Image

സീറോ മലബാര്‍ സഭയുടെ ഹെല്‍പ്പ് ഇന്ത്യ- കോവിഡ് ഹെല്‍പ്പ് ആദ്യഘട്ട സഹായം കൈമാറി

Published on 15 June, 2021
 സീറോ മലബാര്‍ സഭയുടെ ഹെല്‍പ്പ് ഇന്ത്യ- കോവിഡ് ഹെല്‍പ്പ് ആദ്യഘട്ട സഹായം കൈമാറി


ഡബ്ലിന്‍ :സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച `കോവിഡ് 19- ഹെല്‍പ്പ് ഇന്‍ഡ്യാ` ചാരിറ്റി കളക്ഷന്റെ ആദ്യഗഡുവായ് 10 ഓക്‌സിജന്‍ കോണ്‍സന്റേറ്ററുകള്‍ കൈമാറി. കോവിഡ് ഏറ്റവുമധികം ബാധിച്ച നോര്‍ത്ത് ഇന്ത്യയിലേയ്ക്കുള്ള ഉപയോഗത്തിനായ് ഡല്‍ഹി ഫരിദാബാദ് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്കാണ് ഉപകരണങ്ങള്‍ക്കായ് അഞ്ചുലക്ഷം രൂപ (5859.12 യൂറോ) കൈമാറിയത്.

ഹൈദ്രാബാദ് കേന്ദ്രമായ് ഗവണ്‍മെന്റ് അംഗീകാരത്തോടെ അദിലാബാദ് രൂപതാ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ആരംഭിക്കുന്ന കോവിഡ് സെന്ററിനായ് 8688.61 യൂറോ നല്‍കി. കോവിഡ് കെയര്‍ സെന്റര്‍ ആരംഭിക്കുന്നതിനുള്ള ഉപകരണങ്ങള്‍ക്കായാണ് ഈ തുക ചിലവഴിക്കുക. കോവിഡ് ബാധിതരായവരുടെ ചികില്‍സക്കായ് ആരംഭിക്കുന്ന 30 ബെഡ് കോവിഡ് ക്ലിനിക്കില്‍ ഓക്‌സിജന്‍ കോണ്‍സന്റേര്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.


കോവിഡ് പ്രതിസന്ധിമൂലം കഷ്ടപ്പെടുന്ന ഇന്ത്യയിലെ ജനങ്ങളെ സഹായിക്കാന്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭ ആരംഭിച്ച പദ്ധതിയില്‍ സഭാഗങ്ങളും, സന്മനസുള്ള ഐറീഷ് ഇടവകാംഗങ്ങളും ചേര്‍ന്ന് ജൂണ്‍ 7 വരെ 26720 യൂറോ നല്‍കി. തുടര്‍ന്നും സഹായം നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വെബ്‌സൈറ്റ് വഴി (www.syromalabar.ie) സഹായം നല്‍കുവാന്‍ അവസരമുണ്ട്.

നോര്‍ത്ത് ഇന്‍ഡ്യയിലെ വിവിധ ഭാഗങ്ങളിലേയ്ക്ക് ഷംഷാബാദ് `പ്രേം മാര്‍ഗ്ഗ്` സോഷ്യന്‍ സര്‍വ്വീസ് സൊസൈറ്റിവഴിയും ചെന്നൈ (മദ്രാസ്) കേന്ദ്രമായ് ഹോസൂര്‍ രൂപത വഴിയും സഹായം ഉടന്‍ കൈമാറും. കോവിഡ് മൂലം കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് മെഡിക്കല്‍ സഹായം, ഭക്ഷണം തുടങ്ങിയവയ്ക്കായും ഈ സഹായം ഉപയോഗിക്കും

ഫരിദാബാദ് രൂപതയുടെ ചാരിറ്റിയില്‍, പ്രത്യേകിച്ച് കോവിഡ് കെയര്‍ പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നതില്‍ അയര്‍ലണ്ടിലെ സീറോ മലബാര്‍ സമൂഹം കാണിച്ച ഔദാര്യത്തേയും ഐക്യദാര്‍ഢ്യ പൂര്‍ണ്ണമായ മനോഭാവത്തേയും അഭിനന്ദിക്കുന്നതായും, അഭൂതപൂര്‍വമായ ഈ കാലഘട്ടത്തില്‍ അയര്‍ലണ്ടില്‍നിന്ന് നല്‍കിയ സഹായം നിരവധി ആളുകളെ അതിജീവിക്കാന്‍ സഹായിക്കുകയും, പ്രതീക്ഷ നഷ്ടപ്പെട്ടവരെ ആശ്വസിപ്പിക്കുകയും ചെയ്തതായി ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര നന്ദി സന്ദേശത്തില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക