Image

ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ്; ഇന്ത്യയും കുവൈറ്റും ധാരണപത്രത്തില്‍ ഒപ്പിട്ടു

Published on 11 June, 2021
 ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ്; ഇന്ത്യയും കുവൈറ്റും ധാരണപത്രത്തില്‍ ഒപ്പിട്ടു

കുവൈറ്റ് സിറ്റി: ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് ഇന്ത്യയും കുവൈറ്റും ധാരണപത്രത്തില്‍ ഒപ്പിട്ടു. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റേയും കുവൈറ്റ് വിദേശകാര്യ മന്ത്രി അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബയുടെയും സാന്നിദ്ധ്യത്തില്‍ കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജും കുവൈത്ത് വിദേശകാര്യ സഹമന്ത്രി മജ്ദി അഹമ്മദ് അല്‍ ദാഫിരിയുമാണ് ഒപ്പിട്ടത്. കുവൈത്ത് വാണിജ്യ മന്ത്രി ഡോ. അബ്ദുള്ള ഇസ്സാ അല്‍ സല്‍മാനും ചടങ്ങില്‍ പങ്കെടുത്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അകലോകനം ചെയ്ത വിദേശകാര്യ മന്ത്രിമാര്‍ പ്രാദേശികവും അന്തര്‍ദേശീകവുമായ പ്രശ്‌നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തതായി അധികൃതര്‍ അറിയിച്ചു.

കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധികളെ കുറിച്ചും ഇരുമന്ത്രിമാരും ചര്‍ച്ച ചെയ്തു. മഹാമാരിയോട് ഒന്നിച്ച് പോരാടാനും ഇരുരാജ്യങ്ങളിലെയും പൗരന്മാര്‍ അനുഭവിക്കുന്ന യാത്രാ നിയന്ത്രണങ്ങളും വാക്‌സിനേഷന്‍ സംബന്ധിച്ച പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള പ്രതിജ്ഞാബദ്ധതയും മന്ത്രിമാര്‍ ആവര്‍ത്തിച്ചു.

ഭക്ഷ്യസുരക്ഷ, സൈബര്‍ സുരക്ഷ, ഊര്‍ജ്ജ മേഖലയിലെ സഹകരണം എന്നിവ കൂടാതെ കുവൈറ്റിലെ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇന്ത്യയും കുവൈറ്റും തമിലുള്ള ജോയിന്റ് കമ്മീഷന്റെ ആദ്യ യോഗം ഈ വര്‍ഷം അവസാനത്തോടെ നടത്താനും ധാരണയായിട്ടുണ്ട്.

ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ അറുപതാം വാര്‍ഷികത്തിന്റെ സംയുക്ത ആഘോഷങ്ങള്‍ക്കും ഇന്നു തുടക്കമിട്ടു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷമാണ് സംഘടിപ്പിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തോട് പോരാടുന്നതിന് കൈത്താങ്ങായി ഓക്‌സിജന്‍ ഉള്‍പ്പെടെ എത്തിച്ചതിന് ഇന്ത്യയുടെ നന്ദി ഡോ. എസ് ജയശങ്കര്‍ കുവൈറ്റ് അധികൃതരെ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക