Image

പച്ച മനുഷ്യർ (മധു നായർ, കഥ)

Published on 16 June, 2021
പച്ച മനുഷ്യർ (മധു നായർ, കഥ)

ഒട്ടും നിനച്ചിരിക്കാത്ത ഒരു നിമിഷം പപ്പൻ മരിച്ചു പോയി.. !  അപകട മരണം ആയിരുന്നു . വൃദ്ധരായ മാതാപിതാക്കളെയും യുവതിയായ ഭാര്യയേയും പൊന്നു മക്കളെയും ഉപേക്ഷിച്ചു  പപ്പൻ മൃത്യുവിന്റെ ഇരുളിൽ മറഞ്ഞു .  വെള്ള പുതച്ച പപ്പന്റെ ദേഹം ശവദാഹ സമിതിയുടെ വാഹനത്തിന്റെ ഇരമ്പൽ  കാതോർത്തു കിടന്നു... !

ദിഗന്തം മുഴങ്ങുന്ന നിലവിളിയും പതംപറച്ചിലും നെഞ്ചത്തടിയും വീട്ടിൽ മുഴങ്ങി . ഒരു ഉന്മാദിനിയെപ്പോലെ മുടിയഴിച്ചിട്ടവൾ അലറിക്കരഞ്ഞു .  എനിക്കിനിയാരുണ്ട്..?  എന്റെ ദൈവമേ.. !   ഞങ്ങളുടെ ആരുടെയെങ്കിലും ജീവൻ പകരമെടുത്ത് എന്റെ പപ്പേട്ടനെ തിരിച്ചു തായോ... !

അലമുറകൾ കാറ്റിലലിഞ്ഞു പോയി . കണ്ണീരുണങ്ങാത്ത അമ്മയും കണ്ണീർ വറ്റിയ അച്ഛനും ഉമ്മറക്കോലായിൽ ശില പോലിരുന്നു .
മുറ്റത്തൊരു കോണിൽ ചുവന്ന കണ്ണുകളും കൊമ്പൻ മീശയും എളിയിൽ കഠാരയും
വാറ്റു ചാരായതിന്റെ ഗന്ധവുമായി പപ്പന്റെ പ്രിയപ്പെട്ട അളിയന്മാർ.. !

അവർ വെറ്റിലക്കറപിടിച്ച പല്ലുകൾ കൊണ്ട് അണപൊട്ടിയൊഴുകുന്ന ദുഃഖം  കടിച്ചമർത്തിക്കൊണ്ടിരുന്നു..!
പപ്പന്റെ ന്യൂ ജെൻ മക്കൾ മൊബൈൽ ഫോണിൽ തല പൂഴ്ത്തിയിരുന്നു... !

 ശവദാഹ സമിതിയുടെ വാഹനം ഇതുവരെ വന്നിട്ടില്ല .
അലമുറകൾ വിലാപങ്ങളായും പിന്നെ തേങ്ങലുകളായും രൂപാന്തരം പ്രാപിച്ചു കൊണ്ടിരുന്നു.. !

അപ്പോൾ അതുവഴി സിദ്ധനായ ഒരു യോഗി വന്നു .
യോഗിയെ കണ്ടപാടെ ഏവരുടെയും ദുഃഖം പിന്നെയും അണപൊട്ടി ഒഴുകിത്തുടങ്ങി... !

 ജനിമൃതികളുടെ സാംഗത്യം സന്യാസി വിവരിച്ചുവെങ്കിലും ആരുമത് ചെവിക്കൊണ്ടില്ല .
ദിവ്യനായ അങ്ങു വിചാരിച്ചാൽ മൃതിയടഞ്ഞ പപ്പന് ജീവൻ നൽകാൻ കഴിയും.. !
അങ്ങയുടെ ദിവ്യശക്തി പ്രയോഗിക്കൂ.. !
ഞങ്ങളെ അനുഗ്രഹിക്കൂ.. !
അവർ നിർബന്ധിച്ചു .

അതൊന്നും സാധ്യമല്ലെന്നും എല്ലാം ഈശ്വരേച്ഛ ആണെന്നും അതിനെ മറികടക്കാൻ നമുക്കാവില്ലെന്നും സ്വാമി പറഞ്ഞു നോക്കി...
ആരും സമ്മതിച്ചില്ല.  മുറ്റത്തു നിൽക്കുന്ന ചുവന്ന കണ്ണുകൾ യോഗിയെ ഭയ ചകിതനാക്കി... !

ഈ വിഡ്ഢികളെ ഒന്നു പറ്റിക്കണമെന്ന് സ്വാമി മനസ്സിലുറച്ചു .
ശരി.. !.. നോം ശ്രമിക്കാം.. !
ഒരു ഗ്ലാസ്‌ വെള്ളം കൊണ്ടുവരൂ.. !
സ്വാമി കൽപ്പിച്ചു .
വിറയാർന്ന കൈകളാൽ ആരോ വെള്ളമെത്തിച്ചു .  ഉത്ഖണ്ഠയുടെ നിമിഷങ്ങൾ...
മന്ത്രോച്ചാരണത്തിനൊടുവിൽ സന്യാസി കുറച്ചു ജലം മൃതദേഹത്തിന്റെ മുഖത്തു തളിച്ചു.. അനന്തരം പറഞ്ഞു.. ബാക്കിയുള്ള ഈ മന്ത്രജലം ഇവിടെയുള്ള ആരെങ്കിലും കുടിക്കണം.. !
അപ്പോൾ മരണപ്പെട്ട ആൾ പുനർജീവിക്കും.. !  
എന്നാൽ അതു കുടിക്കുന്നയാൾ തൽക്ഷണം മൃതിയടയും.. !

ഏവരും ഭയ ചകിതരായി.
സന്യാസി മന്ത്രജലം പപ്പന്റെ ഭാര്യയുടെ നേർക്കു നീട്ടി .
കുടിക്കൂ മകളേ...
അവൾ ഞെട്ടി പുറകോട്ടു മാറി.. !
അവൾ പറഞ്ഞു.. സ്വാമീ... അടിയൻ മരിച്ചു പോയാൽ പപ്പേട്ടനെ പരിചരിക്കാൻ പിന്നാരുണ്ട്..?
അടിയനെ ഒഴിവാക്കണം.. !

യോഗി പപ്പന്റെ അമ്മയെ നോക്കി .
കൈകൾ കൂപ്പിക്കൊണ്ട് അമ്മ പറഞ്ഞു.. സ്വാമീ.. ! എന്റെ ഇളയമകളുടെ പ്രസവമടുത്തു . അവളെ നോക്കാൻ ആരുമില്ല.. !

സന്യാസി അച്ഛനു നേരേ തിരിഞ്ഞു .
അയാൾ താടി ചൊറിഞ്ഞു കൊണ്ടു പറഞ്ഞു...
ഞാൻ മരിച്ചാൽ എന്റെ ഭാര്യ തനിച്ചാവില്ലേ..?
അവൾക്കു മറ്റാരുമില്ല.. !

ഋഷിവര്യൻ പുഞ്ചിരിയോടെ ചുറ്റും നോക്കി .  മക്കൾ ആ പരിസരത്തെവിടെയും ഉണ്ടായിരുന്നില്ല..!  അവരെല്ലാം പിൻവലിഞ്ഞിരുന്നു .

മുറ്റത്തെ മൂലയിൽ തിളങ്ങുന്ന ചുവന്ന കണ്ണുകൾ സന്യാസി കണ്ടു.. ! വെറ്റിലക്കറ പിടിച്ച പല്ലുകൾക്കിടയിൽ വിടരുന്ന ഗൂഢസ്മിതത്തിന്റെ അർത്ഥം അദ്ദേഹം വായിച്ചെടുത്തു .

സന്യാസിക്ക് നേരിയ ഉൾക്കിടിലം തോന്നി.. !
കണ്ണടച്ചു തുറക്കും മുൻപ് കഴുത്തിൽ പിടി വീണു . ബലിഷ്ഠകരങ്ങൾ യോഗിയെ കീഴ്‌പ്പെടുത്തി .

 സന്യാസിയുടെ വായിൽ അളിയന്മാർ മന്ത്രജലമൊഴിച്ചു . സന്യാസി ജീവനും കൊണ്ടോടി .
പുറകേ ചാരായത്തിന്റെ മണമുള്ള അളിയന്മാരും..

പാവം സന്യാസിക്ക് എങ്ങിനെയോ ജീവൻ തിരിച്ചു കിട്ടി . ഒപ്പം പുതിയ ചില പാഠങ്ങളും...!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക