Image

ഇറ്റലിയിയുടെ സ്വന്തം 'ജലാറ്റൊ ഐസ്ക്രീം' ( സൗമ്യ സാജിദ്)

Published on 11 May, 2021
ഇറ്റലിയിയുടെ  സ്വന്തം 'ജലാറ്റൊ ഐസ്ക്രീം' ( സൗമ്യ സാജിദ്)
പാരീസിൽ നിന്നും റോമില്ലേക്കുള്ള യാത്ര രാത്രികാല യൂറോ ട്രെയിനി
ലായിരുന്നു. ഹോട്ടലിൽ മുറിയെടുക്കാതെ,  തീവണ്ടിയിലെ രണ്ടാം ക്ലാസ് കമ്പാർട്ട്മെന്റ് ബർത്തിൽ രാത്രി ഉറങ്ങി, നേരം പുലരുമ്പോൾ റോമാ നഗരത്തിൽ എത്തിചേരാനാണ് ഉദ്ദേശം .  പാശ്ചാത്യരുടെ ജീവിതശൈലിയും പെരുമാറ്റരീതികളും പരിചയപ്പെടാൻ ഈ തീവണ്ടിയാത്ര സഹായിച്ചു. . ജീവിതപങ്കാളിയെയും  കുഞ്ഞുങ്ങളെയും പിരിഞ്ഞ് ദൂരെ ദിക്കിൽ യാത്രചെയ്യേണ്ടി വന്നവരുടെ വിരഹദുഃഖം,  പ്രായമായ അച്ഛനമ്മമാരെ വിടപറഞ്ഞ യയ്ക്കുന്ന മക്കളും കൊച്ചുമക്കളും,  കാമുകീകാമുകന്മാരുടെ പരസ്യമായ സ്നേഹപ്രകടനങ്ങൾ എന്നിങ്ങനെ  വെള്ളക്കാരുടെ പച്ചയായ ജീവിതതിലേക്കുള്ള എത്തിനോട്ടം ആയിരുന്നു അത്. തീവണ്ടിയിൽ കയറിയ ഞങ്ങളുടെ എതിരെ, ഇരുന്നത്  മുട്ടുവരെ നീട്ടിവളർത്തിയ,  സ്വർണമുടിയും,  കൈകളിൽ പേടിപ്പിക്കുന്ന അസ്ഥികൂടത്തെത്തിന്റെയും മറ്റും ടാറ്റുവും പതിച്ച  ജിപ്സിയെപ്പോലിരിക്കുന്ന ഒരു ഇറ്റലിക്കാരനും  കുടുംബവും  ആയിരുന്നു. പൂർണ ഗർഭിണിയായിരുന്നു  അയാളുടെ ഭാര്യ. അവർക്ക് പാവക്കുട്ടിയെ പോലുള്ള  ഒരു കുഞ്ഞു മോളും ഉണ്ട്. അവർ തങ്ങളുടെ  ഭാഷയിൽ എന്തൊക്കെയോ സംസാരിക്കുന്നു. അയാളുടെ വേഷവും നോട്ടവും മട്ടും  കണ്ട് എനിക്ക് ലേശം ഭയം തോന്നി തുടങ്ങിയിരുന്നു. അല്പസമയത്തിനകം അയാൾ തന്റെ കൈവശമുള്ള ഒരു കവറിൽ നിന്ന്  മദ്യക്കുപ്പി എടുത്ത് കുടിക്കാൻ ആരംഭിച്ചു. അപ്പോൾ എന്റെ ഉള്ളിലെ പേടി കൂടി.  അല്പസമയത്തിനകം അയാൾ ഇക്കയുമായി പരിചയപ്പെടാൻ എന്നവണ്ണം കവറിൽ നിന്ന് ഒരു കുപ്പി മദ്യം എടുത്ത് മദ്യപിക്കാത്ത എന്റെ കെട്ടിയോന്  നേരെ നീട്ടി. അദ്ദേഹം അത് നിരസിച്ചപ്പോൾ അവരുടെ കൈവശമുണ്ടായിരുന്ന ഒരു പഴം എടുത്തു,  കുഞ്ഞിന്  കൊടുക്കാൻ  ആംഗ്യം കാണിച്ച് ഞങ്ങൾക്ക് നൽകി. സിദാൻ കുട്ടി അന്ന് ആകെ ഇഷ്ടപ്പെട്ട കഴിക്കുമായിരുന്ന ഭക്ഷണം പഴമായിരുന്നു.  ഇതുകണ്ട് എന്റെ  ഭയം എല്ലാം പമ്പ കടന്നു. ഞാൻ സന്തോഷത്തോടെ അത് വാങ്ങി കുഞ്ഞിനു കൊടുത്തപ്പോൾ ഇറ്റലിക്കാരി ചേച്ചിക്ക് അതത്ര പിടിച്ചില്ല.  അവർ ഭർത്താവിനെ ശാസിക്കുന്ന തരത്തിൽ  എന്തൊക്കെയോ പുലമ്പുന്നത് കേട്ടു. ലോകത്തിന്റെ ഏതു കോണിലായാലും സ്ത്രീയുടെ സ്ഥായിയായ സ്വഭാവത്തെ  കുറിച്ച് തമാശ പറഞ്ഞ് ഞങ്ങൾ  രണ്ടും ചിരിച്ചു.ഉരുക്കുമനുഷ്യനെ പോലിരുന്ന അയാൾ വളരെ എളുപ്പത്തിൽ  ഞങ്ങളുടെ പെട്ടികൾ എടുത്തു മുകളിൽ വെച്ച് സഹായിച്ചതിന് ശേഷം തന്റെ ബലിഷ്ഠമായ കൈകളിലെ മസിൽ   വളരെ ഉത്സാഹത്തോടെ ഞങ്ങളെ കാണിച്ചു.  ഇവിടത്തേതുപോലെ തന്നെ  പാശ്ചാത്യ  സമൂഹത്തിലും  വർണ വിവേചനവും ഉച്ചനീചത്വവും  ആഴത്തിൽ വേരൂന്നിയിട്ടുള്ളത് ഉന്നതർക്കിടയിൽ മാത്രം  ആണെന്ന സത്യം മനസിലാക്കാൻ  സാധിച്ചു. സാധാരണക്കാർ എവിടെയും സഹവർത്തിത്വത്തോടെ കഴിഞ്ഞു പോകുന്നു. കുഞ്ഞിനെ ഉറക്കാനായി  അവർ പാടിയ വിചിത്രമായ താരാട്ടുപാട്ടും,  അയാളുടെ ശ്രദ്ധക്കുറവ്  കൊണ്ട്  കുഞ്ഞിന്റെ തല ബർത്തിൽ ചെന്നിടിച്ചതും,  തുടർന്നുണ്ടായ ദമ്പതികളുടെ  കലഹവും, പിണങ്ങി കിടക്കുന്ന പത്നിയുടെ അടുത്ത് ചെന്ന് അയാൾ സ്നേഹചുംബനം നൽകിയതും എല്ലാം കണ്ടുറങ്ങി നേരം വെളുത്തു.

പച്ച പുൽമേടുകളിലൂടെയും  കൃഷിയിടങ്ങളിലൂടെയും മലമ്പാമ്പിനെപ്പോലെ വളഞ്ഞുപുളഞ്ഞ ഓടുന്ന തീവണ്ടി. പശുക്കളും,  കുതിരകളും,  വിളഞ്ഞു പഴുത്ത രണ്ടായി പിളർന്നു കിടക്കുന്ന  തണ്ണിമത്തൻ തോട്ടങ്ങളും,  അരുവികളും, ഇറ്റലിയിലെ ഗ്രാമക്കാഴ്ചയും  എല്ലാം ഒരു കാൻവാസിൽ വരച്ച ചിത്രം പോലെ സുന്ദരമായിരുന്നു. നഗരമദ്ധ്യത്തിലുള്ള 'റോമാ ടെർമിനലിൽ' തീവണ്ടി ഇറങ്ങി. സ്റ്റേഷനിൽ നിന്നും തന്നെ മുറി തരപ്പെടുത്തി പെട്ടികൾ എല്ലാം ഹോട്ടലിൽ ഉള്ള ലഗേജ് റൂമിൽ സൂക്ഷിച്ചു.  അവിടെയുള്ള പൊതു ശുചി മുറിയിൽ നിന്ന് പ്രഭാത കൃത്യം നിർവഹിച്ചശേഷം  കാഴ്ചകൾ  കാണാൻ ആവേശത്തോടെ നഗരമധ്യത്തിൽ  ഇറങ്ങി.  പാരീസിൽ നിന്ന് വിഭിന്നമായിരുന്ന റോമിലെ  ജനതയ്ക്ക് അന്യദേശ സഞ്ചാരികളോട്  സൗഹൃദപരമായ സമീപനം  ആണ് കാണാൻ കഴിഞ്ഞത്.  നിരത്തുകളിൽ ചിരിച്ച മുഖമുള്ള ഇന്ത്യക്കാരെയും ബംഗ്ലാദേശികളെയും യുംകാണാനിടയായി. പ്രഭാത ഭക്ഷണത്തിനായി അടുത്തുകണ്ട ഒരു ചെറിയ ഭക്ഷണശാലയിൽ കയറിയപ്പോൾ നമ്മുടെ നാട്ടിലെ
' പൂരിയാൻ 'എന്ന  ഒരു മധുര  പലഹാരത്തിന്റെ  ആകൃതിയിലുള്ള
 'മീറ്റ് പൈ ' എന്ന വിഭവം അടുക്കി വെച്ചിരിക്കുന്നത്തു കണ്ടു.  ഉരുളക്കിഴങ്ങും കൊത്തിയരിഞ്ഞ ഇറച്ചിയും മസാല ചേർത്ത് മാവിൽ നിറച്ച് വേവിച്ചെടുത്ത ഭക്ഷണത്തിനു  നമ്മുടെ രുചിക്കൂട്ടുമായി ഏറെ സാദൃശ്യം തോന്നി. മുന്തിയ ഹോട്ടലുകളിൽ  പ്രഭാതഭക്ഷണമായി, ഭംഗിയുള്ള തളികകളിൽ  നിരത്തിവെച്ചിരിക്കുന്ന ഉണക്ക റോട്ടിയേക്കാൾ  സ്വാദ്  ഈ കുഞ്ഞു  തട്ടുകടയിലെ ചൂടുള്ള വലിയ' ഇറച്ചി വടയ്ക്ക് 'ആയിരുന്നു.

ആദ്യം കാണാൻ ആഗ്രഹിച്ചത് ലോകാത്ഭുതങ്ങളിൽ ഒന്നായ റോമൻ ' കൊളോസിയം' എന്ന ചരിത്ര സ്മാരകം ആണ്.  അമ്പതിനായിരത്തോളം  പേരെ  ഒരേസമയത്ത് ഉൾക്കൊള്ളിക്കാവുന്ന അണ്ഡാകൃതിയിലുള്ള ഈ കൂറ്റൻ രംഗവേദിയിൽ ആയിരുന്നത്രേ ഘോര  യുദ്ധങ്ങളും, അടിമകളും  വന്യമൃഗങ്ങളും തമ്മിലുള്ള ജീവൻമരണ പോരാട്ടങ്ങളും,  യുദ്ധ പ്രകടനങ്ങളും അരങ്ങേറിയിരുന്നത്..  ഈ  രണഭൂമിയിൽ വച്ചു നടന്നിരുന്ന യുദ്ധമത്സരങ്ങളിൽ  എതിരാളികളെ തോൽപ്പിച്ച് കൊലപ്പെടുത്തിയാൽ മാത്രം അടുത്ത പ്രദർശനം വരെ   ജീവൻ  നിലനിർത്താൻ  സാധിക്കുമായിരുന്നുള്ളൂ. ഈ  കാരാഗൃഹത്തിലെ അടിമകളുടെ അവസ്ഥ എത്ര ഭീകരം.  മരണം മുന്നിൽ കണ്ട്, ജീവൻ രക്ഷിക്കാനുള്ള വെപ്രാളത്തിൽ  കരുത്തരോട്  പോരാടി ജയിക്കാൻ നിയോഗിക്കപ്പെട്ട  നിസ്സഹായരായ ഹതഭാഗ്യർ.   അവരുടെ ചോര കണ്ട് ഉന്മാദത്താൽ
 
"കൊല്ല് കൊല്ല് "എന്ന്‌ മരണകാഹളം മുഴക്കി ആർപ്പുവിളിച്ചു രസിക്കുന്ന  ജനസമൂഹം.  ഈ അങ്കണത്തിൽ നടമാടിയ കിരാത യാഥാർത്ഥങ്ങൾ കേട്ടറിഞ്ഞപ്പോൾ  ഭീതിയും,  ഞെട്ടലും  ആയിരുന്നു മനോവികാരം.    പൗരാണികതയുടെ സ്പന്ദനമെന്നവണ്ണം   വെള്ള തൊലിയുള്ള ഒരു ദരിദ്രൻ ഏതോ വാദ്യോപകരണം മീട്ടുന്നു. നിത്യവൃത്തിക്കായി   അയ്യാൾ തീർക്കുന്ന  സംഗീതധാര പശ്ചാത്തലത്തിൽ അലയടിക്കുന്നു.റോമാസാമ്രാജ്യത്തിന്റെ പഴയ പ്രതാപം, യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട  മനുഷ്യരുടെ വേദന , ഇതെല്ലാം ഉൾപ്പെട്ട, പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു പ്രതേകത  ആ  താളലയം ശ്രവിച്ചപ്പോൾ എനിക്കനുഭവപ്പെട്ടു.  

പരിഷ്കൃത സഞ്ചാരിയെ രസിപ്പിക്കാനായി   ഇന്നും ഇവിടെ ആളൂകൾ സജ്ജരാണ്. അത്  റോമൻ ഭടന്മാരുടെ വേഷമണിഞ്  ആയുധമേന്തിയ വ്യാജ പടയാളികൾ ആണെന്നുമാത്രം. ഇവർ  സന്ദർശകർക്കൊപ്പം  നിന്ന്  പണം വാങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് കൊളോസിയത്തിലെ ഇന്നത്തെ കാഴ്ച.  'വെസ്പേസിയൻ  ചക്രവർത്തി',  പതിനായിരക്കണക്കിന് അടിമകളെ ഉപയോഗിച്ച് എട്ടു വർഷം കൊണ്ട് പണിതീർത്ത റോമൻ സാമ്രാജ്യത്തിലെ അഭിമാനരംഗവേദി  ഇന്നിതാ പൊട്ടിപ്പൊളിഞ്ഞ നിലയിൽ പകുതി മാത്രം അവശേഷിപ്പിച്ചു  നിലയുറപ്പിച്ചിരിക്കുന്നു.  രക്തം പുരണ്ട കൈകളാൽ വെട്ടി പിടിച്ചത് ഒന്നും സ്ഥായിയായി ഈ ഭൂമിയിൽ നിലനിൽക്കില്ല എന്ന സന്ദേശമായിരിക്കുമോ  ഇതിലൂടെ മനുഷ്യരാശിക്ക് പകർന്നു നൽകുന്നത് ! കൊടുംക്രൂരതയുടെയും, യുദ്ധ വെറിയുടെയും,  സാമ്രാജ്യത്വത്തിന്റെയും  കഥകളേറെ പറഞ്ഞുതന്ന  'കൊളീസിയത്തിനോട്' വിടപറയാൻ നേരമായി.  വാളും കുന്തവുമായി നിൽക്കുന്ന റോമൻ രാജഭടന്മാരുടെ അടുത്തത്തുനിന്നൊരു  ഫോട്ടോ എടുക്കാമെന്ന് കരുതി പോകാനൊരുങ്ങിയപ്പോൾ  കുഞ്ഞു സിദാൻ പേടിച്ച്
 'വേണ്ട വേണ്ട ', എന്ന് പറഞ്ഞു എന്റെ ഉടുപ്പ് പിടിച്ചുവലിച്ച് നിലവിളി തുടങ്ങി.ഞങ്ങളുടെ സംസാരം എല്ലാം അവൻ  കേട്ട് ഭയന്ന് കാണും.  മുതിർന്നവരുടെ മാനസിക വികാരവിചാരങ്ങൾ  കുഞ്ഞുങ്ങളെയും ബാധിക്കുന്നത് നമ്മൾ അറിയാറില്ലെന്നു മാത്രം.

സഞ്ചാരികളെല്ലാം 'കൊളോസിയത്തിൽ' നിന്നും പുറത്തു കടന്നു നേരെ നടക്കുന്നതു കണ്ടു ഞങ്ങളും   അവരോടൊപ്പം  കൂടി. ഏതോ അമേരിക്കൻ യാത്രാ സംഘത്തോടൊപ്പമുള്ള ഗൈഡ് അവർക്ക് പറഞ്ഞു കൊടുത്ത വിവരങ്ങളെല്ലാം ഞങ്ങളും അടുത്തുനിന്ന് കേട്ടു. 2000 വർഷം പഴക്കമുള്ള റോമൻ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണാനാവുന്ന 'റോമൻ ഫോറം  'എന്ന സ്ഥലത്തിലെക്കാണ്   ഗൈഡ്  ഇവരെ നയിക്കുന്നത്. ഗ്രീക്ക് വാസ്തുശില്പകലയാൽ പണ്ടെന്നോ പണിതീർത്ത ആരാധനാലയങ്ങളും രാജ കാര്യാലയങ്ങളും ആയിരുന്നു ഇവിടെ സ്ഥിതി ചെയ്തിരുന്നത്.  ഇപ്പോൾ അവശേഷിക്കുന്നതാകട്ടെ നിരനിരയായി നിൽക്കുന്ന ഭംഗിയുള്ള ഏതാനും തൂണുകൾ മാത്രം. ബാക്കിയെല്ലാം നാമാവശേഷമായി തീർന്നിരിക്കുന്നെങ്കിലും  ഈ കാഴ്ചയ്ക്കും അതിന്റെതായ  ഒരു മനോഹാരിത ദൃശ്യമായി.
                      
' റോമൻ  ഫോറത്തിൻ ' അരികെയുള്ള തെരുവിൽ ധാരാളം കൊച്ചു കടകൾ വിന്യസിച്ചിരുന്നു. അവയിലേറെയും 'കൊളോസിയത്തിന്റെ' മിനി മാതൃകയും പട്ടാളക്കാരുടെയും   ഗ്രീക്ക് ദേവന്മാരുടെയും പ്രതി രൂപങ്ങളും വിൽക്കുന്നവയാണ് . അവയ്ക്കിടയിൽ ഏതാനും ഭക്ഷണശാലകളിലെ  ചില്ലലമാരയിൽ  പലതരത്തിലുള്ള പിസ്സ, ഞങ്ങളെ കൊതിപിടിപ്പിക്കാനെന്നവണ്ണം  അങ്ങിനെ നിരനിരയായ് വച്ചിട്ടുണ്ട്.  ഇറ്റലിയുടെ സ്വന്തം ആഹാരമായ പിസ്സ ഇതുവരെ കാണാത്ത പുതിയ ചേരുവകൾ കൊണ്ട് നിറച്ചിരിക്കുന്നു. തക്കാളിയും ചീസും മുഖ്യ ചേരുവയായ പിസയിൽ കൊത്തിയരിഞ്ഞത്,  വേവിച്ചത്,  ചുട്ടത്, അരച്ച് സോസേജ് രൂപത്തിലാക്കിയത്  അങ്ങിനെ പലരൂപത്തിലുള്ള, പലതരം മാംസ്യങ്ങളാൽ നിറച്ചിട്ടുള്ളതും,  വേറെ ചിലത് ഉള്ളിയും, ഒലിവും, കൂണും പിന്നെ  'ഔബെർജിൻ ' എന്ന് അവർ വിളിക്കുന്ന നമ്മുടെ
 ' കത്തിരിക്ക' ചേർത്തതും,  അങ്ങിനെ നൂറുകണക്കിന്  വായിൽവെള്ളമൂറുന്ന പീസ്സ കൾ. പാരീസിലെ അപേക്ഷിച്ച് റോമിൽ ആഹാര സാധനത്തിന് വില കുറവാണ്. നമുക്ക് പുട്ടും തട്ടുദോശയും പോലെയാണിവിടെ  ഇവർക്ക് പിസ്സ.  എരുവ്  കൂടുതലുള്ള പിസ്സയുടെ അടുത്ത് മൂന്നു വറ്റൽ  മുളകിന്റെ പടം,  കുറഞ്ഞതിൽ ഒന്നിന്റെ  പടം,  ചോക്ലേറ്റും പഴവും ചേർത്ത മധുര പിസ്സയിൽ ആവട്ടെ മുളകിന്റെ പടമേയില്ല.  ഈ ബോർഡ് ശ്രദ്ധിക്കാതെ പുഴുങ്ങിയ മുട്ട നിറച്ച എരുവ്  കൂടുതലുള്ള ഒരു പിസ്സ  വാങ്ങി സൗരമോളുടെ വായിൽ വച്ചു കൊടുത്ത എന്നോട് ആ കടക്കാരൻ വറ്റൽമുളക് ചേരാത്തത് കുഞ്ഞിന്  നൽകാൻ  ആംഗ്യഭാഷയിൽ  പറഞ്ഞു. നമ്മുടെ നാട്ടിൽ നല്ല  മുളകും, മല്ലിയും  മസാലയും ചേർത്ത കറി ചോറിൽ കൂട്ടി കഴിച്ചു ശീലിച്ച അവൾ അത് നിഷ്പ്രയാസം കഴിച്ചതും, അത് കണ്ട് കടക്കാരൻ കണ്ണുമിഴിച്ച് അന്തം വിട്ടു നിന്നതും ഓർമ്മിക്കുമ്പോൾ ഇന്നും ചിരി വരുന്നു.
           
ഒരു ദിവസം മുഴുവൻ എത്ര തവണ വേണമെങ്കിലും യാത്രചെയ്യാവുന്ന ബസ്സുകൾ റോമിൽ സഞ്ചാരികൾക്ക് ഏറെ സഹായകരമാണ്. ഞങ്ങളും ബസ് പാസ് ഉപയോഗിച്ച് ടിക്കറ്റിനൊപ്പം ലഭിക്കുന്ന റൂട്ട് മാപ്പ് നോക്കി  പോകേണ്ട  സ്ഥലങ്ങളിൽ മനസിലാക്കി  കൃത്യമായി ഇറങ്ങിയാണ് കാഴ്ചകളെല്ലാം എളുപ്പത്തിൽ കണ്ടത്. നേരം സന്ധ്യയായപ്പോൾ' ട്രെവി  ഫൗണ്ടൻ'ന്റെ  അടുത്തുള്ള  സ്റ്റോപ്പിൽ ബസ് നിന്നു.  ഫൗണ്ടൻ കാണാനായി ധാരാളം സന്ദർശകർ അപ്പോൾ അവിടെ എത്തിയിരുന്നു. ഗ്രീക്ക് പുരാണമനുസരിച്ച് കടൽ ദേവനായി കല്പിച്ചിരുന്ന' ഓഷ്യാനസ് 'ന്റെ വലിയൊരു ശിൽപം  ജലധാരക്ക്  മുകളിൽ വെണ്ണകല്ലിൽ കൊത്തിവച്ചിരിക്കുന്നു. അതിനിരുവശമായി  പലരൂപത്തിലുള്ള ഗ്രീക്ക് ദേവന്മാരുടെ മനോഹരമായ ശില്പങ്ങളും,  അവയ്ക്കിടയിലൂടെ ധാരയായി  ഒഴുകി, കളകള ശബ്ദത്തോടെ താഴെയുള്ള വലിയ ജലാശയത്തിലേക്ക് ജലം വന്ന്  പതിക്കുന്ന ദൃശ്യ സുന്ദരമായ കാഴ്ചാനുഭവം. ഈ ജലധാര യിൽ പണം നിക്ഷേപിച്ചാൽ വീണ്ടും റോമാനഗരം സന്ദർശിക്കാൻ ആവുമെന്ന വിശ്വാസത്തിൽ യൂറോ നാണയങ്ങൾ വെള്ളത്തിൽ നിക്ഷേപിക്കുന്ന പല വർണ്ണത്തിലും,  ഭാവത്തിലും,  വേഷത്തിലും  ഉള്ള ടൂറിസ്റ്റുകൾ. അവരെല്ലാം ചെയ്യുന്നത് കണ്ടപ്പോൾ എനിക്കും വെള്ളത്തിൽ പണം എറിയാൻ ഒരു പൂതി... ഇക്ക പോക്കറ്റ് പരതി നോക്കി ,    നമ്മുടെ  ഒരു ഇന്ത്യൻ ഒറ്റ രൂപ നാണയം എന്നിക്ക് കൈമാറി.  ഇനിയും റോമിൽ വരാൻ സാധിക്കണെ.. എന്നാഗ്രഹിച്ചുകൊണ്ടു  ഞാനും അത് വെള്ളത്തിൽ എറിഞ്ഞു. ഇങ്ങനെ കിട്ടുന്ന പണം ഒരു ദിവസംഏകദേശം 6000 യൂറോയോളം  വരുമത്രേ.ഇത് അവർ ജീവകാരുണ്യ പ്രവർത്തനത്തിനായി ഉപയോഗിച്ചുവരുന്നു എന്നറിഞ്ഞു.  ജലാശയത്തിൽ നിന്ന് പണം എടുക്കുന്നത് നിയമവിരുദ്ധമാണെങ്കിലും ചില വിരുതന്മാർ ഇത് മോഷ്ടിച്ചു ഉപജീവനമാർഗ്ഗം നയിച്ചിരുന്ന കഥയും കേട്ടു. അടുത്ത കണ്ട ഒരു ഐസ്ക്രീം കടയിൽ നിന്ന് ഇറ്റലിയിയുടെ  സ്വന്തം 'ജലാറ്റൊ ഐസ്ക്രീം' വാങ്ങി രുചി നോക്കി.  കൃത്രിമ ചേരുവകൾ ചേർക്കാതെ പ്രകൃതിദത്തമായ നല്ല സ്ട്രോബറിയും, ഫലങ്ങളും,  പിസ്തയും, വാൾനട്ടും, ചോക്ലേറ്റും എല്ലാം   ചേർത്തുണ്ടാക്കുന്ന ഉഗ്രൻ ഐസ്ക്രീം ആ  തണുത്ത സായാഹ്നത്തിൽ രുചിയോടെ അല്പാല്പമായി നുണഞ്ഞിറക്കിയത്   കൊതിയൂറുന്ന മറ്റൊരു ഓർമ.ഉഗ്രമായ വേനൽ ചൂടിൽ തണുത്ത ഭക്ഷണം കഴിക്കുമ്പോളുള്ള സുഖമേവർക്കും പരിചിതമാണ് എന്നാൽ തണുത്തുവിറച്ചിരിക്കുമ്പോൾ ആരെങ്കിലും ഐസ്ക്രീം വാങ്ങി കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കണേ.. കിടിലൻ


ഇറ്റലിയിയുടെ  സ്വന്തം 'ജലാറ്റൊ ഐസ്ക്രീം' ( സൗമ്യ സാജിദ്)ഇറ്റലിയിയുടെ  സ്വന്തം 'ജലാറ്റൊ ഐസ്ക്രീം' ( സൗമ്യ സാജിദ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക