Image

കൊറോണ വറുതികൾക്കിടയിൽ ഇന്ധനവില വില സെഞ്ച്വറിയിലേക്കോ? (സതീഷ് ടി.എം.കെ)

Published on 13 May, 2021
കൊറോണ വറുതികൾക്കിടയിൽ ഇന്ധനവില വില സെഞ്ച്വറിയിലേക്കോ? (സതീഷ് ടി.എം.കെ)
ദിനംപ്രതി ഇന്ധന വില വർദ്ധിക്കുകയാണ്. തിരഞ്ഞെടുപ്പ് സമയത്ത്  ഏപ്രിൽ  16 മുതൽ മേയ് 3 വരെ കൂടാതിരുന്ന പെട്രോൾ, ഡീസൽ വില രാജ്യത്തൊട്ടാകെ  ഈ മാസം ഏഴാം തവണയാണ് കൂടിയത്. ഇടക്കാലത്ത് ഇളവുകൾ വന്നത് മാർച്ച് 24 മുതൽ ഏപ്രിൽ 15 വരെ ഉള്ള കാലയളവിലും. മെട്രോകളിൽ ഏറ്റവും കൂടിയ വില മുംബൈയിൽ ആണ്- 98.36. മഹാരാഷ്ട്രയിലെ മറാത്ത്വാടാ സബ്ഡിവിഷനിലെ രണ്ടാമത്തെ വലിയ സിറ്റി ആയ നന്ദേതിൽ 99.99 രൂപയാണ്. ബാക്കി ഒരു പൈസ ഹർപിക് കീടാണുവിനെ പോലെ ഒഴിവാക്കപ്പെടുന്നു.

എന്തുകൊണ്ടാണ് ഇന്ത്യയിൽ മാത്രം ഇന്ധന നിരക്ക് കൂടി വരുന്നത്? തിരഞ്ഞെടുപ്പിന്റെ പ്രഹസനം കഴിഞ്ഞതും, വില നിയന്ത്രണം എണ്ണ കമ്പനികളിൽ നിക്ഷിപ്തമായതു തന്നെയാണ് പ്രധാനം.  തിങ്കളാഴ്ച അമേരിക്കയിലെ പ്രധാന ക്രൂഡ് ഓയിൽ പൈപ്പ് ലൈനിനു നേരെ ഉണ്ടായ സൈബർ അറ്റാക്കും ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര മാർക്കറ്റിൽ ഒരു ശതമാനം കൂടാനും കാരണമായി.
ഇതൊക്കെ കാരണമായെങ്കിലും കണക്കുകളിലൂടെ കണ്ണോടിക്കുമ്പോൾ മറ്റു രാജ്യങ്ങളിലെ ജനങ്ങളെ അപേക്ഷിച്ച് എത്രത്തോളം, എങ്ങനെയൊക്കെ ഇന്ത്യയിലെ പൊതുജനങ്ങൾ ബാലിയാടാവുന്നു എന്നതു കാണാം.
65 മുതൽ 70 ഡോളർ വരെ ആണ് ഒരു ബാരൽ ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര നിരക്ക് വരുന്നത്. ഒരു ബാരൽ എന്നുപറയുമ്പോൾ 159 ലിറ്റർ. അപ്പോൾ ഒരു ലിറ്റർ ക്രൂഡോയിൽ ഏകദേശ വില 0.42 ഡോളറാണ്. എന്നാൽ ഇന്ത്യയിൽ ഇപ്പോഴത്തെ പെട്രോളിന് ഏകദേശ വില വരുന്നത് 1.34 ഡോളർ  അഥവാ 98 രൂപയ്ക്ക് മേലെ. ഇന്ത്യക്ക് അടുത്തുകിടക്കുന്ന രാജ്യമായ ശ്രീലങ്ക, പാകിസ്ഥാൻ,നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലെല്ലാം തന്നെ  ഇന്ത്യയെ അപേക്ഷിച്ച് വില വളരെ കുറവാണ്. നേപ്പാളിലും പാക്കിസ്ഥാനിലും എല്ലാം 48 രൂപ മുതൽ 50 രൂപ വരെയാണ് പെട്രോളിന് വില വരുന്നത്. USA-യിൽ 0.75 ഡോളർ. അതായത് ഒരു ലിറ്റർ പെട്രോളിന് വില ഏകദേശം 54.65 രൂപ. ഏറ്റവും വിലക്കുറവിൽ പെട്രോൾ ലഭിക്കുന്നത് വെനിസ്വലയിലാണ്. അവിടെ 1.45  രൂപയാണ് ഒരു ലിറ്റർ പെട്രോളിന് വില. വെള്ളം പെട്രോളിനെ നോക്കി പുച്ഛിക്കുന്ന ഒരു അവസ്ഥാവിശേഷം. (ഏറ്റവും വലിയ എണ്ണ റീസെർവോയർസ് ഉള്ളത്തിന്റെ അഹങ്കാരമാവാം.)

അറേബ്യൻ രാജ്യങ്ങളിൽ നിന്നാണ് ആണ് 85 ശതമാനത്തോളം ക്രൂഡോയിൽ ഇന്ത്യയിലെത്തുന്നത്. ഈ ക്രൂഡോയിൽ ഇന്ത്യൻ ഓയിൽ പോലെയുള്ള ഓയിൽ മാർക്കറ്റുകൾ പെട്രോൾ, ഡീസൽ കെറോസിൻ, പാചകവാതകം തുടങ്ങിയവയായി വേർതിരിക്കുന്നു. ലിറ്ററിന് 9 രൂപയോളം മാത്രമാണ് ഈ ഓയിൽ മാർക്കറ്റുകൾക്ക് ചിലവ് വരുന്നത്. പിന്നീട് അവിടെ നിന്ന് ഇത് പെട്രോൾ പമ്പുകളിൽ എത്തുകയും ചെയ്യുന്നു. ഇങ്ങനെ നോക്കുമ്പോൾ ഏകദേശം 32 മുതൽ 33 രൂപയോളം മാത്രമാണ് പെട്രോളിന് വില വരുന്നത്. പിന്നെ എങ്ങനെയാണ് വില തൊണ്ണൂറിലും നൂറിലും എത്തുന്നത്, കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ചെലുത്തുന്ന തീരുവകൾ തന്നെ. കേന്ദ്ര എക്സൈസ് തീരുകയും സംസ്ഥാന വില്പന നികുതിയും ആണ് ഈ വിലവർധനവിന് കാരണം.
2021 ഫെബ്രുവരി മാസത്തെ പെട്രോൾ വിലയുടെ കണക്ക് എടുക്കുകയാണെങ്കിൽ കേന്ദ്ര സർക്കാരിനെ്റ നികുതി ഏകദേശം 33 രൂപയും സംസ്ഥാന സർക്കാർ നികുതി 21 രൂപയോളവും ആയിരുന്നു. 2014-ൽ മൻമോഹൻസിംഗ് സർക്കാരിൽ നിന്നും നിന്നും നരേന്ദ്രമോദി സർക്കാർ അധികാരമേറ്റെടുത്ത സമയത്ത് പെട്രോൾ എക്സൈസ് തീരുക 9.48 രൂപയും ഡീസൽ എക്സൈസ് തീരുവ 3.56 രൂപയുമായിരുന്നു. എന്നാൽ 2021 ആകുമ്പോഴേക്കും ഇത് യഥാക്രമം 31.8-ഉം 32.9-ഉം എന്ന വലിയ നികുതി ഭാരമായി മാറി. രണ്ടു പ്രധാന ഇന്ധനങ്ങളും 90 രൂപയ്ക്കുമേലെ കടന്നിരിക്കുന്നു. 2013- 2014 സമയത്ത് അന്താരാഷ്ട്ര ക്രൂഡോയിൽ നിരക്ക് 109 ഡോളറായിരുന്നു. അന്ന് ഇന്ത്യയുടെ പെട്രോൾ വില 75 രൂപയായിരുന്നു. എങ്കിൽ ഇന്ന് അന്താരാഷ്ട്ര ക്രൂഡോയിൽ നിരക്ക് കുത്തനെ ഇടിഞ്ഞ് ബാരലിന് 65 ഡോളറിൽ എത്തി നിൽക്കുമ്പോഴും പെട്രോൾ വില നൂറിലേക്ക് അടുക്കുകയാണ്.

വിലവർദ്ധനവിനെതിരെ പ്രതിഷേധം വന്നപ്പോൾ ധനകാര്യ മന്ത്രി  നിർമലാസീതാരമാനും,പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനും  പെട്രോൾ,ഡീസൽ എന്നിവയെ GST പരിധിയിൽ കൊണ്ടുവന്നാൽ, വില കുറച്ച് 65~70 രൂപയ്ക്കു വിൽക്കാം  എന്നു സൂചിപ്പിച്ചിരുന്നു. പക്ഷേ പെട്രോളിയം GST യിൽ ഉൾപെടുത്തിയാൽ  സംസ്ഥാനങ്ങൾക്കു 10 ശതമാനം വരെ GST വരുമാനം കുറയാം. ഈ വെല്ലുവിളി ഏറ്റെടുക്കാൻ ഇന്ത്യയിലെ ഒരു സംസ്ഥാനവും തയ്യാറാവില്ല.

ഇപ്പോഴുള്ള പെട്രോളിന്റെ അടിസ്ഥാന വിലയായ 32 രൂപയിൽ നിന്ന് 260 ശതമാനം കൂടിയ വിലയിൽ ആണ് ഇന്ത്യയിൽ പെട്രോൾ വിൽക്കുന്നത്. ഇന്ത്യയുടെ തൊട്ടു പുറകിൽ അടുത്ത സ്‌ഥാനങ്ങളിൽ 65 ശതമാനം നികുതി ഈടാക്കുന്ന ജർമനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ ആണ്. യുകെയിൽ ഇത് 62 ശതമാനം ആണ്. പക്ഷേ ഇന്ത്യയിലെ 260 ശതമാനം എന്ന ഭീകര നികുതി  ഭൂലോകത്ത് തന്നെ ആശ്ചര്യമാണ്.

കോവിഡ് സമയത്ത് മറ്റെല്ലാ നികുതി വരുമാനവും ഇടിഞ്ഞപ്പോഴും ഇന്ധന നികുതിയിൽനിന്ന് 48 ശതമാനത്തോളം വർധനവാണ് സർക്കാരിന് ഉണ്ടായത്. ഡോളർ-രൂപ വിനിമയ നിരക്കും വിലവർധനവിന് കാരണമാകുന്നുണ്ട്. 7 വർഷത്തിനിടയിൽ 17 ശതമാനമാണ് ഡോളർ-രൂപ വിനിമയ നിരക്ക് ഇടിഞ്ഞത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കേന്ദ്ര ഗവൺമെൻറ് എക്സൈസ് നികുതി മാത്രമല്ല, സംസ്ഥാന ഗവൺമെൻറിൻറെ വില്പന നികുതിയും വിലവർധനവിന് കാരണമാകുന്നുണ്ട്. ഇപ്പോൾ 32.8 ശതമാനമാണ് കേരളസംസ്ഥാനത്തെ വിൽപ്പനനികുതി. ഇങ്ങനെ വിലകൂടുന്ന സാഹചര്യത്തിലും കേരളം അതിൽ ഇളവ് വരുത്തിയിട്ടില്ല. രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ എന്ന സ്ഥലത്ത് പെട്രോൾ വില 100 കടന്നതും നമ്മൾ കണ്ടതാണ്. എന്നാൽ മേഘാലയ പോലുള്ള സംസ്ഥാനങ്ങൾ അവരുടെ വിൽപ്പനനികുതി 31.4 രണ്ട് ശതമാനത്തിൽ നിന്നും 20 ശതമാനത്തിലേക്ക് കുറച്ചിരിക്കുകയാണ്.

ലോകത്തെ മൊത്തം ഇന്ധന ഉപയോഗം കണക്കാക്കുമ്പോൾ, ദിവസം 925 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ആണ് ഉപയോഗിക്കപ്പെടുന്നത്. ഇതിൽ 35 ലക്ഷം ക്രൂഡോയിൽ ദിവസേന ഇന്ത്യ ഉപയോഗിക്കുന്നു. അതിൻറെ 85 ശതമാനത്തോളം നമ്മൾ അറേബ്യൻ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ്. കേന്ദ്ര സംസ്ഥാന ഗവൺമെൻറുകൾക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന രണ്ട് മേഖലകളാണ് ഇന്ധനവും മദ്യവും. ഇന്ധനത്തിന്റെ ഇങ്ങനെയുള്ള വിലവർധനവിനെതിരെ ഇതുവരെ ശക്തമായ ഒരു പ്രതിഷേധം ഉണ്ടായിട്ടില്ല. വിലവർദ്ധധനവിന് അനുബന്ധിച്ച് ഒരു ദിവസം പണിമുടക്ക് നടത്തി പിന്നെ അതിനെക്കുറിച്ച് മറക്കുകയാണ് ചെയ്യുന്നത്. ഈ വിലവർദ്ധനവ് നമ്മളെ ഓരോരുത്തരെയും എങ്ങനെ ബാധിക്കുന്നു എന്ന് വ്യക്തമായി ചിന്തിക്കാത്തതാണ് പ്രതിഷേധങ്ങളുടെ തീവ്രത കുറയ്ക്കുന്നത്. വാഹനം ഉള്ളവരെ മാത്രം ബാധിക്കുന്ന ഒന്നാണ് പെട്രോൾ വില വർദ്ധനവ് എന്നാണ് ഭൂരിപക്ഷം ജനങ്ങളുടെയും ചിന്താഗതി. എന്നാൽ പെട്രോളിൻറെയും ഡീസലിൻറെയും വില വർദ്ധന, ഉപ്പുതൊട്ട് കർപ്പൂരം വരെ ഉള്ള സാധനങ്ങളുടെ വില വർദ്ധിപ്പിക്കുമെന്നും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. കാരണം ഇത്യാദി ചരക്കുകളുടെയെല്ലാം നീക്കം നടക്കുന്ന പെട്രോളും ഡീസലുമുപയോഗിച്ച് ഓടുന്ന വാഹനങ്ങളിലാണെന്നത് തന്നെ. അതുകൊണ്ടുതന്നെ സ്കൂട്ടർ തള്ളലും, പണിമുടക്കുമല്ലാതെ ശക്തമായ, വില കുറയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മേൽ സമ്മർദ്ദം ചെലുത്തുന്ന തരത്തിലുള്ള പ്രതിഷേധങ്ങൾ അത്യന്താപേക്ഷികമാണ്.
Join WhatsApp News
Angel rose 2021-05-13 04:07:12
No serious protests! When UPA ruled NDA People protested. Bullock cart pulling and so on. Opposition is completely inactive.
Krishnendu 2021-05-13 04:15:02
Very relevant topic👍👍👍👍👍👍👍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക