Image

ലോക തൊഴിലാളി ദിനത്തില്‍ മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും എതിരെയുള്ള ട്രോള്‍ : ബോബി ചെമ്മണ്ണൂര്‍ മാപ്പു പറഞ്ഞു

ആശ എസ്. പണിക്കര്‍ Published on 05 May, 2021
ലോക തൊഴിലാളി ദിനത്തില്‍   മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും എതിരെയുള്ള ട്രോള്‍ :                            ബോബി ചെമ്മണ്ണൂര്‍ മാപ്പു പറഞ്ഞു
ലോകതൊഴിലാളി ദിനത്തില്‍ മോഹന്‍ലാലിനെയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെയും ട്രോളുന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കു വച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍. മോഹന്‍ലാല്‍ ആരാധകരുടെ ഭാഗത്തു നിന്നുണ്ടായ വലിയതോതിലുള്ള വിവാദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ബോബി ചെമ്മണ്ണൂര്‍ ഖേദം രേഖപ്പെടുത്തിയത്. തമാശരൂപേണയാണ് ആ ട്രോളിനെ  കണ്ടതെന്നും  പോസ്റ്റ് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ബോബി പറഞ്ഞു. 'വെളുക്കാന്‍ തേച്ചത്പാണ്ടായി ' എന്ന അടിക്കുറിപ്പോടെ സ്വന്തം ശബ്ദത്തില്‍ വീഡിയോ സന്ദേശം അയച്ചു കൊണ്ടായിരുന്നു ബോബി  സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചത്. 

പ്രിയ സുഹൃത്തുക്കളെ 'വെളുക്കാന്‍ തേച്ചത് പാണ്ടായി'

തൊഴി ലാളി ദിന ആശംസാ പോസ്റ്റ് ഫോര്‍വേഡായി വന്നത് എന്റെ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യപ്പെട്ടു. ഒരു തമാശരൂപേണയാണ് ഞാനതിനെ കണ്ടത്. ഞാനെപ്പോളും ട്രോളുകളില്‍ നിറഞ്ഞു നില്‍ക്കുകയും നിങ്ങളെ ചിരിപ്പിക്കുകയുമാണല്ലോ പതിവ്. ഈ പോസ്റ്റ് ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ എനിക്ക് മാപ്പു തരണമേയെന്ന് ഞാന്‍ മാപ്പപേക്ഷിക്കുന്നു. ലാലേട്ടന്‍ വലിയ നടനാണ്. ആന്റണി പെരുമ്പാവൂര്‍ സ്വന്തം കഴിവു കൊണ്ടും പ്രയത്‌നം കൊണ്ടും ഉയര്‍ന്നു വന്ന നിര്‍മ്മാതാവാണ്. ഞാനവരെ ബഹുമാനിക്കുന്നു. ഒരു വിധം എല്ലാ മലയാള സിനിമകളും ഞാന്‍ കാണാറുണ്ട്. എനിക്ക്  എല്ലാ സിനിമകളെയും ഇഷ്ടമാണ്. എന്റെ മതം തന്നെ സ്‌നേഹം കൊണ്ട് ലോകം കീഴടക്കുക എന്നതാണ്. ഞാന്‍ എല്ലാവരേയും സ്‌നേഹിക്കാന്‍ ശ്രമിക്കാറുണ്ട്. എനിക്ക് കക്ഷി രാഷ്ട്രീയ ഭേദമില്ല. എല്ലാ പാര്‍ട്ടിക്കാരോടും നല്ല രീതിയിലുള്ള സ്‌നേഹബന്ധമാണ്. ഞാന്‍ ഇന്നു വരെ വോട്ട് ചെയ്തിട്ടില്ല. തെററാണെന്നറിയാം. പക്ഷേ ശീലമായി പോയി. എനിക്ക് പ്രത്യേക ജാതിയോ മതമോ ഇല്ല. ജാതി മനുഷ്യന്‍. മതം സ്‌നേഹമതം.

ജനിക്കുമ്പോള്‍ ആരും വലിയവനായി ജനിക്കുന്നില്ല. സ്വന്തം അധ്വാനവും കഴിവും ഭാഗ്യവും ഒത്തു ചേരുമ്പോള്‍ നമ്മള്‍ വിജയം കൊയ്യുന്ന നേതാക്കന്‍മാരായി മാറുന്നു. എന്റെ കമ്പനിയില്‍ സെയില്‍ ഓഫീസേഴ്‌സ് ആയി വന്ന പലരും മാസം 13 ലക്ഷം വരെ സമ്പാദിക്കുന്ന പങ്കാളികളും ഡയറക്‌ടേഴ്‌സും ആയി മാറിയിട്ടുണ്ട്. ഞാന്‍ ജോലിക്കാരെ മിത്രങ്ങളായാണ് കാണുന്നത്. എനിക്ക് ശത്രുക്കളില്ല. ശത്രുക്കളുണ്ടാകരുതേ എന്നാണ് പ്രാര്‍ത്ഥന. സ്‌നേഹിക്കുക, സ്‌നേഹിക്കപ്പെടുക എന്നത് ഭയങ്കര സുഖമാണ്. അതിന് പകരം വയ്ക്കാന്‍ ഈ ലോകത്ത് ഒന്നും തന്നെയില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക