Image

കാഴ്ചകൾ അത്ഭുതങ്ങളായി അപ്രതീക്ഷിതമായി കൂടെ വരും (ചരിത്രമുറങ്ങുന്ന നേപ്പാൾ-23: മിനി വിശ്വനാഥൻ)

Published on 07 May, 2021
കാഴ്ചകൾ അത്ഭുതങ്ങളായി അപ്രതീക്ഷിതമായി കൂടെ വരും (ചരിത്രമുറങ്ങുന്ന നേപ്പാൾ-23: മിനി വിശ്വനാഥൻ)
വളരെ കൃത്യമായി പ്ലാൻ ചെയ്ത ഒന്നായിരുന്നു  ഞങ്ങളുടെ നേപ്പാൾ യാത്ര. കേരളത്തിലേത് പോലെ മഴക്കാലത്തിന്റെ  തുടക്കമാണെങ്കിലും മഴയും വെയിലും പരസ്പരം സഹവർത്തിത്വത്തോടെ ചേർന്ന് നിന്ന് സഞ്ചാരികള ബുദ്ധിമുട്ടിക്കാതെ മൺസൂൺ കടന്ന് പോവുമെന്ന പരിചയക്കാരായ നാട്ടുകാരുടെ ഉറപ്പും യാത്ര തുടങ്ങുമ്പോൾ കൂട്ടിനുണ്ടായിരുന്നു.

ഇതിനു മുൻപിലത്തെ ദിവസങ്ങളിൽ പ്രതീക്ഷിച്ചതിനേക്കാൾ നന്നായി കാലാവസ്ഥ ഔദാര്യം കാണിക്കുകയും ചെയ്തതാണ്. എന്നിട്ടും യാത്രാവസാനമായപ്പോൾ കാര്യങ്ങൾ ഇങ്ങിനെ കീഴ്മേൽ മറിഞ്ഞതിൽ ഞങ്ങളെല്ലാവരും അസ്വസ്ഥരായിരുന്നു.

കുറെ അലഞ്ഞിട്ടാണെങ്കിലും രാത്രി തങ്ങാനായി കിട്ടിയ ഹോട്ടൽ മുറി ലിഫ്റ്റും എ.സിയും ഒഴിച്ച് എല്ലാ സൗകര്യങ്ങളോടും കൂടിയുള്ളതായിരുന്നു. തണുപ്പ് കാലാവസ്ഥയിൽ എ.സി യുടെ ആവശ്യമില്ലെങ്കിലും ലിഫ്റ്റ് ഇല്ല എന്നത് മറ്റൊരു വിഷമമായി.  വിനോദയാത്ര ദുബായിൽ നിന്നുള്ള വെക്കേഷൻ യാത്ര കൂടി ആയിരുന്നതിനാൽ ആവശ്യത്തിലധികം ലഗേജുകൾ ഉണ്ടായിരുന്നു. ഇവയൊക്കെ നാലാം നിലയിലെ മുറിയിലേക്ക് എത്തിക്കാനുള്ള പ്രയാസം ചർച്ചാ വിഷയമായപ്പോൾ നരേഷ് അതിനുമൊരു പ്രതിവിധി കണ്ടെത്തി. തന്റെ താമസസ്ഥലം തൊട്ടടുത്താണെന്നും സാധനങ്ങൾ വണ്ടിയിൽത്തന്നെ വെക്കാമെന്നുമുള്ള അയാളുടെ നിർദ്ദേശം ഒട്ടും സംശയിക്കാതെ ഞങ്ങളും നടപ്പിലാക്കി.

അത്യാവശ്യത്തിനുള്ള വസ്ത്രങ്ങളും പാസ്പോർട്ട് ബാഗും കൈയ്യിലെടുത്ത് ഇതിന് മുൻപ് ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആ മനുഷ്യനെ വിശ്വസിച്ച് വിലപിടിപ്പുള്ള സാധനങ്ങൾ അയാളെ ഏല്പിച്ചു ഞങ്ങൾ മുറികളിലെത്തി.
പരസ്പരം വിശ്വസിക്കുക എന്നതിൽ മഹത്തായ ഒരു മനുഷ്യത്വം ഉണ്ടെന്ന് അടുത്ത ദിവസം അയാൾ പറഞ്ഞപ്പോഴാണ് അതിൽ അങ്ങിനെയും ഒരു കാര്യമുണ്ടെന്ന് ഞങ്ങൾ ഓർത്തത് പോലും..

ഇലക്ട്രിസിറ്റി ഇല്ലാത്തതിനാൽ ചൂട് വെള്ളത്തിനുള്ള സൗകര്യമുണ്ടായിരുന്നില്ല അവിടെ. ഐസ് പോലെ തണുത്ത വെളളം ഞങ്ങളെ നോക്കി പരിഹസിക്കുമ്പോഴേക്കും ചെറിയ ഒരു ബക്കറ്റിൽ കുളിക്കാനൊരിത്തിരി ചൂടുവെള്ളവുമായി റൂം ബോയ് വന്നു. ദുരന്തങ്ങൾ കൂടപ്പിറപ്പായ അവർക്ക് വിരുന്നുകാരായ ഞങ്ങളോട് തോന്നിയ സഹതാപമായിരുന്നു ആ ബക്കറ്റ് വെള്ളം എന്ന് താഴെ റിസപ്ഷനിലുള്ള സ്ത്രീ പറഞ്ഞപ്പോഴാണ് മനസ്സിലായത്.

പുറത്തെ കാറ്റും മഴയും ഒന്നു ശമിച്ചു. ദുരന്ത വാർത്തകൾക്കിടെ എയർപോർട്ട് അടച്ചിട്ട കാര്യവും ലോക്കൽ ചാനലിൽ മിന്നി മാഞ്ഞു കൊണ്ടിരുന്നു. ഹോട്ടലുകളിൽ പെട്ടു പോയ വിനോദ സഞ്ചാരികളുടെ പരിഭ്രമം നിറഞ്ഞ മുഖത്തോട് കൂടിയ ക്ലിപ്പിങ്ങുകളും കൂട്ടത്തിലുണ്ടായിരുന്നു. അവരിലൊരു കൂട്ടമാണ് ഞങ്ങളുമെന്നതും, ഇത്തരം വാർത്തകൾ നാട്ടിലറിഞ്ഞാലുള്ള വേവലാതികളും  ചർച്ചയായി.

നമ്മൾ ചിന്തിച്ച് വിഷമിച്ചിരുന്നത് കൊണ്ട് മാത്രം പരിഹാരം കാണാനാവുന്ന പ്രശ്നമല്ലാത്തതിനാൽ സ്വസ്ഥമായി രാത്രി കഴിച്ചു കൂട്ടുക എന്ന വിശ്വേട്ടന്റെ ഉപദേശം അനുസരിക്കുന്നതാണ് നല്ലതെന്ന് തോന്നി വിശ്രമിക്കാൻ കിടന്നു. ജീവിതത്തിലിന്നേവരെ കടന്നുപോയിട്ടില്ലാത്ത സംഘർഷങ്ങളായിരുന്നു കഴിഞ്ഞ ഏതാനും മണിക്കൂറുകൾ അനുഭവിച്ച് തീർത്തത്. ശരീരവും മനസ്സും അത്രയധികം ക്ഷീണിച്ചതു കൊണ്ടാവണം
അനിശ്ചിതമായ പല പ്രശ്നങ്ങൾക്കിടയിലും തീർത്തും അപരിചിതമായ ഒരിടമായിരുന്നിട്ടു പോലും ഞാൻ ഒരു വിധം ഭംഗിയായി ഉറങ്ങി.

സ്വർണ്ണ വെള്ളിവെളിച്ചങ്ങളാൽ തിളങ്ങുന്ന ഹിമാലയത്തിന്റെ കാഴ്ച സ്വപ്നത്തിലായിരുന്നെന്ന് തിരിച്ചറിഞ്ഞത് സൂര്യപ്രകാശം കണ്ണിലടിച്ചപ്പോഴാണ്. രാവിലെയായെന്നും, ഇന്നാണ് ബാംഗ്ലൂരേക്കുള്ള യാത്ര നിശ്ചയിച്ചിരുന്നതെന്നും ഒരാന്തലോടെ മനസ്സിലേക്കോടിയെത്തി.

പാതി ഉണർവ്വിൽ എയർപോർട്ടിന്റെ വെബ് സൈറ്റിൽ നോക്കിയപ്പോൾ വിമാന സർവ്വീസുകൾ പുനരാരംഭിച്ചതായി കണ്ടു. ഉടനെ അവിടേക്ക് വിളിച്ചപ്പോൾ വിമാനങ്ങൾ റി ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും, യാത്രക്ക് മുടക്കമുണ്ടാവില്ല എന്ന വിവരവും അറിഞ്ഞു. (ഇത്രയധികം പ്രശ്നങ്ങൾക്കിടയിലും കോൾ  എടുക്കുകയും വിശദമായി കാര്യങ്ങൾ പറഞ്ഞു തരികയും ചെയ്ത എയർപോട്ട് സ്റ്റാഫിനെ നന്ദിപൂർവ്വം ഓർക്കുന്നു)

വളര പ്രസന്നമായിരുന്നു പ്രഭാതം. ഇന്നലെ ഇത്രയൊക്കെ പ്രശ്നമുണ്ടാക്കിയതിൽ യാതൊരു ലജ്ജയും കൂടാതെ കാർമേഘങ്ങൾ മറ്റിടങ്ങളിലേക്ക് ഓടിയൊളിക്കുന്നുണ്ടായിരുന്നു. നരേഷിന്റെ വണ്ടിയിൽ സൂക്ഷിച്ച ബാഗുകളെക്കുറിച്ചോർത്ത് വേവലാതി തുടങ്ങുമ്പോഴേക്ക് തന്നെ "ഗുഡ് മോണിങ്ങ് " ആശംസകളുമായി അദ്ദേഹം ഹോട്ടലിലെത്തിയിരുന്നു.

ലളിതമായ ബ്രേക്ഫാസ്റ്റിനു ശേഷം എയർപോർട്ടിലേക്ക് യാത്ര തിരിച്ചു. നേപ്പാളിനോട് യാത്ര പറയുമ്പോൾ സങ്കടമായിരുന്നു. പ്രത്യേകിച്ച് ഹിമാലയ ദർശനമെന്ന ആഗ്രഹം നടക്കാതെ പോയതിൽ ഞാനും വിനിതയും പരസ്പരം സങ്കടം പങ്ക് വെച്ചു.   ഹിമാലയത്തെ ഞങ്ങളിൽ നിന്ന് ഒളിച്ച് വെച്ചതിലുള്ള പരിഭവം എയർപോർട്ടിലേക്കുള്ള യാത്രയയിലുടനീളം  ഞാൻ പ്രകടിപ്പിക്കുകയും ചെയ്തു. ഹിമാലയം പലയിടങ്ങളിൽ നിന്നും ഞങ്ങളുമായി ഒളിച്ച് കളിക്കുകയായിരുന്നു.

നിങ്ങൾ ഇനിയും വരുമെന്നും ഹിമാലയത്തെ കൺകുളിർക്കേ കാണാനാവുമെന്നും ആശ്വസിപ്പിച്ചു കൊണ്ട് നരേഷ് എയർപോർട്ടിലേക്കുള്ള യാത്രക്കിടെ നേപ്പാൾ ടൗണിലൂടെ ഒന്നുകൂടി ചുറ്റിക്കറങ്ങി.

എയർപോർട്ടിൽ പോവുന്ന വഴി തന്നെയാണ് പശുപതിനാഥ് ക്ഷേത്രം. അതിന്റെ ഗോപുരം സൂര്യപ്രകാശത്താൽ തിളങ്ങുന്നുണ്ടായിരുന്നു. കഴിഞ്ഞ ഭൂകമ്പത്തിൽ യാതൊരു കേടുപാടും സംഭവിക്കാതെ നേപ്പാളിൽ അവശേഷിച്ച ഒരേ ഒരു ചരിത്രസ്മാരകം കൂടിയാണ് ആ ക്ഷേത്രം. ഭക്തജനങ്ങളുടെ തിരക്ക് ചൂണ്ടിക്കാണിച്ചു കൊണ്ട്
പ്രകൃതി ദുരന്തങ്ങൾ ഞങ്ങൾക്ക് പുത്തരിയല്ല. പ്രകൃതിയുടെ വികൃതികളുടെ അതിർ വരമ്പുകൾ കൃത്യമായി ഓരോ നേപ്പാളിക്കും കൃത്യമായി അറിയാമെന്നും ഡ്രൈവിങ്ങിനിടെ അയാൾ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾ സന്ദർശിച്ച ദർബാർ സ്ക്വയറുകളുടെ അവസ്ഥ ഓർത്തപ്പോൾ നരേഷിന്റെ നിസ്സംഗതയിൽ അത്‌ഭുതം തോന്നി. അത്ര വലിയ ഒരു ദുരന്തത്തെ അതിജീവിച്ചവർക്കുള്ള സാമാന്യ മാനസിക പരിണാമമാവാനും മതി ഈ നിസ്സംഗത. അനുഭവിച്ചതിനേക്കാൾ വലുതൊന്നും വരാനില്ല എന്ന ഒരു ഭാവമായിരുന്നു അവിടെയുള്ള മിക്കവർക്കും .

കാഴ്ചകൾ അത്ഭുതങ്ങളായി അപ്രതീക്ഷിതമായി കൂടെ വരുമെന്നും കരുതിയിരിക്കണമെന്നും ആശംസിച്ചു കൊണ്ട് നരേഷ് അടുത്ത ബന്ധുക്കളെയെന്നതു പോലെ ഞങ്ങളെ യാത്രയയച്ചു. ടിപ്പുകൾക്കും
ബക്ഷീസുകൾക്കുപ്പുറമുള്ള ഒരു സഹായിയായിരുന്നു അദ്ദേഹം. ചിലപ്പോൾ ക്ഷത്രിയ രക്തമാണ് തന്റെ ശരീരത്തിലൂടെ ഓടുന്നത് എന്നതിൽ അയാൾക്കുള്ള അഭിമാനമാവാം ഈ സേവന മനസ്ഥിതി. തന്റെ പേരിനൊപ്പം ത്ഥാപ്പ എന്ന ജാതി വാൽ ഇടക്കിടെ അയാൾ ഓർമ്മിക്കുകയും ഓർമ്മിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഏതായാലും അദ്ദേഹത്തെപ്പോലൊരാൾ കൂടെ ഇല്ലായിരുന്നെങ്കിൽ ഞങ്ങളുടെ യാത്ര ഒരിക്കലും ഇത്രയും സുഗമമാവില്ലായിരുന്നു.

എയർപോർട്ട്  നിറയെ പല രാജ്യക്കാരായ യാത്രക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു. പലരും പ്രകൃതി ദുരന്ത വാർത്തകൾ കേട്ടും അനുഭവിച്ചും പരിഭ്രാന്തരായിരുന്നു. ആ അഭയാർത്ഥിക്കൂട്ടത്തിൽ വിമാനത്തിന്റെ വിവരങ്ങൾ മിന്നിമറിയുന്ന ഡിസ്പ്ലേ ബോർഡിൽ കണ്ണുറപ്പിച്ച് ഞങ്ങളുമിരുന്നു.

അനിശ്ചിതമായി നീളുന്ന വിമാനം കാത്തിരിക്കുമ്പോഴും പ്രകൃതി ഞങ്ങൾക്കായി ഒരു  വിസ്മയക്കാഴ്ച ഒരുക്കി വെച്ചിരുന്നു എന്ന് ഊഹിച്ചു പോലുമില്ല ....

കാഴ്ചകൾ ഉത്സവമാവുന്ന യാത്ര തുടരുന്നു......
കാഴ്ചകൾ അത്ഭുതങ്ങളായി അപ്രതീക്ഷിതമായി കൂടെ വരും (ചരിത്രമുറങ്ങുന്ന നേപ്പാൾ-23: മിനി വിശ്വനാഥൻ)കാഴ്ചകൾ അത്ഭുതങ്ങളായി അപ്രതീക്ഷിതമായി കൂടെ വരും (ചരിത്രമുറങ്ങുന്ന നേപ്പാൾ-23: മിനി വിശ്വനാഥൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക