Image

കന്നഡ ഭാഷയും ഒരു ഇഞ്ചിക്കഥയും (രമ്യ മനോജ് ,അറ്റ്ലാന്റാ)

Published on 18 June, 2021
കന്നഡ ഭാഷയും ഒരു ഇഞ്ചിക്കഥയും (രമ്യ മനോജ് ,അറ്റ്ലാന്റാ)
2007 ൽ പൂനെഎന്ന സിറ്റിയിൽ നിന്ന് ബാംഗ്ളൂർ എന്ന മെട്രോപോളിറ്റൻ സിറ്റിയിലേക്ക് പറിച്ചു നടേണ്ട സാഹചര്യം വന്നപ്പോൾ ആശങ്കകളും ആകുലതകളും മാത്രമായിരുന്നു എന്റെ മനസ്സിൽ ..
ആ നഗരവുമായി യാതൊരു ബന്ധവുമില്ല , ബന്ധുക്കൾ ഇല്ല, ഭാഷ അറിയില്ല. എനിക്കാണെങ്കിൽ ഹിന്ദി കുറച്ചു കുറച്ചു മാലും , മറാഠി വളരെ കുറച്ചു , തമിഴ് കുറച്ച്, മലയാളം ആണെങ്കിൽ നിറച്ച് അറിയാം ..
മൂത്ത മകളെ ഞാൻ ഗർഭിണിയായിരിക്കുന്ന  സമയം കൂടെ ആയിരുന്നു അത്..
വീട് തേടി നടന്ന് നടന്ന് കിട്ടിയത് ഒരു കന്നഡക്കാരന്റെ പുതിയ വീട് , നാല് നിലയിലായി 12 കുടുംബത്തിനു കഴിയാം  ..അതിൽ ഒന്നിൽ വീട്ടുടമസ്ഥനും കുടുംബവും ആണ് താമസം .അവരുടെ തൊട്ടു തന്നെ ഉള്ള റൂമിൽ ഞങ്ങൾ .. അടുത്തെങ്ങും ഒരു മലയാളി കുടുംബം ഉണ്ടായിരുന്നില്ല ..
ആ കെട്ടിടം പണി കഴിഞ്ഞപ്പോൾ ,ആദ്യമായി താമസിക്കാൻ ചെന്നത്, ആദ്യത്തെ അഡ്വാൻസ് കൊടുത്തത് എല്ലാം ഞങ്ങളായിരുന്നു എന്നതുകൊണ്ടു അവർക്കു ഞങ്ങളോട് ഒരു പ്രത്യേക സ്നേഹമായിരുന്നു..
ഇനി കന്നഡ ആളുകളെ  കുറിച്ചു പറയുകയാണെങ്കിൽ അവരിൽ വിദ്യാഭ്യാസം നേടിയവർ വളരെ കുറവാണ് , പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്തവർ  വരെ , ഒരു 80 , 90 കാലഘട്ടത്തിൽ ഉണ്ടായിരുന്നു ..
ബാംഗ്ളൂർ ഐടി കമ്പനികൾ വരാൻ തുടങ്ങിയതോടെ പലരും കൃഷി സ്ഥലമെല്ലാം  വിറ്റ് കോടീശ്വരൻമാരായി , പൂ കൃഷി , മുന്തിരിതോട്ടം, പച്ചക്കറി കൃഷി എല്ലാം ആയി സാമ്പത്തിക സ്ഥിതി ഉള്ളവരാണ് അധികം ആളുകളും ..
മലയാളികളോട് അവർക്ക് പ്രത്യേക  ബഹുമാനവും ഇഷ്ടവുമാണ് എന്നു തോന്നിയിട്ടുണ്ട് പലപ്പോഴും ..
  വീട്ടുടമസ്ഥൻ ഒരു 40 നോടടുത്ത പ്രായം , അയാളുടെ ഭാര്യക്കു  ഒരു 35 ഉം ഉണ്ടാകും 2007 ൽ ..അവർക്ക് രണ്ട് മക്കൾ.
     വീട്ടുടമസ്ഥ യുടെ പേര് കലാവതി 'കലാ ആന്റി ' എന്നു നമുക്കു വിളിക്കാം , 6 അടി പൊക്കവും അതിനു അനുസരിച്ച വണ്ണവും ,ഗാംഭീര്യമുള്ള ശബ്ദവും സദാ ചിരിക്കുന്ന മുഖവും ആണ് അവർക്ക് .. ആ സ്ത്രീ ആയിരുന്നു ആ കെട്ടിടത്തിന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് .അവരെ ആ ചുറ്റുവട്ടത്തുള്ള എല്ലാവർക്കും ഭയമായിരുന്നു...
     അവരുടെ ഭർത്താവ് 'ആഞ്ജനേയ അങ്കിൾ' ഒരു പാവം മനുഷ്യൻ ആയിരുന്നു അയാൾക്ക് ആ സ്ത്രീയേക്കാൾ പൊക്കം കുറവായിരുന്നു, ഗവൺമെന്റ് ബസ്സ് ഡ്രൈവർ ആയിരുന്നു, രാവിലെ ജോലിക്കു പോകും വൈകീട്ടു വന്നാൽ കുറേ കന്നഡ ,തെലുങ്കു കോമഡി പടങ്ങൾ കണ്ടു ഉറക്കെ ചിരിക്കും അയാൾ .. ഈ ലോകത്തിൽ എന്തു കാര്യം നടന്നാലും തനിക്കു ഒന്നും ഇല്ല എന്നപോലെ ഉളള ഭാവവും സന്തോഷവാനുമായിരുന്നു സദാസമയം ..
താമസം ആക്കിയതു മുതൽ കുട്ടികൾ സമയം കിട്ടുമ്പോൾ എന്റെ അടുത്തു വരുമായിരുന്നു. അവർക്ക് പതിയെ ട്യൂഷൻ എടുക്കാൻ തുടങ്ങി ഞാൻ,
 കുട്ടികൾക്ക് ചില ഇംഗ്ളീഷ് വാക്കുകൾ അറിയാം എന്നല്ലാതെ  നന്നായി സംസാരിക്കാൻ അറിയില്ലായിരുന്നു .. കന്നഡ മാത്രമേ പറയാൻ അറിയുകയും ഉള്ളൂ, എനിക്കാണെങ്കിൽ കന്നഡ ഭാഷ എഴുതിയിരിക്കുന്നതു കാണുമ്പോഴേ  ജിലേബി പോലെ തോന്നുമായിരുന്നു അന്ന് ...
 അവരുടെ വീട്ടിൽ എന്തു ഭക്ഷണം ഉണ്ടാക്കിയാലും അതിൽ നിന്ന് ഒരു ഓഹരി എനിക്കു രാവിലെയും ഉച്ചക്കും കൊണ്ടുതരും . ഭക്ഷണത്തിനു പിന്നെ ഭാഷ ഒരു പ്രശ്നം അല്ലാത്തതു കൊണ്ടും നല്ല രുചിയുള്ളതായിരുന്നതുകൊണ്ടും ഞാൻ കിട്ടിയപാടേ  അതു അകത്താക്കും ,ചിരിക്കും ,താങ്ക്സ് പറയും ..  
കലാ ആന്റി 4 ക്ളാസ്സ് വരയേ പോയിട്ടുള്ളൂ,ഒരുവാക്ക് പോലും ഇംഗ്ളീഷ് അറിയില്ല .. എന്നാലും ദിവസവും     വന്ന് എന്നോട് എന്തെല്ലാമോ കുറേ  വർത്തമാനം പറയും .അവരുടെ എട്ടാം ക്ളാസ്സ് പഠിക്കുന്ന മകൾ തർജ്ജമ ചെയ്യാൻ ഇടയിൽ ഉണ്ടാകും ..
ആഞ്ജനേയ അങ്കിൾ പുറത്തു പോയി വരുമ്പോൾ നിറയേ ഫ്രൂട്ട്സ് കൊണ്ടുവരും , അതിൽ നിന്ന് ഒരു പങ്ക് എനിക്കുള്ളതാണ് അതു വേണ്ട എന്നു പറഞ്ഞാൽ പിന്നെ വിഷമമായി,  പിണക്കമായി അങ്ങനെ ഞാൻ പതിയെ അവരുടെ വീട്ടിലെ ഒരു അംഗമായി... ഇവൾ എന്റെ മൂത്തമകളാണ് എന്നാണ് പലരുടെ അടുത്തും എന്നെ പരിചയപ്പെടുത്തുന്നതു തന്നെ.
പരസ്പരം സ്നേഹിക്കുന്നതിനും,മനസ്സിലാക്കുന്നതിനും ഭാഷയോ ,ജാതിയോ ,നിറമോ ഒന്നും ഒരു തടസ്സമല്ല എന്ന യാഥാർത്ഥ്യം ഞാൻ തിരിച്ചറിഞ്ഞു..
കലാ ആന്റി ഒരു അമ്മയെ പോലെ എന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുമായിരുന്നു ,
കല്യാണം കഴിഞ്ഞ പെൺകുട്ടികൾ മൂക്കുകുത്തണം, പാദസരം ഇടണം,കുങ്കുമം വെക്കണം, പൂവ് വെക്കണം ഇതെല്ലാം  പറഞ്ഞുകൊണ്ടേ ഇരിക്കുമായിരുന്നു, എന്നെ മൂക്കുകുത്താൻ കൊണ്ടുപോയി  മൂക്കുത്തിയും വാങ്ങിതന്നത് കലാന്റിയാണ്.
പഠിക്കാൻ കഴിയാത്തത് അവർക്ക് വളരെ വലിയ ഒരു വിഷമം ആയിരുന്നു ..മകളെ അവൾക്കു ഇഷ്ടമുള്ളതു വരെ പഠിപ്പിക്കും എന്ന് എപ്പോഴും പറയുമായിരുന്നു ...
അങ്ങനെ ഇരിക്കെ, ഒരു ദിവസം വീട്ടിൽ ഇഞ്ചി ഇല്ല, എനിക്കു അത്യാവശ്യമായി ഇഞ്ചി വേണമായിരുന്നു , ആന്റിയുടെ അടുത്തു ചോദിക്കാം എന്നു വിചാരിച്ചു പോയി ,
ജിഞ്ചർ ഉണ്ടോ ? എന്നു ചോദിച്ചു , അദ്രക് ? എന്ന് ചോദിച്ചു , ആൾക്ക് മനസ്സിലാകുന്നില്ല , കുട്ടികൾ സ്കൂളിൽ പോയിരിക്കുന്നു,
ഇഞ്ചി എന്ന് ഞാൻ പല രീതിയിൽ ചോദിച്ചു, പല ആംഗ്യത്തിൽ കാണിച്ചു , ഒരു രക്ഷയുമില്ല ( അന്ന് ആൻഡ്രോയിഡ് ഫോൺ ഇറങ്ങിയിട്ടില്ല , അല്ലെങ്കിൽ ഗൂഗിൾ രക്ഷകനായേനേ ) അവസാനം ഞാൻ പറഞ്ഞു ,”പിന്നെ മതി അത്യാവശ്യം ഇല്ല “എന്ന് ..
എന്നാൽ അവർ സമ്മതിക്കുമോ !!
അവർ അവർക്കു അറിയാവുന്ന കന്നഡ സ്ത്രീകളെ മുഴുവൻ വിളിച്ചു ചോദിച്ചു തുടങ്ങി!! ജിഞ്ചർ ഗൊത്താ ? നിമക്കെ ജിഞ്ചർ ഗൊത്താ ? (നിങ്ങൾക്ക് ജിഞ്ചർ എന്താണെന്നുഅറിയുമോ)
ഞാൻ ഇടക്കു പറയുന്നുണ്ട് " ആന്റീ ബേടാ ,ബേടാ ആന്റീ" (ആകെ അറിയാവുന്ന കന്നഡ വാക്കായിരുന്നു ,  വേണ്ട' എന്ന്)
അവരുണ്ടോ കേൾക്കുന്നു , ആ സമീപ ബിൽഡിംഗുകളിലെ സകലമാന കന്നഡ ക്കാരെയും വിളിച്ചു കൂട്ടി , ആർക്കും അറിയില്ല .എല്ലാവരും വളരെ ചർച്ചയിലാണ് ,അവിടെ കൂടിയ സ്ത്രീകൾ അവർക്കു അറിയാവുന്നവരെ വിളിക്കുന്നു, ആലോചിക്കുന്നു, ആകെ ബഹളമയം !!
ഞാൻ ആണെങ്കിൽ ഏതവനാണാവോ ഈ കന്നഡ കണ്ടുപിടിച്ചത്!! ഇനി ജീവിതത്തിൽ ആരോടും ജിഞ്ചർ എന്നു ചോദിക്കരുത്!!  ബേടാ ആന്റി എന്നു ഇടക്കു പറയുന്നുണ്ടെങ്കിലും ,"നിനക്കു ബേടേ !നീ ജിഞ്ചറും കൊണ്ടു പോയാൽ മതി "എന്ന ഭാവം അവിടെ കൂടിയ ഓരോരുത്തർക്കും ..
 ആ സമയത്ത് എന്തിനാണെന്നു അറിയില്ല മോഹൻലാലിനെ മരത്തിൽ കെട്ടിയിട്ടതും തേൻമാവിൻ കൊമ്പത്തും വെറുതേമനസ്സിൽ കൂടെ വന്നു പോയി....
അവസാനം ഒരു സ്ത്രീയുടെ പരിചയത്തിൽ ആരോ മലയാളി ഉണ്ട്, അവർക്കു കന്നഡ അറിയാം എന്നും പറഞ്ഞു അവരെ വിളിച്ചു , അവർക്കു ഭാഗ്യത്തിനു അറിയാം ,ഇഞ്ചി എന്നു പറഞ്ഞാൽ "സൊണ്ടി" എന്നാണ് കന്നഡയിൽ , അതു കേട്ടതോടെ അവിടെ നിന്നവരെല്ലാം "ഓ നമ്മുടെ സൊണ്ടി " അതിനാണോ ഈ കൊച്ചു ജിഞ്ചർ എന്നു എല്ലാം പറഞ്ഞിരുന്നേ! എന്ന മട്ടിൽ ഒരു നോട്ടം.. ഞാൻ ആണെങ്കിൽ ഇനി ഇഞ്ചി കിട്ടിയില്ലെങ്കിലും വിരോധമില്ല എന്നെ ഒന്നു രക്ഷപ്പെടാൻ അനുവദിക്കൂ എന്ന മട്ടിൽ അവരെ നോക്കി !!!
ജീവിതത്തിൽ ആദ്യമായി എഴുതി പഠിച്ച തറ , പറ മറന്നാലും ഇനി ഒരിക്കലും 'സൊണ്ടി'എന്ന വാക്ക് ഞാൻ മറക്കില്ല..  
പിറ്റേദിവസം തന്നെ സിറ്റിയിൽ പോയി  "30ദിവസം കൊണ്ട് കന്നഡ പഠിക്കാം "എന്ന ഒരു പുസ്തകം വാങ്ങി കൊണ്ടുവന്നു, പിന്നെ കലാ ആന്റി സംസാരിക്കാൻ വരുമ്പോൾ ഞാൻ ഈ പുസ്തകം നിവർത്തി അതിൽ നിന്ന് വാക്കുകൾ തപ്പിയെടുത്താണ് കന്നഡ സംസാരം ... (ഇത് വായിക്കുമ്പോൾ  മേലേപറമ്പിൽ ആൺവീട് എന്ന സിനിമയിലെ ജഗതി ചേട്ടനെ ഓർമ്മ വന്നെങ്കിൽ അത് യാദൃചികം മാത്രം )   അങ്ങനെ ഒരു വർഷം കൊണ്ട് കന്നഡ ഒഴുക്കോടു കൂടെ സംസാരിക്കാൻ പഠിച്ചു..
അവർ ഇപ്പോൾ വലിയ ഒരു വീട് വച്ചു അവിടെ ആണ് താമസം,മകളുടെ കല്യാണം കഴിഞ്ഞു മകൻ ബാങ്കിൽ ജോലിക്കു കയറി.. ആന്റിക്കു ഇപ്പോൾ എല്ലാ ഭാഷയും കുറച്ചു കുറച്ചായി അറിയാം .. എന്നാലും എന്നെ കാണുമ്പോഴെല്ലാം അന്നത്തെ കാര്യങ്ങൾ പറഞ്ഞു  ചിരിക്കാറുണ്ട്, കൂട്ടത്തിൽ "യെഷ്ടു ചെന്നാഗി മാത്താടിത്താരേ നീവു "എന്നും കൂടെ പറയും ..
കന്നഡ ഭാഷയും ഒരു ഇഞ്ചിക്കഥയും (രമ്യ മനോജ് ,അറ്റ്ലാന്റാ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക