Image

വിനാശകരമായ ഏഴ് പാപങ്ങള്‍ (Seven Deadly Sins): സാം നിലമ്പള്ളില്‍

Published on 12 June, 2021
വിനാശകരമായ ഏഴ് പാപങ്ങള്‍ (Seven Deadly Sins): സാം നിലമ്പള്ളില്‍
പരിപൂര്‍ണനായ മനുഷ്യനായിട്ട് (പെർഫെക്റ്റ് മാൻ) ആരുണ്ട്; അങ്ങനെ ആയിത്തീരാന്‍ അവനെക്കൊണ്ട് സാധിക്കുമോ? എത്ര ഉന്നതവിദ്യാഭ്യാസം കൈവരിച്ചാലും, സന്യാസംതന്നെ സ്വീകരിച്ചാലും നൂറുശതമാനം പരിപൂര്‍ണനാകാന്‍ അവനാകില്ല. മനുഷ്യന്‍ ബലഹീനനാണ്, പലവിധ വികാരങ്ങള്‍ അവനെ സ്വാധീനിക്കുന്നു. വികാരങ്ങളെ അടക്കാന്‍ ശ്രമിച്ചാലും ചില സന്ദര്‍ഭങ്ങളില്‍ അവന്‍ പരാജയപ്പെടുന്നു; വികാരങ്ങള്‍ അവനെ കീഴടക്കുന്നു.

എങ്ങനെയാണ് പരിപൂര്‍ണനാകാന്‍ ശ്രമിക്കേണ്ടത്? മതഗ്രന്ഥങ്ങള്‍ അതിനുള്ളവഴി കാണിച്ചുതരുന്നുണ്ട്. ബൈബിളും, ഖുറാനും, ഗീതയും ചിലവഴികള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ബൈബിളില്‍ ഉള്ളതല്ലെങ്കിലും ക്രിസ്തീയസഭ, അതായത് കത്തോലിക്കസഭ, ജനങ്ങളെ നേര്‍വഴിക്കു നയിക്കാനുള്ള, ചില വികാരങ്ങളെ നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു . ഇത് ക്രസ്ത്യാനികള്‍ക്ക് മാത്രമല്ല എല്ലാ മതവിഭാഗം ജനങ്ങള്‍ക്കും പ്രായോഗികമാക്കാവുന്ന നിര്‍ദ്ദേശങ്ങളാണ്. നൂറശതമാനം വിജയിച്ചില്ലെങ്കിലും ഒരുപരിധവരെ മനുഷ്യനെ നല്ലവനാക്കാന്‍ ഇത് സഹായിക്കും.

മാരകമായ ഏഴ് പാപങ്ങള്‍ ( seven dealy sins) എന്നാണ് ഇത് അറിയപ്പെടുന്നത്.. അഹങ്കാരം (pride) അത്യാഗ്രഹം (greed) കോപം (wrath) അസൂയ (envy) കാമം (lust) അത്യാര്‍ത്തി (gluttony) അലസത (sloth) ഇവയൊക്കെയാണ് മനുഷ്യന്‍ ഒഴിവാക്കേണ്ട പാപങ്ങള്‍. ഇതിനെയെല്ലാം പൂര്‍ണമായി കീഴടക്കിയവര്‍ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് തോന്നുന്നില്ല. ഒരുപരിധി വരെ ഇവയെല്ലാം നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ അവന്‍ ജീവിതത്തില്‍ വിജയിച്ചെന്നുപറയാം.

അഹങ്കാരം (pride) ഇല്ലാത്തവനായി താനുണ്ട് എന്നുപറയാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? അങ്ങനെ ആരെങ്കിലും അവകാശപ്പെടുമെങ്കില്‍ അത് പച്ചക്കള്ളമായിരിക്കും. ഉന്നത ജാതിയിലുള്ള ജനനം, പണം ഉണ്ടെന്നുള്ളതിന്റ, വിദ്യാഭ്യാസം, ജോലി (നാട്ടിലാണെങ്കില്‍ സര്‍ക്കാര്‍ ജോലി) കുടുംബ പാരമ്പര്യം, കലാകായിക രംഗത്തുള്ള കഴിവ് ഇതെല്ലാം മനുഷ്യനെ അഹങ്കാരിയാക്കുന്നു. ഒന്നോര്‍ത്താല്‍ ഇതെല്ലാം അര്‍ഥശൂന്യമായ കാര്യങ്ങളല്ലേ. ജാതിയും മതവുമെല്ലാം മനുഷ്യന്‍ അവന്റെ ഉന്നതിക്കുവേണ്ടി സ്വയം നിര്‍മ്മിച്ചതാണ്. അധഃകൃതനായി ജനിച്ചിരുന്നെങ്കില്‍ അവന് അഭിമാനിക്കാന്‍ വകയുണ്ടാകുമായിരുന്നോ? പണം ഇന്നു വരും നാളെ പോകും. ശതകോടീശ്വരനായിരുന്ന അനില്‍ അംബാനിയിന്ന് പാപ്പരാണ്. അതുപോലെ അനേകര്‍. കോടീശ്വരന്മാരായിരുന്ന ചിലര്‍ കടംകയറി നാട്ടില്‍ നില്‍ക്കാനാകാതെ അന്യ രാജ്യങ്ങളിലേക്ക് ഒളിച്ചോടുന്നു. പണത്തിനുമീതെ പരുന്തും പറക്കില്ലെന്നു പറയുന്നത് പൊളിവാക്യം.

പണമുണ്ടാക്കി അതിലൊരു വിഹിതം കൊണ്ട് പാവപ്പെട്ടവരെ സഹായിക്കയും നല്ല കാര്യങ്ങള്‍ക്ക് വിനിയോഗിക്കയും ചെയ്യുന്നവരാണ് പരിപൂര്‍ണ്ണരെന്ന് അവകാശപ്പെടാന്‍ അല്‍പമെങ്കിലും അര്‍ഹതയുള്ളവര്‍. യൂസഫലിയും ബില്‍ ഗേറ്റ്‌സും ഉദാഹരണം. പണം ഏറെയുണ്ടായിട്ടും പാവപ്പെട്ടവനെ തിരിഞ്ഞുനോക്കാത്തവരാണ് അനേകര്‍.

അത്യാഗ്രഹം. (greed) ആഗ്രഹങ്ങള്‍ നല്ലതാണെങ്കിലും അത്യാഗ്രഹം ആപത്താണ്. ഒന്നാം ക്‌ളാസ്സില്‍ പഠിച്ച ഒരുകഥയാണ് ഓര്‍മ്മവരുന്നത്. സുഹൃത്തുക്കളായ രണ്ട് കാക്കകളുണ്ടായിരുന്നു. ഒരുത്തി നല്ലവളും മറ്റവള്‍ അത്യാര്‍ത്തി ഉള്ളവളും ആയിരുന്നു. നല്ലവളെ ശ്യാമളയെന്നും രണ്ടാമത്തവളെ സ്റ്റെല്ലയെന്നും വിളിക്കാം. ഒരുദിവസം ശ്യാമള ഒരു വാഴത്തണ്ടില്‍ പോയിരുന്ന് വിശ്രമിച്ചു. വാഴത്തണ്ട് ഒടിഞ്ഞ് അവള്‍ നിലംപതിച്ചു. നിലത്തുവീണ അവള്‍ക്ക് അവിടെനിന്നും ഒരു സ്വര്‍ണ്ണ മോതിരം കിട്ടി. അതുമായി അവള്‍ കൂട്ടുകാരിയായ സ്റ്റെല്ലയുടെ അടുത്തേക്ക് പറന്നു. കൂട്ടുകാരിക്ക് മോതിരം കിട്ടിയ കഥകേട്ടപ്പോള്‍ തനിക്കും അതു പോലലൊരെണ്ണം വേണമെന്ന ചിന്തയായി സ്റ്റെല്ലക്ക്. അവളും ഒരുവാഴത്തണ്ടില്‍ പോയിരുന്നു. വളരെ നേരം ഇരുന്നിട്ടും തണ്ട് ഒടിയാഞ്ഞതു കൊണ്ട് അവളത് ചുണ്ടുകൊണ്ട് കുത്തിയൊടിച്ചു. താഴെവീണ അവളുടെ കാലുകള്‍ ഒടിഞ്ഞതു മാത്രം ഫലം, സ്വര്‍ണ്ണമോതിരം കിട്ടിയതുമില്ല. അത്യാഗ്രഹികള്‍ക്കുള്ള പാഠമാണ് ഈകഥ നല്‍കുന്നത്.

കോപം (wrath) അടക്കാന്‍ കഴിവുള്ളവര്‍ ചുരുക്കം. ദൈവങ്ങള്‍ക്കും സന്യാസിമാര്‍ക്കും വരെ കോപത്തെ നിയന്ത്രിക്കാന്‍ പാടുപെടേണ്ടിവന്നു. ബൈബിളില്‍ പഴയ നിയമത്തിലെ യഹോവ കോപിഷ്ടനാണ്. വിലക്കപ്പെട്ട ഒരു പഴം തിന്നതിന്റെ പേരില്‍ ആദത്തിനെയും ഹവ്വയേയും അദ്ദേഹം ഏദന്‍ തോട്ടത്തില്‍നിന്ന് പുറത്താക്കി ശപിച്ചു കളഞ്ഞു. അതിന്റെ ഫലം മനുഷ്യന്‍ ഇന്നും അനുഭവിക്കുന്നു. യിസ്രായേല്‍ മക്കളുടെ തെറ്റുകള്‍ക്ക് അദ്ദേഹം വലിയ ശിക്ഷയാണ് കൊടുത്തത്. അവരെ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് ചിതറിച്ചു. ഹോളോക്കോസ്റ്റ് പോലുള്ള നരഹത്യകള്‍ക്ക് അവരെ വിധേയരാക്കി. ഹിന്ദുപുരാണത്തില്‍ പരമശിവന്‍ കോപിഷ്ടനായിരുന്നു. തന്റെ മൂന്നാം കണ്ണു തുറന്ന് അദ്ദേഹം എതിരാളികളെ ഭസ്മീകരിച്ചു. വിശ്വാമിത്രന്റെ ക്ഷിപ്ര കോപത്തെപറ്റി നമുക്കറിയാം..

നിന്റെ ഒരു കരണത്തടിച്ചാല്‍ മറ്റെ കരണം കൂടി കാണിച്ചു കൊടുക്കുക എന്നുപറഞ്ഞ യേശു ക്രിസ്തുവിനു പോലും കോപം നിയന്ത്രിക്കാന്‍ പാടുപെടേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഫലം കായ്ക്കാത്ത അത്തിമരത്തോട് നീ ഉണങ്ങിപ്പോകട്ടെയെന്ന് അദ്ദേഹം ശപിച്ചു. പാവം മരം വാര്‍ദ്ധക്യം മൂലമോ വെള്ളവും വളവും കിട്ടായ്ക കൊണ്ടോ ആയിരിക്കും ഫലം കൊടുക്കാതിരുന്നത്. ക്രിസ്തുവിന് വിശന്നപ്പോള്‍ ഫലം കൊടുക്കാതിരുന്ന മരത്തിനോടാണ് അദ്ദേഹം കോപിച്ചത്. കോപം അടക്കാന്‍ ദൈവത്തിനും മഹര്‍ഷിമാര്‍ക്കും അസാധ്യമാണെങ്കില്‍ നിസ്സാരനായ മനുഷ്യന്റെ അവസ്ഥ എന്താണ്? എന്നാലും ഭാര്യയോടും മക്കളോടും മാതാപിതാക്കളോടും സഹോദരങ്ങളോടും നിസ്സാര കാര്യങ്ങള്‍ക്ക് കോപിക്കാതിരിക്കുന്നത് കുടുംബ ജീവിതം സന്തോഷകരവും സമാധാനപരവും ആയിരിക്കുന്നതിന് സഹായകമായിരിക്കും. കോപം അടക്കാന്‍ ശ്രമിക്കുന്നത് എന്തായാലും നല്ലതുതന്നെ.

അസൂയക്കും (envy) കഷണ്ടിക്കും മരുന്നില്ല എന്നുപറയാറുണ്ട്. കഷണ്ടിക്ക് പരിഹാരമായി ഇപ്പോള്‍ മരുന്നുകളും ഗ്രാഫ്റ്റിങ്ങ് പോലുള്ള വിദ്യകളുമുണ്ട്. ഇതല്ലെങ്കില്‍ ഒറിജിനല്‍ മുടിയെ വെല്ലുന്ന വിഗ്ഗുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. എന്നാല്‍ അസൂയക്ക് മരുന്നില്ല, ഇനി ഉണ്ടാകാനും പോകുന്നില്ല. സ്ത്രീകളാണ് ഈ രോഗം കൊണ്ട് കഷ്ടപ്പെടുന്ന കൂട്ടര്‍. സൗന്ദര്യം കുറഞ്ഞവള്‍ക്ക് അത്കൂടുതലുള്ളവളോട് അസൂയ. പണം ഇല്ലാത്തവള്‍ക്ക് ഉള്ളവളോട്. ചമഞ്ഞു നടക്കുന്നവളോട് അസൂയ, ഈ രോഗം അവള്‍ക്ക് ഉള്ള സൗന്ദര്യത്തെ നശിപ്പിച്ചു കളയുന്നു. അകാലത്തിലവള്‍ വൃദ്ധയാകുന്നു. അസൂയകാരണം ആരോഗ്യം ക്ഷയിച്ച് അവള്‍ രോഗങ്ങള്‍ക്കും അവസാനം മണരണത്തിനും അടിമപ്പെടുന്നു.

സ്ത്രീകളെക്കാള്‍ ഒരുഡിഗ്രി കുറവാണെങ്കിലും അസൂയകൊണ്ട് ജീവിതം തുലക്കുന്ന പുരുഷന്മാരുമുണ്ട്. അവര്‍ക്ക് സൗന്ദര്യവുമായി ബന്ധപ്പെട്ട അസൂയ അല്ലെന്നുമാത്രം. പ്രേമിച്ച പെണ്ണിനെ മറ്റൊരുവന്‍ തട്ടിയെടുത്ത് വിവാഹം ചെയ്താല്‍ അവനോട് അസൂയ ഇല്ലാതിരിക്കുമോ? സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കില്‍ വളഞ്ഞ വഴിയില്‍ കൂടിയോ നേരായ വഴിയില്‍ കൂടിയോ പ്രൊമോഷന്‍ നേടി തന്റെ തലക്കു മുകളില്‍ പ്രതിഷ്ഠിക്കപ്പെട്ടവനോട്. ബിസിനസ്സില്‍ പരാജയപ്പെട്ടവന് ആ രംഗത്ത് വിജയിച്ചു കയറുന്നവനോട്. ചുരുക്കം പറഞ്ഞാല്‍ അസൂയ ഇല്ലാത്തവരായി ആരും തന്നെയില്ല. അസുയ ഇല്ലാതിരിക്കുന്നത് ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കുന്നതിന് സഹായിക്കും.

കാമം ( lust). മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പൊതുവെയുള്ള വികാരമാണ് കാമം. കാമമില്ലെങ്കില്‍ സന്താനോത്പാദനം നടക്കില്ല. പ്രേമത്തിന്റെ പിന്നിലുള്ള വികരവും കാമം തന്നെയാണ്. പക്ഷേ, കാമത്തെ നിയന്ത്രിക്കാന്‍ സാധിക്കുന്ന സ്ത്രീ പുരുഷന്മാരാണ് ഉത്തമരായിട്ടുള്ളവര്‍. അതിന് സാധിക്കാത്തവരാണല്ലോ അസന്മാര്‍ഗിക പ്രവര്‍ത്തികളിലേക്ക് നീങ്ങുന്നത്. മൃഗങ്ങളിലേക്ക് നോക്കിയാല്‍ പെണ്ണിന്റെ സമ്മതമില്ലാതെ പുരുഷന്‍ അവളെ പ്രാപിക്കാറില്ല. അവളുടെ സമ്മതം വാങ്ങാന്‍ അവന്‍ പലതരം വേലത്തരങ്ങള്‍ കാണിച്ചു കൊണ്ട് പിന്നലെ നടക്കുന്നത് കണ്ടിട്ടില്ലെ. പപ്പുവ ഗിനിയയില്‍ ഒരുതരം പക്ഷികളുണ്ട്. പറുദീസയിലെ പക്ഷികള്‍ എന്നപേരിലാണ് അവ അറിയപ്പെടുന്നത്. (damcing birds എന്നോ birds of paradise  എന്നോ google തപ്പിയാല്‍ ഈ പക്ഷികളുടെ മനോഹരമായ ഡാന്‍സ് കാണാന്‍ സാധിക്കും) പെണ്ണിനെ വശീകരിക്കാന്‍ ആണ്‍പക്ഷി നടത്തുന്ന ഡാന്‍സ് രസകരമായ കാഴ്ച്ചയാണ്. ഇത് ചിത്രീകരിക്കാന്‍ ഒരു ഫോട്ടോഗ്രാഫര്‍ (പേര് ഓര്‍മ്മയില്ല) മാസങ്ങളോളം കാട്ടില്‍ അലഞ്ഞു തിരഞ്ഞതായിട്ടാണ് കേട്ടിട്ടുള്ളത്. പെണ്ണിന്റെ സമ്മതമില്ലാതെ അവളെ ബലാല്‍സംഗം ചെയ്യുന്നത് മനുഷ്യകുലത്തില്‍പെട്ട പുരുഷന്‍ മാത്രമാണ്. ഭര്‍ത്താവിനെ വഞ്ചിച്ച് അന്യപുരുഷനെ പ്രാപിക്കുന്ന സ്ത്രീയും സ്വന്തം ഭാര്യയെ ബലാല്‍സംഗം ചെയ്യുന്നവനും തമ്മില്‍ വ്യത്യസമൊന്നുമില്ല

അത്യാര്‍ത്തി.(gluttony) ഇത് ആഹാരത്തോടുള്ള അത്യാര്‍ത്തിയാണ്. സ്വന്തം വയര്‍ അറിയാതെ അമിതമായ ആഹാരം കഴിക്കുക. ഒരുപറ ചോറുണ്ണാമെന്ന് ചില യുട്യൂബ് കറിവെപ്പുകാര് പറയുന്നത് കേട്ടിട്ടില്ലെ. നാട്ടിലെ ചില ഹോട്ടലുകളില്‍ ചിലയാളുകള്‍ രണ്ടും മൂന്നും തവണ ചോറുവാങ്ങി കഴിക്കുന്നത് കണ്ടിട്ടുണ്ട്, മൂന്നാം തവണ വിളമ്പുകാരന്‍ മുഖം ചുളിക്കുന്നതും. അമേരിക്കയില്‍ ചിലയാളുകള്‍ ശരീരഭാരം കൊണ്ട് നടക്കാന്‍ തന്നെ പാടുപെടുന്നത് സാധാരണ കാഴ്ച്ചയാണ്. മാംസം അവരുടെ ശരീരത്തില്‍ പലഭാഗത്തായി തൂങ്ങിക്കിടക്കുകയാണ്. പോര്‍ക്കും ബീഫും കൊഴുപ്പോടു കൂടിതന്നെ അകത്താക്കി ചെറുപ്രായത്തില്‍ തന്നെ പലവിധ രോഗങ്ങളെയും സ്വാഗതം ചെയ്യുന്നവരാണ്, സൗന്ദര്യം നശിപ്പിക്കുന്നവരാണ്. രാത്രിയില്‍ വയറുനിറയെ ആഹാരംകഴിച്ചിട്ട് ഉറങ്ങാന്‍ കഴിയാതെ തിരിഞ്ഞും മറിഞ്ഞും ഉരുളുന്നതും പലവിധ ശബ്ദങ്ങള്‍ പുറപ്പെടുവിക്കയും ചെയ്യുന്നവരെ നിങ്ങള്‍ കണ്ടിരിക്കും. സുഖമായ ഉറക്കം കിട്ടണമെങ്കില്‍ അത്താഴം ലഘുവായിട്ടുള്ളതായിരിക്കണം. അത്താഴത്തിന് സാലഡാണ് ഉത്തമം. അല്ലെങ്കില്‍ ഒരു ചപ്പാത്തി.. നാലഞ്ച് പൊറോട്ടയും ഒരുപ്‌ളേറ്റ് ബീഫും അകത്താക്കി ഉറങ്ങാന്‍ കിടക്കുന്നവനോട് നിന്റെ സമീപത്ത് കാലന്‍ കാത്തു നില്‍പുണ്ടെന്ന് പറയാന്‍ ആഗ്രഹിക്കുന്നു.

അലസത. (sloth) മടിയന്‍ മലചുമക്കുമെന്ന് മലയാളത്തില്‍ പഴമൊഴിയുണ്ട്. എന്നുവച്ചാല്‍ അവന്റെജീവിതം കഷ്ടപ്പാടു നിറഞ്ഞതായിരിക്കുമെന്ന്. അവന്‍ ജീവിതത്തില്‍ എങ്ങുമെത്തില്ല, ഒന്നും നേടില്ല, സന്തോഷം എന്തെന്ന് അറിയില്ല. മറ്റുള്ളവരുടെ പരിഹാസത്തിനും ശകാരത്തിനും അവന്‍ ഇരയായിത്തീരും. അവന്റെ മക്കള്‍പോലും അവനെ വെറുക്കും., അവന്റെ മരണം അവര്‍ക്ക് ആശ്വാസമായിത്തീരും, ഒരു ഭാരം ഒഴിഞ്ഞല്ലോയെന്നോര്‍ത്ത്. ഭൂമിക്ക് ഭാരമായി അവന്‍ ജീവിക്കും. അവനെപറ്റിയുള്ള ഓര്‍മ്മപോലും വീട്ടിലും നാട്ടിലും നിന്ന് മായ്ക്കപ്പെടും.
ഇതിനെയെല്ലാം പാപങ്ങളെന്ന് സഭ വിളിച്ചെങ്കിലും മനുഷ്യന്‍ പരിപൂര്‍ണ്ണനാവാന്‍ സഹായിക്കുന്ന, എല്ലാവരും നിയന്ത്രിക്കേണ്ട ഘടകങ്ങളാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക