Image

ആരാണ്‌ ലക്ഷദ്വീപിനെ രക്ഷിക്കേണ്ടത്? (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ, എഴുതാപ്പുറങ്ങൾ 83)

Published on 11 June, 2021
ആരാണ്‌ ലക്ഷദ്വീപിനെ രക്ഷിക്കേണ്ടത്? (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ, എഴുതാപ്പുറങ്ങൾ 83)

സാമൂഹിക പരിഷ്കാരങ്ങളിൽ മത-രാഷ്ട്രീയ നിഴലുകൾ പതിയുമ്പോഴും  അഥവാ  മത രാഷ്ട്രീയ താല്പര്യങ്ങൾ കേന്ദ്രീകരിക്കുമ്പോഴും പുരോഗമനം തടസ്സപ്പെടുന്നു.

ലക്ഷദ്വീപിനെ രക്ഷിക്കുക എന്ന ശബ്ദം ഇന്ന് സോഷ്യൽ മീഡിയയിൽ മുഖരിതമാണ്. യഥാർത്ഥത്തിൽ ഇത്രയും ഗുരുതരമായ ഒരു പ്രതിസന്ധി ലക്ഷദ്വീപ് നേരിടുന്നുണ്ടോ എന്നുള്ളതാണ് നിഷ്പക്ഷമായി ചിന്തിച്ചുകൊണ്ട് ഓരോ വ്യക്തികളും വിലയിരുത്തേണ്ടത്. ഒരു ഭരണാധികാരി നടപ്പിലാക്കുന്ന ഭരണപരിഷ്‌കാരങ്ങൾ ആ പ്രദേശനിവാസികൾക്ക് എതിരാകുന്നതെങ്ങിനെ? ഇതിൽ മത- രാഷ്ട്രീയ ഇടപെടലിന് അല്ലെങ്കിൽ മുതലെടുപ്പിന് ഉണ്ടായേക്കാവുന്ന പങ്കെന്ത്?

സാഹചര്യങ്ങളെ വിലയിരുത്തിയാൽ ലക്ഷദ്വീപിലെ ഈ പരിഷ്‌കാരങ്ങളുടെ ആഘാതം ഇവിടുത്തെ ജനങ്ങളെക്കാൾ, കേരളത്തിലുള്ളവരെയാണ് ബാധിച്ചിരിക്കുന്നത് എന്ന് കാണാം. സാംസ്കാരിക അധിനിവേശമാണ് ഈ പരിഷ്കാരങ്ങളുടെ പ്രേരണ എന്നിവിടുത്തെ ജനങ്ങളെ വിശ്വസിപ്പിച്ച് അതിനു കേരളത്തിലുള്ള രാഷ്ട്രീയ പാർട്ടികൾ പിന്തുണ നൽകുന്നു എന്ന് ചിലർ ഈ സംഭവത്തെ വിലയിരുത്തുന്നു. ഈ ഭരണപരിഷ്കാരത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകൾ ടെലിവിഷനിലും മറ്റു മാധ്യമങ്ങളിലും നടന്നുകൊണ്ടേയിരിക്കുന്നു. ലക്ഷദ്വീപിനെക്കുറിച്ച് മനസ്സിലാക്കിയതിനുശേഷം ഇന്നത്തെ സാഹചര്യത്തിൽ അവിടെ എന്ത് സംഭവിക്കുന്നു അറിയാൻ ശ്രമിക്കാം.   

അറബിക്കടലിലെ മുപ്പത്തിയാറു ദീപ് സമൂഹങ്ങൾ അടങ്ങുന്ന ഒന്നാണു ലക്ഷദീപ്. ലക്ഷദീപ് എന്ന പദത്തിനർത്ഥം ലക്ഷം ദ്വീപുകൾ എന്നാണെങ്കിലും ഇതിൽ പത്തെണ്ണമാണ് ജനവാസയോഗ്യമായത് . അവിടത്തെ പൂർവനിവാസികളായി ആരെയും നിശ്ചയിക്കാൻ കഴിയില്ലെങ്കിലും ക്രിസ്തുവിനു 1500 വർഷങ്ങൾക്ക് മുമ്പ് തുടങ്ങി അവിടെ മനുഷ്യർ ജീവിച്ചിരുന്നുവെന്നു ചരിത്രം പറയുന്നു. തീർച്ചയായും സാഹസികരായ നാവികരുടെ കാൽസ്പർശം ഇത്തരം ഭൂമിയിൽ പതിക്കാതിരിക്കുക അതിശയമായിരിക്കും. കേരള സംസ്ഥാനത്തോട് അടുത്ത് കിടക്കുന്നത്കൊണ്ട് അവിടത്തെ ജനങ്ങളും അവരുടെ ഭാഷയും മലയാളികളുമായി സാമ്യം പുലർത്തുന്നു.

ചോള-ചേര  രാജവാഴ്ച്ചക്ക് ശേഷം ഈ ദ്വീപ് കണ്ണൂർ രാജഭരണത്തിൽ കീഴിൽ തുടർന്നു. കോലത്തിരി രാജാവിന്റെ കുടിയാന്മാരായിരുന്ന  കണ്ണൂരിലെ അറക്കൽ കുടുംബം ഇതിന്റെ ചുമതല വഹിച്ചു. അപ്പോഴേക്കും ഇസ്‌ലാം മതം അവിടെ എത്തിയിരുന്നു. കോലത്തിരി രാജാവിൽ നിന്നും അധികാരം മൈസൂർ പുലി എന്നറിയപ്പെട്ടിരുന്ന ടിപ്പു   സുൽത്താൻറെ കൈകളിൽ എത്തി. ആ കാലഘട്ടത്തിൽ ഇവിടെ താമസിച്ചിരുന്ന ഹിന്ദു കുടുംബങ്ങൾക്ക് പീഡനം അനുഭവിക്കേണ്ടി വന്നിരുന്നതായി കാണുന്നുണ്ട്.

കണ്ണൂർ ദ്വീപുകൾ എന്നറിയപ്പെട്ടിരുന്ന ഈ ദ്വീപസമൂഹം 1973 -ൽ ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുകയും ലക്ഷദീപ് എന്ന പേര് നൽകുകയും ചെയ്തു. അന്നുമുതൽ കേന്ദ്രഗവണ്മെന്റിന്റെ ഒരു പ്രതിനിധി ഇവിടുത്തെ ഭരണം നിർവ്വഹിച്ചുപോരുന്നതാണ് പതിവ്. 

എന്നാൽ ഇപ്പോൾ ഭരണപക്ഷത്തിന്റെ പ്രതിനിധിയായ ശ്രീ പ്രഫുൽ ഖോദ പട്ടേലിനാണ് ഈ പ്രദേശത്തിന്റെ ചുമതല. അദ്ദേഹം ഈയ്യിടെ കൊണ്ടുവന്ന ഭരണപരിഷ്കാരങ്ങളാണ് ഇന്ന് ലക്ഷദ്വീപിൽ വിവാദമായിക്കൊണ്ടിരിക്കുന്നത്.

മീഡിയയിൽ നിന്നും നമ്മൾ കേൾക്കുന്ന പോലെയല്ല വസ്തുതകൾ. ഇവിടെ  നാല് പോലീസ് സ്റ്റേഷനുകളും രണ്ട് പോലീസ്  എയ്ഡ് പോസ്റ്റുകളും ഉള്ളതായി രേഖകളിൽ കാണുന്നുണ്ട്.  ഇവിടത്തെ നീതിന്യായ വ്യവസ്ഥ ഗ്രാമപഞ്ചായത്തുകൾ എന്നറിയപ്പെടുന്ന ഭരണത്തിന് കീഴിലാണ്. ജനസംഖ്യയുടെ 98 ശതമാനം മുസ്‌ലിം വിഭാഗക്കാരായതുകൊണ്ട് ഇവിടെ ശരിയത്ത് നിയമത്തിനു പ്രാധാന്യം കൽപ്പിക്കുന്നു.

ലക്ഷദ്വീപിനെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങൾ അടിസ്ഥാനമാക്കികൊണ്ട് ചിന്തിക്കുമ്പോൾ സ്വച്ഛന്ദമായ ഒരു കൊച്ചു മുസ്‌ലിം രാജ്യം വളരെ സന്തോഷത്തോടെ അവിടെ കഴിഞ്ഞിരുന്നതായി കാണാം. അവിടത്തെ ഒരു ദ്വീപായ കവരത്തിയിൽ  (ഇത് ലക്ഷദ്വീപുകളുടെ തലസ്ഥാനമാണ്) ഒരു ശിവക്ഷേത്രമുണ്ട്. മിനിക്കോയ് ദ്വീപിൽ ഒരു കൃഷ്ണക്ഷേത്രവുമുണ്ട്. കൃഷ്‌ണക്ഷേത്രത്തിനെതിരെ ആക്രമണം ഉണ്ടായികൊണ്ടിരുന്നപ്പോൾ കുമ്മനം രാജശേഖരൻ പ്രധാനമന്ത്രി നരേന്ദ്രമന്ത്രിയെ വിവരം ബോധിപ്പിക്കുകയുണ്ടായി. മതപരമായ തീവ്രവിശ്വാസങ്ങൾ മനുഷ്യരെ പലപ്പോഴും മറ്റു മതക്കാരെ വേദനിപ്പിക്കുന്ന വിധത്തിൽ ആകുന്നത്  ഖേദകരമാണ്.  2010-ൽ മഹാത്മാഗാന്ധിയുടെ പ്രതിമ ഇവിടെ സ്ഥാപിക്കാൻ കൊണ്ടുവന്നപ്പോൾ അവിടത്തെ ജനവിഭാഗം അത് വിലക്കി. കാരണം ഇസ്‌ലാമിക വിശ്വാസപ്രകാരം പ്രതിമകൾ അനുവദനീയമല്ല. മതേതര ഭാരതത്തിന്റെ ഒരു ഭാഗമാണ് ഈ ദ്വീപ് എന്നും നമ്മൾ ഓർക്കേണ്ടതുണ്ട്. എന്തായാലും പ്രശ്നങ്ങൾ ഒന്നുമില്ലാതെ അന്നത്തെ  ഭരണാധികാരിയുടെ വീട്ടിൽ ആ പ്രതിമ പതിനൊന്നു വർഷമായി സുരക്ഷിതമായിരിക്കുന്നു എന്ന് നമ്മൾ മാധ്യമങ്ങളിൽ നിന്നുമറിയുന്നു. ഇതാണ് മുസ്ലീമുകൾ കൂടുതലായി പാർക്കുന്ന ഈ ദ്വീപിന്റെ അവസ്ഥ

ദ്വീപിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുവാൻ തീരുമാനിച്ചതിനെ ലക്ഷദ്വീപിനെ കാവിവത്കരിക്കാൻ ശ്രമിച്ചു എന്നാണ് വിലയിരുത്തുന്നത് . ഗുണ്ടാ ആക്ട് (anti social activity regulation act 2021) നടപ്പിലാക്കാൻ തീരുമാനിച്ചു. ക്രൂരരായ മനുഷ്യർ, പിടിച്ച്പറിക്കാർ, അനധികൃത നിർമ്മാണം നടത്തുന്നവർ തുടങ്ങിയവരെ പ്രസ്തുത നിയമത്തിന്റെ ബലത്തിൽ അറസ്റ്റ് ചെയ്യാം. ഇങ്ങനെ പിടിക്കുന്നവരെ  ഒരു വര്ഷം വരെ കസ്റ്റഡിയിൽ വയ്ക്കാം. ഈ നിയമവും ദ്വീപനിവാസികളെ ആശങ്കാകുലരാക്കി. അവരുടെ ബോട്ടുകളും അതേപോലെ കടലിൽ പോകാനുള്ള പണിയായുധങ്ങളും വച്ചിരുന്ന താൽക്കാലിക ഷെഡുകൾ തീരദേശത്ത് നിന്നും പൊളിച്ചുമാറ്റി. ബേപ്പൂർ   തുറമുഖത്തുനിന്നുള്ള ഇറക്കുമതി മംഗലാപുരം തുറമുഖത്തേക്ക് മാറ്റാൻ പദ്ധതിയിട്ടു എന്നുള്ളതുമായ പരിഷ്‌കാരങ്ങൾ വിവിധ തരത്തിൽ മാധ്യമങ്ങളും ജനങ്ങളും വിശദീകരിക്കുകയുണ്ടായി. 

 ദ്വീപിൽ മദ്യവിൽപ്പനക്കുള്ള അനുവാദവും നൽകി, മൃഗസംരക്ഷണം എന്ന വകുപ്പിന്റെ പേരിൽ സ്‌കൂളിൽ കുട്ടികൾക്ക് ഇഷ്ടഭക്ഷണം നൽകുന്നതു നിർത്തലാക്കി. ഇഷ്ടഭക്ഷണം നിർത്തലാക്കുകയും, അവിടുത്തെ ഭൂരിപക്ഷം വരുന്ന മുസ്ലിം സമുദായത്തിന് വിരുദ്ധമായ മദ്യവിൽപ്പനക്കു അനുമതി നൽകിയതും ഇവിടുത്തെ ജനങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നു അനുമാനിക്കാം.

അതേപോലെ അവരുടെ ഡയറിഫാമുകൾ അടച്ചുപൂട്ടി പശുക്കളെ ലേലം ചെയ്യാൻ ആഹ്വാനം ചെയ്തതും പാലിനായി അമൂൽ കമ്പനിയെ ഏൽപ്പിക്കുമെന്നു ഉത്തരവിറക്കിയതും സ്വാഭാവികമായി ജനങ്ങൾക്ക് സ്വീകാര്യമല്ലായിരുന്നു. ഇതിലൂടെ അവരുടെ ജീവിതമാർഗം തടസ്സപ്പെടുന്നതായി അവർ പരാതിപ്പെടുന്നു. ഗ്രാമപഞ്ചായത്തുകൾക്ക് ചുമതലപ്പെടുത്തിയിരുന്ന ആരോഗ്യവകുപ്പുപോലുള്ള വിഭാഗങ്ങൾ ഗ്രാമപഞ്ചായത്തിൽ നിന്നും എടുത്ത് നേരിട്ട് കേന്ദ്രഭരണത്തിന് കീഴിൽ കൊണ്ടുവരുന്നു എന്നതും ജനങ്ങൾ പ്രതിരോധിക്കുന്ന നിയമങ്ങളിൽ ഒന്നാണ്.

കോവിഡ് ഇല്ലാതിരുന്ന   ഈ ദ്വീപിലേക്ക് വരുന്നവർക്ക് നിര്ദേശിച്ചിരുന്ന നിബന്ധനകൾ എടുത്ത് മാറ്റുകയുണ്ടായി. തന്മൂലം ദ്വീപിലേക്ക് വന്നവർ കോവിഡിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെ യഥേഷ്ടം എത്തുകയും ഏകദേശം അറുപത് ശതമാനം രോഗികളാൽ ദ്വീപ് നിറയുകയും ചെയ്തു എന്നതും ഇപ്പോഴത്തെ ഭരണത്തിലെ വീഴ്ചയായി കണക്കാക്കപ്പെടുന്നു. ഇത്തരം ഭരണപരിഷ്കാരങ്ങളാണ് ലക്ഷദ്വീപിലെയും അതിലുപരി കേരളജനതയേയും രൂക്ഷമായ പ്രതികരണത്തിലേക്ക് എത്തിച്ചത്

ദ്വീപിൽ ISIS മുതലായ ഇസ്ലാമിക് തീവ്രവാദ സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്നും അതിനെ അടിച്ചമർത്തുവാൻ കേന്ദ്ര ഗവണ്മെന്റ് നിശ്ചയിച്ച  പ്രകാരമാണ് നിയമങ്ങൾ നടപ്പിലാക്കുന്നത് എന്ന് ഭരണപക്ഷം അവകാശപ്പെടുന്നു. അതുപോലെത്തന്നെ ജീവിതമാർഗ്ഗത്തിനായി നാളികേരവും, മത്സ്യവുമല്ലാതെ സമൃദ്ധമായ ഭൂവിഭവങ്ങൾ ഇല്ലാത്ത ഈ പ്രദേശത്തുള്ളവരുടെ പ്രധാന വരുമാനമാർഗ്ഗമാണ് വിനോദ സഞ്ചാരികളിൽ നിന്നുള്ള വരുമാനം. അതിനാൽ വിനോദസഞ്ചാരത്തിനു  പറ്റിയ ഒരു ഭൂമി ഇസ്‌ലാം മതരീതിക്കൊപ്പം മാത്രം നിലനിൽക്കണമെന്ന ആവശ്യം പുരോഗമന വിരുദ്ധമാണെന്നും ഗവണ്മെന്റ് പറയുന്നു. 

വിനോദസഞ്ചാരികൾക്കായി വിരളമായ ചില പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മദ്യവിൽപ്പന അനുവദിക്കുന്നു എന്നതാണ് ഗവണ്മെന്റിന്റെ വിശദീകരണം. മറ്റൊന്ന്, ഇവിടുത്തെ ഭൂപ്രകൃതിയ്ക്ക് അനുയോജ്യമായ നിർമ്മാണ നിയമങ്ങളാകണം  ഇവിടെ സംഭവിക്കേണ്ടത്. അല്ലെങ്കിൽ ഒരു ദ്വീപെന്ന നിലയിൽ അത് ഇവിടുത്തെ ഭൂപ്രകൃതിയുടെ തുലനാവസ്ഥയെ ബാധിക്കും എന്നുള്ളതുകൊണ്ടാണ് നിർമ്മാണ നിയമങ്ങളിൽ വിലക്കുകൾ  ഏർപ്പെടുത്തിയിരിക്കുന്നത്. അതുപോലെത്തന്നെ ഇവിടുത്തെ നിവാസികൾക്ക് മതിയാംവിധമുള്ള പാൽ ഉത്പന്നങ്ങൾ പരിമിതമായ ലഭ്യതയിൽ നിന്നും ഉണ്ടാകാൻ കഴിയില്ല എന്നുള്ളതുകൊണ്ടാണ് പാലും പാൽ ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യാൻ നിയമം നടപ്പിലാക്കാൻ തീരുമാനിച്ചത് എന്നും പറയപ്പെടുന്നു. 

മിക്കവാറും ജനജീവിതത്തിന് ആവശ്യമായ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്ന ഈ ദ്വീപവാസികൾക്ക് സാധനങ്ങൾ കുറഞ്ഞ ചെലവിൽ ഇറക്കുമതി ചെയ്യാൻ ബേപ്പൂർ  തുറമുഖത്തേക്കാൾ മംഗലാപുരം തുറമുഖത്തുനിന്നും കഴിയും, അതിലൂടെ ജനജീവിതം മെച്ചപ്പെടുത്താൻ കഴിയുമെന്നതാണ് ഗവണ്മെന്റിന്റെ തീരുമാനം.   ആ പ്രദേശത്തെ നിയന്ത്രണം അവിടുത്തെ പ്രാദേശിക ഭരണത്തിന്റെ കീഴിൽ കൊണ്ടുവന്നാൽ കൂടുതൽ പുരോഗമനമുണ്ടാകുമെന്ന അടിസ്ഥാനത്തിലാണ്  ആരോഗ്യവകുപ്പുപോലുള്ള വിഭാഗങ്ങൾ ഗ്രാമപഞ്ചായത്തുകൾക്ക് നൽകിയത്. എന്നാൽ ഇത്രയും വർഷത്തെ പരീക്ഷണത്തിനുശേഷവും കാര്യമായ ഒരു പുരോഗമനം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല എന്ന വിലയിരുത്തലിൽ നിന്നാണ് ഗ്രാമ പഞ്ചായത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളെപ്പോലെ കേന്ദ്രഗവണ്മെന്റിലേക്കുള്ള അധികാര മാറ്റത്തെക്കുറിച്ച് ഗവണ്മെന്റ് തീരുമാനമെടുത്തത് എന്നും പറയപ്പെടുന്നു.

മൃഗസംരക്ഷണത്തെക്കുറിച്ചുള്ള വിശദീകരണം ഇങ്ങിനെയായിരുന്നു ഇവിടുത്തെ ഭൂപ്രകൃതി അനുസരിച്ച് സസ്യലതാതികൾ സുലഭമായി ലഭ്യമല്ലാത്തതിനാൽ ധാരാളം മൃഗങ്ങളെ വളർത്തുവാൻ അനുയോജ്യമല്ലാത്ത ഒരു അന്തരീക്ഷമാണ് ഇവിടെയുള്ളത്. അതിനാൽ മൃഗങ്ങളെ കൊന്നു തിന്നാൻ ഉതകുന്ന രീതിയിൽ കൂടുതൽ എണ്ണത്തെ പരിപാലിക്കാൻ കഴിയില്ല എന്നതും ഒരു വിഭാഗം ജനങ്ങൾ ജീവിതമാർഗ്ഗത്തിനായി ഇവയെ ആശ്രയിക്കുന്നു എന്നതിനാലും മൃഗസംരക്ഷണത്തിലും  ഗവണ്മെന്റ് കര്ശനമായ നടപടി എടുത്തു. ലക്ഷദ്വീപിൽ ഇപ്പോൾ നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങൾക്ക് ഗവണ്മെന്റ് നൽകപ്പെടുന്ന വിശദീകരണങ്ങൾ ഇത്തരത്തിലാണ് 

ഒരു ജനതയുടെ ജീവിതത്തെയും സംസ്കാരത്തെയും ബാധിക്കുന്ന തരത്തിൽ ഭരണരീതികൾ കൊണ്ടുവരുമ്പോൾ അവിടെ സമാധാനം നഷ്ടപ്പെടുന്നു. ഏതു പാർട്ടിയുടെ കക്ഷിയാണെങ്കിലും ഭരണപരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കുന്നത് മത-രാഷ്ട്രീയ  മുതലെടുപ്പിനാകരുത്. അതേസമയം ജനജീവിതം മെച്ചപ്പെടുത്താൻ ഉതകുന്ന ഭരണപരിഷ്കാരങ്ങൾ മത-രാഷ്ട്രീയത്തിന്റെ പേരിൽ ബഹിക്ഷ്കരിക്കുന്നതും തന്മൂലം പുരോഗമനത്തെ തടസ്സപ്പെടുത്തുന്നതിനും സമാധാനത്തെ നശിപ്പിക്കുന്നതിനും കാരണമാകുന്നു ജനങ്ങളും ഗവണ്മെന്റും ജനാധിപത്യത്തിൽ അധിഷ്ഠിതമായി മുന്നോട്ടുപോകുമെന്നും സമാധാനപരമായി വർത്തിച്ചിരുന്ന ലക്ഷദ്വീപിൽ ഇന്ന് സംജാതമായ പ്രശ്നങ്ങൾ പരിഹരിച്ച് ഇനിയും സമാധാനം നിലനിന്നു പോരുമെന്നും പ്രത്യാശിക്കാം.

 

Join WhatsApp News
girish nair 2021-06-12 03:43:02
ശ്രീലങ്കയിലെ ഹബന്തോഡ എന്ന തുറമുഖത്തിലൂടെ ചൈന കന്യാകുമാരിയിൽ നിന്നും മൈലുകൾക്കപ്പുറം ആധിപത്യം ഉറപ്പിച്ച് ഇന്ത്യയുടെ തുറമുഖങ്ങൾക്കും പ്രതിരോധ വകുപ്പിനും വെല്ലുവിളി ഉയർത്തുക എന്ന ചൈനയുടെ കുതന്ത്രം മുന്നിൽ കണ്ടാണ് ലക്ഷദീപിൽ ഇങ്ങനെയൊരു മാറ്റം നമ്മുടെ സർക്കാർ കൊണ്ടുവന്നത്. ശ്രീലങ്കയുടെ ഏക്കറോളം സ്ഥലം ചൈനക്ക് വിട്ടുകൊടുത്തതിൽ ലങ്കയിൽ വ്യാപക പ്രതിഷേധം അന്ന് ഉയർന്നിരുന്നു. ലങ്കൻ തീരത്തെ ചൈനയുടെ സാന്നിത്യം ഇന്ത്യക്കു പുറമെ ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിക്കുകയും ചൈനയുടെ ഈ കുതന്ത്രം ലങ്കൻ ഭരണാധികാരികളെ അറിയിക്കുകയും ചെയ്യ്തിരുന്നു. എന്നാൽ ലങ്ക ഈ മുന്നറിയിപ്പ് അവഗണിച്ച് മുന്നേറിയ സാഹചര്യത്തിൽ ലക്ഷദീപിൽ ഇന്ത്യയുടെ നാവിക താവളം കൊണ്ടുവരിക എന്നതാണ് നമ്മുടെ പ്രധാന ഉദ്ദേശ്യം. പുതിയ നിയമത്തിൽ കാവി നിറം പടർന്നിട്ടുണ്ട് എന്നത് നഗ്നമായ സത്യമാണ്‌. എല്ലാ കുറവുകളും പരിഹരിച്ച് ലക്ഷദീപിൽ ഇനിയും സമാധാനം നിലനിന്നു പോരാട്ടെയെന്നു ലേഖികയോടൊപ്പം നമുക്കും പ്രത്യാശിക്കാം. ഉന്നത നിലവാരം പുലർത്തുന്ന ലേഖനത്തിനു അഭിനന്ദനം.
Prasanth Menon 2021-06-12 16:50:10
പക്ഷെ ഇപ്പോൾ എഴുതിയ കമന്റിൽ "പുതിയ നിയമത്തിൽ കാവി നിറം പടർന്നിട്ടുണ്ട് എന്നത് നഗ്നമായ സത്യമാണ്‌. " എന്ന അഭിപ്രായം കണ്ട്. എല്ലാവര്ക്കും അവരുടേതായ അഭിപ്രായമുണ്ടാകും എന്നാലും പച്ച പിടിക്കുന്നതും കാണണമല്ലോ. കാവി സുതാര്യമാണ് പക്ഷെ പച്ച ശ്രദ്ധിക്കുന്നവർക്ക് കാണാം. എന്തായാലും നമ്പിയാരുടെ ലേഖനത്തിൽ മത-രാഷ്ട്രീയമായി പ്രശ്നനങ്ങളെ കാണരുതെന്ന് എഴുതിയിട്ടുണ്ട് അതേസമയം ഭാരതത്തിൽ മറ്റൊരു ഇസ്‌ലാമിക് രാജ്യം ഉണ്ടാകരുതെന്നും ലേഖനം സൂചന തരുന്നതായി ഇതെഴുതുന്ന ആൾക്ക് തോന്നി.
Ramesh Kalathil 2021-06-12 18:10:26
ശ്രീ മേനോൻ.... ലേഖനത്തിലെ ഉള്ളടക്കം ശരിയാണ്... അതുപോലെ തന്നെ ഒരു ഇസ്ലാമിക് രാജ്യം ഉണ്ടാകണം എന്നു ഒരിയ്ക്കലും ശ്രീ ഗിരീഷ് നായർ തന്റെ അഭിപ്രായത്തിൽ പറഞ്ഞിട്ടില്ല. നമ്പിയാർ തന്റെ ലേഖനത്തിൽ കാവിവത്കരിക്കാൻ ശ്രമിച്ചു എന്നാണ് വിലയിരിത്തിയിരിക്കുന്നത്.
mathew v zacharia 2021-06-15 14:33:17
Jyothi Lakshmi. Thank you for the information. Mathew V. Zacharia, New Yorker
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക