Image

മെയ്മാസമേ....(കവിത: മാര്‍ഗരറ്റ് ജോസഫ്)

മാര്‍ഗരറ്റ് ജോസഫ് Published on 12 May, 2021
മെയ്മാസമേ....(കവിത: മാര്‍ഗരറ്റ് ജോസഫ്)
ഓര്‍മ്മകളോര്‍മ്മകള്‍, പുക്കളമാക്കുന്ന,
മാനസം പീലി വിരിച്ചിടുന്ന,
മംഗള വേളകള്‍ മിന്നിത്തിളങ്ങുന്ന,
'മെയ് ഫ്‌ളവര്‍' മാടിവിളിച്ചിടുന്ന,
മാമക വീഥിയലങ്കരിച്ചിടുന്ന,
മെയ്യില്‍ കുളിരണിയിച്ചിടുന്ന,
മന്നിടത്തില്‍ 'തൊഴിലാളിദിനമായി'-
'മാതൃദിനമായ്' വരച്ചിടുന്ന;
കാണാക്കയങ്ങിലൂളിയിടുംവരെ-
നാഴികക്കല്ലുകളായിടുന്ന;
മന്ദഹസിക്കുന്ന വശ്യപ്രകൃതിയായ്-
മെയ്മാസമേ, വരവേല്‍ക്കുന്നു ഞാന്‍.
ആയുസ്സിന്‍ പുസ്തകത്താളില്‍ കുറിച്ചിട്ട-
മാഞ്ഞുപോകാത്ത കയ്യൊപ്പുമായി,
'മെയ് ഇരുപത്തൊന്ന' നിക്ക് പ്രിയങ്കരം-
ജന്മനക്ഷത്രമുദിച്ച നേരം;
പ്രാണന്റെ വീണയിലീണമിട്ടക്ഷണം,
ഈ മണ്‍മടിത്തട്ടിലാരോമലായ്;
വര്‍ണ്ണവെളിച്ചവും, ശബ്ദവും, കണ്‍കളില്‍-
മര്‍ത്ത്യലോകത്തില്‍ മനോഹാരിത;
രാപ്പകല്‍ സൂചികളങ്കനം ചെയ്യുന്ന-
കാലക്രമത്തില്‍ മുന്നോട്ടു യാ്ത്ര;
ഓരോ പിറന്നാളുമോരോ പടിയാക്കി-
പ്രായം പദമുദ്രകുത്തിടുമ്പോള്‍,
ജീവിതമെന്നെ സുമംഗലിയാക്കിയ,
മുത്തശ്ശിയാക്കിയ, വിസ്മയങ്ങള്‍;
ഊര്‍ജ്ജം പകര്‍ന്ന് നയിക്കുമീനാളുകള്‍,
മെയ്മാസമേകിയ സമ്മാനമായ്;
ജീവനിലാവര്‍ത്തനങ്ങളായ്ത്തീരുവാന്‍,
കാത്തിരിക്കുന്നുഞാനാശയോടെ...
അമ്മ ദൈവങ്ങളേ, നാഭിച്ചുഴിനര-
ജന്മത്തില്‍ മായാത്ത ചിത്രമായോര്‍,
നിത്യവുമുള്‍ത്തുടികൊട്ടിപ്പറക്കുന്നു,
മൃത്യുവിഹായസ്സിലേക്ക് തന്നെ;
എങ്കിലും കയ്പിനിടയ്ക്ക് മധുരമായ്,
ദിവ്യാനുഭൂതിയുണര്‍ത്തീടുന്ന,
നിര്‍വൃതിദായകമാകുന്നമാത്രകള്‍
എത്രയീവാഴ് വിലെന്നാരറിവൂ!
see also

Join WhatsApp News
Sudhir Panikkaveetil 2021-05-13 02:09:16
മെയ് മാസം നൽകിയ സമ്മാനങ്ങൾ .. ജന്മവും മെയ്മാസത്തിൽ (21st). .. ടീച്ചർക്ക് ഇന്നേ നേരുന്നു പിറന്നാൾ ആശംസകൾ. ഏപ്രിൽ മഴ കൊണ്ട് വരുന്ന ഒത്തിരി സമ്മാനപൂക്കളുമായി ടീച്ചറുടെ ജന്മദിനത്തിൽ മെയ്മാസ പുലരികൾ കൂടെ ചേരുമ്പോൾ അക്ഷങ്ങൾ കാവ്യപുഷപങ്ങളായി വീണ്ടും വിടർന്നു ടീച്ചറെ ആനന്ദിപ്പിക്കട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക