Image

സൂപ്പര്‍ഹിറ്റ് സിനിമകളുടെ സഹയാത്രികന് പ്രണാമം (അനില്‍ പെണ്ണുക്കര)

അനില്‍ പെണ്ണുക്കര Published on 11 May, 2021
സൂപ്പര്‍ഹിറ്റ് സിനിമകളുടെ സഹയാത്രികന് പ്രണാമം (അനില്‍ പെണ്ണുക്കര)
ഇന്ത്യന്‍ സിനിമയുടെ തീരാനഷ്ടങ്ങളിലേക്ക്  ഡെന്നിസ് ജോസഫ് എന്ന പേര് കൂടി ചേര്‍ക്കപ്പെടുന്നു.തിരക്കഥകളുടെ മാന്ത്രികതകൊണ്ട് മലയാളികളുടെ സൂപ്പര്‍ഹിറ്റ് മനുഷ്യനായി മാറിയ ഡെന്നിസ് ജോസെഫിന്റെ ജീവിതത്തിലെ സാമ്പാദ്യങ്ങളാണ് നമ്മള്‍ ഇന്നഹങ്കരിക്കുന്ന എല്ലാ സൂപ്പര്‍ താരങ്ങളും.

ജി കെ എന്ന അപരനാമത്തില്‍ ഒരു തലമുറയുടെ തന്നെ അമരക്കാരനായി മമ്മൂട്ടിയെ സൃഷ്ടിച്ചെടുത്തതും, രാജാവിന്റെ മകനായ വിന്‍സന്റ് ഗോമസിലൂടെ മോഹന്‍ലാലിന്റെ എല്ലാ അഭിനയ സാധ്യതകളെയും പരീക്ഷിച്ചതും ഡെന്നിസ് ജോസഫ് എന്ന തിരക്കധാകൃതാണ്. മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ബോക്‌സ് ഓഫീസ് ഹിറ്റുകള്‍ മാത്രമായിരുന്നു ഡെന്നിസ് ജോസഫ് സൃഷ്ടിച്ചിരുന്നത്.  ഇത്രത്തോളം ഹിറ്റ് സിനിമകള്‍ ചെയ്ത മറ്റൊരു തിരക്കഥാകൃതും മലയാളസിനിമാ ചരിത്രത്തില്‍ പോലും രൂപപ്പെട്ടിട്ടില്ല.

ഡെന്നിസ് ജോസഫ് അനുഭവങ്ങളുടെ ഒരു ഖനിയായിരുന്നു. ഓരോ സിനിമയ്ക്കും വേണ്ടി അയാള്‍ അയാളിലും അയാള്‍ക്ക് ചുറ്റുമുള്ളവരിലും ആഴ്ന്നിറങ്ങിക്കൊണ്ടിരുന്നു. അത് മലയാളസിനിമയ്ക്ക് തന്നെ പുതിയൊരു വഴിത്തിരിവ് സമ്മാനിച്ചു. സിനിമ ഒരു സ്വപ്നത്തേക്കാള്‍ ഒരുപാട് പേരുടെ ജീവിതമായി കാണുകയാണെങ്കില്‍ ഡെന്നിസ് ജോസഫ് ന്റെ സിനിമകളിലൂടെ ഒരുപാട് പേരുടെ ജീവിതം കൂടിയാണ് സംരക്ഷിക്കപ്പെട്ടിരുന്നത്. എണ്‍പതുകളിലെ യുവത്വം എന്ത് ചിന്തിക്കുന്നുവെന്ന് ഡെന്നിസ് ജോസഫ് എന്ന എഴുത്തുകാരന് കൃത്യമായിട്ടറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഡെന്നിസ് ജോസഫ് ന്റെ സിനിമകളോളം കലുഷിതമായ ഒരു സാമൂഹിക ചുറ്റുപാടിലൂടെയാണ് അന്ന് കേരളം സഞ്ചരിച്ചിരുന്നതെന്ന് മനസ്സിലാകുന്നത്.

സംഘം, മനു അങ്കിള്‍, നായര്‍ സാബ്, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍, ഒളിയമ്പുകള്‍, കിഴക്കന്‍ പത്രോസ്, എഫ് ഐ ആര്‍, ഫാന്റം അങ്ങനെ നീളുന്നു മലയാളസിനിമയിലെ ഡെന്നിസ് ജോസഫ് ന്റെ അടയാളപ്പെടുത്തലുകള്‍. അയാള്‍ എന്നും അനശ്വരമായിത്തന്നെ തുടരും. അത്രയും ആഴത്തില്‍ സിനിമയില്‍ പതിഞ്ഞു പോയ മറ്റൊരു മനുഷ്യനും ഉണ്ടായിരിക്കില്ല. മരിച്ചിട്ടും മായ്ക്കാന്‍ കഴിയാത്ത ഓര്‍മ്മകളുണ്ടാവും, സിനിമയുള്ള കാലത്തോളം അയാള്‍ ജീവിക്കും, വായിക്കപ്പെടും, എഴുതപ്പെടും, ചര്‍ച്ചചെയ്യപ്പെടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക