EMALAYALEE SPECIAL

അച്ഛന്റെ വിശ്വാസങ്ങൾ (രാജൻ കിണറ്റിങ്കര)

Published

on

ഉമ്മറത്തെ താഴെ കോലായിൽ തൂണ് ചാരി ചുണ്ടിൽ വിരലുകൊണ്ട് ചിത്രം വരച്ച് ഇരിക്കുന്ന അച്ഛനാണ് എന്റെ ഓർമ്മയിലെ അച്ഛൻ.  അച്ഛൻ എപ്പോഴും ആലോചനയിലായിരുന്നു, ഈ ചുണ്ടിൽ വിരലുകളോടിച്ചുള്ള ഇരിപ്പും ആലോചനയുടെ ഭാഗം തന്നെ.  അച്ഛനെ ഷിർട്ട് ഇട്ട് കാണില്ല, ദൂരെ എവിടേക്കെങ്കിലും ബസ്സിൽ യാത്ര ചെയ്യേണ്ടി വരുമ്പോൾ മാത്രമേ അച്ഛൻ ഷർട്ടും ചെരിപ്പും ഇടൂ.   ഷർട്ടിടാതെ ചെരിപ്പിടാതെ ആ മെലിഞ്ഞൊട്ടിയ ശരീരം ഒരു കരിയിലപോലെ പറക്കും,  അത്ര വേഗതയായിരുന്നു അച്ഛന്റെ നടത്തത്തിന്, ഒരിടത്ത് കണ്ടാൽ  നാലുകിലോമീറ്റർ അപ്പുറത്താവും പത്ത് മിനുട്ട് കഴിഞ്ഞാൽ പിന്നെ അച്ഛനെ കാണുക.  പേഴ്സോ ബാഗോ ഒന്നും അച്ഛന്റെ സമ്പാദ്യങ്ങളുടെ ഗന്ധമറിഞ്ഞില്ല. ,  ചുറ്റിയ ഒറ്റമുണ്ടിന്റെ തലപ്പിൽ നീണ്ടുകിടക്കുന്ന മടിക്കുത്തിൽ അച്ഛൻ സ്വന്തം സമ്പാദ്യങ്ങളെ സൂക്ഷിച്ചു.  അതിൽ നിന്നും ഓരോ ചില്ലറതുട്ടും പലവട്ടം എണ്ണിയെടുത്ത് അച്ഛൻ വീട്ടുകാര്യങ്ങൾ നടത്തി. ഒമ്പത് അംഗങ്ങളുള്ള വീട്ടിലെ ദിവസച്ചിലവുകളും കുട്ടികളുടെ പഠിപ്പും രോഗം വന്നാൽ ചികിൽസിക്കുന്നതും ഒക്കെ മടിക്കുത്തിലെ കെട്ടഴിച്ചായിരുന്നു.

അച്ഛന് ഒരു റേഷൻ കട ഉണ്ടായിരുന്നതൊഴിച്ചാൽ വേറെ സമ്പാദ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.   വർഷത്തിൽ ഒരിക്കൽ മാത്രം വരുമാനം കിട്ടുന്ന കുറച്ച് നെൽ കൃഷിയും  ചെറിയൊരു കവുങ്ങിൻ തോട്ടവും ഉണ്ടായിരുന്നെങ്കിലും   പക്ഷെ അതിൽ വലിയ പ്രതീക്ഷകളൊന്നും ഇല്ല, ചിലപ്പോൾ നെല്ല് വെള്ളം മുങ്ങി നശിക്കും, അടക്കകൾ മാഹാളി രോഗംവന്നും പോയെന്നുവരും .

അന്ന് ഞങ്ങളുടെ സപ്ലൈ ഓഫീസ് പൊന്നാനിയിലായിരുന്നു, പിന്നീട് അത് ഒറ്റപ്പാലത്തേക്ക് മാറി.  ആഴ്ചയിൽ ഒരിക്കൽ സപ്ലൈ ഓഫീസിൽ റേഷൻ ഷോപ്പിലെ കണക്കുകൾ ബോധിപ്പിക്കാൻ അച്ഛൻ പോയിരുന്നത് പത്തുമുപ്പത്തഞ്ചു കിലോമീറ്റർ ദൂരെയുള്ള പൊന്നാനിയിലേക്ക് നടന്നായിരുന്നു .  രാവിലെ പോയാൽ രാത്രി ഏറെ വൈകിയാണ് അച്ഛൻ വീടെത്തുക.  മൊബൈലും ഫോണും ഒന്നും ഇല്ലാത്ത കാലത്ത് ഓരോ മിന്നാമിനുങ്ങിന്റെ  വെളിച്ചവും അച്ഛൻ വരുന്നതാണെന്ന് ഓർത്ത് ഉമ്മറത്ത് ഇടവഴിയിലേക്ക് മിഴിനട്ട് ഇരിക്കും.   രാത്രിയായാൽ മിക്കപ്പോഴും ഒരു ഓമത്തണ്ടിൽ മണ്ണെണ്ണ തുണി തിരുകി വിളക്കാക്കിയാണ് അച്ഛനും രാത്രിയിൽ സഞ്ചരിക്കുന്ന മറ്റു ഗ്രാമീണരും ഇരുട്ടിനെ ഓടിച്ചിരുന്നത്.   

ദൂരെ റോഡിലൂടെ അരിച്ചു വരുന്ന വെളിച്ചം വീട്ടിലിരുന്നാൽ കവുങ്ങിൻ തോട്ടത്തിനിടയിലൂടെയും മൈസൂർ വാഴത്തോട്ടത്തിനിടയിലൂടെയും അവ്യക്തമായി കാണാം.  വെളിച്ചം  റോഡിൽ നിന്നും ഇടവഴിയിലേക്ക് തിരിയുമ്പോൾ മനസ്സിൽ ആഹ്ളാദം ചിറപൊട്ടും, അത് അച്ഛനായിരിക്കും എന്ന പ്രതീക്ഷയിൽ.  അടുത്തടുത്ത് വരുന്ന വെളിച്ചത്തിൽ ഹൃദയമിടിപ്പുകൾ കൂടും, പിന്നെ ചിലപ്പോൾ മനസ്സിലെ സന്തോഷത്തെ തല്ലിക്കെടുത്തി ആ വെളിച്ചം പടി കടന്നു പോകും.  വീണ്ടും പഴയപടി കണ്ണുംനട്ട്  കാത്തിരിപ്പ്

കൊയ്ത്ത് കാലം അച്ഛന് വളരെ സന്തോഷമുള്ള സമയമാണ്.  അതുവരെ കൃഷിയിടത്തിൽ ചിലവാക്കിയ  പണം കുറച്ചെങ്കിലും തിരിച്ചു കിട്ടുന്നത് നെല്ല് വിൽക്കുമ്പോഴാണ്.  പക്ഷെ നെല്ലിന്റെ പൊടിയടിച്ചാൽ ജന്മനാ ആസ്ത്മാ രോഗിയായ അച്ഛന്റെ അസുഖം മൂർച്ഛിക്കും.  അതിനാൽ അച്ഛനെ കൊയ്ത്തും മെതിയും ഉള്ള ദിവസങ്ങളിൽ മുറിയിൽ  തന്നെ തളച്ചിടാൻ ശ്രമിക്കും, പക്ഷെ അച്ഛൻ എങ്ങിനെയെങ്കിലും വെളിയിൽ ചാടും.  കുന്നുകൂടി കിടക്കുന്ന നെന്മണികളിൽ മടിക്കുത്തിലെ ചില്ലറതുട്ടുകൾക്ക് അൽപ ദിവസത്തേക്കെങ്കിലും അവധി പറയുന്ന ദിനങ്ങളാണ് കൊയ്ത്തുകാലം.   പക്ഷെ അച്ഛന്റെ കൈയിൽ ഒരു നൂറിന്റെ നോട്ട് കണ്ടതായി ഓർമ്മയില്ല .  അച്ഛന്റെ വിഷുക്കൈ നീട്ടം നാലണയായിരുന്നു.   ഓണത്തിനും വിഷുവിനും അച്ഛൻ വീട്ടിലെ പണിക്കാരി കാളിത്തള്ളയെ കുട്ടയുമായി അങ്ങാടിയിലേക്ക് അയക്കും, സാധനങ്ങൾ വാങ്ങുവാൻ.   കാളിത്തള്ളയുടെ തിരിച്ചുവരവിനും കുഞ്ഞു മനസ്സിൽ ഒരു ഉത്സവത്തിന്റെ നിറവുണ്ടായിരുന്നു.   കാരണം കുറെ സാധനങ്ങൾ ഒന്നിച്ച് വീട്ടിലെ അകത്തളത്തിൽ നിരന്നു കിടക്കും,  വിശേഷങ്ങൾക്ക് മാത്രം കാണുന്ന കാഴ്ച.  

ദൈവത്തിൽ വിശ്വാസമുണ്ടോ എന്നറിയില്ല, പക്ഷെ അച്ഛൻ അമ്പലത്തിൽ പോയിരുന്നില്ല, ആരും വഴിപാട് നടത്തുന്നതും ഇഷ്ടമല്ല.   വഴിപാടിനെ അച്ഛൻ കളിയാക്കിയത് ദൈവത്തിനൊന്നുമല്ല അമ്പലത്തിലെ മാനേജർക്ക് പൈസ കൊണ്ടുപോയി കൊടുക്കുക എന്നായിരുന്നു.   ദൈവത്തിൽ വിശ്വാസമില്ലാത്ത അച്ഛന് അന്ധവിശ്വാസങ്ങളും ഇല്ലായിരുന്നു, അച്ഛന്റെ വിശ്വാസങ്ങളായിരുന്നു അച്ഛന്റെ ശരി.   ആ ശരിയിൽ ആരെന്ത് പറഞ്ഞാലും അച്ഛൻ ഉറച്ച് നിൽക്കും,   പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന് നാട്ടുകാർക്കിടയിൽ ഒരു പറച്ചിലുണ്ടായിരുന്നു അച്ഛനെപ്പറ്റി.   അച്ഛന്റെ വിശ്വാസങ്ങളായിരുന്നു ഓടിട്ടതെങ്കിലും  ആറേഴ് മുറികളും ഉമ്മറവും അടുക്കളയും തട്ടിൻപുറവും ഒക്കെയുള്ള ഒരു വീട് കെട്ടിപ്പൊക്കാനും അച്ഛനെ സഹായിച്ചത്.   കോരിച്ചൊരിയുന്ന കർക്കിടക മഴയിൽ പകുതി പണിതീർന്ന വീട് നിലംപൊത്തുമെന്ന് പലരും പേടിച്ചപ്പോൾ അച്ഛൻ തന്റെ മുറുക്കാൻ ചെല്ലത്തിൽ നിന്നും ഒരു തളിർവെറ്റില കയ്യിലിട്ട് ഉരച്ച് ചുണ്ണാമ്പ് തേച്ച് അക്ഷോഭ്യനായി ഇരുന്നുവത്രെ.   വീട് പണിത് കിണർ കുഴിക്കാൻ വെള്ളംകിട്ടുന്ന സ്ഥലം അറിയാൻ നോട്ടക്കാരെ കൊണ്ടുവരേണ്ട എന്ന് ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞത്, അതൊന്നും വേണ്ട,  അടുക്കളയിൽ നിന്ന് വെള്ളം കോരാനുള്ള സൗകര്യത്തിൽ കുഴിച്ചോളാൻ ആണത്രേ.  അച്ഛന്റെ ആ വിശ്വാസത്തെ കിണറ്റിങ്കരയിലെ കിണർ തോൽപ്പിച്ചില്ല,  ഏത് വേനലിലും വീട്ടുകാർ വെള്ളത്തിനുവേണ്ടി ഇന്നേവരെ അലഞ്ഞിട്ടില്ല,  മൽസ്യങ്ങൾ ഓടിക്കളിക്കുന്ന തെളിനീർ വെള്ളവുമായി ആ അടുക്കള കിണർ മേലോട്ട് കണ്ണുകൾ പായിച്ച്  നിൽക്കുന്നു ഇപ്പോഴും,  ഒരുപക്ഷെ തന്റെ വിശ്വാസങ്ങൾ കൊണ്ട് കാലത്തെ തോൽപ്പിച്ച ആ എല്ലുന്തിയ മനുഷ്യനെ  തിരയുകയാവും.

അച്ഛൻ തന്റെ പൊന്നാനി യാത്രയുടെ വീരസ്യങ്ങൾ രാത്രി ഊണ് കഴിക്കുമ്പോഴാണ് പറയുക,  പറക്കുളം കുന്നിൽ വച്ച് ഒടിയനെ കണ്ടതും,  ഭട്ടിപ്പാടത്ത് വച്ച് പൊട്ടി തിരിച്ചതും ഒക്കെ ഒരു അപസർപ്പക കഥപോലെ ഇന്നും മുന്നിൽ തെളിയുന്നു.   ഒരു അമാവാസി രാത്രി, കുറ്റാക്കൂരിരുട്ട്,  ഗ്രാമത്തിലെ എല്ലാ വിളക്കുകളും അണഞ്ഞിരിക്കുന്നു,  അച്ഛൻ പടിഞ്ഞാറങ്ങാടി കഴിഞ്ഞ് വിജനമായ പറക്കുളം കുന്നത്ത് എത്തിയിരിക്കുന്നു.  അങ്ങ് താഴെ ഭട്ടിക്കായലിൽ മീൻപിടുത്തക്കാരുടെ റാന്തൽ വെളിച്ചം ദൂരെനിന്ന് കാണാം.   കരിയിലപോലെ പറക്കുന്ന അച്ഛന് പിന്നിൽ എന്തോ കാലനക്കം,  അച്ഛൻ പെട്ടെന്ന് നിന്നു,  ഉടനെ പിന്നിൽ നിന്നും ശബ്ദം കേട്ടുവത്രെ, തമ്പ്രാ, തിരിഞ്ഞു നോക്കല്ലെട്ടോ, ഇത് അടിയനാ.  അത് ഒടിയൻ ആയിരുന്നുവത്രെ . അങ്ങിനെയാണ്  ഒടിയൻ കഥ ആദ്യമായി കേൾക്കുന്നത്.   ഒടിയനെ കണ്ടാൽ ധൈര്യമില്ലാത്ത ആരും ബോധം കെട്ടു വീഴുമത്രെ. അതാണ് അന്നം നൽകുന്ന അച്ഛനോട് തിരിഞ്ഞു നോക്കരുതെന്നു പറയാൻ കാരണം.

അച്ഛന് കുറേശ്ശേ സർവെയറുടെ ജോലികളും അറിയാമായിരുന്നു, അതിനാൽ നാട്ടിലെ ഭാഗം വയ്ക്കലിനും പറമ്പ് അളക്കാനും ആധാരം എഴുതാനും ഒക്കെ അച്ഛനെ ആയിരുന്നു  ആളുകൾ സമീപിച്ചിരുന്നത് .  വെയിലും മഴയും വക വയ്ക്കാതെ മൊട്ടകുന്നിന്മേലും പാടത്തും പറമ്പിലും അച്ഛൻ തന്റെ അളവുകോലെടുത്ത് ഓടിനടന്നു.   മെലിഞ്ഞ മടിക്കുത്തിലെ തുട്ടുകൾക്കു മീതെ വീട്ടിലെ ആവശ്യങ്ങൾ മുഴച്ചു നിന്നപ്പോൾ സ്വന്തം അസുഖംപോലും വകവയ്ക്കാതെ അച്ഛൻ ജോലിചെയ്തു കൊണ്ടിരുന്നു, പരിഭവങ്ങളും പരാതികളുമില്ലാതെ

ഓർമ്മയുടെ കണ്ണീർ പാടത്ത് പകലിന്റെ ഓടിത്തളർച്ചയിൽ ഉമ്മറത്തെ തൂണിൽ ചാരി ആ നിശബ്ദ യാത്രികൻ ആകാശത്തേക്ക് കണ്ണുകൾ പായിച്ച് ഇപ്പോഴും ഇരിക്കുന്നുണ്ട് .   ആസ്ത്മയുടെ വലിവുകൂടുമ്പോൾ സ്വയം നെഞ്ചു തടവി ആശ്വാസം കണ്ടെത്തി ആർക്കും ഒരു ഭാരമാകാതെ ആ   വയറൊട്ടിയ  രൂപം എന്തൊക്കെയോ പറയാതെ പറയുന്നു.   മടിക്കുത്തിലെ ഏതാനും ചില്ലറത്തുട്ടുകൾ കൊണ്ട് ഒമ്പതംഗങ്ങളെ പോറ്റിയ അച്ഛന്റെ മകന്  ശമ്പളം ഒരു ദിവസം വൈകിയാൽ മനസ്സ് പിടയ്ക്കുന്നു .Facebook Comments

Comments

  1. Jayasree Rajesh

    2021-06-09 14:10:07

    ഓർമ്മയുടെ ഉമ്മറത്ത്‌ ഉമ്മറത്തൂണും ചാരി നിൽക്കുന്നു ഒരച്ഛൻ .....ഹൃദയം തൊട്ട എഴുത്ത് മാഷേ ....💝💝👌👌

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അപ്പ പറഞ്ഞ കഥകള്‍ (1.അപ്പനും രണ്ടു മക്കളും :ബി ജോണ്‍ കുന്തറ)

കർക്കിടകം നൽകുന്ന പാഠങ്ങൾ (ലതികാ ശാലിനി,രാമായണ ചിന്തകൾ 14)

രാമായണത്തിലെ സീതയും ആധുനിക സ്ത്രീകളും (രാമായണമാസം -ചില രാവണചിന്തകൾ -1: സുധീർ പണിക്കവീട്ടിൽ)

ഐ.പി.സി. 124-എ: പൂച്ചയ്ക്ക് ആര് മണികെട്ടും? (ദല്‍ഹി കത്ത് : പി.വി.തോമസ് )

സ്മാരകങ്ങളുടെ നാട്ടിൽ (ഹംപിക്കാഴ്ചകൾ 1: മിനി വിശ്വനാഥൻ)

സന്ദേഹകാവ്യങ്ങൾ (മായ കൃഷ്ണൻ, രാഗമഥനങ്ങൾ -5)

മനുഷ്യനന്മയ്ക്കു വേണ്ട തത്വങ്ങളും സാരോപദേശങ്ങളും (രാജീവ്  പഴുവിൽ, ന്യൂജേഴ്സി, രാമായണ ചിന്തകൾ 13)

ഇനിയില്ല, കരടിവേട്ട (ജോര്‍ജ് തുമ്പയില്‍)

ഭാഷയുടെ അതിരുകള്‍ ഭേദിച്ച കാവ്യ സപര്യ: അബ്ദുള്‍ പുന്നയൂര്‍ക്കുളം- ഇംഗ്ലീഷ് കവിത

ഇവിടം സ്വര്‍ഗമാക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല (നര്‍മ്മ രാഷ്ട്രീയലേഖനം: സാം നിലമ്പള്ളില്‍)

ഞാൻ കണ്ട രാമായണം (രാമായണ ചിന്തകൾ 12: ഷക്കീല സൈനു കളരിക്കൽ)

നമ്മിലെ സീത (സായിസുമതി.വി.മേനോൻ, രാമായണ ചിന്തകൾ 11)

രാമായണത്തിലെ സഹോദര സ്‌നേഹം (രാമായണം - 4: വാസുദേവ് പുളിക്കല്‍)

THE UNSUNG HEROINE (Prof. Sreedevi Krishnan)

ബാബു വര്‍ഗീസ്: എഞ്ചിനിയറിംഗിലെ വിജയഗാഥ

കിറ്റും കിറ്റക്‌സും (വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)

എഴുത്തിലെ കൃത്യമായ ലക്ഷ്യബോധം (ജോർജ് എബ്രഹാമുമായി അഭിമുഖം)

രാമായണ പുണ്യം (രാമായണ ചിന്തകൾ 10: അംബിക മേനോൻ)

വരൂ ഹിമാലയം കാണാൻ (ഹിമാലയ യാത്ര 1: ശങ്കരനാരായണൻ ശംഭു)

ജോർജ് എബ്രഹാം: സാമൂഹിക നീതിക്കായി ചലിക്കുന്ന പേന (ഇ-മലയാളിയുടെ ലേഖനങ്ങൾക്കുള്ള (ഇംഗ്ലീഷ്) അവാർഡ്

എന്നാ പിന്നെ അനുഭവിച്ചോ! ട്ടോ! (രാജു മൈലപ്ര)

പ്രാഗ് -പുരാതന നഗര ഭാഗങ്ങൾ (ബൊഹീമിയൻ ഡയറി-2 ഡോ. സലീമ ഹമീദ്)

വോട്ടവകാശം അടിച്ചമർത്തൽ (സി. ആൻഡ്രുസ്)

സീതായനം കൂടിയാണ് രാമായണം (രാമായണചിന്തകൾ-9: രാജി പ്രസാദ്)

മുലയൂട്ടലും മ്യൂച്ചലിസവും (മുഹമ്മദ്‌ ഷഹബാസ്)

ഒരു അവാര്‍ഡ് കഥ: അപമാനം പിന്നെ ഒരു കള്ളന്റെ പേരും (പി.ടി പൗലോസ്-ആഴത്തിലുള്ള ചിന്തകള്‍)

ട്രാൻസ് ജെൻഡർ: സമൂഹത്തിന്‌ കൗൺസിലിംഗ് വേണം ( ഡോ.ഗംഗ.എസ്)

രാമായണത്തിലെ ഭക്തിപ്രവാഹം (രാമായണം - 3: വാസുദേവ് പുളിക്കല്‍)

മരണത്തിന് ശേഷമാണ് മനസിലാക്കിയത് ഞാൻ എത്ര വിഡ്ഢി ആയിരുന്നെന്ന്? ( ശ്രീകുമാർ ഉണ്ണിത്താൻ)

പോരാട്ടം ആണുങ്ങൾക്കെതിരെയല്ല; അനീതിക്കെതിരെയാകണം (ഗിരിജ ഉദയൻ)

View More