Image

സാമ്പത്തീക മേഖലയില്‍ അഭിമാനമായി രണ്ട് മലയാളികള്‍

ജോബിന്‍സ് തോമസ് Published on 13 May, 2021
സാമ്പത്തീക മേഖലയില്‍ അഭിമാനമായി രണ്ട് മലയാളികള്‍
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയിലെ രണ്ട് പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെ പ്രധാന പദവികളിലേയ്‌ക്കെത്തിയത് രണ്ട് മലയാളികളാണ്. ജോസ് ജെ കാട്ടൂരാണ് ഒന്നാമത്തയാള്‍. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടിവ് ഡയറക്ടറായാണ് ഇദ്ദേഹം നിയമിതനായത്. രണ്ടാമത്തെയാള്‍ മിനി ഐപ്പെന്ന വനിതയാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായാണ് മിനി ഐപ്പിന്റെ പേര് ശുപാര്‍ശ ചെയ്തിരിക്കുന്നത്. 

കോട്ടയം എരുമേലി സ്വദേശിയാണ് ജോസ് ജെ കാട്ടൂര്‍. റിസര്‍വ്വ് ബാങ്കിന്റെ നേതൃത്വത്തിലുള്ള ഏക മലയാളിയാണ്. ചേനപ്പാടി കാട്ടൂര്‍ കുടുംബാംഗമാണ് ഇദ്ദേഹം. നിലവില്‍ ആര്‍ബിഐയുടെ കര്‍ണ്ണാടക റീജണല്‍ ഡയറക്ടറായിരുന്നു. എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എന്ന നിലയില്‍ ആര്‍ബിഐയുടെ ബജറ്റ് , ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, കോര്‍പ്പറേറ്റ് സ്ട്രാറ്റര്‍ജി, എന്നീ വിഭാഗങ്ങളുടെ ചുമതലയായിരിക്കും ഇദ്ദേഹത്തിനുള്ളത്. ഗുജറാത്ത് ആനന്ദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റില്‍ നിന്നും ബിരുദാനന്തര ബിരുദവും ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിന്നും നിയമബിരുദവും നേടിയിട്ടുള്ള ആളാണ് ജോസ് ജെ കാട്ടൂര്‍. മുന്‍പ് റിസര്‍വ്വ് ബാങ്കില്‍, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് , കറന്‍സി മാനേജ്‌മെന്റ് , ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ എന്നീ മേഖലകളില്‍ നിര്‍ണ്ണായക ചുമതലകള്‍ വഹിച്ചിട്ടുള്ള വ്യക്തിയാണ്. 

ലൈഫ് ഇന്‍ഷുറന്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ രണ്ട് മാനേജിംഗ് ഡയറക്ടമാരില്‍ ഒരാളായാണ് മിനി ഐപ്പിന്റെ പേര് ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ മാസത്തിലാണ് സ്ഥാനമേറ്റെടുക്കുക. തിരുവല്ല സ്വദേശിയായ മിനി ഐപ്പ് നിലവില്‍ എല്‍ഐസിയുടെ ഹൈദരാബാദ് ആസ്ഥാനമായ സൗത്ത് സെന്‍ട്രല്‍ സോണ്‍ മാനേജരായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. എല്‍ഐസിയുടെ സോണല്‍ മാനേജരായി തെരഞ്ഞെടുക്കപ്പെട്ട് ആദ്യ വനിതകൂടിയായിരുന്നു മിനി ഐപ്പ്. 1986 ലാണ് ഇവര്‍ എല്‍ഐസിയില്‍ ഓഫീസറായി ചുമതലയേല്‍ക്കുന്നത്. തുടര്‍ന്ന് പ്രവര്‍ത്തനമികവും നേതൃപാടവും മിനിയെ ഉയരങ്ങളിലേയ്ക്ക് എത്തിക്കുകയായിരുന്നു.

രണ്ടുപേരുടേയും സ്ഥാനലബ്ദി മലയാളിക്ക് ഏറെ അഭിമാനിക്കാവുന്നതും പ്രചേദനം നല്‍കുന്നതുമാണ്. പ്രവര്‍ത്തനവഴിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിച്ച് ഇനിയും ഇവര്‍ മലയാളനാടിന്റെ യശ്ശസ്സുയര്‍ത്തുമെന്നുറപ്പ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക