Image

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്‌പമ്മ ചാണ്ടി - ഭാഗം - 9

Published on 08 May, 2021
കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്‌പമ്മ ചാണ്ടി - ഭാഗം - 9
ആദ്യമാദ്യം ഗിരിധറിനേക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു .അയാളുടെ പിൻകാല കഥകൾ പത്രങ്ങൾക്കും ചാനലുകൾക്കും ചാകരയിളക്കി. പതുക്കെപ്പതുക്കെ അത്  പത്രത്താളുകളിലെ കുഞ്ഞിടങ്ങളിൽ ഒതുങ്ങി.
കോടതിയിൽ അയാൾക്ക് ജാമ്യം നിഷേധിക്കപ്പെട്ടു, ഒന്നല്ല മൂന്നു പ്രാവശ്യം. 
അവസാനം  സുപ്രീംകോർട്ടിലെ പ്രഗല്ഭനായ വക്കീലിന്റെ  സാമർത്ഥ്യത്തിൽ ഉപാധികളോടെയാണ് ജാമ്യം കിട്ടിയത്.
രണ്ടു മാസത്തെ  ജയിൽവാസത്തിനു ശേഷം തിരികെ വന്ന ഗിരിധർ, മാനസികമായും ശാരീരികമായും തളർന്നിരുന്നു. രാഷ്ട്രീയ പ്രവേശനം ഉപേക്ഷിക്കാൻ അയാൾ തീരുമാനിച്ചു;  അല്ല, അങ്ങനെ വേണ്ടിവന്നു.
ബിസിനസ്സ് കാര്യങ്ങൾ നോക്കാൻ തുടങ്ങിയെങ്കിലും ഒറ്റപ്പെടലിന്റെ വേദന അയാളെ വീർപ്പുമുട്ടിച്ചുകൊണ്ടിരുന്നു.തന്നിലെ ധാർഷ്ട്യം, കുറേശ്ശെ കുറഞ്ഞതായി അയാൾക്കു തന്നെ തോന്നി. തൻ്റെ ഹൃദയമിടിപ്പിന്റെ താളം അയാൾ ശ്രദ്ധിച്ചു.. ജീവിച്ചിരിക്കുന്നുവെന്ന് അതയാളെ ഓർമ്മിപ്പിച്ചു.
ഇടയ്ക്കിടെ അയാൾ ഓർക്കും 
" തനിക്കെന്താണ് സംഭവിച്ചത്, ഇത്ര ദുർബ്ബലനാണോ താൻ?  തോറ്റുകൊടുക്കരുത് ആരുടെ മുൻപിലും എന്നാഗ്രഹമുണ്ട്, പക്ഷേ കുറ്റപ്പെടുത്തലും  ഒറ്റപ്പെടുത്തലും തളർത്തുന്നു.  തനിക്കാരുമില്ലായെന്ന ചിന്ത ഗിരിധറിനെ വല്ലാതെ ഉലച്ചു കളഞ്ഞിരുന്നു.
രണ്ടു മാസത്തെ ജയിൽവാസം..! ആദ്യമൊക്കെ ജയിലിൽ തന്നെ വന്നുകണ്ടിരുന്ന   സുഹൃത്തുക്കൾ പിന്നെപ്പിന്നെ വരാതായി..മാനേജർ മാത്രം വന്നു ബിസിനസ്സ് കാര്യങ്ങൾ സംസാരിക്കാൻ.., വക്കീൽ പോലും തന്നോട് അകൽച്ച പാലിക്കുന്നുവന്നു തോന്നി. വീട്ടിലെ ജോലിക്കാർ മൗനമായി അവരുടെ ജോലികൾ ചെയ്യുന്നു. സമയാസമയങ്ങളിൽ ഭക്ഷണം മേശപ്പുറത്തു കൊണ്ടുവയ്ക്കുന്നു.യന്ത്ര മനുഷ്യരേപ്പോലെ തോന്നും അവരെ കണ്ടാൽ . നിശ്ശബ്ദത തളംകെട്ടി നിൽക്കുന്ന വീട് .., സ്വന്തം സഹോദരി പോലും വല്ലപ്പോഴുമുള്ള വാട്ട്സാപ്പ് മെസ്സേജിൽ മാത്രം സമ്പർക്കം നിലനിർത്തി... അസ്തിത്വമില്ലാത്തതു പോലെ.  ജീവിച്ചിരിക്കുന്ന നിമിഷങ്ങളെ ഓർമ്മകൾ എന്ന് വിളിക്കാമെങ്കിൽ, വളരെ കുറച്ചു മാത്രം അടുത്തറിഞ്ഞ മഹാഗൗരി ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നു.  അവളെ ഒന്നു കാണണം, എന്തിനായിരുന്നു ഇതൊക്കെയെന്ന് ചോദിക്കണം. പരമേശ്വരി  ദിവസവും മുടങ്ങാതെ വിളിക്കും. രാവിലെ ശുഭദിനം ആശംസിക്കും. ജയിലിലും പലപ്രാവശ്യം വന്നു, അവളുടെ പരിചയത്തിലുള്ള വക്കീൽ മുഖാന്തിരമാണ് ജാമ്യം കിട്ടിയത്.
പരമേശ്വരി ഉറപ്പിച്ചു പറഞ്ഞു.  മഹാഗൗരിക്ക് ഒരു ഭൂതകാലമുണ്ടെന്ന്.., ആർക്കും അറിയാത്ത ഒരു കാലം.അതിൽ ഉറപ്പായും പ്രത്യക്ഷ്യമായോ  പരോക്ഷമായോ 
ഗിരിയുമുണ്ട്.  പരമേശ്വരിക്ക് എവിടെയോ തന്നോട് ഇപ്പോഴും സ്നേഹമുണ്ടെന്ന് അയാൾക്ക് തോന്നി സ്നേഹം അങ്ങനെയാണ് എത്ര വേണ്ടെന്ന് വെച്ചാലും
പിന്നെയും പിന്നെയും വേണമെന്ന് തോന്നിപ്പിക്കും. തനിക്ക് ഇപ്പോഴത് മഹാഗൗരിയോടാണ് തോന്നുന്നത്. അവൾ മൂലമാണ് ജയിലിൽ പോയത്. പക്ഷേ.. താൻ അവളെ സ്നേഹിക്കുന്നു. അല്ല സ്നേഹിക്കാൻ മനസ്സ് വെമ്പുമ്പോൾ  അതിനുള്ള കാരണങ്ങളും  വന്നു ചേരുന്നു..
കുറച്ചു ദിവസംകൂടി  കഴിയട്ടെ, അവളെ ഒന്ന് കാണണം, അവളുടെ വീട്ടിൽ വെച്ചു തന്നെ.
ഡൽഹിയിൽ നിന്നും പരമേശ്വരി എത്തി. അവൾ ഹോട്ടലിൽ മുറി എടുത്തെങ്കിലും ഗിരിധർ അവരെ തൻ്റെ വീട്ടിലേക്കു താമസിക്കാൻ ക്ഷണിച്ചു . അങ്ങനെയെങ്കിലും തൻ്റെ ഏകാന്തവാസത്തിനു കുറച്ചു ദിവസത്തേക്ക് ഒരു അറുതി കിട്ടുമല്ലോ..
പരമേശ്വരി വീടൊക്കെ ചുറ്റി നടന്നു കണ്ടു . തങ്ങൾ ഒരുമിച്ചുണ്ടായിരുന്ന നാളുകൾ അവരുടെ മനസ്സിൽ കൂടി കടന്നു പോയി, ഗിരിയും താനുമായുള്ള ചിത്രങ്ങൾ മാത്രം പഴയ സ്ഥാനത്തില്ല.. അല്ലാതെ  ആ വീടിനു വലിയ മാറ്റമൊന്നും വന്നിട്ടില്ല.. 
" ഫോട്ടോസ് ഒക്കെ എടുത്തു മാറ്റി, ബാക്കിയെല്ലാം പഴയതു പോലെ.. "
ഗിരി മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല..
" ഗിരി, ഇങ്ങനെ 
മൂഡിയാകാതെ...
നിങ്ങളെയിങ്ങനെ പരാജിതന്റെ മുഖഭാവത്തോടെ  എനിക്ക് കാണാൻ വയ്യ, സങ്കല്പിക്കാനും.. "
" ജാമ്യമല്ലേ ലഭിച്ചുള്ളു.., കേസ് ഇനിയും കിടക്കുകയല്ലേ..?"
" ഒന്നാമത് നിങ്ങളൊരു  ഹൃദ്രോഗി,  ഇങ്ങനെ തുടർന്നാൽ  വീണ്ടും ഹൃദയസ്തംഭനമുണ്ടാകും."
" പരമേശ്വരീ.., നീ തന്നെ പറയൂ , ഒരു വിധത്തിൽ പറഞ്ഞാൽ ഇനി ഞാൻ എന്തിനാണ് ജീവിക്കുന്നത്..?
" ഡോണ്ട് ബി സില്ലി, നിങ്ങൾ തിരികെ വരും.. "
അവൾ എഴുന്നേറ്റു വന്ന് മൃദുവായി അയാളുടെ തലയിൽ തലോടി..
ഒരമ്മയുടെ സ്നേഹവായ്പോടെ.. 
നേരാണ് ചില സമയം സ്ത്രീകൾക്ക്, അമ്മയും, കാമുകിയും, ഭാര്യയും, സഹോദരിയുമൊക്കെയാകാൻ കഴിയും.. പക്ഷേ.. അവളുടെ ഏതു ഭാവത്തെ ഉൾകൊള്ളാനാണ് പുരുഷൻ തായാറാവുകയെന്നത് അവന്റെ ആ സമയത്തെ മനോനിലപോലെയാണ്..
ഭഗ്നഹൃദയനായ തനിക്കിപ്പോൾ ഒരമ്മയുടെ സ്നേഹമാണ് ആവശ്യം.
അവർ വളരെ ഇരുട്ടുന്നതു വരെ സംസാരിച്ചിരുന്നു..
രണ്ടു പേരുടെയുള്ളിലും ആ പഴയ പ്രണയം , പോയ്പോയിരിക്കുന്നുവെന്ന് 
പരമേശ്വരിക്ക്   മനസ്സിലായി...ഗിരിധർ അതിനെ കുറിച്ച് ആലോചിച്ചു പോലുമില്ല.. കാരണം ചില പുരുഷന്മാർ അങ്ങനെയാണ്..
ഒരുപാട് നാളുകളൊന്നും ഒരാളുടെ സ്നേഹംമാത്രം കൊണ്ട് ജീവിക്കാമെന്നു കരുതുന്ന ആളല്ല ഗിരിധർ, പരമേശ്വരിക്കത് മനസ്സിലായി..
രണ്ടു ദിവസം അവിടെ താമസിച്ച ശേഷം തിരികെ പോകുമ്പോൾ പരമേശ്വരി അയാളെ ആശ്ലേഷിച്ചു വർഷങ്ങളക്കുശേഷം അയാളുടെ കണ്ണുകളിലെ ദൈന്യം അവരെ വേദനിപ്പിക്കുകയും ചെയ്തു .
മഹാഗൗരിയെ ഒന്ന് കാണാൻ സംസാരിക്കാൻ
ഗിരിധറിന് ആഗ്രഹം തോന്നിത്തുടങ്ങിയിരുന്നു. ജീവിതത്തിൽ ആദ്യമായി ഒരു ധൈര്യക്കുറവ്.. തമ്മിൽ കാണുന്നില്ല, മിണ്ടുന്നില്ല, എന്നിട്ടും അയാളവളെ പ്രേമിക്കുന്നു. ചേര്ത്തുവെയ്ക്കാൻ മോഹിക്കുന്നു. ചിലപ്പോഴെല്ലാം താൻ ജീവിച്ചിരിക്കുന്നത് ക്ലേശകരമായിത്തോന്നും.. എന്നാലും ഇപ്പോഴത്തെ സ്ഥിതിയിൽ മരണം പോലും തനിക്കു സന്തോഷം തരുമെന്ന് തോന്നുന്നില്ല..

മഹാഗൗരി എപ്പോഴും, ഗിരിധറിന്റെ രംഗപ്രവേശം പ്രതീക്ഷിച്ചു.. വീണ്ടും ആക്രോശിച്ചു കൊണ്ട് ആഞ്ഞടിക്കുന്ന അയാളെ അവൾ സ്വപ്നത്തിൽ  കണ്ടു. അയാൾക്കായി അവൾ കാത്തിരിക്കുകയാണെ
ന്നു തോന്നി..,
രണ്ടു ദിവസം കഴിഞ്ഞു ഗിരിധർ മഹാഗൗരിയെ ഫോണിൽ വിളിച്ചു , 
" മഹാഗൗരി... ഗിരിധർ ഹിയർ " 
അയാളുടെ  മനസ്സിന്റെയും  ശരീരത്തിന്റെയും ക്ഷീണം ശബ്ദത്തിലും ഉണ്ടായിരുന്നു.. 
" മനസ്സിലായി , എന്താ വിശേഷം പറയൂ.. "
" ഒന്ന് നേരിൽ കണ്ടാൽ കൊള്ളാം... എപ്പോൾ 
ഫ്രീയാകുമെന്ന് പറഞ്ഞാൽ ഞാൻ വരാം .."
അവൾ ഒരു നിമിഷം ആലോചിച്ചു , ഓഫീസിൽ വേണ്ട 
"ൻ്റെ വീട്ടിലേക്കു വരാൻ ബുദ്ധിമുട്ടുണ്ടോ.. , ലൊക്കേഷൻ ഞാൻ ഷെയർ ചെയ്യാം.. , "
" എന്നാണ് വരേണ്ടത് ?"
" നാളെ ഞാൻ ഓഫീസിൽ നിന്നും കുറച്ചു വേഗം ഇറങ്ങാം, ഒരു 4 .30 ഓക്കേ ആണോ ?"
" ഞാൻ ഫ്രീ ആണ്, ശരി നമുക്കപ്പോൾ നാളെ തമ്മിൽ കാണാം "
ഫോൺ കട്ട് ചെയ്തശേഷം  രണ്ടുപേരുടെയും
 മനസ്സിൽക്കൂടി ഒരുപാട് ചിന്തകൾ കടന്നു പോയി . ഗിരിധറിന്റെ ശബ്ദത്തിലെ വേദന മഹാഗൗരിക്ക് മനസ്സിലാകും, രാജ്യം നഷ്ടപ്പെട്ട, തുറുങ്കിൽ അടയ്ക്കപ്പെട്ട രാജാവിന്റെ വേദന,   അയാൾ ആ വേദന അർഹിക്കുന്നു..
ഒരുപാട് പേരുടെ കണ്ണുനീരിൽക്കൂടി തോണി തുഴഞ്ഞു പോയവൻ..
ആരുടേയും, വേദന ഒരിക്കൽ പോലും  അയാളുടെ ഹൃദയത്തിൽ തട്ടിയിട്ടില്ല. എവിടെയും ജയിച്ചു മാത്രം പരിചയമുള്ള ആൾക്ക് ഒരു പക്ഷേ ജീവിതത്തിൽ ആദ്യം കിട്ടുന്ന 
പ്രഹരമിയിരിക്കും ഇത് ...
മഹാഗൗരി അന്ന് രാത്രി തനിക്കേറ്റവും പ്രിയപ്പെട്ട, വയലറ്റ് ബോർഡറുള്ള  വെള്ള പട്ടുപാവാടയും വയലറ്റ്  ബ്ലൗസുമിട്ടു, ഒറ്റക്കാലിൽ കൊലുസ്സും...വളരെ ദിവസങ്ങൾക്കു 
ശേഷമാണ് 
അവളതണിയുന്നത്.. ഉറക്കെ പാട്ടുവെച്ചു മതി വരുവോളും  നൃത്തം ചെയ്തു , കൂടെ തനിക്കു ഏറ്റവും പ്രിയ  കോക്ടെയ്ൽ പിനകോളാടോ ഉണ്ടാക്കി.. ആസ്വദിച്ച് അല്പാല്പമായി കുടിച്ചു..  നന്ദ അവളിലേക്ക് പിന്നെയും കയറി വന്നു.. ഇന്നവൾ നന്ദയുടെ ഓർമ്മയിൽ വേദനിച്ചില്ല, കാരണം ഇന്ന് നന്ദയുടെ  ആത്മാവ് 
തൻ്റെയൊപ്പം സന്തോഷിക്കുന്നുണ്ടാവും. തനിക്കു കാണാൻ സാധിക്കാത്ത ഒരിടത്തിരുന്നു നൃത്തം ചെയ്യുകയാണ് അവളും . 
ഈ  ജയം അവൾ ആഘോഷിക്കുക തന്നെയായിരുന്നു .  തൻ്റെ വീട്ടിലേക്കു ഗിരിധർ വരുന്നു..സ്വന്തം സ്ഥലത്തു വെച്ച് ശത്രുവിനെ കാണുന്നത് തന്നെ ജയത്തിന്റെ ആദ്യ പടിയാണ്.

ഗിരിധറിന് അത് കാളരാത്രിയായിരുന്നു.. തിരിഞ്ഞും  മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല.മദ്യപാനം അയാൾ അപ്പാടെ ഉപേക്ഷിച്ചിരുന്നു. അതാണ് തന്നെ നശിപ്പിച്ചത് , ഇനി അത് കൈകൊണ്ടു തൊടില്ല എന്നയാൾ ശപഥം ചെയ്തിരുന്നു .ജയിലിൽ കിടന്ന ആദ്യ രാത്രിയിൽ തന്നെ .
വെളുപ്പിനെ എപ്പോഴോ ഉറങ്ങിപ്പോയി.
പിറ്റേന്ന് വൈകുന്നേരം നാല് മണിയാകാൻ അയാൾ കാത്തിരുന്നു . സമയം പോകുന്നില്ല . ഡ്രൈവറെ കൂട്ടാതെ സ്വയം കാറോടിച്ചുകൊണ്ട് മഹാഗൗരിയെ കാണാൻ ഗിരിധർ പുറപ്പെട്ടു...
                             തുടരും ..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക