Image

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

Published on 10 May, 2021
അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)
കുടുംബത്തിന്റെ വിളക്കാണ് അമ്മ. ഐശ്വര്യമാണ് അമ്മ.
സ്‌നേഹത്തിന്റെയും കരുണയുടെയും ക്ഷമയുടെയും നന്മയുടെയും ത്യാഗത്തിന്റെയും ആള്
രൂപമാണ് അമ്മ. അതുകൊണ്ടു തന്നെ മാതൃത്വം ലോകമെമ്പാടും ഒരേ വികാരമായി നിലനില്
ക്കുന്നു.......

അമ്മ എന്നും ആചരിക്കപ്പെടേണ്ടവളാണ്. വാസ്തവം പറഞ്ഞാല്‍ മാതൃബന്ധം മാത്രമല്ല എല്ലാ ബന്ധങ്ങളും ആചരിക്കപ്പെടേണ്ടവയാണ്. എന്നാല്‍ 'അമ്മ' എന്നുള്ളത് മറ്റു ബന്ധങ്ങളെക്കാളും പവിത്രമുള്ളതാണ്.....

നിര്‍വചിക്കാനാകാത്ത സ്‌നേഹത്തിന്റെ പര്യായം...
ഓര്‍മ്മയിലെന്നും അമ്മിഞ്ഞപ്പാലിന്റെ നറുമണമായി അമ്മ പുഞ്ചിരി തൂകി നില്‍ക്കുന്നു. ഭൂമിയില്‍ ഓരോ കുഞ്ഞു പിറവിയെടുക്കുമ്പോഴും മാതൃത്വമെന്ന വികാരത്താല്‍ സ്ത്രീ അനുഗ്രഹിക്കപ്പെടുന്നു. ദൈവം സ്ത്രീക്കു മാത്രം സിദ്ധിച്ച വരദാനമാണു മാതൃത്വം. കാലമെത്ര കഴിഞ്ഞാലും അമ്മയുടെ സ്‌നേഹമെന്ന സത്യത്തിനും അതിന്റെ ആര്‍ദ്രതയ്ക്കും
തെല്ലും കുറവുണ്ടാകില്ല. അമ്മയെ ഓര്‍ക്കാന്‍, ബഹുമാനിക്കാന്‍, സ്‌നേഹിക്കാന്‍ ഒരു ദിവസം.....

അമ്മയാണു കുഞ്ഞിന്റെ ആദ്യത്തെ തണല്‍. അമ്മയുടെ കൈപിടിച്ചാണ് ഓരോ കുഞ്ഞും ജീവിതത്തിലേക്കു പിച്ചവയ്ക്കുന്നത്. അമ്മയുടെ സ്‌നേഹ, വാല്‍സല്യങ്ങളാണ് ആദ്യം തിരിച്ചറിയുന്നത്. എന്നിട്ടും ജീവിതത്തിന്റെ
തിരക്കില്‍ പലപ്പോഴും അമ്മയെ നമ്മള്‍ മറക്കുന്നു. അമ്മയെ മാനിക്കാനും മാതൃത്വത്തിന്റെ മഹത്വമറിയാനും കഴിയാതെ പോകുന്നു.

കുഞ്ഞുന്നാളില്‍ അമ്മുമ്മ പറഞ്ഞുതന്ന ഒരു കഥ ഓര്‍മ്മവരുന്നു. എല്ലാവര്‍ക്കും അറിയാവുന്നതായിരിക്കാം. എന്നാലും അതിവിടെ ആവര്‍ത്തിക്കുന്നു. ഒരു മകന്‍ തന്റെ പ്രായമായ അമ്മയെ കാട്ടിലുപേക്ഷിക്കാന്‍ തീരുമാനിച്ചു.

അമ്മയെ തോളിലേറ്റി കാട്ടിലേക്കു പോകുമ്പോള്‍ അമ്മയ്യ്ക്ക് മനസ്സിലായി, മകന്‍ തന്നെ ഉപേക്ഷിക്കാന്‍ കൊടും കാട്ടിലേക്ക് കൊണ്ടുപോകുകയാണ്ന്ന്. കൊടുംകാടാണ്. തിരിച്ചുപോരുമ്പോള്‍ മകന് വഴി തെറ്റിപ്പോയാലോ? ആ അമ്മ വ്യാകുലപ്പെടാന്‍ തുടങ്ങി. പോകുന്ന വഴിയിലുടനീളം മകന്റെ തോളത്തുകിടന്നുകൊണ്ടുതന്നെ ആ അമ്മ മരച്ചില്ലകളൊടിച്ചു വഴി നീളെ ഇട്ടുകൊണ്ടിരുന്നു. അമ്മയെ കാട്ടിലാക്കി തിരിച്ചു പോകാന്‍ തുനിഞ്ഞ നേരത്തു അമ്മ മകനോട് ഈ അടയാളം നോക്കി വഴി തെറ്റാതെ
തിരിച്ചു പൊയ്‌ക്കൊള്ളാന്‍ പറയുന്നു. ഇത് കേട്ട മകന്‍ അമ്മയ്ക്ക് നന്നോടുള്ള സ്‌നേഹം മനസ്സിലാക്കി അമ്മയെ ഉപേക്ഷിക്കാതെ വീട്ടിലേക്കു തന്നെ കൂട്ടിക്കൊണ്ടുപോരുന്നു. അമ്മയുടെ മനസ്സിലെ സ്‌നേഹത്തെക്കുറിച്ചും ത്യാഗത്തെക്കുറിച്ചുമുള്ളതാണ് ഈ കഥ.

വാര്‍ധക്യത്തില്‍ വൃദ്ധമന്ദിരങ്ങളില്‍ അമ്മമാരെ കൊണ്ടുതള്ളുന്നവരുടെ എണ്ണം കൂടുന്ന ഇക്കാലത്ത് ഈ ദിനത്തിന്റെ പ്രസക്തിയേറുകയാണ്. അമ്മയ്ക്ക് പല മുഖമാണ്. സ്‌നേഹത്തിന്റെ , കരുതലിന്റെ , ത്യാഗത്തിന്റെ മറ്റു ചിലപ്പോള്‍ കാര്‍ക്കശ്യത്തിന്റെ. പൊക്കിള്‍ ബന്ധത്തില്‍ തുടങ്ങുന്ന അമ്മമക്കള്‍ ബന്ധത്തിന് മറ്റേത് ബന്ധത്തേക്കാളും ഈടും ഉറപ്പുമുണ്ട്. അമ്മമാര്‍ തങ്ങളുടെ ജീവിതം ത്യജിക്കുകയാണ്. മക്കളെ വളര്‍ത്താന്‍, പഠിപ്പിക്കാന്‍, നല്ലതിലേക്കു നയിക്കാന്‍, ചീത്തശീലങ്ങള്‍ വിലക്കാന്‍ അമ്മ സ്വയം സമര്‍പ്പിക്കുന്നു. സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും മാറ്റിവച്ച് ഭര്‍ത്താവിനും മക്കള്‍ക്കുമായി ജീവിക്കുന്ന സ്ത്രീയുടെ മനസ്സ് കാണാന്‍ ആരും ശ്രമിക്കാറില്ല എന്നതാണ് വാസ്തവം.

ഇന്ന് അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ മാതൃദിനം വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. ജീവിതത്തിന്‍റെ പിച്ച വച്ചു നടന്ന നാള്‍വഴികളില്‍ തുടങ്ങി പ്രായപൂര്‍ത്തിയാകും വരെ കാത്തുരക്ഷിച്ച മാതൃത്വത്തിന് നല്കുന്ന നന്ദിയും ആദരവുമായിട്ടാണ് പാശ്ചാത്യ രാജ്യങ്ങള്‍ ഈ ദിവസത്തെ കാണുന്നത്.

മനുഷ്യസ്‌നേഹത്തിന്റെ ഏറ്റവും ശക്തമായ മാതൃകകളില്‍ ഒന്ന് പ്രത്യേകിച്ചും സ്ത്രീകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്നു. സൗഹൃദം ഏറ്റവും പ്രധാനപ്പെട്ട വൈകാരികവും സാമൂഹികവുമായ ബന്ധങ്ങളിലൊന്നാണെങ്കിലും, അമ്മ-ശിശു ബന്ധം സാധാരണയായി എല്ലാവരിലും ഏറ്റവും ശക്തമാണ്, ഒരു പുതിയ ജീവിയുടെ വികാസം, ജനനം, വളര്‍ത്തല്‍ എന്നിവയ്ക്കിടയിലുള്ള അടുപ്പമാണ് ഇതിനു കാരണം.

ഗര്‍ഭപാത്രത്തില്‍ കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അമ്മ കടന്നുപോകുന്ന പ്രയാസങ്ങള്‍ ചെറുതല്ല. നിസ്വാര്‍ത്ഥമായ ആ സ്‌നേഹപരിചരണങ്ങള്‍ക്ക് അമ്മ യാതൊന്നും തിരികെ പ്രതീക്ഷിക്കാറുമില്ല. ഭൂമിയിലെ ഏറ്റവും വലിയ നിധികളിലൊന്നാണ് അമ്മ. അവരുടെ സ്‌നേഹദയാ വായ്പുകള്‍ക്ക് പകരമായി യാതൊന്നും തന്നെ ഇല്ലതാനും.

അമ്മയാണു കുടുംബത്തിലെ എല്ലാവരെയും ഒരുമിച്ചു ചേര്‍ക്കുന്ന കണ്ണി. സ്‌നേഹത്തിന്റെ ബാല പാഠങ്ങള്‍ പഠിക്കുന്നത് അമ്മയില്‍ നിന്നാണ്. അമ്മയെ സ്‌നേഹിക്കുന്ന ഒരാള്‍ക്കു മാത്രമേ സ്വന്തം ഭാര്യയേയും മകളെയും സ്‌നേഹിക്കാന്‍ കഴിയൂ. മാതാവിനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവന്‍ മറ്റു സ്ത്രീകളെയും ബഹുമാനിക്കും. അതുകൊണ്ടു സ്ത്രീ സുരക്ഷയ്ക്കായി വാദിക്കുന്നവര്‍ ആദ്യം പറയേണ്ടത് അമ്മയെ സ്‌നേഹിക്കാനാണ്.

എത്രതിരക്കുണ്ടെങ്കിലും ഒരല്പ സമയം അമ്മയ്ക്കും അച്ഛനും വേണ്ടി മാറ്റിവയ്ക്കുക. കാരണം അവര്‍ നിങ്ങള്‍ക്കു വേണ്ടി ജീവിതം മുഴുവന്‍ ഉഴിഞ്ഞുവച്ചവരാണ്.


Join WhatsApp News
Sudhir Panikkaveetil 2021-05-10 13:41:28
അമ്മയോട് സ്നേഹമുള്ള മക്കൾക്കെ ഇങ്ങനെയൊക്കെ എഴുതാൻ കഴിയു. 'അമ്മ എന്ന ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
Divya Lakshmi 2021-05-10 14:48:10
ഗിരീഷേട്ടന്റെ കവിതകളും ലേഖനങ്ങളും വായിക്കാറുണ്ട്. വളരെ കുറച്ചുമാത്രമേ എഴുതിയിട്ടുള്ളുവെങ്കിലും അതെല്ലാം മാനുഷിക വികാരങ്ങൾ പ്രതിഫലിക്കുന്നവയായിരുന്നു. അമ്മയെക്കുറിച്ച് എഴുതിയ ഈ ലേഖനം നന്നായി. അമ്മയെ ഓർത്താണ് ഗിരീഷേട്ടൻ ഇതെഴുതിയത് എന്നറിയാം. ഇതിലെ സന്ദേശവും നന്നായി. "മാതാവിനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവന്‍ മറ്റു സ്ത്രീകളെയും ബഹുമാനിക്കും. അതുകൊണ്ടു സ്ത്രീ സുരക്ഷയ്ക്കായി വാദിക്കുന്നവര്‍ ആദ്യം പറയേണ്ടത് അമ്മയെ സ്‌നേഹിക്കാനാണ്." ഗിരീഷേട്ടൻ ഇനിയും എഴുതുക,
Amarnath Iyer 2021-05-11 04:14:48
Very nicely written..... Very Good Message.......
girish nair 2021-05-12 01:25:56
വായിച്ചവർക്കും ആപ്രായങ്ങൾ എഴുതിയ എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി. ദിവ്യ ലക്ഷ്‌മി താങ്കളുടെ തീരക്കിനിടയിലും എന്റെ കവിതയും ലേഖനങ്ങളും വായിച്ചിരുന്നു എന്നറിഞ്ഞതിൽ സന്തോഷം.
American Mollakka 2021-05-12 13:14:19
അസ്സലാമു അലൈക്കും ഗിരീഷ് നായർ സാഹിബ് മൊഹബത്തിന്റെ നാളിൽ (വാലൻന്റൈൻ ദിനം) ഇങ്ങള് എയ്തിയ കബിത ഞമ്മള് ഓർക്കും. ഇങ്ങള് അമ്മയെപ്പറ്റി എയ്തിയത് നന്നായി സാഹിബേ. ഇങ്ങള് കാര്യങ്ങൾ പരത്തി പറയാതെ കാര്യമാത്ര പ്രസക്തമായി പറയുന്നു. പടച്ചോന്റെ കൃപകൊണ്ട് സാഹിബേ എയ്തു വീണ്ടും വീണ്ടും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക