Image

കേശവന്‍കുട്ടിയുടെ രാഹുകാലം (കഥ: ഷാജി കോലൊളമ്പ്)

Published on 19 June, 2021
കേശവന്‍കുട്ടിയുടെ രാഹുകാലം (കഥ: ഷാജി കോലൊളമ്പ്)
അമ്മിണികുട്ടി വേറൊരാളുടേതാവാതിരിക്കാനാണ് ബാംഗ്ലൂരിലെ ISRO ഓഫീസില്‍ നിന്ന് ഇല്ലാത്ത അമ്മാവന്റെ അസുഖത്തിന്റെ പേര് പറഞ്ഞ് കേശവന്‍കുട്ടി മേനോന്‍ രണ്ട് ദിവസ്സത്തെ ലീവിന് നാട്ടിലെത്തിയത് . എത്തിയതിന്റെ പിറ്റേന്ന് തന്നെ രജിസ്റ്റര്‍ ഓഫീസിലേക് അമ്മിണികുട്ടിയെയും കൊണ്ട്  സിനിമയില്‍ കാണുന്നപോലെ ഓടിച്ചെന്നുള്ള
ഒപ്പിടല്‍ കല്യാണപ്രോഗ്രാമല്ല  കേശവന്‍ കുട്ടിമേനോന്റെ കല്യാണം. ആസൂത്രിതമായി, എന്നാല്‍ നിയമം അനുശാസിക്കുന്ന ഊടുവഴിയിലൂടെ തന്നെയാണ് എല്ലാം റെഡിയാക്കി വെച്ചിരിക്കുന്നത്. രെജിസ്‌ട്രോഫീസില്‍ സ്‌പെഷ്യല്‍ കല്യാണ നിയമ പ്രകാരം അപേക്ഷ കൊടുത്ത്, ഇക്കാര്യം പെണ്ണിന്റെ തന്തയേയും തള്ളയെയും, തടിമിടുക്കുള്ള ആങ്ങളമാരുണ്ടെങ്കില്‍ അവരെയും ഔദ്യോഗികമായി അറിയിക്കാന്‍ വധുവിന്റെയും വരന്റെയും ഫോട്ടോസഹിതം നോട്ടീസ് ബോഡിലിടണം. അതാണ് സര്‍ക്കാര്‍ നടപ്പ്. തടിമിടുക്കുള്ള ആങ്ങളമാരും തല്ലിയൊതുക്കാന്‍ കെല്‍പ്പുള്ള ബന്ധുക്കളുമുള്ള അമ്മിണികുട്ടിയെ സ്വന്തമാക്കാന്‍, രെജിസ്റ്റര്‍ ഓഫീസിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്‍ അവറാന്‍കുട്ടി കേശവന്‍കുട്ടിയെ സഹായിച്ചു . രണ്ട് പേരുടെയും ഫോട്ടോ പതിച്ച വിവാഹ വിളംബര പത്രിക, ആള്‍ തിരക്കില്ലാത്ത സമയം നോക്കിയാണ് അവറാന്‍ നോട്ടീസ് ബോഡില്‍ തൂക്കിയത്. അറിയിപ്പ് പത്രങ്ങളുടെ ബാഹുല്യംകൊണ്ട് തണ്ടലൊടിഞ്ഞു വീഴാറായിനില്‍ക്കുന്ന ബോര്‍ഡില്‍
ഒന്നിലേറെ പേജുകളായി തൂക്കിയിട്ടിരിക്കുന്ന അനേകം നോട്ടിസുകള്‍ക്കിടയില്‍, ആര്‍ക്കും കാണാന്‍ പറ്റാത്തവിധം
ഒളിപ്പിച്ചുവെച്ചു. ഡിസംബര്‍ 12ന് തൂക്കിയ അറിയിപ്പ് ജനുവരി 12ന് മാസം തികച്ചു. നോട്ടീസ് മാസം തികയ്ക്കുന്ന ജനുവരി 12ന് തലേന്ന് നാട്ടിലെത്തിയ കേശവന്‍കുട്ടി അവറാനെ വൈകുന്നേരം തന്നെ  അവന്റെ വീട്ടിൽ ചെന്ന് കണ്ടു. തന്റെയും അമ്മിണികുട്ടിയുടെയും വിവാഹസ്വപ്നം കോമളപുരത്തെ രജിസ്റ്റര്‍ ഓഫീസിന്റെ അറിയിപ്പ് പലകയിലെ  സര്‍ക്കാര്‍ വ്യവഹാര വിളമ്പരങ്ങള്‍ക്കിടയില്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഒളിപ്പിച്ചുവെച്ചതിന്റെ പ്രതിഫലമായി രണ്ടായിരം രൂപ അയാളുടെ പോക്കറ്റില്‍  വെച്ചുകൊടുത്ത് നന്ദി പറഞ്ഞ് കേശവന്‍കുട്ടി തിരിഞ്ഞുനടന്നു.

നന്ദി പറഞ്ഞു തിരിഞ്ഞു നടന്നുപോവുന്ന കേശവന്‍കുട്ടിയെ കൈകൊട്ടി വിളിച് അവറാന്‍കുട്ടി പറഞ്ഞു ,

''മേന്‍നേ, അവടെ നിക്കിൻ,ഒന്ന് പറഞ്ഞോട്ടെ."

അവറാൻ കേശവൻകുട്ടിയുടെ അടുത്തേക്ക് ചെന്നു,

"പകലില്‍ത്തെ സര്‍ക്കാര് പണികയിഞ്ഞ് മോന്തിക്ക് മണല് കോരാന്‍പോവ്ണ പണിണ്ട് ഇനിക്ക്. പൂക്കൈത പൊയേന്ന് ഒരു മഞ്ചി മണല്   കോരി നെറച്ചോട്ത്താ ആയിരം ഉറുപ്യ കിട്ടും. ഒരുമഞ്ചി  നെറക്കാന്‍ ഒന്നര മണിക്കൂറ് മതി. മൂന്ന് മണിക്കൂറ് മതി രണ്ട് മഞ്ചി നറക്കാന്‍. ദിവസോം രണ്ട് മഞ്ചി നെറച്ചാ മുപ്പത് ദിവസംകൊണ്ട് എത്ര കിട്ടും ? അര്‍വനായിരം ഉറുപ്യ കിട്ടും....!''

''അവറാന് അത്രേം കാശ് വേണോന്നാണോ പറേണെ ?'' കേശവന്‍കുട്ടിടെ നെഞ്ച് പിടച്ചു.

"പൊയേന്ന് മണല് വാരണേക്കാട്ടീം വല്യ എടങ്ങേറ് പിടിച്ചപണ്യാ മേന്‍നേ ഞാന്‍ ങ്ങക്ക്മാണ്ടി ചെയ്തത്. ഈ ഒരു മാസത്തിന്റെ ഉള്ളില് എത്രതവണേണ് അമ്മിണികുട്ടീന്റ ആങ്ങളമാര് ഓരോകാര്യത്തിനായിട്ട് ഞങ്ങടെ ആപ്പിസ് കേറിഎറങ്ങ്യേത്..! ഓറ്റെന്റെ ചിറീന്റെ മുമ്പീന്ന് ങ്ങടേം, ങ്ങടെ പെണ്ണിന്റിം പോട്ടോ പതിച്ച കടലാസ് സര്‍ക്കാരിന്റെ എന്തെല്ലോ വ്യവഹാരങ്ങടെ അടീക്ക് തള്ളാന്‍ ഞാന്‍ മ്മിണി പാട് പെട്ടിരിക്ക്ണ്. അയിന്റെ മൂല്യം കണക്കാക്കണെങ്കി അര്‍വതിനായിരൊന്നും പോര മേന്‍നേ...! അയിനേക്കാളും വല്യ മൂല്യണ്ട് . ആ മൂല്യം കിട്ട്‌ണൊരു സ്ഥലംണ്ട്. ഇപ്പോ മ്മക്ക് അവടെ പോയി അത് മാടിക്കണം..''

കേശവന്‍കുട്ടി ഒന്നും മനസ്സിലാവാതെ അവറാനെ നോക്കി. അവറാന്‍ തുടര്‍ന്നു,

"ഇയ്യ് കേശവന്‍കുട്ടി, ഞാന്‍ അവറാന്‍ കുട്ടി, അന്റെ പെണ്ണ് അമ്മിണികുട്ടി; അപ്പൊ ഇതൊരു കുട്ടികളി അല്ലെടോ മേൻനേ? കുട്യോള്‍ക്ക് കായിനെക്കാളും വല്യേതെന്താ ...?''

കേശവന്‍കുട്ടി ISRO ഇന്റര്‍വ്യൂ ബോര്‍ഡിന്റെ മുമ്പില്‍ പോലും ഇങ്ങനെ ഉത്തരം മുട്ടിനിന്നിട്ടില്ല.

"എടോ മ്മടെ കുഞ്ഞുട്ടേട്ടന്റെകടേലെ ബീഫ്കറീം  പൊറാട്ടീം ! അതുംകൂടി വേടിച്ച് തന്നാലേഅവറാന്‍കുട്ടിക്ക് തൃപ്ത്യാവൂ. .''

 കോഴിക്കോട്ടുകാരനാണ് അവറാന്‍. സര്‍ക്കാര്‍ സര്‍വ്വീസിലിരിക്കെ മരിച്ച ഉപ്പയുടെപിന്തുടര്‍ച്ചവകാശിയായി പത്തിൽ തോറ്റ അവറാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. കോമളപുരത്തെ റജിസ്ട്രാര്‍ ഓഫീസിലെ പ്യൂണാവന്‍ നിശ്ചയിക്കപ്പെട്ട വിധി ഭംഗിയായിചെയ്യുന്ന അവറാന്‍ കേശവന്‍കുട്ടിയെയും കൂട്ടി കുഞ്ഞുകുട്ടേട്ടന്റെ ചായപ്പീടികയിലേക്ക് നടന്നു. കടയിലെ ആകെയുള്ള രണ്ട് മേശക്ക് ചുറ്റും ബീഫ്കറിയും പൊറോട്ടയും ചൂടോടെ തട്ടിവിടുന്നവരുടെ തിരക്കായിരുന്നു. തിന്നുന്നവരെണീറ്റിട്ട് വേണം അടുത്തവ ര്‍ക്കിരിക്കാന്‍. അവസരം കാത്തുനില്‍ക്കുവര്‍ ചായക്കടയുടെ മുന്നിലും റോഡിലും ഒറ്റക്കുംതെറ്റായും നിന്നു. ചായക്കടയുടെ തൊട്ടപ്പുറത്തെ മുറിയിലാണ് ഗോവിന്ദന്‍പണിക്കരുടെ കണ്‍സള്‍ടിംങ് കേന്ദ്രം. പീടികയുടെ മുന്നിലെ പുളിമരചുവട്ടിലിരുന്ന് അവറാനും കേശവന്‍കുട്ടിയും കല്യാണകാര്യങ്ങള്‍ പറഞ്ഞിരിക്കുമ്പോഴാണ് ഗോവിന്ദന്‍ പണിക്കരുടെ 'ഭുതം-ഭാവി-വര്‍ത്തമാന' പരസ്യപലക അവറാന്റെ കണ്ണിലുടക്കിയത്.

''മേന്‍നേ, ങ്ങള് രാവുകാലും ഉളികകാലൊക്കെ നോക്കീനോ..?''

"എന്ത്..?''

"അല്ലാ, ങ്ങള് കല്യാണം കയ്ക്കണേന്റെ മുമ്പേ നല്ലനാളും ബെടക്ക് നാളൊക്കെ നോക്കീണോന്ന്...: ''

"ആ രാഹുകാലം , ഗുളികകാലം...''

"ആ അതെന്നെ, അത് നോക്ക്ണ ആളാണ് ആ മുറീല് ഇരിക്കണത്.. ഒന്ന് പോയി നോക്യാലോ...''

"രജിസ്റ്റര്‍ വിവാഹാവുമ്പോ അതിലൊന്നും കാര്യല്ല അവറാനേ...''

"ന്നാലും മ്മക്ക് ഭാവീല് വല്ല പൂതോണ്ടാന്ന് അറ്യാലോ.. ബീഫും പറോട്ടീം കിട്ടാന്‍ ഞ്ഞീം നേരം കയ്യണം, മ്മക്ക് കോയിന്ദ  പണിക്കരൊന്ന് കണ്ടോക്കാ...ആള് പറഞ്ഞാ അച്ചട്ടാ. ന്റെ ബീവീന്റെ വാപ്പ, കൊസറാകൊള്ളി അവോക്കറ്, ങ്ങക്ക് അറ്യാലോ. അയാളെക്കൊണ്ട് നാട്ടാര്‍ക്ക് മാത്രല്ല ഇനിക്കും കെടക്കപ്പൊറ്തി ണ്ടാര്‍ന്നില്ല. അവസാനം അയാള്‍ക്കെതിരെ മാട്ടും മാരണോം ചെയ്യാന്‍ ഞാന്‍ ഈ പണിക്കരടേട്ത്താ വന്നത്. മൂപ്പര്  ഇനിക്കൊരു ഉറുക്കും നൂലും ഉയിഞ്ഞിതന്ന്. ന്ന്ട്ട് പറഞ്ഞി കൊസറാകൊള്ളി അധികകാലൊന്നും ജീവിക്കൂല. ഇരിക്ക്ണ ഇരിപ്പിതന്നെ തട്ടിപോവൂംന്ന്. ഞാന്‍ പണിക്കര്ക്ക് കായും കൊടുത്ത് പൊറത്തെറങ്ങ്യേപ്പോ ഒരു ഫോണ്‍ബന്ന് , ''അന്റെ അമ്മായ്യ്യക്ക തലേല് ചക്ക വീണ് ചത്ത്ന്നും' പറഞ്ഞിട്ട് ! വരിക്കപ്പിലാവിന്റെ ചോട്ടില് കസാലിം കൊണ്ടട്ട് മൂപ്പര് ഷേവ് ചെയ്യേര്‍ന്ന്, അപ്പൊളാ നല്ല മുയ്‌ത്തൊരുചക്ക തലേല് വീണത്. അത്രക്ക് കൈപുണ്യള്ള പണിക്കരാ.. ങ്ങള് വരീന്‍. ''

കേശവന്‍കുട്ടി ചിരിച്ചു,  "എന്റെ അവറാനെ, ഇത് ഇരുപത്തിഒന്നാം നൂറ്റാണ്ടാ..ഇപ്പോഴും ഇത്തരം ചിന്തകളൊക്കെ..! കഷ്ടം തന്നെ..''

''അല്ല മേന്‍നെ, എന്തായീ പറീണ്..! ങ്ങള് റോക്കറ്റ്ണ്ടാക്കി വിട്ണ കമ്പനീലെ ആളല്ലേ.. ങ്ങടെ കമ്പനീല് വല്യ വിവരള്ളആള്‍ക്കാരൊക്കെകൂടി രാവുംപകലും ഒറക്കൊയ്ച്ചി തലപുണ്ണാക്കിണ്ടാക്ക്ണ റോക്കറ്റ് ആകാസത്ത്ക്ക് പറപ്പിക്കണയ്‌ന്റെ ദിവസം പൂജാരീനെകൊടുന്ന് ചെറുനാരങ്ങ പീഞ്ഞിഒടക്ക്ണപരിപാടില്ലേ..? എന്തിനാ ? റോക്കറ്റ് തായത്ത്ക്ക് വീയ്യാണ്ടിരിക്കാന്‍. അല്ലേ ? അതേപോലെന്നേണ് ഇതും. ഈ കല്യാണംകയിക്കലും ഒരു റോക്കറ്റ് വിട്ണപോലെന്നേണ് മേന്‍നേ.  ഏത്യാ എത്തി, ബീണാ ബീണ്. അത് വീയാണ്ട് നോക്കണത് മ്മടെ കടമ. നാല് വര്‍സേ ആയുള്ളു ഞാന്‍ ഉമ്മുക്കുല്‍സൂനെകെട്ടീട്ട്. ഇനിച്ചും പടച്ചോനുംമാത്രേ അറ്യോള്ളൂ ആ റോക്കറ്റ് വീയ്യാതിരിക്കാന്‍ ഞാന്‍ പെടക്ക്ണ പെടച്ചില്. പകല് സര്‍ക്കാരിന്റെ ശമ്പളോംവാങ്ങി അന്ത്യാവുമ്പോ മണല്‌കോരി സര്‍ക്കാരിനെ പറ്റിക്കാന്‍ പോണതെന്തിനാ...?"

''എന്തിനാ...?''

''ഒറ്റക്കാവുമ്പോ ഒറ്റൊറുപ്യാന്റെ കായിമതി ജീവിക്കാന്‍. പെണ്ണ്‌കെട്യാപിന്നെ ദുനിയാവ്മുയ്മന്‍ കിട്യാലും മോഹങ്ങള് തീരൂല ..കിട്ട്ണ കായ്യോണ്ട് ജീവിക്കാന്‍ അറ്യാത്ത പെണ്ണാണെങ്കി പോയേല് മാത്രല്ല കടലിലും കെണറ്റിലൊക്കെ ചാടേണ്ടി വരും മേന്‍നേ...! അപ്പോ വരുംവരായ്‌കേളൊക്കെ മ്മള് മുങ്കൂട്ടി അറ്യേണം. അയ്‌നാണ് കോയിന്ദപണിക്കരെ കാണാന്‍ പറേണത്..''

അവറാന്റെ സ്‌നേഹപൂര്‍വ്വമായ ആവശ്യത്തിലും കാര്യമുണ്ടെന്ന് കേശവന്‍കുട്ടിമേനോന് തോന്നി. അവര്‍ ഗോവിന്ദപണിക്കരുടെ മുറിയിലേക്ക് കയറി.

''അസ്സലാമു അലൈക്കും പണിക്കരേ...''

അവറാന്‍ മുന്‍പരിചയമുള്ളഭാവത്തില്‍ പണിക്കര്‍ക്ക് സലാം കൊടുത്തു ചിരിച്ചു.
പണിക്കര്‍ രണ്ടുപേരെയും പിടികിട്ടാതെ നോക്കി.ഇരിക്കാന്‍ ആഗ്യം കാണിച്ചു.
അവറാനാണ് തുടങ്ങിയത്.

'' ഇത് ന്റെ ചങ്ങായി കേശവന്‍കുട്ടി. മോനോനാണ്. മൂപ്പര് കര്‍ണ്ണാടകേല് റോക്കറ്റ്ണ്ടാക്ക്ണ കമ്പനീലെ വല്യേ മാനേജറാ.. ഓല്‍ക്കൊരു മൊഹബത്ത്ണ്ട്. അടുത്ത കുടീലെ പെണ്ണാ. കൊയപ്പൊന്നൂല്ല,  ഓളും മേനോത്ത്യാ..പക്ഷേ രണ്ടാള്‍ടേം വീട്ടാര് കീരീം പാമ്പുംപോലേണ്..  നേരില് കണ്ടാ കടിച്ചാനും പിടിച്ചാനും നടക്ക്‌ണോരാ. അതോണ്ട് ഈ കല്യാണം നേരാംവണ്ണം നടക്കൂല. രണ്ടാളും ഒളിച്ചോടാന്‍ തീരുമാന്‍ച്ചിക്ക്ണ്.  ഇവറ്റേള് ഓട്യാ ഏടവരെ എത്തും? ഏത്യാതന്നെ കൊയഞ്ഞ് വീയോ, അതോ സുഖായി ജീവിക്കോ...അതൊക്കെ നോക്കാനാ ഞങ്ങ വന്നത്..''

പണിക്കര്‍ കേശവന്‍കുട്ടിയെ നോക്കി. അയാള്‍ തലതഴ്ത്തിയിരിക്കുകയാണ്. അവറാന്‍ കേശവന്‍കുട്ടിയുടെ തോളില്‍ തട്ടി പറഞ്ഞു,
''ഹേയ് ന്റെ മേന്‍നേ, ങ്ങളല്ലേ പുയാപ്ല, ങ്ങള് കാര്യങ്ങളൊക്കെ പറഞ്ഞോട്ക്കീന്‍ന്ന്.....''

കേശവന്‍കുട്ടി കാര്യങ്ങള്‍പറഞ്ഞു, നാളെ രജിസ്റ്റര്‍ വിവാഹമാണ്. ശേഷമുള്ള കാര്യങ്ങളൊക്കെ ഒന്നുഗണിച്ചുകിട്ടണം...
ഗോവിന്ദപണിക്കര്‍ കളംവരച്ച പലകയിലെ പൊടി തട്ടി, കണ്ണടയൊന്ന് ഊരിതുടച്ച് മൂക്കില്‍ ഫിറ്റ് ചെയ്ത് ഉഷാറയി നിവര്‍ന്നിരുന്നു. കേശവന്‍കുട്ടിയുടെയും അമ്മിണികുട്ടിയുടെയും നാളും നാടും  ജാതക വിവരങ്ങളും ചോദിച്ചറഞ്ഞ് ബാഗില്‍ നിന്ന് കവടിനിറച്ച തുണിസഞ്ചി എടുത്ത് കെട്ടഴിച്ചു പലകയില്‍ ചെരിഞ്ഞു . കവടികൂട്ടങ്ങളില്‍ വലത് കൈപത്തി വെച്ച് മൃദുവായി വട്ടംചുറ്റി ഗ്രഹങ്ങളുടെ നാള്‍വഴികളിലേക്ക് ഓരോകവടികളെയും സഫുടം ചെയതെടുത്ത് പലകയില്‍ വരച്ച കള്ളികളിലേക്ക് ഭാഗിച്ചുവെച്ചു. ഭാഗങ്ങളില്‍ ഭാക്കിവന്നവ പലകയുടെ ഒരുവശത്തേക്ക് മാറ്റി ഗോവിന്ദപണിക്കര്‍ തൃകാലജ്ഞാനത്തിലേക്ക് കണ്ണുകളടിച്ചിരുന്നു. അടച്ചകണ്ണുകള്‍ തുറക്കാന്‍ ഗോവിന്ദപണിക്കര്‍ തയ്യാറാവുന്നില്ല. അഞ്ച്മിനുട്ട്, പത്ത്മിനുട്ട്, പതിനഞ്ച് മിനുട്ട്.....സമയം പോവുന്നതിനനുസരിച്ച് പണിക്കരുടെ നെറ്റിയില ചുളിവുകളുടെ എണ്ണം കൂടികൊണ്ടിരുന്നു, കുഞ്ഞുകുട്ടേട്ടന്റെ ചായക്കടയിലെ പൊറാട്ടകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരുന്നു. ഗോവിന്ദപണിക്കര് ഇനിയും കണ്ണ് തുറന്നില്ലെങ്കില്‍ കച്ചവടം കഴിഞ്ഞ് കുഞ്ഞുകുട്ടേട്ടന്‍ ചായപീടിക പൂട്ടിപ്പോവുമെന്ന് അവറാന്‍ ഭയപ്പെട്ടു.

''പണിക്കരേ..'' അവറാന്റെ വിളികേട്ട് പണിക്കര്‍ കണ്ണുതുറന്നു.

"ഒറങ്ങേര്‍ന്ന് ....?'' അവറാന്‍ ചോദിച്ചു.

"ഊം, ഒരു തരത്തില്‍ പറഞ്ഞാല്‍ ഉറക്കം തന്നെ. പക്ഷേ ഉറങ്ങിയിരുന്നാല്‍ ശരിയാവില്ല. ഉണര്‍ന്ന് പ്രവര്‍ത്തിക്കണം..''

രണ്ട് കുട്ടിമാരും മുഖത്തോട് മുഖം നോക്കി.
"ഹൈ, ങ്ങളൊന്ന് തെളിച്ചി പറീന്‍ ന്റെ പണിക്കരേ...'' അവറാനാണ് തിടുക്കം.

"നിങ്ങള്‍ ജാതകപൊരുത്തം നോക്കിയിട്ടില്ല അല്ലേ...?'' പണിക്കര്‍ സാധ്യതകളുടെ ആദ്യത്തെ വാതില്‍ കൊട്ടിയടച്ചു.

''ഇല്ലാ, ഇഷ്ടപ്പെട്ട് കഴിക്കല്ലേ. അപ്പോ അതിനൊന്നും സ്ഥാനമില്ലെന്ന് തോന്നി...''

"ഹും. ഏന്താ കഥ..! സ്ഥാനമില്ലേ...? നിങ്ങള്‍ ഉണ്ണിപ്പുരവെച്ച് കളിക്കാന്‍ പോവാണോ..?  അല്ലല്ലോ, ആയുസ്സുള്ളേടത്തോളംകാലം ഒരാള്‍ക്കൊരാള്‍ തുണയായി ജീവക്കണ്ടേ.? അങ്ങനെ രണ്ടായുസ്സുകളും ചേര്‍ന്ന് മുന്നോട്ട് പോവുന്നതാണോന്ന് അറിയണ്ടേ...? ഇടക്ക് വെച്ച് ഒരായുസ്സ് കാലംചെയ്താല്‍ അപരന്റ ആയുസ്സ് അനാഥമാവില്ലേ.? അപ്പോ ചേരേണ്ടതല്ലേ ചേര്‍ക്കാവൂ...?''

റജിസറ്ററാഫീസിലെ ആധാരങ്ങള്‍ വായിച്ചുകേള്‍ക്കുമ്പോള്‍ പോലും അവറാന്‍ ഇങ്ങനെ അന്തം വിട്ടിരുന്നിട്ടില്ല. പണിക്കര്‍ പറഞ്ഞതിന്റെ പൊരുളറിയാതെ അവറാന്‍ കണ്ണ് മിഴിച്ചിരുന്നു. ഇടംകണ്ണുകൊണ്ട് കേശവന്‍കുട്ടിയെനോക്കി. കേശവന്‍കുട്ടിയുടെ ഷര്‍ട്ട് വിയര്‍പ്പില്‍ നനയാന്‍തുടങ്ങിയിരുന്നു.

"വിഘ്‌നങ്ങള്‍ വല്ലുതും ഉണ്ടോ ഗുരുനാഥാ..?'' കേശവന്‍കുട്ടിയുടെ വാക്കുകള്‍ പതറിപോയിരുന്നു.

"ഊം.... നാളെ എപ്പോഴാ താലികെട്ടുന്നത്..?''

"പതിനൊന്നുമണിക്ക്,ഓഫിസിലെത്താനാ റെജിസ്ട്രാര്‍ പറഞ്ഞിരിക്കുന്നത്. രണ്ടുപേരും ഒപ്പിട്ടാല്‍ ഉടനെ താലികെട്ടും.''

"നാളെ രാഹുകലമാണ്...!''

"ആയ്‌കോട്ടെ , രാവു കയ്ഞ്ഞിട്ട് കെട്ടാലോ..അത് വരെ ആപ്പീസറെ ഞാന്‍ പറഞ്ഞി നിറുത്തിക്കോളാ...'' അവറാന്‍ പറഞ്ഞു.

"വൈകുന്നേരം അഞ്ച് മണിക്കേ രാഹുകഴിയൂ...''

"ങ്ങളെന്താ പറീണ് പണിക്കരേ, നാല് മണിക്ക് ആപ്പീസ് പൂട്ടൂലെ !. രാവുപോണവരെ ഓറ്റേളാരും കാത്തുനിക്കൂല. ഇതിനൊക്കെ ഒരു പരിഹാരല്ലേന്ന്..? വല്ല കാശിലോ, ഗംഗേലോ പോയി മുങ്ങികുളിച്ചാതീര്ണ പ്രശ്‌നല്ലേള്ളൂ...എത്രാള്‍ക്കാര് മൊഹബത്ത് മൂത്ത് ഓടിപ്പോയികല്യാണം കയ്ച്ചി എവടൊക്കെപോയി മുങ്ങികുളിച്ച് വന്ന് സുഖായിജീവിക്ക്ണ് പണിക്കരേ. ങ്ങള് വെര്‍തെ എടങ്ങേറ് ണ്ടാക്കല്ലി...''

പണിക്കകര്‍ക്ക് അവറാന്റെ സംസാരം പിടിച്ചില്ല.
"ഇയാളാരാ...?''

"ഞാനിയ്യാള്‍ടെ ചങ്ങായി.... അവറാന്‍..''

"ന്ന ചങ്ങായി ഒന്ന് പുറത്ത് പോണം....''  
പണിക്കരുടെ സ്വരം കടുത്തിരുന്നു. അവറാന്‍ കേശവന്‍കുട്ടിയെ നോക്കി. കേശവന്‍കുട്ടി കണ്ണുകൊണ്ട് പുറത്ത് പോയ്‌ക്കോളാന്‍ ആംഗ്യം കാണിച്ചു.

"വേണ്ടീര്‍ന്ന്ല്ല. ബെര്‍തെരിക്ക്ണ ചന്തീല് ചുണ്ണാമ്പിട്ട് പൊള്ളിച്ചപോലായല്ലോ പടച്ച തമ്പുരാനേ..''  അവറന്‍ പുറത്തേക്കിറങ്ങി.

"നിങ്ങളുടെ ജാതകമോ പൊരുത്തമില്ല. ഈ രണ്ട് ജാതകവും ചേരാന്‍പാടില്ല. ഇത് ദോഷജാതകമാണ്. ഇത് ചേര്‍ന്നാല്‍ വൈധവ്യം ഉറപ്പ്. അതായത് നിങ്ങള്‍ക്ക് അകാലമരണം വരെ സംഭവിക്കാം.. ശരി, അതിനൊക്കെ പരിഹാരങ്ങളും മൃത്യഞ്ജയഹോമമൊക്കെ നടത്തി മുക്തിനേടാംന്ന് കരുതാം. ന്നാലും നാളത്തെ ദിവസം അത്രക്ക് ദോഷാ.. ! നാളെ രാഹുകാലം കഴിയാതെ ഈ വിവാഹം നടന്നാല്‍ പിന്നെ ഒരു പരിഹാരക്രിയകളും ഫലവത്താവില്ല.. ഉറപ്പാ...''
പണിക്കര് അവസാന വാതിലും തഴുതിട്ടു.

"അപ്പോ എന്ത് ചെയ്യണം പണിക്കരേ..? നാളെകല്യാണം കഴിഞ്ഞ് രജിസ്ട്രാഫീസിന്ന് നേരെ കരിപ്പൂര് പോയി ബാംഗ്ലൂര്‍ക്ക് പറക്കാനാ ഞങ്ങളുടെ പ്ലേന്‍...മറ്റെന്നാള്‍ എനിക്ക് ജോലിക്ക് കയറിയേ ഒക്കൂ. ഏറ്റവും വലിയപ്രശ്‌നം എന്താണെന്ന് വെച്ചാല്‍ ഈ വരുന്ന മേയില്‍ അവളുടെ കല്യാണം ഉറപ്പിച്ചിരിക്യാ.. ചെക്കന്‍ ഇവിടടുത്തുള്ളൊരു സ്‌കുള്‍ മാഷാ... അത്രത്തോളം നീണ്ടുപോയാല്‍ പ്രശ്‌നമാണ്.... ''

പണിക്കര്‍ വീണ്ടും കവടിക്കൂട്ടങ്ങളില്‍ ചിലരെ ഗ്രഹങ്ങളുടെ പഥങ്ങളിലേക്ക് എറിഞ്ഞു... അവിടെ നിന്ന് സ്വരൂപിക്കപ്പെട്ട ജ്ഞാനം വലംകൈപത്തിയിലൂടെ പണിക്കരുടെ ഇന്ദ്രിയങ്ങളിലേക്ക് പ്രവേശിച്ചു.

" ഈ ജതകപ്രകാരമുള്ള പ്രശ്‌നങ്ങളൊക്കെ തരണംചെയ്യാനുള്ള മാര്‍ഗ്ഗങ്ങളൊക്കെ തുറന്നിട്ടുണ്ട്. പേടിക്കേണ്ട. എല്ലാറ്റിനും മാര്‍ഗ്ഗമുണ്ട്. ഞാന്‍ നല്ലൊരു ദിവസം പറയാം. അധികം അകലെയല്ല. അടുത്തുതന്നെ. ഏപ്രില്‍ മാസത്തില്‍ നാട്ടില്‍ വരാന്‍ പറ്റുമോ.? കാരണം വരണ മാര്‍ച്ച് 23 വരെ നിങ്ങള്‍ക്ക് കഷ്ടകാലാ.. അതിന് ശേഷമാണെങ്കില്‍ ഏറ്റവും അനുകൂലവും, സൗഭാഗ്യങ്ങള്‍ക്ക് ഹേതുവുമാകുന്ന കാലങ്ങളാ മാര്‍ച്ച്  ഇരുപത്തിനാല്മുതല്‍ വരുന്നത്. 24ന് ശേഷം ഏതെങ്കിലുമൊരു ദിവസം നിങ്ങള്‍ തീരുമാനിക്ക്. ഏപ്രില്‍ രണ്ട്. അതായത് മീനം ഇരുപത്, അന്നായിക്കോട്ടെ. അന്ന് വരാന്‍ പറ്റില്ലേ..? ''

പണിക്കര്‍ ആദിവസത്തിന്റെ ഗുണങ്ങളൊക്കെ പറഞ്ഞ് കല്യാണം ഏപ്രില്‍ രിണ്ടിലേക്ക് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടു...

 "നിങ്ങള്‍ റെജിസ്ട്രാഫീസിലൊന്നും കേറിനെരങ്ങേണ്ടതില്ലല്ലോ.ഏതെങ്കിലൊരമ്പലത്തില്‍ പോയി താലികെട്ട്. അത് ബാംഗ്ലൂരിലായാലെന്ത് ! പിന്നെ നിയമത്തിന്റെ മുന്നിലേക്ക് ചെല്ലൂ. അവിടെ നിങ്ങള്‍ക്കല്ലെ സുരക്ഷയുള്ളത്. പിന്നെന്തിന് പേടിക്കണം...?''

പ്രശ്‌നപരിഹാരമാര്‍ഗ്ഗങ്ങളൊക്കെ കടലാസ്സില്‍ എഴുതിവേടിച്ച് പണിക്കര്‍ക്കുള്ള കാശുംകൊടുത്ത് കേശവന്‍കുട്ടി പുറത്തേക്കിറങ്ങി. പുളിമരച്ചുവട്ടില്‍ അവറാന്‍ കാത്തുനിന്നിരുന്നു.

'' ഹൗ, ഇയ്യാള് വല്ലാത്തൊരുയാതീയാ ണല്ലോ പടച്ചോനേ ! മാണ്ടീര്‍ന്നില്ല. ഓരോവയ്യാവേലി തോന്ന്ണത്. ങ്ങള് മേന്‍നേ,
ഇതൊന്നും കാര്യാക്കണ്ട, നാളെ ഓളെംകൂട്ടി കല്യാണം ഒപ്പിട്ട് നാട് വിടാന്‍നോക്ക്. ജാതകം ചേരൂലത്രേ.! പ്പോ ഞങ്ങളൊക്കെ ജാതകം നോക്കീട്ടാ കല്യാണം കയ്ക്കണത്..! ഓരോരോ അന്ധവിസ്വാസങ്ങള്...!"

"ഇതല്ലല്ലോ നീ നേരത്തെ പറഞ്ഞത്. ?  അവറാനെ പണിക്കര് പറഞ്ഞതിലും കാര്യണ്ട്...വിഘ്‌നങ്ങള്‍ പ്രശ്‌നാണ്...അതൊക്കെ ഒഴിയട്ടെ. മാര്‍ച്ച് കഴിഞ്ഞാലാത്രേ  എന്റെ ശനിദശമാറുള്ളു, പണിക്കര് വ്യക്തമായി പറഞ്ഞൂ. ശനിദശകഴിയുന്നതിന് മുന്നെ ശുഭകാര്യങ്ങളൊന്നും ചെയ്യെണ്ടെന്നാ പണിക്കര് പറേണത്...''

''ഓ ന്റെ പണിക്കരേ, കൊലച്ചതിയാണല്ലോ ങ്ങള് കാണിച്ചത്... അല്ല ശനിദശമാറ്‌ണേന്റ മുപ്പട്ട് പൊറാട്ട തിന്ന്‌ണെയ്‌ന് വല്ലപ്രശ്‌നോണ്ടാന്നും
കുടെ ചോയ്‌ച്ചോ
ക്കാര്‍ന്നില്ലേ...''

"പൊറോട്ടൊക്കെ തിന്നാടോ വാ...''

 കേശവന്‍കുട്ടി അവറാന്റെ കൈപിടിച്ച് കുഞ്ഞുകുട്ടേട്ടന്റെ ചായപ്പീടികയിലേക്ക് കയറി. കടയില്‍ തിരക്ക് ഇല്ലായിരുന്നു. അവറാന്‍ ഓര്‍ഡർ കൊടുത്തു,
''കുഞ്ഞുട്ടേട്ടാ, രണ്ട് സെറ്റ് പൊറാട്ടീം ബീഫും പോരട്ടേ...''

"അയ്യോ പൊറാട്ടിം ബീഫും കഴിഞ്ഞല്ലോ, കട്ടന്‍ചായീം പപ്പടം വറത്തതും മാത്രേള്ളു...'' കുഞ്ഞുകുട്ടേട്ടന്‍ പറഞ്ഞു.

"ഹൗ ന്റെ കള്ളപ്പണിക്കരേ...ഏത്‌ നേരത്താ അന്റെ ഒലക്കേലെ ബോര്‍ഡ് ന്റെ കണ്ണീപെട്ടത്...!''

 അവറാന്റെ നെഞ്ചത്തടിച്ചുള്ള ആത്മഗതം കേട്ട് കേശവന്‍കുട്ടിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഓരോകട്ടന്‍ ചായകുടിച്ച് രണ്ട്‌പേരും അവിടെനിന്നിറങ്ങി.

പിറ്റേന്ന് കേരളസര്‍ക്കാരിന്റെ പ്രതിനിധിയുടെ മുന്നില്‍വെച്ച് സുമംഗലിയാവാന്‍ തയ്യാറിയിരുന്ന അമ്മിണികുട്ടി, കേശവന്‍കുട്ടിയുടെ ഫോണ്‍വന്നതുമുതല്‍ അസ്വസ്ഥയാണ്. ഇതുവരെ ചിന്തിക്കാത്ത രാഹുകാലവും ഗുളികകാലവും വൈധവ്യയോഗവും വന്നുകേറിയവഴിയറിയാതെ അമ്മിണികുട്ടി അട്ടത്ത് നോക്കിയിരുന്നു. എന്തുപറ്റി കേശവന്‍കുട്ടിക്ക് !. അത്രയൊന്നും വിശ്വാസിയല്ലാത്തയാള്‍ എങ്ങനെയാണ് ഈ തീരുമാനത്തിലെത്തിയതെന്ന് അമ്മിണകുട്ടിക്ക് ആലോചിച്ചിട്ടൊരു പിടിയും കിട്ടുന്നില്ല. എന്തായാലും പണിക്കര് ഏപ്രില്‍ ഒന്നിന് കെട്ടിക്കോളാന്‍ പറഞ്ഞില്ലല്ലോ..കാലാകാലം ഏപ്രില്‍ഫൂളിന്റെകൂടെ വിവാഹവാര്‍ഷികം അഘോഷിക്കേണ്ടി വന്നേനെ..സമാധാനം.

നാളെ പോവുമ്പോളെടുക്കാനായി മാറ്റിവെച്ച സ്വര്‍ണങ്ങളും വസ്ത്രങ്ങളും യഥാസ്ഥാനത്ത് കൊണ്ടുവെച്ച് അത്താഴംപോലും കഴിക്കാതെ അമ്മിണികുട്ടി ഉറങ്ങാന്‍ കിടന്നു. ഉറക്കത്തില്‍ അമ്മിണികുട്ടി ഒരു സ്വപനം കണ്ടു. ബംഗ്ലൂര്‍ ഐ.എസ്.ആര്‍.ഓ സ്‌പേസ് സെന്ററില്‍നിന്ന് കേശവന്‍കുട്ടി വാലിന്‍മേല്‍ തീകൊളുത്തിവിട്ട റോക്കറ്റ് പകുതിപൊങ്ങി പിന്നെ അമ്മിണികുട്ടിയുടെ തലമണ്ടയില്‍ വന്ന് വീണു. അമ്മിണികുട്ടി ഞെട്ടിയെഴുന്നേറ്റു..

''ഹാവു ദൈവമേ സ്വപ്‌നമായിരുന്നോ..! എന്നാലും വല്ലോത്തൊരു സ്വപനായിപ്പോയി.. പണിക്കര് പറഞ്ഞത് ശരിയായിരിക്കും. ഇപ്പോ ചീത്തസമയാവും. അതോണ്ടാ കേശുവേട്ടന്‍വിട്ട റോക്കറ്റ് തലേംകുത്തി വീണത്. അപ്പോ മാര്‍ച്ച് ഇരുപത്തിനാലാംതികഴിഞ്ഞോട്ടെ. ഏപ്രില്‍ രണ്ടാംതിയ്യതി കേശവുവേട്ടന്‍വിടണ റോക്കറ്റ് ലക്ഷ്യത്തിലെത്തും...'' അമ്മിണികുട്ടി സുഖമായുറങ്ങി. പിറ്റേന്ന് കേശവന്‍കുട്ടി ബാംഗ്ലൂരിലേക്ക് തിരിച്ചുപോയി.

കഷ്ടംകാലം മാറി നല്ലംകാലം വരാന്‍ പണിക്കര്‍ പറഞ്ഞപ്രകാരമുള്ള വഴിപാടുകള്‍ ഇന്ത്യയുടെ രണ്ട് തെക്കന്‍ സംസ്ഥാനങ്ങളിലിരുന്ന് രണ്ട് പ്രേമമിഥുനങ്ങള്‍ തകൃതിയായിചെയ്തതില്‍ വല്ല വീഴ്ചയും സംഭവിച്ചാവോ!  മാര്‍ച്ച് 24 ന് ഇന്ത്യന്‍ പ്രധാനമന്ത്രി കോവിഡന്റെ പാശ്ചത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു . ജനജീവിതം വീട്ടകങ്ങളില്‍ ബന്ധിക്കപ്പെട്ടു.  കര്‍ശനമായ യാത്ര വിലക്കുകളും വന്നതോടെ ഏപ്രില്‍ ഒന്നിന് കരിപ്പൂരിലേക്ക് പറന്നിറങ്ങാനുള്ള വിമാനടിക്കറ്റ് കേശവന്‍കുട്ടിയെനോക്കി ഏപ്രില്‍ ഫൂളാക്കി ചിരിച്ചു. അയാള്‍ ടിക്കറ്റ് വലിച്ചുകീറി ചവറ്റ്കുട്ടയിലേക്കിട്ടു. ഏപ്രില്‍ രണ്ടിന് തട്ടിന്‍പുറത്തെ ജനലഴികളിലൂടെ അമ്മിണികുട്ടി ആകാശത്തേക്ക് നോക്കിയിരുന്നു. കഷ്ടകാലം മാറിയിട്ടില്ല. ഏതെങ്കിലും റോക്കറ്റ് വന്ന് വീണാലും
മതി...!

ദിവസങ്ങള്‍ കടന്നു പോയി. കോവിഡ് പിടിമുറുക്കുന്നതിനനുസരിച്ച് ലോക്ഡൗണ്‍ നീണ്ടുപോയി.
കോവിഡിനേക്കാളും വലിയ വില്ലനായി സ്‌കൂള്‍മാഷ് കേശവന്‍കുട്ടിയുടെ ഉറക്കം കെടുത്തികൊണ്ടിരുന്നു.ഏപ്രില്‍ കഴിയാറായി. അതിര്‍ത്തികടക്കാനുള്ള പാസ് ഇതുവരെ കിട്ടിയിട്ടില്ല. സ്‌കൂള്‍മാഷാണെങ്കില്‍  കോവിഡ്കാലം ചിലവ് ചുരുക്കാന്‍
പറ്റിയസമയമാണല്ലോ എന്ന സന്തോഷത്തില്‍ അമ്മിണികുട്ടിയുടെ ഭ്രമണപഥത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. അമ്മിണിയും സ്‌കുള്‍മാഷും ഒരേ ഭ്രമണപഥത്തിലെത്തുന്നതിന് മുന്നെ ഇടയില്‍ കയറി കേശവഗ്രഹണം ഉണ്ടാക്കിയില്ലെങ്കില്‍ സ്‌കൂള്‍മാഷിന്റെ ഭ്രമണപഥത്തിലൂടെ അമ്മിണികുട്ടി കറങ്ങാന്‍ തുടങ്ങും. അതനുവതിക്കാന്‍ പാടില്ല. ഐ. എസ്. ആര്‍. ഓ കേന്ദ്രത്തില്‍ പുതിയ റോക്കറ്റുണ്ടാക്കി എങ്ങോട്ടൊക്കെ വിടണമെന്ന് ചിന്തിക്കുന്നവരില്‍നിന്ന് മാറി, അമ്മിണകുട്ടിയെ എങ്ങനെ അടിച്ചുമാറ്റാം എന്ന് ചിന്തിച്ചിരിക്കുന്ന കേശവന്‍കുട്ടി ഒരു പണിക്കരുടെ വാക്കുകേട്ട് എടുത്ത മണ്ടന്‍തീരുമാനത്തില്‍ സ്വയം ലജ്ജതോന്നി കമ്പ്യട്ടറിന്റെ കീബൊര്‍ഡെടുത്ത് മേശമേല്‍ അടിച്ചു. ഇരച്ചുകയറിയ ദേഷ്യത്തില്‍ പണിക്കരെ വിളിച്ച്
രണ്ട് തെറിപറയാന്‍ അയാളുടെ നമ്പറില്‍ ഡയല്‍ചെയ്തു. അങ്ങേതലക്കല്‍ ബെല്ലടിക്കുന്നുണ്ട്. എുടക്കുന്നില്ല. പണിക്കരുടെ വീട്ടിലെ നമ്പറാണ്. വിളിച്ച് ചൂടുള്ള രണ്ട് വര്‍ത്തമാനം പറയണം. നിരന്തരം ശ്രമിച്ച് വിളിച്ചപ്പോള്‍ അങ്ങേതലക്കല്‍ ആരോ ഫോണെടുത്തു.
 
'' ഹോലോ... പണിക്കരെ ഒന്ന് കിട്ടണമല്ലോ . ഞാന്‍ ബാംഗ്ലൂരില്‍ നിന്നാവിളിക്കുന്നത്...''

അങ്ങേ തലക്കല്‍ മൗനം....

"ഹലോ.. ഹലോ.. ഞാന്‍ പറയുന്നത് കേള്‍ക്കുന്നില്ലേ...?''

"ഉണ്ട് കേള്‍ക്കുന്നുണ്ട്....''

"പണിക്കരെ വിളിക്കൂ...''

"പണിക്കര്‍........പണിക്കര്‍..... കിടന്നു...''

"കിടന്നോ..! ഈ സമയത്തോ? ഇപ്പോ സമയം രാവിലെ പതിനൊന്നല്ലേ...ഇപ്പോ എന്ത് കിടത്തം..?''

"അവസാനത്തെ കിടത്താ....! ഇടനാഴികയില്‍ കിടത്തിയിട്ടുണ്ട്. ഒരുമകനും കൂടെ എത്താനുണ്ട്. അയാള്‍ പാലക്കാട് അതിര്‍ത്തിയില്‍ എത്തിയിട്ടുണ്ട്. പോലീസ്‌കാരുടെ സഹായത്താല്‍ അയാളിവിടെഎത്തും. അതിന് ശേഷം തെക്കോട്ടെടുക്കും....!"

"അയ്യോ എന്ത് പറ്റി..?"

"കോവിഡായിരുന്നു....അറഞ്ഞില്ല. മുന്‍കുട്ടി അറിയാന്‍ കഴിഞ്ഞില്ല..."

കേശവന്‍കുട്ടി ഫോണ്‍വെച്ചു. അയാളുടെ ചിന്താശേഷിക്ക് രക്തംകൊടുക്കുന്ന ഞെരമ്പുകളെല്ലാം വലിഞ്ഞുമുറുകി പൊട്ടാറായി. ഇനിയും ചിന്തിച്ചാല്‍ ഐ.എസ്.ആറോ യില്‍ ഓ പോസറ്റീവ് രക്തമൊഴുകുമെന്ന് പേടിച്ച് കേശവന്‍കുട്ടി ഓഫീസില്‍ നിന്ന് പുറത്തേക്കിറങ്ങി.
മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചു .അമ്മിണികുട്ടിയാണ്,

"കേശുഏട്ടാ, കല്യാണ തിയ്യതി നിശ്ചയിച്ചു. ആരെയും ക്ഷണിക്കാന്‍ പറ്റാത്തകാലായോണ്ട് അമ്പലത്തില്‍ വെച്ച് ചെറിയൊരു ചടങ്ങ് നടത്തി എന്നെ ആ സ്‌കൂള്‍മാഷ്ടെ കൂടെ പറഞ്ഞുവിടാനാണ് തീരുമാനം. എങ്ങനെങ്കിലും കേശുഏട്ടന്‍ വന്നേപറ്റൂ ..''

"ന്റെ പൊന്നമ്മിണീ , സ്റ്റേറ്റ് അതിര്‍ത്തി കടന്ന് വരാന്‍ വേണ്ടി ഒരു പാസ്സ്‌ക്കിട്ടാന്‍ എത്രദിവസ്സമായി കഷ്ടപ്പെടുണൂ, കിട്ടണ്ടേ! പാസില്ലാതെ അതിര്‍ത്തി കടക്കാന്‍ പറ്റില്ല. അതിന് വേണ്ടിയുള്ള ശ്രമത്തിലാണ്. മെയ് 20ന് മുന്നേ ഞാനവിടെ വരും .നീ ടെന്‍ഷനാവാതിരിക്കൂ."

"തോക്ക്പിടിച്ച പട്ടാളക്കാരുടെ കണ്ണുവെട്ടിച്ച് തീവ്രവാദികള്‍ മ്മടെ അതിര്‍ത്തി കടന്നുവരുന്നതിലും റിസ്‌ക് ഉണ്ടോ കേശുവേട്ടാ കേരള അതിര്‍ത്തി നുഴഞ്ഞു കയറാന്‍ ! ആവശ്യക്കാരന് ഔചിത്യമില്ലാട്ടോ, പറഞ്ഞേക്കാം ''

പെണ്‍ബുദ്ധി മുന്‍ബുദ്ധിയാണെന്ന് പറഞ്ഞുകട്ടറിവേ ഉള്ളൂ. കേശുവിന്റെ മനതാരില്‍ ഒരു കിലോ ലഡ്ഡു പൊട്ടി. അവന്‍ ഒരു കന്നഡ ലോറിക്കാരന്റെ സഹായത്തില്‍ കേരള അതിര്‍ത്തികടന്നു .
ലോറിക്കാരന്‍ കേശവൻ കുട്ടിയെ കോഴിക്കോട്‌ തെരുവില്‍ ഇറക്കിവിട്ടു. അവിടെനിന്ന് ചെറിയൊരു ഹാന്‍ഡ്ബാഗും പിടിച്ചു ചപ്രതലയനായി നടക്കാന്‍ തുടങ്ങിയ കേശവന്‍ കുട്ടി, ഒരുപണിയുമില്ലാതെയിരിക്കുന്ന കൊറോണ നിരീക്ഷകരായ സദാചാരകമ്മറ്റികളുടെ കണ്ണില്‍ പെട്ടു. പോലീസ് വന്നു കേസെടുത്തു, അനധികൃതപ്രവേശനം, ലോക്ക്‌ഡോണ്‍ ലംഘനം അങ്ങനെ പലതും കേസ് ഷീറ്റില്‍ എഴുതിച്ചേര്‍ത്തു. ഹെല്‍ത്തുകാര്‍ക്ക് കൈമാറ്റപ്പെട്ട കേശവന്‍കുട്ടി ഇന്‍സ്റ്റിട്യൂഷണല്‍ കോറന്റെയിനില്‍ ബന്ദിയാക്കപ്പെട്ടു . കൊറന്റൈന്‍ ഹാളില്‍ കിടന്നു കേശു ചിന്തിച്ചു, എത്ര സൗമ്യമായി ഒഴുകികൊണ്ടിരുന്ന ജീവിതമാണ് വളരെ ഈസിയായി ഒരു ഭാവി നോട്ടക്കാരന്‍ അലങ്കോലമാക്കിയത് !

ഇനി എഴ് ദിവസമേ അമ്മിണികുട്ടിയും മാഷും തമ്മില്‍ സന്ധിക്കാനുള്ള ദൂരമുള്ളൂ . കൊറന്റൈന്‍ ചാടികടന്ന് നാട്ടിലെത്താന്‍തന്നെ അവന്‍ തീരുമാനിച്ചു. രാത്രിയാവട്ടെ ..
രാത്രിയായില്ല അതിനുമുന്നെ കോവിഡ് ടെസ്റ്റ് റിസള്‍ട്ട് വന്നു, കേശവന്‍ കുട്ടി പോസറ്റിവ് !  ചതിച്ചല്ലോ ദൈവമേ. അയാള്‍ കിടക്കയിലേക്ക് മലര്‍ന്നടിച്ചു വീണു. ലോറി ഡ്രൈവറില്‍ നിന്നായിരിക്കും അസുഖം പകര്‍ന്നത്. കേരളത്തിന്റെ കോവിഡ് പ്രതിരോധ സംവിധാനങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചു.  ലോറിഡ്രൈവറെ കണ്ടെത്താന്‍ അവര്‍ ട്വെന്റിഫോര്‍ ചാനലിലെയും മനോരമ ചാനലിലെയും റൂട്ട്മാപ്പ് വരക്കാരുടെ സഹായം തേടി. അവര്‍ പുറത്തുവിട്ട വഴിയിലൂടെ നെട്ടോട്ടമോടി ഡ്രൈവറെ കണ്ടെത്തി. വിവരം അമ്മിണികുട്ടി അറിഞ്ഞു. ഫോണ്‍ വഴി അസുഖം പകരുമോ എന്ന് പോലും അവള്‍ ഭയന്നു. കേശവന്‍കുട്ടിയെ കോഴിക്കോട് മെഡിക്കള്‍ കോളേജ് ഐസൊലേഷനിലേക്ക് മാറ്റി.

രണ്ടു ദിവസംകഴിഞ്ഞ രാത്രി. കേശവന്‍കുട്ടി ഐസൊലേഷന്‍ വാര്‍ഡില്‍നിന്ന് ചാടി. കോവിഡിനെ അയാള്‍ മറന്നു. പക്ഷെ പോലീസുകാര്‍ കർത്തവ്യം മറന്നില്ല .ഒരുമണിക്കൂറിനുള്ളില്‍ കേശുവിനെപോക്കി പ്രത്യകനിരീക്ഷണത്തിലാക്കി. അമ്മിണികുട്ടിക്ക് ഏകദേശം ബോധ്യമായിത്തുടങ്ങി, ഇനി മാഷെങ്കി മാഷ് ! വിധിയെ കൈനീട്ടി സ്വീകരിക്കുക. മേയ് ഇരുപതാം  തിയ്യതി പുലര്‍ന്നപ്പോള്‍ അവള്‍  ആഭരണങ്ങളും പട്ടുസാരിയും അണിഞ്ഞു നവവധുവായി ഒരുങ്ങി. പരമ്പരാകത വസ്ത്രങ്ങള്‍ക്കൊപ്പം കാലം പുതുതായി സമ്മാനിച്ച മുഖാവരണവും മുഖത്തുകെട്ടി  അച്ഛന്റെയും  സഹോദരങ്ങളുടെയും കൂടെ അമ്പലത്തിലേക്ക് യാത്രയായി.
മനുഷ്യരെ ഉള്ളതുകൊണ്ട് തൃപ്തരാവാന്‍ പഠിപ്പിച്ച കൊറോണ ഇഫ്ക്ടില്‍ അവളും ആ പാഠം പഠിച്ചിരുന്നു. കേശവന്‍കുട്ടിയില്ലെങ്കില്‍ കൃഷ്ണന്‍കുട്ടി ! ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക..! സാമൂഹിക അകലം പാലിച്ചുനിന്ന, വിരലിലെണ്ണാവുന്ന ബന്ധുക്കളുടെ സാന്നിധ്യത്തില്‍ സ്‌കൂള്‍മാഷ് ശങ്കരന്‍കുട്ടി അവളുടെ കഴുത്തില്‍ താലിചാര്‍ത്തി.  അങ്ങനെയവള്‍ മിസ്സിസ് ശങ്കരന്‍കുട്ടിയായി, മിസ്റ്റര്‍ ശങ്കരന്‍കുട്ടിയുടെ കൈപിടിച്ചു  അമ്പലത്തിന്റെ പടിവാതില്‍ കടന്നു പുറത്തെത്തിയപ്പോഴാണ് ഓട്ടോറിക്ഷയില്‍ കേശവന്‍കുട്ടി ഇടിവെട്ടിയപോലെ അവിടെ വന്നിറങ്ങിയത് .! കേശവന്‍കുട്ടിക്ക് മനസ്സിലായി, അമ്മിണികുട്ടി കൈവിട്ടുപോയി . ആ റോക്കറ്റ് തകര്‍ന്നു..!

അവിചാരിതമായി, പരിചയമില്ലാത്ത ഒരാള്‍ അവിടെയെത്തി തന്റെ ഭാര്യയെ തുറിച്ചുനോക്കുന്നത് കണ്ട്
സ്‌കൂള്‍ മാഷിന്റെ സഹചമായ സംശയബുദ്ധി ഉണർന്നു . കൃഷ്ണന്‍കുട്ടിമാഷ് ചോദിച്ചു,

"ആരാ, എന്റെ ഭാര്യയെ അറിയോ ?''

കേശവന്‍കുട്ടി ഉത്തരം പറഞ്ഞില്ല. അവന്‍ അമ്മിണികുട്ടിയെ മാത്രം നോക്കിനിന്നു.

"ആരാ ഹേ ? എന്താ ഹേ എന്റെ പത്‌നിയെ ഇങ്ങനെ നോക്കുന്നേ ?''

"എന്റെ റോക്കറ്റ് വീണു ...!''

"റോക്കറ്റാ ? ഏത് റോക്കറ്റ് ? ''

മാഷിന് ഒന്നും മനസ്സിലായില്ല. അമ്മിണികുട്ടിയുടെ അച്ഛനും ആങ്ങളമാരും സ്തബ്ധരായി നിന്നു. എന്തും സംഭവിക്കാം, കരുതിനില്‍ക്കണം .

"എന്റെ റോക്കറ്റ് വീണിട്ട് തന്റെ റോക്കറ്റ് അങ്ങനെ പറക്കണ്ട ''

പോക്കറ്റില്‍ നിന്ന് മൂക്കുപൊടി എടുത്ത് ഉള്ളംകയ്യിലിട്ട് തിരുമ്മി അതുമുഴുവനും  ഒറ്റവലിക്ക്  മൂക്കിനകത്തേക്കുകയറ്റി, കല്യാണമാലയും പൂച്ചെണ്ടും പിടിച്ചുനില്‍ക്കുന്നു ശുഭ്രവസ്ത്രധാരിയായ കൃഷ്ണന്‍കുട്ടിയെ കേശവന്‍കുട്ടി ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു തുമ്മാന്‍തുടങ്ങി. തുമ്മിയും ചുമച്ചും കേശവൻ കുട്ടി  കോവിഡിനെ കൃഷ്ണൻകുട്ടിമാഷിന്  കൈമാറി.
കേശവന്‍കുട്ടിയുടെ ധൃതരാഷ്ട്രാലിംഗനത്തില്‍ നിന്ന് രക്ഷപെടാന്‍ കൃഷ്ണന്‍കുട്ടി നടത്തിയ ശ്രമങ്ങളൊക്കെ പാഴായി . അമ്മിണികുട്ടിയും അച്ഛനും സഹോദരങ്ങളും അമ്പലത്തിലേക്ക് ഓടിക്കയറി കോവിഡില്‍നിന്ന് രക്ഷപ്പെട്ടു. ഒന്നുമറിയാതെ കൃഷ്ണന്‍കുട്ടിമാഷിന്റെ അമ്മ  അവിടെനിന്നിരുന്നു .
അമ്മ മകന്റെയടുക്കലേക്ക് വരുന്നത് കണ്ട കേശവന്‍കുട്ടി അലറി,

"തള്ളേ, ഇങ്ങോട്ട് വരരുത്.  നിങ്ങള്‍ക്ക് പ്രായമായി. ഇമ്മ്യൂണിറ്റി പവര്‍ കുറവാ. പ്രശ്‌നമാവും. അതുകൊണ്ട് അടുക്കരുത് അടുക്കരുത് ....''

എന്തോ അരുതാത്തതുണ്ടെന്ന് മനസ്സിലാക്കിയ മാഷിന്റെ അമ്മ അടുത്തില്ല .

ഒരു പോലീസ് ജീപ്പ് ചീറിപാഞ്ഞു അമ്പലമൈതാനിയില്‍ വന്നുനിന്നു. പിറകെ ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റിന്റെ ആമ്പുലന്‍സും എത്തി. പി. പി. കിറ്റണിഞ്ഞ പോലീസുകാര്‍ ചാടിയിറങ്ങി കേശവന്‍കുട്ടിയെ വലിച്ചു ആംബുലന്‍സിലേക്ക്  കൊണ്ടിട്ടു.

"എന്താ പ്രശ്‌നം ? എനിക്കൊന്നും മനസ്സിലായില്ല !'' മാഷ് പോലീസുകാരോട് ചോദിച്ചു .

"നിങ്ങളെന്തിനാ അയാളെ കെട്ടിപ്പിടിച്ചത് ?''

" അയ്യോ, അയാള്‍എന്നെയാ കെട്ടിപ്പിടിച്ചത്, കെട്ടിപ്പിടിച്ചതും പോരാ തുമ്മിയും ചുമച്ചും അയാളുടെ തുപ്പല് മുഴുവന്‍ എന്റെ ഡ്രെസ്സിലാക്കി വൃത്തികെട്ടവന്‍ ! ''

"നിങ്ങളും കേറിക്കോ ആംബുലന്‍സിലേക്ക് ."

"എന്തിന് ?"

"അയാള് മെഡിക്കല്‍കോളേജില്‍നിന്ന് ചാടിപ്പോന്ന കൊറോണ രോഗിയാണ്, മാനസികമായോന്ന് സംശയമുണ്ട് ...!''

കൃഷ്ണന്‍കുട്ടിമാഷ് പൊത്തോന്നും പറഞ്ഞു അമ്പല മൈതാനിയില്‍ മലര്‍ന്നടിച്ചു വീണു. മാഷിന്റെ നെഞ്ചത്ത് കാല്യാണമാലയും ബൊക്കെയും റീത്ത് വെച്ചപോലെ ഭംഗിയായി കിടന്നു. ഹെല്‍ത്തുകാര്‍ അയാളുടെ മുഖത്ത് വെള്ളംതെളിച്ച് ബോധം തെളിയിച്ചു. മാഷ് മെല്ലെയെണീറ്റു സ്വയം പരിചയപ്പെടുത്തി.

"നോക്കൂ, ഞാനൊരു സ്‌കൂള്‍മാഷാണ്...ആവശ്യം വേണ്ട മുന്‍കരുതലുകള്‍ ഞാനെടുത്തോളാം. ഇന്നെന്റെ ആദ്യരാത്രിയാണ്. കൊളമാക്കരുത്.പ്ലീസ്. ''

" മാഷേ, രോഗിയുടെ സ്രവങ്ങള്‍ നേരിട്ടുതന്നെ അണ്ഡകടാഹത്തിലേക്ക് അടിച്ചകയറിയതല്ലേ. എന്തായാലും വിദഗ്ധമായൊരു നിരീക്ഷണത്തിലിരിക്കേണ്ടത് ആവശ്യമാണ്.. ഞങ്ങളുടെകൂടെ വന്നോളൂ. ആദ്യരാത്രിയില്‍ തന്നെ അസുഖം പകര്‍ത്തുന്നത് ശുഭമല്ല മാഷേ..!''

മാഷ് ആമ്പുലന്‍സില്‍ കയറാന്‍ തയ്യാറാവാത്തതുകൊണ്ട് കറവമാടിനെ വലിച്ചുകണ്ടുപോവുന്നപോലെ ആരോഗ്യപ്രവര്‍ത്തകര്‍ മാഷിനെ ആമ്പുലന്‍സിലേക്ക് വലിച്ചു കയറ്റി . മാഷ് വിതുമ്പി,
"അയ്യോ എന്റെ ആദ്യരാത്രി പോയല്ലോ...."

കേശവന്‍കുട്ടിവന്ന ഓട്ടോറിക്ഷക്കാരനെയുംകൂടെ കയറ്റി ആമ്പുലന്‍സ് ഉറക്കെ കരഞ്ഞു പാഞ്ഞു.

അമ്പലത്തില്‍നിന്ന് അമ്മിണികുട്ടിയും അച്ഛനും ആങ്ങളമാരും  പുറത്തേക്ക് വന്നു .
മാഷിന്റെ അമ്മ പറഞ്ഞു ,

"അയാള് മാനസിക രോഗിയായലും ബുദ്ധിള്ളോനാ, എന്നോട് അടുത്ത് വരരുതെന്ന് പറഞ്ഞത് കണ്ടില്ലേ, ഞാന്‍ രക്ഷപ്പെട്ടു! ഗുരുവായൂരപ്പാ..!''

അമ്മിണികുട്ടി എല്ലാരോടുമായി ചോദിച്ചു,
 " ഇനി ഇരുപത്തിയെട്ട്  ദിവസംകഴിഞ്ഞേ മാഷ് പുറത്ത് വരൂ, ഞാനേത് വീട്ടിലേക്കാ പോവേണ്ടത് ?''

''ഇല്ലത്ത്ന്ന് ഇറങ്ങീലെ, അമ്മാത്തേക്ക് പോയെ പറ്റൂ, അമ്മായി അമ്മയുടെകൂടെ പൊയ്‌ക്കോ ..''

ആങ്ങളയാണ് പറഞ്ഞത് .
ഭര്‍ത്താവിന്റെ അഭാവത്തില്‍ അമ്മായിയമ്മയുടെ കൈപിടിച്ച് അവള്‍ ഭര്‍തൃഗൃഹത്തിലേക്ക് പോവാന്‍ കാറില്‍ കയറി. അവള്‍ കാര്‍ഡ്രൈവറോട് ചോദിച്ചു,

"ഡ്രൈവറേ, ഈ കാറിന്റെ ടോപ്പ് നല്ലോണം ഉറപ്പുണ്ടല്ലോ ല്ലേ...?''

"എന്തേ അങ്ങനെ ചോദിക്കാന്‍.?''

"വല്ല റോക്കറ്റും വന്ന് വീണാല്‍ തകരരുത്..''

"ഹേയ് . പത്ത് റോക്കറ്റ് ഒന്നിച്ചുവീണാലും ഇതിന്റെ ടോപ്പ് തകരൂല മോളേ...''

"സമാധാനായി...''

അമ്മിണികുട്ടി കണ്ണകളടച്ച് അമ്മായിയമ്മയുടെ ഓരംചാരിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക