Image

കാർമേഘങ്ങൾ (ചെറുകഥ: ദീപ ബി.നായർ(അമ്മു))

Published on 12 June, 2021
കാർമേഘങ്ങൾ (ചെറുകഥ: ദീപ ബി.നായർ(അമ്മു))
കടൽ അന്ന് വല്ലാതെ ശാന്തമായിരുന്നു. തിരകൾക്ക് തീരത്തോടുള്ള അഭിനിവേശം കെട്ടതുപോലെ തോന്നി അലസമായി തീരത്തണയുന്ന തിരമാലകളെ കണ്ടപ്പോൾ. മണൽത്തരികളെ മെല്ലെ നക്കിത്തുടച്ചു കൊണ്ട് അവ വന്നു പൊയ്ക്കൊണ്ടിരുന്നു.ആ സന്ധ്യാ സമയം സുന്ദരിയായി തോന്നിയെങ്കിലും പൊടുന്നനെ ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ട് കൂടി അന്തരീക്ഷമാകെ ഇരുൾ പരന്നു. എങ്ങും നിശബ്ദത... അകലെയായി കുറച്ച് കുട്ടികൾ കളിക്കുന്നുണ്ട്. കടലിന് നടുക്കായി തിരയെ മുറിച്ചു കൊണ്ട് കടക്കാൻ ശ്രമിക്കുന്ന ഒരു ഒരു കൊതുമ്പുവള്ളം.

"നല്ല മഴക്കോളുണ്ട് " ഞാനവളോടു പറഞ്ഞു.
അവൾ എൻ്റെ കൂട്ടുകാരി രാജി, കുറേ നേരമായി കടലിലേക്കു നോക്കി ഇരിപ്പു തുടങ്ങിയിട്ട്. അവളുടെ മനസിൽ എന്തൊക്കെയോ കലങ്ങി മറിയുന്നുവെന്ന് വ്യക്തമാണ്. മേഘങ്ങളും കലങ്ങി മറിഞ്ഞ് ഏതു നേരം വേണമെങ്കിലും പെരുമഴയായി നിലംപൊത്തുമെന്ന് തോന്നും ഇപ്പോൾ അന്തരീക്ഷം കണ്ടാൽ. ഈ ലോകത്തിൻ്റെ എല്ലാ സങ്കടങ്ങളും ഏറ്റെടുത്തതുപോലെ ആകാശവും ഇവൾക്ക് ഇന്ന് കൂട്ടാണെന്ന് തോന്നുന്നു. എന്തു പറ്റിയെന്ന് എനിക്കെന്തോ അവളോട് ചോദിക്കാനൊരു മടി. അവൾ പറയട്ടെ എന്ന് ഞാൻ കരുതി.

എൻ്റെ കൂടെ സ്കൂളിൽ പഠിച്ച കൂട്ടുകാരിയാണവൾ. ഒരേ ബഞ്ചിൽ അടുത്തടുത്തിരുന്ന് നാളെയെപ്പറ്റി ഒരു പാട് കിനാവുകൾ കണ്ടിരുന്നു ഞങ്ങൾ. അന്നേ അവൾ ഒരു കിലുക്കാംപെട്ടിയായിരുന്നു. കുട്ടിത്തം വിട്ടുമാറാത്ത ചിരിയും കളിയുമായിരുന്നു.എൻ്റെ സ്വഭാവത്തിൻ്റെ നേരെ വിപരീതം. എല്ലാ കാര്യങ്ങൾക്കും മുന്നേ നടന്നവൾ. എന്നും അവളായിരുന്നു ഒന്നാമത്. അവളോടൊപ്പം ഓടിയെത്താൻ ഞാൻ പാടുപെട്ടിട്ടുണ്ട്. അവളെക്കണ്ട് പഠിക്കണമെന്ന് അച്ഛനുമമ്മയും പറയുമായിരുന്നു. പക്ഷേ,ജീവിതം അവളെ ഒരു പാട് മാറ്റി. ഞങ്ങൾ അകലെയായിരുന്നുവെങ്കിലും ആദ്യമൊക്കെ എന്നും  സംസാരിക്കുമായിരുന്നു. പക്ഷേ പിന്നെ പതുക്കെപ്പതുക്കെ എപ്പഴോ ഫോൺ വിളികളും ഇല്ലാതെയായി.  

ഇന്ന് പതിവില്ലാതെ അവൾ വിളിച്ചു, പണ്ട് ഓടി നടന്ന ആ കടൽക്കരയിൽ വീണ്ടും കാണണമെന്ന് പറഞ്ഞപ്പോൾ, ആ സംസാരത്തിൻ്റെ ഇടർച്ച കേട്ടപ്പോൾ ഓടിയെത്തുകയായിരുന്നു. പക്ഷേ അവൾ മുഖം തരുന്നില്ല, ഒരേ ഇരുപ്പാണ്.കടലിന്നാഴങ്ങളിലേക്ക് കണ്ണും നട്ടിരിക്കുന്ന അവളുടെ അടുത്തായി ഞാനിരുന്നു. അവൾ എൻ്റെ മുഖത്തേക്ക് നോക്കിയില്ല. പകരം എൻ്റെ കൈവിരലുകൾ ചേർത്തു പിടിച്ചു. ഒരു നിസംഗത അവളുടെ മുഖത്ത് നിറഞ്ഞിരുന്നു. ഞാൻ ചോദിച്ചു, "മോളെ, നിനക്കെന്താണ് പറ്റിയത്?

'മരണം കാത്തിരിക്കുന്നത് വ്യർത്ഥമാണല്ലേ? അവൾ എന്നോട് ചോദിച്ചു. ഞാനൊന്നു ഞെട്ടി. ജീവിതത്തെ അത്രമേൽ സ്നേഹിച്ചിരുന്ന ഈ കുട്ടിക്ക് ഇതെന്തുപറ്റി? അവൾ തുടർന്നു ,"സ്വയം കത്തി ഉരുകുന്ന നാളത്തിന് ആയുസ് കുറവാണല്ലേ?".
എന്തോ ഒരപകടം അവളുടെ വാക്കുകളിൽ ഞാൻ മണത്തു. അവളുടെ ചിന്തകളിലെവിടെയോ ഒരു കരിനിഴൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് എനിക്ക് തോന്നി, എങ്കിലും അതറിയാത്ത ഭാവത്തിൽ ഞാൻ പറഞ്ഞു...

"മോളെ ജീവിതം അങ്ങനെയാണ്. കയറ്റിറക്കങ്ങൾ ഉണ്ടാകും. പക്ഷേ, പൊരുതിത്തളരുമ്പോൾ ഇട്ടെറിഞ്ഞു പോകാനുള്ളതല്ല ജീവിതം. പിടിച്ചു നിൽക്കാനുള്ളതാണ്. എനിക്ക് മനസിലാക്കാൻ കഴിയുന്നുണ്ട് നിൻ്റെ വേദന. നിന്നെ  ആർക്കും വേണ്ടെങ്കിലും എനിക്ക് വേണം. നീ നിന്നെത്തന്നെയൊന്ന് സ്നേഹിച്ചു നോക്ക്. നിന്നെ തോല്പിക്കുന്നവരുടെ മുന്നിൽ നീ അങ്ങനെയാണ് ജയിക്കേണ്ടത്. ഒരു ഉയർത്തെഴുന്നേല്പ് അനിവാര്യമാണ് നിനക്കു വേണ്ടി. നിൻ്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി എനിക്കറിയില്ല. സംഭവിച്ചതെന്തു തന്നെയായാലും സഹിക്കണം, സഹിച്ചേ പറ്റൂ.. ഒക്കെ മറക്കാൻ ശ്രമിക്കണം. എന്നിട്ട് പഴയതുപോലെ, അല്ലെങ്കിൽ അതിനെക്കാൾ ശക്തിയായി തിരിച്ചു വരണം. മനസ് പഴയതാണെങ്കിലും ജീവിതം പുതുമയുള്ളതാക്കാൻ നീ ശ്രമിക്കണം.

നോക്കിയെ, ദൂരെ കടലിന്നാഴങ്ങളിലേക്ക് മറയുന്ന സൂര്യനെ കണ്ടില്ലേ, നാളെ പുതിയൊരു ഉദയത്തിനായി മറയുകയാണ്. നീ ഒരിക്കലും തളരരുത്. എന്തു വന്നാലും ഞാനുണ്ട് കൂടെ. ഇനി ഒരിക്കലും മരണത്തെക്കുറിച്ച് ചിന്തിക്കരുത്, കേട്ടോ? നിന്നെ അത്രമേൽ സ്നേഹിക്കുന്നുണ്ട് ഞാൻ ". ഞാനവളെ ചേർത്തു പിടിച്ചു.
വീഴാനുരുണ്ട് കൂടിയ കണ്ണുനീരിനിടയിലും അവൾ മന്ദഹസിക്കാൻ ശ്രമിച്ചു. പൊടുന്നനെ  മഴ ശക്തിയായി പെയ്യാൻ തുടങ്ങി. ആ പെരുമഴയും, അവളുടെ കണ്ണുനീരിന് കൂട്ടു വന്നതു പോലെ തോന്നി. ഞങ്ങൾ എഴുന്നേറ്റ് തിരികെ നടക്കാൻ തുടങ്ങി.  അന്തരീക്ഷവും ഇരുട്ടി തുടങ്ങിയിരുന്നു......



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക