Image

തെറിയും ചിന്തയും (നീലീശ്വരം സദാശിവൻകുഞ്ഞി)

Published on 07 May, 2021
തെറിയും ചിന്തയും (നീലീശ്വരം സദാശിവൻകുഞ്ഞി)
സംഗതി അല്പം ഹോട്ട് ആണ് !!

എന്റെ വളരെ അടുത്ത ബന്ധു കഴിഞ്ഞ ദിവസം എന്നെ തെറിയഭിഷേകം തടത്തി പുണ്ണ്യാഹം തളിച്ചു . ലേബർ റൂമിന് മുന്നിൽ അക്ഷമനായി അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്ന  ചേട്ടായിയുടെ പോലെ വികാരപരവശനായി നടന്നും, അക്ഷമനായും നല്ല നല്ല പുളിച്ച തെറി ! ഞാൻ സത്യത്തിൽ കണ്ടില്ല. ഒന്നും കേട്ടുമില്ല ! കാരണമുണ്ട് . ഇതുപോലെ വീട്ടിലിരുന്ന് എന്തെങ്കിലും ഒക്കെ എഴുതി ഈ കൊറോണ കാലത്ത് നാല് കാശുണ്ടാക്കാമെന്ന ചിന്തയിലായിരുന്നു ഞാൻ .സൃഷ്ടിയുടെ തിരക്കുമാത്രമല്ല.. ആ സമയം സംഗീതത്തിന് ഒരു ഓൺലെയിൻ ക്‌ളാസും നടക്കുകയായിരുന്നു .

പെട്ടെന്ന് ഭാര്യ വന്നു പറഞ്ഞു .

'ശിവൻ ചേട്ടാ , ചേട്ടനെയല്ലേ ആ റോഡിൽ നിന്ന് നമ്മുടെ ബന്ധു കുട്ടപ്പൻ തെറി പറയുന്നേ’ ?

ഇങ്ങനെ പറഞ്ഞെങ്കിലും ഭാര്യയുടെ മുഖത്ത് യാതൊരു ടെൻഷനും കണ്ടില്ല ?  ഞാൻ ചെവിട്ടിൽ നിന്നും ‘ഹെഡ്സെറ്റ്’ എന്ന സുന ഒന്ന് മാറ്റി .

സത്യമാണ് .. പി സി തോമസിന്റെ മണ്ഡലത്തിന്റെ പേര് മുതൽ ഇന്ത്യയുടെ ദേശീയ പക്ഷിയുടെ പേരുവരെ കേൾക്കാം .'തന്തക്ക് പിറക്കാത്തവനാണെന്ന്' കുട്ടപ്പൻ ചേട്ടൻ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ ഓർത്തു അദ്ദേഹത്തിന്റെ കഷ്ടപ്പാട് . ആരൊക്കെയാണ് തന്തക്ക് പിറന്നത് ആരൊക്കെയാണ് തന്തക്കല്ലാതെ പിറന്നു വീഴുന്നത് എന്ന് കണ്ടെത്താൻ അദ്ദേഹം രാപ്പകലില്ലാതെ ഏതെല്ലാം വീടുകളിൽ പോയി  എത്ര കഷ്ടപ്പെട്ടിട്ടുണ്ടാകും . ഓർത്തപ്പോൾ അത്ഭുതം . അതിലേറെ സന്തോഷം ! കൊറോണ പടരുന്നത് സമ്പർക്കത്തിലൂടെയോ നേരിട്ടോ എന്ന് കൃത്യമായി പറയാൻ പറ്റാത്ത കാലത്ത് തന്തക്ക് പിറക്കാത്തവരെ കണ്ടെത്താൻ അദ്ദേഹം കാണിക്കുന്ന കഷ്ടപ്പാട്   .നമിച്ചു കുട്ടപ്പൻ ചേട്ടാ ..നന്മമരം ചേട്ടൻ  !!

 ആമുഖം വായിച്ചപ്പോൾ തന്നെ നിങ്ങളുടെ മുഖത്ത് ചെറുതും വലുതുമായ തെറികൾ മിന്നി മറഞ്ഞില്ലേ ?. അതുമതി. ഞാൻ ഹാപ്പി .ഈ ‘ഡാഷ് മോന്’ എഴുതാൻ കണ്ട ഒരു വിഷയം……. എന്നൊന്നും ആരും ഓർത്തേക്കരുത് . കാരണം ഇത് അത്ര നിസ്സാര വിഷയമേയല്ല എന്നത് തന്നെ . കുട്ടപ്പൻ ചേട്ടന് വേണ്ടി ഞാൻ ഇത് ഡെഡിക്കേറ്റ് ചെയ്യുന്നു .

തെറികൾ ഗ്രേഡ് കുറഞ്ഞവയും ഗ്രേഡ് കൂടിയവയും എന്ന് രണ്ട് തരത്തിൽ ഉണ്ടെന്ന് തെറാപ്പിസ്റ്റുകൾ പറയുന്നു . ഏഭ്യൻ , ബുദ്ധിയില്ലാത്തവൻ , മർക്കടൻ , വാൽമാക്രി എന്നിവ വളരെ ഗ്രേഡ് കുറഞ്ഞ തെറികൾ ആണ്. .കർമസംബന്ധിയായ തെറികൾ അഥവാ  ജോലിയോട് ബന്ധപ്പെടുത്തി വിളിക്കുന്ന തെറികൾ ആണ് മറ്റൊന്ന്. അത് തെണ്ടി , ക്ഷൗരക്കാരൻ , കൊശവൻ എന്നിങ്ങനെ ഒക്കെ വരും . യാചകനാണെങ്കിലും അവനെ തെണ്ടി എന്ന് വിളിച്ചാൽ അവൻ ചിലപ്പോൾ ‘നീ പോടെ തെണ്ടി’ എന്ന് തിരിച്ച് പറഞ്ഞേക്കാം .  

 കൊശവൻ . അമ്പിട്ടൻ മുതലായവ കുഞ്ഞുനാളിൽ കുടിപ്പള്ളിക്കൂടത്തിൽ കുഞ്ഞനാശാൻ പഠിപ്പിച്ച തെറികൾ ആണ് !

“ഹരിശ്രീ നമ്മെ പഠിപ്പിച്ചു തന്ന

ഗുരുവിനെന്തെടോ ദക്ഷിണ?

കരിമുരുക്കിന്റെ കട പറിച്ചിട്ട്

ഗുരുവിൻ വായില് തള്ളണം”!!

എന്ന ഗുരുവന്ദനം ഓർത്തുപോയി . കുഞ്ഞനാശാൻ ‘ഐ ആം സോ സോറി’ .

 ഒരിക്കൽ വീടിനടുത്ത് ട്യൂഷൻ സാർ പ്രദീപിനോട് പറഞ്ഞു ..

“പോയി വല്ല ചാണകോം വാരിത്തിന്നട” എന്ന് .

“അയ്യോ! സാറെ, ഞാൻ ചെന്നപ്പോഴേക്കും സാറിന്റെ മകൻ മുഴുവൻ വാരിത്തിന്നു” .

ഇത് കേട്ട സാർ പിന്നീട് പ്രദീപിനോട് ചാണകം തിന്നണമെന്ന് പറഞ്ഞിട്ടില്ല . സാറിന് ഒരു ഇരട്ടപ്പേരും വന്നു “ചാണകം വാരി രാജൻ സാർ” .

അടുത്തത് ശരീര സംബന്ധിയായ തെറികൾ ആണ് .കോങ്കണ്ണൻ , കരിനാക്കൻ, ചട്ടുകാലൻ , മുറിമൂക്കൻ , തത്തച്ചുണ്ടൻ മുതലായവ . ഇത്തരം ടൈപ്പ് ടു തെറികൾ ശാരീരിക വൈകല്യമുള്ളവർ കേൾക്കുമ്പോൾ പ്രയാസം തോന്നുന്നവയാണ് .

ശരീരസംബന്ധിയായ ഒരു ഗ്രേഡ് കുറഞ്ഞ തെറിപ്പാട്ട് അപ്പാപ്പൻ പാടിയിരുന്നു .

പിപ്പിരി മുണ്ടൻ , പിരിപിരി മുണ്ടൻ

പരത്തിക്കൊട്ടീച്ചരൻ , പാച്ചരൻ ,

കട്ടിറുംമ്പിട്ടിയും മാക്കോതമേനോൻ……

ഇങ്ങനെ പോകുന്നു ആ പാട്ട് ….. പൊക്കം കുറഞ്ഞ് ശരീരം വളർച്ചയെത്താത്തവൻ ‘പിപ്പിരിമുണ്ടൻ’ , കുറച്ചുകൂടി വികലമായ അംഗങ്ങൾ ഉള്ളയാൾ ‘പിരിപിരിമുണ്ടൻ’. ‘ഈച്ചരൻ’ എന്നയാളെ ജാതിപ്പേര് വിളിച്ച് കളിയാക്കാൻ ‘പരത്തിക്കൊട്ടീച്ചരൻ’ ഭാസ്കരൻ ‘പാച്ചരൻ’ , മേനോൻ എന്ന സ്ഥാനപ്പേരോടുകൂടി താഴെജാതിക്കാരന്റെ പേര് ചേർത്ത് ‘മാക്കോത മേനോൻ’ അപ്പാപ്പൻ വ്യാഖ്യാനിക്കാറ് ഇങ്ങനെയൊക്കെ ആണ്  .

മൃഗസംബന്ധമായ ചീത്തവിളികളിൽ ‘പോടാ പട്ടി , പോർക്കേ , കുരങ്ങാ , കഴുതേ , പോത്തേ എന്നിവ സാധാരണമാണ് .

അവൻ ‘കോഴി’ ആണ് എന്ന് കേട്ടാൽ ഒന്ന് സൂക്ഷിച്ചേരെ .

ചെടിതീനി എന്ന ഒരു പ്രയോഗം നാട്ടിൽ സർവ്വ സാധാരണം ആയിരുന്നു . ചെടി എന്നാൽ ‘കോഴിക്കാഷ്ടം’ എന്നർത്ഥം . അത് തിന്നുന്നവൻ എന്ന തരത്തിലാണ് ചെടിതീനി ഉപയോഗിക്കുക .

മനുഷ്യനുമായി ബന്ധപ്പെട്ട തെറികൾ ആയിരുന്നു വേറൊന്ന് !. വീട്ടിലുള്ള അച്ഛൻ , 'അമ്മ , അപ്പൂപ്പൻ , അമ്മൂമ്മ , സഹോദരി എന്നിവരെ ചില ശരീര ഭാഗങ്ങൾ ചേർത്ത് വിളിക്കുന്ന രീതി .ഇത്തരം പ്രയോഗം നടത്തുന്നവർ സംസ്കാര ശൂന്യരാണെന്ന് ഈ വിഷയത്തിൽ ഗവേഷണം നടത്തിയ ഡോ . തെറിമാൻ ഡെബ്ര ലൂയിസ് പറയുന്നു . 1980 കളിലാണ് കേരളത്തിലെ ഗ്രാമീണ മേഖലയിൽ ഇത് സംബന്ധമായ ഗവേഷണം നടന്നത് .

മഹാരാജാസ് കോളേജിലെ മരിച്ചുപോയ ഒരധ്യാപകൻ ഒരിക്കൽ അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ പറഞ്ഞു . ഒരു ചോക്കലേറ്റിന്റെ പേര് മലയാളത്തിൽ ഒരു വലിയ തെറിയാണെന്ന് .’MUNCH’ എന്നാണ് അതിന്റെ പേരെന്ന് പിന്നീടാണ് മനസ്സിലായത് .

റേഡിയോയിൽ ഒരു ഗാനം ഉണ്ടായിരുന്നു . ഒരു കൃഷിപ്പാട്ട് . സ്ത്രീകളും പുരുഷന്മാരും ഗ്രൂപ്പായി തിരിഞ്ഞു നിന്ന് പാടുന്ന പാട്ട് . അതിങ്ങനെ ആയിരുന്നു

പുരുഷന്മാർ : നിങ്ങളുടെ നാട്ടിലൊക്കെ എന്തെല്ലാമാണെടോ പണി?  സ്ത്രീകൾ : ഞങ്ങളുടെ നാട്ടിലൊക്കെ ഞാറു പറിയാണെ .

പുരു : ഞാറു പറി എങ്ങനടി മോതിരക്കുറത്തീ?

സ്ത്രീ : ഞാറു പറി ഇങ്ങനെ പിന്നങ്ങനെ പിന്നിങ്ങനെ ..

ഈ പാട്ട് ഞാറ് ചേന , മാങ്ങ , കാച്ചിൽ , ചക്ക മുതലായ കാർഷികവിളകളുമായി ചേർത്ത് പാടുന്ന നല്ല ഒരു കൃഷിപ്പാട്ട് . സൂക്ഷിച്ച് പാടിയില്ലെങ്കിൽ മാനഹാനി വന്നേക്കാം .

നല്ല വാക്കുകൾ എങ്ങനെ തെറികൾ ആയി

1)     പണ്ടാറടങ്ങട്ടെ :

പണ്ട് കാലത്ത് കേരളത്തിൽ വസൂരി വന്ന് മരിച്ചവരെയും മരിക്കാരായവരേയും ഒറ്റപ്പെട്ട ഒരു ഓലപ്പുരയിൽ കൊണ്ടുപോയി ഇടും . ഈ ഓലപ്പുരക്ക് ‘പണ്ടാരപ്പുര’  എന്നാണ് പറഞ്ഞിരുന്നത് . “നീ പണ്ടാരമടങ്ങി പോകട്ടെ” എന്ന് പറഞ്ഞാൽ വസൂരി വന്ന് പണ്ടാരപ്പുരയിൽ കിടന്ന് ചാവട്ടെ എന്നാണ് ഉദ്ദേശിക്കുന്നത് . മരണശേഷമുള്ള ക്രിയകൾ വീടുകളിൽ നടത്തും . പതിനാറു കഴിഞ്ഞ് പണ്ടാരപ്പുരയിൽ നിന്ന് ജീവനോടെ തിരിച്ചു വന്ന പരേതാന്മാരും ഉണ്ടത്രേ !!

2. കൂത്തച്ചി

കൂത്ത് എന്നാൽ ‘നൃത്തം’. എന്നർത്ഥം അമ്പലങ്ങളിൽ കൂത്ത് നടത്തിയിരുന്ന സ്ത്രീകൾ ക്രമേണ രാജസഭകളിൽ കൂത്ത് അഥവാ നൃത്തം നടത്തുവാൻ ആരംഭിച്ചു . ഉപജീവനത്തിന്റെ ഭാഗമായി ഇത് രാജാവിന് വേണ്ടപ്പെട്ട മന്ത്രി,  മുതലായവരുടെ വീടുകളിലേക്ക് ക്രമേണ മാറി തുടങ്ങി . ഇത്തരം കൂത്ത് നടത്തിയിരുന്നവർ മറ്റ് പല രീതികളിൽ ഉപയോഗിക്കപ്പെടുകയും ക്രമേണ കൂത്ത് നടത്തിയിരുന്ന അച്ചികളെ (സ്ത്രീകളെ) കൂത്തച്ചിമാർ എന്ന് പറയപ്പെടുകയും ചെയ്തു  .

3. തേവിടിച്ചികൾ :

കൂത്തിന്റെ കാര്യം പറഞ്ഞപോലെ തേവരുടെ (ദൈവത്തിന്റെ ) അച്ചിമാർ ആയിരുന്നു തേവരച്ചിമാർ . അമ്പലങ്ങളിൽ തേവർക്കായി പണിയെടുത്തിരുന്നവർ തേവരച്ചികളും തേവിടിച്ചികളുമായി .

4. പോലയാടൻ/ പൊലയാടി :

കൃഷി സ്ഥലങ്ങളാണ് പണ്ട് പൊലകൾ എന്നറിയപ്പെട്ടിരുന്നത് . തമ്പ്രാൻ  ചൂരൽ വടിയും , മുറുക്കാൻ ചെലവുമായി പാടവരമ്പത്തോ , മാവിൻ ചുവട്ടിലോ ഇരിക്കും . പൊലയാടാൻ അല്ലെങ്കിൽ കൃഷിയിടാൻ  വരുന്ന   സ്ത്രീകളും പുരുഷന്മാരും  തമ്പ്രാന്റെ അടിയാന്മാർ എന്ന രീതിയിൽ വിധേയരായി നിൽക്കണം . അവരുടെ ജീവിതപ്രാരാബ്ദങ്ങൾ   പലപ്പോഴും ചൂഷണം ചെയ്യപ്പെടുന്നു . അങ്ങിനെ പൊലയാടുന്നവരെ അഥവാ കൃഷിനടത്തുന്നവരാണ് പോലയാടൻ /പൊലയാടി എന്നറിയപ്പെട്ടത് .
 
5.കഴുവേറി :

കേരളത്തിൽ ബുദ്ധമതം നാമാവശേഷമായികൊണ്ടിരുന്ന കാലത്ത് ബുദ്ധഭിക്ഷുക്കളെ കഴുവിലും ശൂലത്തിലും കയറ്റി കൊന്നു . അന്ന് മുതലാണ് ‘കഴുവേറി’ എന്ന പദം രൂപപ്പെട്ടത് .

തെറി പറയുക എന്നത് ഒരുവന്റെ സംസ്കാരത്തെ തുറന്നു കാട്ടുന്നു . പരസ്പരം തെറിവിളിച്ച് അഭിസംബോധന ചെയ്യുന്നവരാണ് പലരും .”ചേട്ടാ സുഖമാണോ” എന്ന് ചോദിക്കുമ്പോൾ ചേട്ടന്റെ സ്ഥാനത്ത് മലയാളത്തിലെ ഒരു വാക്കിന്റെ തമിഴ് പദം ചേർത്ത് പറയുമ്പോൾ പറയുന്നവനും കേൾക്കുന്നവനും നിറഞ്ഞ ആത്മസംതൃപ്തി . ഹാ എന്തൊരു സുഖം!! .

ഏതോ ഒരു സിനിമയിൽ ജഗതിയുടെ ചെവിയിൽ ഒരാൾ എന്തോപറയുമ്പോൾ . ഇത് തമിഴ്‌നാട്ടിൽ രോമത്തിനു പറയുന്ന പേരല്ലേ എന്ന് ജഗതി ചോദിക്കുന്നത് കേട്ടാൽ നാം ചിരിച്ചു പോകും .

കുട്ടികൾ വീട്ടിൽ കേൾക്കുന്ന തെറികൾ അവൻ അവന്റെ ക്‌ളാസ്സ്‌ മുറിയിലൂടെയും സ്വകാര്യ സംഭാഷണത്തിലൂടെയും വളർത്തിയെടുക്കുന്നു .  അതിനാൽ കുടുംബത്തിൽ തെറി പറഞ്ഞ് മിടുക്കാനാവാൻ ശ്രമിക്കരുത് .

”ഭ… പുല്ലേ”….. എന്ന് , സുരേഷ് ഗോപി സിനിമയിൽ പറയുന്ന കേട്ട് അതനുകരിച്ച എന്റെ ഒരമ്മായിയുടെ വായിൽ നിന്ന് തെറിച്ച് പോയ വെപ്പ് പല്ല് അമ്മായി മരിച്ച് രണ്ട് വര്ഷം കഴിഞ്ഞിട്ടാണ് തൊട്ടടുത്ത പൊന്തക്കാട്ടിൽ നിന്ന് കിട്ടിയത്  ……
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക