Image

കൃഷ്ണകിരീടത്തിൽ മയിൽപ്പീലിക്കണ്ണായി....(നീലീശ്വരം സദാശിവൻകുഞ്ഞി)

Published on 19 June, 2021
കൃഷ്ണകിരീടത്തിൽ മയിൽപ്പീലിക്കണ്ണായി....(നീലീശ്വരം സദാശിവൻകുഞ്ഞി)
ഒരിക്കൽ യേശുദാസ് പറഞ്ഞു ."ഞാനും ശ്രീ രമേശൻ നായരും തമ്മിൽ എന്താണ് ബന്ധം ?
സംഗീതദേവതയുടെ രണ്ടു മക്കൾ എന്നതാണ് ആ ബന്ധം . എനിക്ക് പാട്ടും അദ്ദേഹത്തിന് അക്ഷരങ്ങളും കൊടുത്തു.”

യേശുദാസിന്റെ സംഗീത ജീവിതത്തിൽ എടുത്തുപറയേണ്ട ഒരു ഗാനമുണ്ട് .

"രാധതൻ പ്രേമത്തോടാണോ കൃഷ്ണ
ഞാൻ പാടും ഗീതത്തോടാണോ
പറയൂ നിനക്കേറ്റം ഇഷ്ടം - പക്ഷെ
പകൽ പോലെ ഉത്തരം സ്പഷ്ടം "

മയിൽ‌പ്പീലി എന്ന ആൽബത്തിലെ ഈ ഗാനം കച്ചേരികൾക്കിടക്ക് അദ്ദേഹം പാടുമ്പോൾ തമിഴകത്തെ സംഗീതാസ്വാദകർക്ക് പോലും ആനന്ദം ഉണ്ടാകുന്ന കാര്യം യേശുദാസിന് നേരിട്ട് അനുഭവം ഉള്ളതാണെന്ന് അദ്ദേഹം പറയുന്നു .  ഗുരുവായൂരപ്പനും നമുക്കും രാധയുടെ പ്രേമത്തെക്കാൾ കവിയുടെ വരികളും പാട്ടും തന്നെയല്ലേ ഇഷ്ടം? എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

മേല്പത്തൂരിനും , പൂന്താനത്തിനും , വില്വമംഗലത്തിനും  , ഓട്ടൂരിനും കിട്ടിയ അതെ പുണ്യം  ശ്രീ രമേശൻ സാറിനും    ഗുരുവായൂരപ്പന്റെ ഹൃദയത്തിൽ അഭിരമിക്കുന്ന കവി എന്ന നിലയിൽ കൈവന്നു  .

ഒരു പിടി അവിലുമായി ജന്മങ്ങൾ താണ്ടി ഗുരുവായൂരപ്പനെ തേടിവന്ന കവി . ഗുവുവായൂരപ്പന്റെ പവിഴാധരം മുത്തുന്ന മുരളികയാവാൻ പോയിരിക്കുന്നു എന്നേ നമുക്ക് കരുതുവാൻ കഴിയൂ .

ഭക്തിഗാനങ്ങളുടെ കാര്യത്തിൽ മലയാളത്തിലെ ലബ്ധപ്രതിഷ്ഠക്കാരായ ഗാനരചയിതാക്കളെ പിന്നിലാക്കുന്ന ഗാനഗരിമ രമേശൻ നായർ ആവിഷ്കരിച്ചു എന്ന് ശ്രീകുമാരൻ തമ്പി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്  .

രാവിലെ പട്ടേരിപ്പാടിന്റെ വാതം ചികിത്സക്കും ,ഗുരുപത്‌നിക്കായി വിറകിനും വേണ്ടി പോയ ഭഗവാന് പ്രിയ കവിയുടെ രോഗം കാണാമായിരുന്നില്ലേ  എന്ന് നമുക്ക് തോന്നിപ്പോയി . ലളിതകോമള പദങ്ങൾ കൊണ്ട് ഭക്തിയുടെ ഉത്തുങ്കഭാവങ്ങൾ തീർക്കുന്ന കവിയുടെ ലക്‌ഷ്യം മോക്ഷസാഗരം തന്നെ ആയിരിക്കാം . ഗുരുവായൂരപ്പനും അതാകും ആഗ്രഹിച്ചിരിക്കുക .

കൂടുംപിണികളെ കണ്ണാലൊഴിക്കുന്ന കൂടൽമാണിക്കസ്വാമി മാത്രമാണ് ജീവിതത്തിലെ ദുഖമായ ഉദരരോഗത്തിന് സിദ്ധൗഷധം എന്ന് കാവ്യാത്മകമായി അദ്ദേഹം പറഞ്ഞു .  കണ്ണുനീര് തുടക്കുന്ന കയ്യായി, കാട്ടിൽ നമ്മെ തുണക്കുന്ന പൊരുളായി ,ആകാശമാകുന്ന പുള്ളിപ്പുലിയുടെ മുകളിൽ ഭക്തിഗാനരംഗത്ത് പകരം വക്കാനില്ലാത്ത സ്വാമിയായി രമേശൻ നായർ നിലകൊള്ളുന്നു .

ഒരു മയിലായി പറന്ന് വന്ന് മഴവില്ല് തോൽക്കുന്ന കവിതയുടെ അഴകായി നമുക്ക് മുന്നിൽ വരാൻ ഇനി അദ്ദേഹമില്ല .നെയ്യാറ്റിൻകര വാഴുന്ന കണ്ണന് മുന്നിൽ ഒരു നെയ്‌വിളക്കായി മാറിയിരിക്കുകയാണ് അദ്ദേഹം . കണ്ണിന് കണ്ണായ കണ്ണന് മുന്നിൽ കർപ്പൂരമായി അലിഞ്ഞു പോയി പ്രിയ കവി .

നിറഞ്ഞ പ്രണാമം !!
കൃഷ്ണകിരീടത്തിൽ മയിൽപ്പീലിക്കണ്ണായി....(നീലീശ്വരം സദാശിവൻകുഞ്ഞി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക