ഛനെയും അമ്മയെയും ഒക്കെ നോക്കേണ്ട ചുമതല ഒറ്റക്ക്  ഏറ്റുടുക്കുന്നു . അവർ മറ്റാർക്കൊയോ വേണ്ടി ജീവിക്കുന്നു.

പക്ഷേ  ഇങ്ങനെയുള്ള  അച്ഛൻ മക്കളോട്  ഒന്നു ഉറക്കെ സംസാരിച്ചാൽ  അച്ഛൻ തെറ്റുകാരൻ, ദുർവാശിക്കാരൻ, ഒറ്റയാൾ പട്ടാളം, മക്കളോട് സ്നേഹമില്ലാത്തവൻ  അങ്ങനെ പല പേരുകളും വീണിരിക്കും. പല മക്കളും പറയും "ഈ അച്ഛന് എന്നോട് ഒരു സ്നേഹവും ഇല്ല എന്നു . പലപ്പോഴും ഈ അച്ചന്മാരുടെ സ്നേഹം നാം തിരിച്ചറിയുന്നത് അവർ നമ്മെ വിട്ടുപിരിഞ്ഞതിന് ശേഷമായിരിക്കും.

ഓരോ കുഞ്ഞിന്റെ ജീവിതത്തിലും  അച്ഛന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാനാവില്ല. തന്റെ മക്കൾക്ക് ജീവിതത്തിൽ ഏറ്റവും മികച്ചത് നൽകാനാണ് ഓരോ അച്ഛനും ശ്രമിക്കുന്നത്.

എല്ലാ അച്ചന്മാരും അവരുടെ  വിഷമങ്ങൾ,  പ്രയാസങ്ങൾ ഒക്കെ ഉള്ളിൽ ഒതുക്കി ആയിരിക്കും നമ്മൾക്കുവേണ്ടി  ജീവിക്കുന്നത്. അവരെ ഒന്നു ആശ്വസിപ്പിക്കാൻ പല മക്കളും  ശ്രമിക്കാറില്ല. പലപ്പോഴും  അച്ചനമ്മമാരുടെ  ദുഃഖങ്ങൾ കണ്ടതായി പോലും പല മക്കളും  നടിക്കാറില്ല.

സാധാരണ നിലയിൽ ഉള്ള കുടുംബം ആണെങ്കിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കിടന്നു കഷ്ടപ്പെടുന്ന അച്ഛനമ്മമാർ. അതിനിടയിൽ മക്കളുടെ എല്ലാ ആഗ്രഹങ്ങളും അവർക്കു സാധിപ്പിച്ചു തരാൻ കഴിഞ്ഞെന്നു വരില്ല. അപ്പോൾ അവരോട് ദേഷ്യം തോന്നുക എന്നത് സ്വാഭാവികം. ആ ദേഷ്യം പിന്നെ ഒരു പകയായി  പല മക്കളിലും രൂപപ്പെടുന്നു .

അവരോടുള്ള ആ വാശി തീർക്കാൻ പല  മക്കളും  ഇറങ്ങി പുറപ്പെട്ടിട്ടുണ്ടാവും. ആ പ്രായത്തിൽ നമ്മൾ വേറൊന്നും ചിന്തിക്കാറില്ല,  അവർക്ക്  പണി കൊടുക്കുക എന്നത് മാത്രമായിരിക്കും  നമ്മുടെ ലക്‌ഷ്യം.  

എന്നാൽ അതൊക്കെ ചിന്തിക്കാനും ഓർക്കാനും ഒക്കെ ഈശ്വരൻ നമ്മൾക്കോരോരുത്തർക്കും സമയം തരാറും ഉണ്ട്. നമ്മുടെ ആഗ്രഹങ്ങൾ സാധിപ്പിച്ചു തരാത്ത അച്ഛനോടും അമ്മയോടും ദേഷ്യപ്പെട്ട നമ്മൾക്ക്
നാളെ എന്നൊന്നുണ്ടെങ്കിൽ അവരുടെ സ്ഥാനത്തു അച്ഛനായും അമ്മയായും നമ്മൾ ഓരോരുത്തരും എത്തിപ്പെടും.

അന്നു നമ്മുടെ മക്കൾ നമ്മളോട്  അതേ  ചോദ്യം ചോദിക്കുമ്പോൾ നമ്മൾക്ക് പറയാൻ ഉത്തരങ്ങൾ കാണില്ല. അന്നേരമായിരിക്കും നമുക്ക്   തിരിച്ചറിവുണ്ടാകുക.  കാലം നമുക്ക് വേണ്ടി അത് കരുതി വെച്ചിരിക്കും.

ഓരോ  അച്ഛന്റെയും അമ്മയുടെയും കാലം കഴിയുമ്പോൾ ആവും നമ്മൾ  അവരുടെ വില മനസിലാക്കുക. അന്നു  മാത്രമാണ് നമുക്ക് നഷടപെട്ടത് എന്തെന്ന്  മനസ്സിലാവൂ.

ഈ ജന്മത്തിൽ എനിക്ക് നൽകാൻ പറ്റാത്ത സ്നേഹവും ഇഷ്ടവും കരുതലും ഒക്കെ അടുത്ത ജന്മത്തിൽ  എങ്കിലും കൊടുക്കണം എന്നു പലരും പറയുന്നത് കേട്ടിട്ടുണ്ട്. ഈ  ജന്മത്തിൽ ചെയ്യേണ്ടുന്നത് ചെയ്യുകയാണെകിൽ കണക്കുകൾ ബാക്കി വെക്കേണ്ടുന്ന കാര്യമില്ലല്ലോ?

നാളെ ലോകം ഫാദേഴ്സ് ഡേ ആഘോഷിക്കുകയാണ്. ഭൂമിയിലെ മുഴുവൻ അച്ഛൻമാരുടെയും സ്നേഹത്തിനും കരുതലിനും കഷ്ടപ്പാടുകൾക്കും മക്കൾ നൽകുന്ന  പിതൃത്വത്തിന്റെ ആദരം ആണ്  ‘ഫാദേഴ്സ് ഡേ’.  അമ്മയുടെ ത്യാഗത്തിനും സ്നേഹത്തിനുമൊപ്പം അച്ഛന്റെ വിയർപ്പും കഷ്ടപ്പാടും കൂടി ചേരുമ്പോഴാണ് ഓരോ കുഞ്ഞുങ്ങളുടെയും ജീവിതം ധന്യമാകുന്നത്. ഓരോ കുടുംബം ധന്യമാകുന്നത്.
 
ഈ സുന്ദര ദിനത്തിൽ എല്ലാ    അച്ഛൻമാർക്കും ‘ഫാദേഴ്സ് ഡേ’ ആശംസകൾ . 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക