Image

ചോബെ നദിയിലൂടെ നമീബിയയും കടന്ന് (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 11: ജിഷ.യു.സി)

Published on 06 June, 2021
ചോബെ നദിയിലൂടെ നമീബിയയും കടന്ന്  (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 11: ജിഷ.യു.സി)
കസാനെയിൽ  ഞങ്ങൾ താമസത്തിനായി തെരഞ്ഞെടുത്ത   'മൊവാന  ക്രെസ്റ്റ ' ഒരു പേരുകേട്ട  റിസോർട്ട് തന്നെയായിരുന്നു .

കാടിനു നടുവിൽ.  തടാകക്കരയിൽ ഒരു താമസസ്ഥലം.
റൂമിനു. പിന്നിലെ ജനൽക്കർട്ടനുകൾ നീക്കിയാൽ  തടാകവും, മുന്നിലെ വരാന്തയിൽ വന്നു  നോക്കിയാൽ കാടും .

പൂർണ്ണമായും തടികൊണ്ടുള്ള നിലവും,ചുമരും .ഒരു വലിയ നടുമുറ്റം ഉണ്ട് .അതിനു ചുറ്റുമായി മുറികളും .മരം കൊണ്ട് ഭംഗിയിൽ പണിതീർത്ത കോവണിയും കൈവരിയും .

 പിന്നിലെ തടാകത്തിൽ  നിറയെ ഹിപ്പൊകളാണ്. അവ പല ശബ്ദങ്ങളും പുറപ്പെടുവിച്ചും വലിയ വായ്പൊളിച്ചും ,മുങ്ങിയും പൊങ്ങിയും വെള്ളത്തിൽ കുത്തിമറിയുന്നത് കാണാൻ നല്ല രസമുണ്ടായിരുന്നു .

എത്തിയ ദിവസം ഈ റിസോട്ടിനുള്ളിലെ കാഴ്ചകൾ തന്നെ കാണാൻ ഉണ്ടായിരുന്നു .അന്ന് മറ്റൊരു യാത്രയും ഉണ്ടായില്ല .നേരത്തെ കിടന്നുറങ്ങി .

കാട്ടിൽ നിന്നും സദാ കേൾക്കുന്ന ചീവിടുകളുടെ ശബ്ദം   ഇടക്കെപ്പോഴോ എന്നെ നാടിനെ  ഓർമ്മിപ്പിച്ചു .കാണാകാഴ്ചകൾ നീട്ടി ഈ നാട്  വിളിക്കുമ്പോഴും  എൻ്റെ നാട്  എൻ്റെ  ഹൃദയതാളം പേറി  കൂടെത്തന്നെയുണ്ട്.

"ആഫ്രിക്കൻ ചീവീട് എങ്ങനെയിരിക്കും ?
ഒന്ന് കാണാൻ പറ്റോ ?"
ഞാൻ ചോദിച്ചു

"ആഫ്രിക്കൻ ആനയെക്കാണാൻ ഇങ്ങോട്ട് വരുന്ന എല്ലാവരും ആഗ്രഹിക്കും.എന്നാൽ ആഫ്രിക്കൻ ചീവിടിനെ ഒരാൾ  കാണാൻ മോഹിക്കുന്നത്  ഇതുവരെ കേട്ടിട്ടില്ല"

മറ്റുള്ളവർ എന്നെ കളിയാക്കിച്ചിരിച്ചു.

"അല്ലെങ്കിലും എൻ്റെ ആകാംക്ഷ എനിക്കല്ലേ അറിയൂ"

മനസ്സിൽ പിറുപിറുത്ത് അരിച്ചിറങ്ങുന്ന തണുപ്പിൽ കട്ടിപുതപ്പിനടിയിൽ ചുരുണ്ട് ഞാൻ സമാധാനിച്ചു

കാട്ടിനുള്ളിൽ ,പരമാവധി കാട്ടിനിണങ്ങിയ മാതിരി നിർമ്മിച്ച ആ താമസ സ്ഥലം എനിക്ക് ഏറെ ഇഷ്ടമായി .കറുത്ത പുതപ്പു  പുതച്ച്  ആ കെട്ടിടവും  പതിയെ വിളക്കുകളണച്ച് ഉറക്കമായി.


പിറ്റേന്ന് കാലത്ത് ചോബെ നാഷണൽപാർക്കിലേക്ക് ..
ചോബെ നദിയിലൂടെ ചുറ്റുമുള്ളമൃഗസാമ്രാജ്യത്തിലേക്ക്..

എന്താവും കാണാൻ പോകുന്നത് എന്ന് അറിയാതെ ആ  രാത്രി പുലർന്നു

"We are going to their kingdom. So we have no right to disturb  them .Remain  quite  and respect  them "...

ബോട്ടിൽക്കയറും  മുൻപ്
ഒരു ഗൈഡ് പറഞ്ഞതാണിത്.ശരിക്കും കേട്ടപ്പോൾ കോരിത്തരിച്ചുപോയി .എത്ര  വലിയ തുറന്ന സത്യം അല്ലെ ?

                            "അവരുടെ സാമ്രാജ്യത്തിലേക്ക്  നമ്മൾ പോകുന്നു ,അവരെ ശല്യപ്പെടുത്തരുത്, ബഹുമാനിക്കൂ "

അങ്ങനെ  ശബ്ദം കുറഞ്ഞ  ഒരു  ബോട്ടിൽ ചോബെ നദിയിലൂടെ  യാത്ര  തുടങ്ങി.

 വേഗത്തിൽ   പോകുന്ന ബോട്ടിൽ  കാറ്റിൽ  ഞങ്ങൾ  തലയിൽ വച്ച തൊപ്പികൾ പറന്നു പോകാതെ നോക്കൽ ഒരല്പം  പണിയായി .

ആദ്യം മധ്യത്തിലൂടെ നീങ്ങിയ ബോട്ട് കരപറ്റി നീങ്ങാൻ തുടങ്ങി .പിന്നെ നിർത്തി .

"ഇവിടെ എന്താ ?"

കാട്ടിനകത്തേക്ക് നോക്കി ചെറിയ അനിയത്തിയുടെ മകൾ ആകാംക്ഷയിൽ ചോദിച്ചു

"Look .. He is sleeping"

ബോട്ട് നിർത്തിയ കരയ്ക്കു  ചേർന്ന്  ഒരാൾ ഉറങ്ങുന്നത്  അപ്പോഴാണ് എല്ലാവരും  ശ്രദ്ധിച്ചത് .

ഒരു വമ്പൻ മുതല

കരയിലെ  ചെളിയിൽ അവൻ സുഖമായി ഉറങ്ങുന്നു .ചെളിനിറം തന്നെ അവൻ്റെ ദേഹവും .പെട്ടെന്ന് കണ്ടാൽ വേർതിരിച്ചറിയാൻ പ്രയാസം.

അവയുടെ  പ്രത്യേകത ഈ നിറം തന്നെ ,ഇപ്പോൾ മൂപ്പർ വയറുനിറച്ച് മയങ്ങുകയാണ് ,അതുകൊണ്ട്  പേടിവേണ്ട.(ആൾ പൊതുവെ  ഇത്തിരി അക്രമകാരിയാണത്രെ)

വീണ്ടും വേഗത്തിൽ നീങ്ങിയ. പിന്നെ  കരയ്ക്കടുത്തത്(smiling crocodile )   'ചിരിക്കുന്ന മുതലയെ' കാണാനായിരുന്നു .ഈ വർഗ്ഗം മുതലകളെ ശ്രദ്ധിച്ചുനോക്കിയാൽ അവ  ശരിക്കും ചിരിക്കും പോലെ  തോന്നുന്നുണ്ട്.

വ്യത്യസ്തങ്ങളായ പക്ഷികൾ നദിക്കു ചുറ്റുമുള്ള മരങ്ങളിൽ ഉണ്ടായിരുന്നു .

ഫിഷ്ഈഗിൽ , സ്നേയ്ക്ക് ബേഡ്  തുടങ്ങിയവ ഇതുവരെ നമ്മുടെ നാട്ടിൽ ഞാൻ കേട്ടുപോലും ഇല്ലാത്ത തരം പക്ഷികളാണ് .

'ഫിഷ് ഈഗിൾ 'നല്ല ഭംഗിയുള്ള ഒരുതരം പരുന്താണ് .തൂവെള്ളയും ,കടുത്ത കാപ്പി നിറവും ചേർന്ന സുന്ദരൻ പക്ഷി . നമ്മുടെ കൃഷ്ണപ്പരുന്തിനോട്  ഒരു സാമ്യമുണ്ട്  അതിനെന്നു തോന്നുന്നു

ഇതിൽ പറഞ്ഞ  'സ്നേക്ക് ബേർഡ്  'പേരു സൂചിപ്പിക്കും പോലെ വെള്ളത്തിൽ  നീന്തുമ്പോൾ ഒരു  പാമ്പിനെപ്പോലെ തോന്നി.
ശേഷം  അത്  പറന്നു മരത്തിലേക്ക് ഇരിക്കുകയും ചെയ്തു .

ഓറഞ്ചും  വെളുപ്പും നിറഞ്ഞ  തൂവലുകളുള്ള വലിയ പരന്ന കൊക്കുകളുള്ള  ഒരു കൂട്ടം ജലപ്പക്ഷികൾ  ബഹളം വച്ച്  നീന്തിയകന്നു .

കുളക്കോഴിയോട് സാദൃശ്യമുള്ള ചെറുപക്ഷികൾ ,കരയോട്ചേർന്ന വെള്ളത്തിൽ കൂട്ടങ്ങളായി കണ്ടു
'ആഫ്രിക്കൻ ജക്കാന' എന്നാണ് അവക്ക് പേര്

ഇടയ്ക്ക് -കാട്ടിൽ നിന്ന് ചില മൃഗങ്ങൾ ,കുടു ,മാനുകൾ, കാട്ടുപോത്തുകൾ തുടങ്ങിയ മൃഗങ്ങൾ ഇറങ്ങിവന്ന് ദാഹമകറ്റുന്നുണ്ടായിരുന്നു

      'ജയൻറ് ലിസാർഡ്' എന്നൊരു തരം വലിയ പല്ലി ,ഒരു മരത്തിൻ്റെ തടിയിൽ ഇരിക്കുന്നു .ഗൈഡ്പറഞ്ഞപ്പോഴാണ് ഞങ്ങൾ അതിനെ ശ്രദ്ധിച്ചത് .ആ മരത്തടിയിൽ  നിറവും മാറ്റി സമാധാനത്തിൽ മയങ്ങുകയാണവൻ .പേരുപോലെ തന്നെ ജയൻ്റ്ലിസാർഡ് .ഈപല്ലിവർഗ്ഗവും ഓന്തിനെപ്പോലെ നിറംമാറ്റുന്നവയത്രേ...

താറാവിനെപ്പോലുള്ള ഒരു കൂട്ടം പക്ഷികൾ വെള്ളത്തിൽ ഊളിയിട്ട് മീൻപിടിക്കുന്നു .

വീണ്ടും കുളിരോളങ്ങളെ തഴുകി മാറ്റി ഞങ്ങളുടെ ബോട്ട് നീങ്ങി

 വാട്ടർ ലില്ലീസ് .. എന്ന് ഗൈഡ് പറഞ്ഞ നീലയും ,വയലറ്റും ,വെള്ളയും നിറമുള്ള ആമ്പലിനോട് സാദൃശ്യമുള്ള പൂക്കൾ ഓളത്തിൽ ആടിയുലഞ്ഞു..

 അവയ്ക്കിടയിൽ നിന്ന് പല വർണക്കുപ്പായക്കാർ മീനുകൾ നീന്തിയകന്നു .

താളത്തിൽ തലയാട്ടി നിന്ന ജലസസ്യങ്ങളെ  വകഞ്ഞു മാറ്റി നീങ്ങിയ ബോട്ട് വേഗം കുറച്ച് എന്തോ ലക്ഷ്യം വച്ച് നീങ്ങി

ഹായ്.. ആന നീരാട്ട്
ഒരു വലിയ ആനക്കൂട്ടം കുട്ടിയും  തള്ളയും കൊമ്പനുമെല്ലാ മടങ്ങുന്ന സംഘം  നീരാട്ടിലാണ്.

ധാരാളം സഞ്ചാരികളുടെ ജലവാഹനങ്ങൾ ഈ കാഴ്ചക്കായി ചുറ്റും നിർത്തിയിരിക്കുന്നു .

എന്നാൽ  അവരതൊന്നും ശ്രദ്ധിക്കാതെ കുളിയും കളിയും തന്നെ .കുഞ്ഞാന കളുടെ കളികൾ എന്തു രസം .

ആനനീരാട്ടിനപ്പുറം  ഒരു കൂട്ടം  കാട്ടുപോത്തുകൾ വെള്ളം കുടിക്കുന്നു .

വെള്ളത്തിൽ മൂക്കു മാത്രം പുറത്തു കാണിച്ച് ഹിപ്പോകൾ ,അവ ശരിക്കും ഇത്തിരി അപകടകാരികളാണത്രെ
.വെള്ളത്തിനടിയിലൂടെ നീന്തിവന്ന് ബോട്ട് ഉന്തിമറിക്കുന്നത് പതിവാണത്രെ അതുകൊണ്ട്  അവരുടെ ഭാഗത്തേക്ക്  അധികം ബോട്ട് അടുപ്പിക്കുന്നില്ല എന്ന് ഗൈഡ് പറഞ്ഞു.

നേരെ ബോട്ട് പോയത് രാജ്യാതിർത്തിയിലേക്കണ് നമീബിയയിലേക്ക്
നിങ്ങൾഒന്ന്സംശയിച്ച് ,പുരികംവളച്ചില്ലേ ?

എന്നാൽ സംശയിക്കേണ്ട .ചോബെ നദി നമീബിയയിലൂടെയും ഒഴുകുന്നു .ബോട്സ്വാന നമീബിയ  അതിർത്തി പങ്കിട്ടാണ് ഈനദി ഒഴുകുന്നത് അവിടെ നമീബിയൻ പാസ് സീൽചെയ്തു വാങ്ങണം .അത്രയേവേണ്ടു .എന്നാലും ഞങ്ങൾക്ക് പറയാം  ഞങ്ങൾ നമീബിയയിലും  പോയി എന്ന്  അല്ലെ ?

അങ്ങനെ ഗൈഡ് പറഞ്ഞതുപോലെ അവരെ ശല്യപ്പെടുത്താതെ ആ അനിമൽ  കിങ്ങ്ഡം കണ്ട് മതിവരാതെ  ഞങ്ങൾ മടക്കയാത്രതുടങ്ങി .നാലഞ്ചുമണിക്കൂർ വെള്ളത്തിലൂടെ കാഴ്ചകൾ കണ്ടു കണ്ട് ...

തിരിച്ച് കര പറ്റിയപ്പോഴും ആ മായിക  കാഴ്ചകൾ കണ്ണുകൾ  മറന്നിരുന്നില്ല .
 വീണ്ടും ,വീണ്ടും മോഹിപ്പിക്കുന്ന വന്യ സൗന്ദര്യ ക്കാഴ്ചകൾ മനസ്സിൽ പതിപ്പിച്ചു കൊണ്ട്
വരുന്നൊരധ്യായം  പറയുവാനായ്  തല്ക്കാലം നിർത്തട്ടെ.
ചോബെ നദിയിലൂടെ നമീബിയയും കടന്ന്  (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 11: ജിഷ.യു.സി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക