Image

വികസനമല്ല ലക്ഷ്യം അവിടുത്തെ മനുഷ്യരാണ് (ലക്ഷദ്വീപിന് രക്ഷ വേണം) - ജോബി ബേബി ,നഴ്‌സ്‌, കുവൈറ്റ്

Published on 16 June, 2021
വികസനമല്ല ലക്ഷ്യം അവിടുത്തെ മനുഷ്യരാണ് (ലക്ഷദ്വീപിന് രക്ഷ വേണം) - ജോബി ബേബി ,നഴ്‌സ്‌, കുവൈറ്റ്
രാജ്യത്ത് കുറ്റകൃത്യങ്ങൾ ഏറ്റവും കുറഞ്ഞതും ,സംസ്‌കാരം കൊണ്ടും ജീവിതം കൊണ്ടും കേരളത്തിന്റെ സ്വന്തമെന്ന് അഭിമാനപൂർവം നമ്മൾ വിശേഷിപ്പിച്ചിരുന്ന ദേശമാണ് നമ്മുടെ സംസ്ഥാനത്തോട് തൊട്ട് ചേർന്ന് കിടക്കുന്ന ലക്ഷദ്വീപ് .കടലും കരയും കനിഞ്ഞു നിൽക്കുന്ന ജീവിത വിഭവങ്ങളെ ആശ്രയയിച്ചു മനുഷ്യനും പ്രകൃതിക്കും ദോഷമേതും വരുത്താതെ കഴിഞ്ഞു പോകുന്ന മുക്കാൽ ലക്ഷത്തിൽ താഴെമാത്രം എണ്ണം വരുന്ന ഈ ജനതയെ സാമൂഹികമായും സാമ്പത്തികമായും തകർത്തില്ലാതാക്കാനും മൂലധന ഫാഷിസ്റ്റ് താത്പര്യങ്ങൾ അടിച്ചേൽപ്പിക്കുന്നതിലൂടെ ആ മനോഹര ദേശത്തിന്റെ സ്വാസ്ഥ്യം നഷ്ടപെടുത്തുകയാണ് കേന്ദ്ര ഭരണകൂടം വിളംബരം ചെയ്യ്തിരിക്കുന്ന പുതിയ ഭരണ പരിഷ്‌കാരങ്ങൾ .ഒരു പ്രദേശത്തിന്റെ സാമ്പത്തികവും സാംസ്കാരികവും ഭൂമിശാസ്ത്ര പരവുമായ തനിമയും വ്യത്യസ്തതയും നിലനിർത്താനും പരിപാലിക്കാനും ലക്ഷ്യം വെച്ചാണ് കേന്ദ്രഭരണപ്രദേശം നമ്മുടെ ഭരണഘടന വിഭാവനം ചെയ്‌യുന്നത് .എന്നാൽ ലക്ഷദ്വീപിന്റെ സാമ്പത്തികവും സാംസ്കാരികവുമായ തനിമ തകർക്കുന്ന നിലപാടുകളാണ് കേന്ദ്രം നടപ്പാക്കാൻ ശ്രമിക്കുന്നത് .ഒരു ജനതയുടെ കിടപ്പാടം വരെ കൈക്കലാക്കാനുള്ള നിയമങ്ങൾ കൊണ്ട് വരുന്നവരുടെ ലക്ഷ്യം വികസനമല്ല,മറിച്ചു ലക്ഷദ്വീപാണ്,അവിടുത്തെ മനുഷ്യരാണ് .

ആഭ്യന്തര അധിനിവേശങ്ങൾ :-

32 കൊച്ചുദ്വീപുകൾ ഉൾപ്പെടുന്നതാണ് ലക്ഷദ്വീപ് സമൂഹം .ജനകൾസ്ഥിരതാമസമുള്ള 10ദ്വീപുകളും ടൂറിസ്ററ് കേന്ദ്രമായി അറിയപ്പെടുന്ന ബങ്കാരം ഉൾപ്പെടുന്ന 11ദ്വീപുകളാണ് മനുഷ്യസഹവാസം ഉള്ളത് .സാംസ്കാരികവും ഭൂമിശാസ്ത്ര പരവുമായ പ്രത്യേകതകൾ സംരക്ഷിക്കുന്നതിനും ദ്വീപ് നിവാസികളെ തനിമയോടെ നിലനിർത്തുന്നതിനും അവരെ പട്ടിക വർഗ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത് .സിവിൽ സർവീസ് ഉദ്യോഗസ്ഥരെമാത്രം നിയമിച്ചിരുന്ന ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പദവിയിലേക്ക് പ്രധാനമന്ത്രി വിശ്വസ്തനായ പ്രഫുൽ ഖോദ പട്ടേലിനെ നിയോഗിച്ച 2020ഡിസംബർ മുതലാണ് അന്നാട്ടിലെ ജീവിതം താളംതെറ്റി തുടങ്ങിയത് .വിമർശനവിധേയമായ കരടുനിയമങ്ങൾ ദ്വീപ് ജനതയുടെ സാംസ്കാരികവും സാമ്പത്തികവുമായ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്‌യുന്ന ഒന്നായി മാറി .അടിസ്ഥാന വിഭവങ്ങളായ ഭൂമിക്കും കടൽ സമ്പത്തിനും മേൽ ദ്വീപുകാർക്കുള്ള അവകാശത്തെ പ്രത്യക്ഷമായും പരോക്ഷമായും കവർന്നെടുക്കുന്ന തന്ത്രങ്ങളാണ് കേന്ദ്രഭരണകൂടം ആവിഷ്കരിച്ചത് .ഹാപ്പിനെസ് ഇൻഡെക്‌സ്‌ അഥവാ സന്തോഷ സൂചിക പട്ടികയിൽ സ്‌കാന്ഡിനേവിയൻ ,യൂറോപ്യൻ രാജ്യങ്ങൾക്കും മുന്നിൽ നിൽക്കേണ്ട പ്രദേശമായ ലക്ഷദ്വീപിൽ ഒരേസമയം പ്രകൃതി വിരുദ്ധവും ജനവിരുദ്ധവുമായ നിയമങ്ങളിലൂടെ സമാധാനപ്രിയരായ നിഷ്കളങ്ക ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ് കേന്ദ്രം ചെയ്യ്തത് . കേവലം റിയൽ എസ്റ്റേറ്റ് മാത്രമായി ദ്വീപിനെ വീക്ഷിക്കുന്ന ,അവിടത്തെ ജനങ്ങളെ പൗരന്മാരായോ മനുഷ്യരായിട്ട് പോലുമോ കാണാത്ത ,അമിതാധികാര വാഴ്ചയാണ് അവിടെ നമുക്ക്‌ കാണാൻസാധിക്കുക .
കോർപറേറ്റ് താത്‌പര്യം പ്രധാനം :-

ലക്ഷദ്വീപ് നിവാസികളുടെ ജീവിതരീതിയും ജീവനോപാധികളും തച്ചുടയ്ക്കുന്ന കരടുനിയമങ്ങൾ സൂഷ്മമായി നോക്കുമ്പോൾ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റേത് അധിനിവേശ രാഷ്ട്രീയത്തിലധിഷ്ഠിതമായ കോർപറേറ്റ് താത്പര്യങ്ങളാണ് എന്ന് മനസ്സിലാക്കാവുന്നതാണ് .അതിന്റെ ഫലപ്രദമായ നടത്തിപ്പിനായി വർഗീയത്തെയും അധികാര രാഷ്ട്രീയത്തെയും കേന്ദ്രസർക്കാർ കൂട്ടുപിടിച്ചിരിക്കുന്നു .അതുനുദാഹരങ്ങളാണ് ദാദ്ര -നാഗർഹവേലി ,ദാമൻ -ദിയു കേന്ദ്രഭരണ പ്രദേശങ്ങളിൽ അദ്ദേഹം നടപ്പിലാക്കിയത് .മൂന്നര ചതുരശ്ര കി .മീ .വിസ്തീർണ്ണമുള്ള ദ്വീപിൽ ടൂറിസത്തിന്റെ പേരിൽ 15മീറ്റർ വീതിയുള്ള റോഡ് നിർമ്മിച്ച് ആളുകളെ കുടിയൊഴിപ്പിക്കുന്നു .

വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള പവിഴപ്പുറ്റുകളുടെ വലിയ ശേഖരമുള്ള പ്രദേശമാണ് ലക്ഷദ്വീപ് .ഇന്ത്യയിൽ തന്നെ ലക്ഷദ്വീപിനെ പോലെ കോറൽ ഐലൻഡ് വേറെയില്ല എന്നാണ് പറയപ്പെടുന്നത് .മാത്രമല്ല,നിരവധി സീ ലഗൂൺ (ആഴക്കടലിൽ നിന്ന് ദ്വീപുകളെ തരംതിരിക്കുന്ന മനോഹരമായ കടൽപരപ്പ് )പ്രദേശമുള്ള ദ്വീപുകളാണ് ലക്ഷദ്വീപ് സമൂഹത്തിൽ ഉള്ളത് .സ്വകാര്യ നിക്ഷേപകർക്ക് ലക്ഷദ്വീപിലെ ടൂറിസ്ററ് സാധ്യതകളെ നിർബാധം തുറന്ന് കൊടുക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നത് .ലക്ഷദ്വീപ് നിവാസിയുടെ ഭൂമി സർക്കാർ പാട്ടത്തിന് ഏറ്റെടുക്കുമ്പോൾ സ്‌ക്വയർമീറ്ററിന് 34രൂപ നിശ്ചിത വാടക നൽകണമായിരുന്നു.എന്നാൽ പുതിയ അഡ്മിനിസ്ട്രേറ്റർ ചുമതലയേറ്റതോടെ ഈ സംഖ്യ ഏകപക്ഷീയമായി 16രൂപയായി ചുരുക്കുകയുണ്ടായി .ഇതിൽ നിന്നുതന്നെ അഡ്മിനിസ്ട്രേറ്ററുടെ ലക്ഷ്യം വ്യക്തമാണ് .അമൂൽ കമ്പനിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന പുതിയ അഡ്മിനിസ്ട്രേറ്റർ തന്റെ കമ്പനിയുടെ ഉത്പന്നങ്ങൾ ലക്ഷദ്വീപ് നിവാസികൾക്കിടയിൽ വില്പനനടത്താനും ശ്രമിക്കുന്നു .ഇതിനെല്ലാം പുറമേ,തന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ തദ്ദേശീയരായ സർക്കാർ ജീവനക്കാരെ വിവിധ വകുപ്പുകളിൽ നിന്നും അകാരണമായി പിരിച്ചുവിട്ട് അവിടങ്ങളിൽ പുറമേയുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നതും നയമായി സ്വീകരിച്ചിരിക്കുന്നു .

താളം തെറ്റി ആരോഗ്യമേഖല:-

കടുകിട തെറ്റിക്കാതെ സുരക്ഷമാനദണ്ഡങ്ങൾ പാലിച്ചു കൊവിഡിനെ കടൽകടന്നെത്താൻ അനുവദിക്കാതെ സൂക്ഷിച്ചു പോരുകയായിരുന്നു ദ്വീപുകാർ ഇത്രെയുംകാലവും .ലോകമൊട്ടുക്കെ പടർന്ന് പിടിച്ച മഹാമാരിയെ കേരളത്തിലും ദ്വീപിലുമായി ഒരുക്കിയ കുറ്റമറ്റ ക്വറന്റീൻ സംവിധാനങ്ങൾ വഴി ഒരു വർഷത്തോളം അവർ കോട്ടകെട്ടി തടഞ്ഞുനിർത്തിയെന്നുവേണം പറയാൻ .പുതിയ അഡ്മിനിസ്ട്രേറ്റർ പ്രോട്ടോകോൾ പൂർണ്ണമായി തകിടം മരിച്ചതോടെ കോവിഡ് ദ്വീപിലും വ്യാപകമായി .ഈ വർഷം ജനുവരി 18വരെ ഒരു കോവിഡ് കേസുപോലും റിപ്പോർട്ടു ചെയ്‌യപ്പെടാതിരുന്ന അവിടെ ഇപ്പോൾ 7000ത്തോളം പേർ രോഗബാധിതരാവുകയും 30പേർ മരിക്കുകയും ചെയ്തു .ചികിത്സ-ആശുപത്രി സൗകര്യങ്ങൾ തുലോം പരിമിതമായ ദ്വീപിൽ കോവിഡ് സൃഷ്ടിക്കുന്ന ദുരിതം വിളിപ്പുറത് ആശുപത്രികളും ആരോഗ്യ കേന്ദ്രവും ഉള്ളവർക്ക് ഒരു പക്ഷേ മനസ്സിലായെന്ന് വരില്ല .അസുഖം കടുത്തവരെ ഹെലികോപ്റ്ററിൽ കൊച്ചിയിൽ എത്തിച്ചാണ് ചികിത്സ നൽകി വരുന്നത് .എന്നാൽ ,ദ്വീപ് ജനത ഇപ്പോൾ നേരിടുന്ന കടുത്ത ഭീഷണി കോവിഡ് മരണങ്ങളല്ല ,അതിനേക്കാൾ ഭീകരമാoവിധം ജീവിതം ദുസ്സഹമാക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ തിടുക്കപ്പെട്ട് നടപ്പാക്കി വരുന്ന മാരണ നിയമങ്ങളാണ് .രോഗികളെ മാറ്റുന്നതിൽ കൂടുതൽ നടപടിക്രമങ്ങൾ ഏർപ്പെടുത്തിയത് ആർക്കും അംഗീകരിക്കാനാകില്ല .കോവിഡ് വാക്സിനുകളുടെ വിതരണത്തിൽ വന്ന പാകപ്പിഴകളും പ്രശ്ങ്ങൾക്ക് കാരണമാകുന്നു .

പരിഷ്‌ക്കാരങ്ങൾക്ക് പിന്നിലെ
രാഷ്ട്രീയ അജണ്ട :-

ശുഭകരമല്ലാത്ത രീതിയിലേക്ക് ദ്വീപ് സമൂഹങ്ങളെ മാറ്റുന്നതിന് പിന്നിലെ രാഷ്ട്രീയ അജണ്ടകൾ വ്യക്തമാണ് .ഭരണഘടനയുടെ 239ആം ആർട്ടിക്കിൾ അനുസരിച്ചു ഇന്ത്യൻ പ്രസിഡന്റിന്റെ അംഗീകാരത്തോട് കൂടിയാണ് കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലേക്ക് അഡ്മിനിസ്റ്റർമാരെ നിയോഗിക്കുന്നത് .സമാധാനവും പുരോഗതിയും ക്ഷേമഭരണവും കൊണ്ട്വരുന്നതിന് റെഗുലേഷൻസ് നടപ്പിലാക്കാൻ ഭരണാധികാരികൾക്ക് ഭരണഘടന അനുമതി നൽകുന്നുണ്ട് .ഇന്നാടിന്റെ സംസ്കാരവും ചരിത്രവും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും സംരക്ഷിക്കുന്ന തരത്തിൽ നിലവിലുള്ള ലക്ഷദ്വീപ് ലാന്റ് ടെനൽസി റെഗുലേഷൻ ,ലക്ഷദ്വീപ് എൻട്രി പ്രൊഹിബിഷൻ റെഗുലേഷൻ തുടങ്ങിയ സുപ്രധാന നിബന്ധനകളെല്ലാം പൊളിച്ചെഴുതും വിധത്തിൽ പുതിയ നാല്‌ റെഗുലേഷനുകൾ (ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി റെഗുലേഷൻ ,ലക്ഷദ്വീപ് ആൻറി സോഷ്യൽ ആക്റ്റിവിറ്റിസ്‌ റെഗുലേഷൻ ,പഞ്ചായത്ത് റെഗുലേഷൻ ,ലക്ഷദ്വീപ് അനിമൽ പ്രിസർവഷൻ റെഗുലേഷൻ )നടപ്പിലാക്കാനാണ് പുതിയ അഡ്മിനിസ്ട്രേറ്റർ ശ്രമിക്കുന്നത് .

കുറ്റകൃത്യങ്ങൾ ഇല്ലാത്ത നാട്ടിൽ ഗുണ്ടാനിയമം നടപ്പിലാക്കുന്നത് പരിഷ്കൃത സമൂഹത്തിൽ കേട്ടുകേഴ്‌വില്ലാത്തതാണ് (കുറ്റകൃത്യ നിരക്കിൽ രാജ്യത്ത് ഏറ്റവും അവസാനം നിൽക്കുന്ന ഭൂപ്രദേശമാണ് ലക്ഷദ്വീപ് .നാളിതുവരെ ദ്വീപിന്റെ ചരിത്രത്തിൽ ആകെ രെജിസ്റ്റർ ചെയ്യപ്പെട്ട കൊലപാതക കേസുകൾ മൂന്നെണ്ണം മാത്രമാണ്).മീൻപിടുത്തം മുഖ്യ തൊഴിൽ ആയ അവിടുത്തുകാരുടെ മത്സ്യ ഷെഡുകൾ അടിച്ചു തകർത്തു .അംഗനവാടികൾ പൂട്ടി .കുട്ടികളുടെ ഉച്ചഭക്ഷണ മെനുവിലും ജനങ്ങളുടെ ഭക്ഷണശീലത്തിലും കൈകടത്തുന്നു .സമാധാനത്തോടെ ജീവിക്കുന്ന ഒരു സമൂഹത്തിൽ വർഗീയതയുടെയും ഭിന്നിപ്പിന്റെയും വിഷം കലർത്തുന്നത് ഫാഷിസ്റ്റു ഭരണകൂടത്തിന്റെ കുടിലതന്ത്രമാണ് .ഉത്തരേന്ത്യൻ കച്ചവട താത്പര്യങ്ങൾക്ക് വേണ്ടി ഡെയറിഫാമുകൾ പൂട്ടിയതിനെതിരെ ദ്വീപ് നിവാസികൾ തന്നെയാകും മുന്നിലുണ്ടാവുക .അധികാര കേന്ദ്രങ്ങളിൽ സ്വാധീനശക്തിയില്ലാത്ത ,മാധ്യമങ്ങളിൽ സാന്നിധ്യമില്ലാത്ത ഇവരുടെ ചെറുത്തുനിൽപ്പിനെ ഞെരിച്ചുടയ്ക്കാനുള്ള കളികളുടെ ഭാഗമായി ഫോണുകൾ ചോർത്തിയും ഇന്റർനെറ്റ് വിലക്കിയുമെല്ലാം പുറംലോകവുമായുള്ള ബന്ധം ഇല്ലാതാക്കി ഒറ്റപ്പെടുത്തി ഒതുക്കാമെന്നാണ് അവരുടെ കണക്കുകൂട്ടൽ .ഇന്ത്യൻ സ്വതന്ത്ര്യസമരത്തിന് പുതിയ മാനം നൽകിയ നിസ്സഹകരണ സമരത്തിലൂടെ ഗാന്ധിജി ഉയർത്തിയ ആശയത്തെ മുൻനിർത്തി ദ്വീപുകാർ പോരാട്ടം നടത്തും .

കേരളത്തിന്റെ പിന്തുണ :-

ലക്ഷദ്വീപിനോടുള്ള ഐക്യദാർഢ്യത്തിന് കേരളത്തിന്റെ ശക്തമായ പിന്തുണ മുഖ്യമന്ത്രി അറിയിക്കുകയും നിയമസഭയിൽ പൊതു പ്രമേയം അവതരിപ്പിക്കുകയും രാഷ്ട്രീയ ഭേദമെന്യേ ഇരുകൂട്ടരും അത് പാസാക്കുകയും ചെയ്തു .പൊതു പ്രമേയത്തിൽ ഇപ്രകാരം പറയുന്നു .”ലക്ഷദ്വീപിന്റെ കാര്യത്തിൽ കേരളത്തിൽ എല്ലാവർക്കും കടുത്ത വികാരമാണുള്ളത് .നമ്മുടെ സഹോദരങ്ങളാണവർ .ലക്ഷദ്വീപിൽ നടക്കുന്നത് ജനാധിപത്യ സംവിധാനത്തിൽ കേട്ടുകേൾവിയില്ലാത്തതാണ് .ഭരണഘടനയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും ഉൾക്കൊള്ളാൻ കഴിയാത്തതാണ് .മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടണം .ഇവ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കാൻ കേന്ദ്രം ഇടപെടണം .രണ്ടിലേറെ കുട്ടികൾ ഉള്ളവരെ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ അയോഗ്യരാക്കുന്ന വ്യവസ്ഥ ജനാധിപത്യവിരുദ്ധമാണ് .ബേപ്പൂർ തുറമുഖവുമായുള്ള ബന്ധം വിച്ഛേദിക്കുന്ന തീരുമാനം കേരളവുമായുള്ള ബന്ധം തകർക്കലാണ്”.ലക്ഷദ്വീപുകാർക്ക് കേരളം പ്രത്യാശയുടെ തീരമാണ് .ഈ ചെറു സമൂഹത്തോടൊപ്പം ചേർന്ന് നിൽക്കേണ്ട ഘട്ടത്തിൽ ഇവർക്ക് സമാശ്വാസം പകരലാണ് വലിയ രാഷ്ട്രീയ ദൗത്യവും ,രാഷ്ട്രീയ പ്രവർത്തനവും .ഏതാവശ്യത്തിനും ദ്വീപ്ജനത ആശ്വാസപൂർവം ആശ്രയിക്കുന്ന നാടാണ് കേരളം .നമ്മുടെ പിന്തുണ ഏറ്റവുമധികം ആവശ്യമായ സന്ദർഭമാണിത് .

ഉറച്ചുനിക്കണo, ഇവർക്കൊപ്പം :-

അടിസ്ഥാന സൗകര്യങ്ങളിൽ പിന്നിലാണെങ്കിലും അടിയറവയ്ക്കാത്ത ആത്മാഭിമാനത്തിലും വിശ്വാസദാർഢ്യത്തിലും എന്നും മുന്നിലാണ് ദ്വീപ്ജനത .ഏകപക്ഷീയവും മനുഷ്യവിരുദ്ധവുമായ നിയമങ്ങളും നടപടികളും കൊണ്ട് കർഷക സമരത്തെ അടിച്ചമർത്താൻ ഇന്നും കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നതോർക്കുക .സമാനരീതിയിലുള്ള  പ്രതിഷേധ സമരത്തിലൂടെ ഐതിഹാസിക വിജയമായിരിക്കും ദ്വീപുനിവാസികൾ കൈവരിക്കുക .അതാകട്ടെ ,ലക്ഷദ്വീപുകാരുടെ മാത്രം വിജമായിരിക്കുകയില്ല;ഇന്ത്യയുടേയും ഇന്ത്യക്കാരുടെയും ഇന്ത്യൻ ഭരണഘടനാതത്വങ്ങളുടെയും വിജയമായിരിക്കും .പൃഥ്വിരാജ് പറഞ്ഞത് പോലെ “നിങ്ങൾ ലക്ഷ്വദീപിലെ ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കുക .അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്നറിയുവാൻ അവരെ തീർച്ചയായും വിശ്വസിക്കുക .ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണിത് .,അതിലും മനോഹരമായ കുറേമനുഷ്യർ ജീവിക്കുന്ന ഇടം “.

(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ ).
വികസനമല്ല ലക്ഷ്യം അവിടുത്തെ മനുഷ്യരാണ് (ലക്ഷദ്വീപിന് രക്ഷ വേണം) - ജോബി ബേബി ,നഴ്‌സ്‌, കുവൈറ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക