Image

മുറിവുകളെ മറവികൊണ്ടല്ല മൂടേണ്ടത് (ധര്‍മ്മരാജ് മടപ്പള്ളി)

ധര്‍മ്മരാജ് മടപ്പള്ളി Published on 05 May, 2021
 മുറിവുകളെ മറവികൊണ്ടല്ല മൂടേണ്ടത് (ധര്‍മ്മരാജ് മടപ്പള്ളി)
ഇന്നലെ നട്ടുച്ചക്കാണ് സഖാവ് കെ. കെ രമയുടെ വീട്ടില്‍ ചെന്നുകയറിയത്. ഉമ്മറത്ത് മാധവേട്ടനിരിക്കുന്നു. മുമ്പ് വല്ലാതെ തളര്‍ന്നുകണ്ടിരുന്ന മാധവേട്ടനിപ്പോള്‍ യുവാവായിരിക്കുന്നു. ഒരാള്‍ യുവാവാവുക, സദാ അലയടിക്കുന്ന ആന്തരികവ്യഥകള്‍ക്ക് അറുതിയാകുമ്പോളാണെന്നു തോന്നി. രമയുടെ അമ്മയും ക്ഷീണാവസ്ഥകളില്‍നിന്ന് മുക്തമായതുപോലെ മുഖപ്രസാദത്തില്‍ മുങ്ങിനിന്നു. വീടിന് ഇടംഭാഗത്ത് വിരല്‍ചൂണ്ടിനില്ക്കുന്ന ടി പിയുടെ ശില്പത്തില്‍ ചുവന്നതെച്ചിമാല. ചുറ്റിലെ ഇത്തിരിമുറ്റത്ത് കൊല്ലപ്പെട്ടവന്റെ ചോരപൂത്തതുപോലെ കടുംനിറമാര്‍ന്ന് തെച്ചിപ്പൂക്കളുടെ വസന്തോന്മാദം.

രമ വീട്ടിലില്ലായിരുന്നു. എം വി രാഘവന്റെ പത്‌നിയുടെ ശവസംസ്‌ക്കാരത്തില്‍ പങ്കെടുക്കാന്‍ കണ്ണൂരായിരുന്നു. ഒരര്‍ത്ഥത്തില്‍ രമയുടെ മറ്റൊരു ജീവിതം ജീവിച്ചു തീര്‍ത്ത സ്ത്രീ ജീവിതം. ജന്മനാടായ കണ്ണൂരേക്ക് കാലുകുത്തിക്കില്ലെന്ന എതിര്‍പക്ഷ തിട്ടൂരങ്ങളില്‍, വാശിപുകഞ്ഞുപുകഞ്ഞ് പാപ്പിനിശ്ശേരിയിലെ പാമ്പുകളേയും പറവകളേയുംവരെ ജീവനോടെ കത്തിച്ചുകളയുന്നതില്‍ ചെന്നെത്തിനിന്ന അംഗക്കലികളെ ടി പിയുടെ വീട്ടുമ്മറത്തിരുന്ന് ഓര്‍ത്തു.
രമയെ ഇതിനുമുമ്പു ചെന്നുകണ്ടത് ടി പി യുടെ ചാവുപായയില്‍ നിരാലംബയായി കിടക്കുന്ന സമയത്താണ്. പിന്നീടിങ്ങോട്ട് ദൂരെനിന്നും നോക്കിക്കണ്ടത്, മനുഷ്യന്‍ വീണുപോകുന്നിടങ്ങളിലത്രയും പാഞ്ഞുനടന്ന് ചേര്‍ത്തുപിടിക്കുന്ന സ്ത്രീസഹജമായൊരു സാമീപ്യത്തേയാണ്. പാടിപ്പുകഴ്ത്താന്‍ എണ്ണമറ്റ പാണരില്ലാത്ത വീഥികളില്‍ അവര്‍ അക്ഷീണം ഉണര്‍ന്നിരുന്നു. 'പുലമാറുംമുമ്പേ പുറത്തിറങ്ങിയെന്ന്' കേരളത്തിലെ വനിതാമുന്നേറ്റങ്ങളുടെ മുന്നണിപ്പടയാളികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രസ്ഥാനത്തിലെ വനിതാനേതാക്കള്‍വരെ ആക്ഷേപിച്ചത് കേരളം കേട്ടതാണ്.

എന്നിട്ടും വള്ളിക്കാട്ടെ പാതയോരത്ത് കൊലയാളികള്‍ ഇടിച്ചിട്ട ടി പിയുടെ മോട്ടോര്‍സൈക്കിള്‍ പിന്നീട്അസാധാരണവേഗത്തില്‍ സഖാവിന്റെ പ്രിയപ്പെട്ടവളെ ഏറ്റിപ്പറന്നു. കേരളത്തില്‍ ഇത്രയധികം അപമാനിക്കപ്പെട്ടൊരു രാഷ്ട്രീയപ്രവര്‍ത്ത വേറയുണ്ടാവില്ല. ഇതാ ജനസമ്മതിയുടെ മഞ്ചലിലേറിനില്ക്കുമ്പോളും കെ കെ രമക്ക് നിയമസഭയില്‍ അടിച്ചുതളിപ്പണിയും ചായവാങ്ങിക്കൊടുക്കലുമായിരിക്കും പണിയെന്നുവരെ ഇന്നലേക്കൂടി അപമാനിക്കപ്പെടലുകള്‍ മുളപൊട്ടി. നിരന്തരം ചെത്തുകാരന്റെ മകനെന്ന് മുഖ്യമന്ത്രി ആക്ഷേപിക്കപ്പെടുമ്പോളൊക്കേയും വര്‍ദ്ധിതവീര്യത്താല്‍ സകകുടഞ്ഞെഴുന്നേല്‍ക്കുന്ന പാര്‍ട്ടിയില്‍ അടിച്ചുതളിയും ചായവാങ്ങിക്കൊടുക്കലും അത്ര നല്ല തൊഴിലല്ലെന്ന് ഇപ്പോളും ധരിച്ചുവശായിരിക്കുന്ന തിരു'മേനി'മാരുണ്ടെന്നത് കൗതുകമാണ്. ഈ അവഹേളനം തുടര്‍ന്നുകൊണ്ടേയിരിക്കും. അതങ്ങിനെയാണ് അവരാല്‍ നോട്ടമിടപ്പെട്ടാല്‍ പിന്നെ ഊരിപ്പോരുക അത്ര എളുപ്പമാവില്ല.
വീട്ടുമുറത്ത് പലയിടങ്ങളില്‍നിന്നും ചെറുസംഘങ്ങള്‍ വന്നെത്തിക്കൊണ്ടിരുന്നു. വെയിലിന്റെ വാള്‍ത്തലയിലേക്ക് മഴയിറ്റിവീണു. രമ മകനൊപ്പം തിരിച്ചെത്തി. മുഷ്ടിയുയര്‍ത്തി നിശബ്ദമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ആളുകള്‍ക്കിടയില്‍ സഖാവ് പുഞ്ചിരിയോടെ നിന്നു. കണ്ണില്‍ പടര്‍ന്ന നനവ് മഴയിറ്റിയതാവാമെന്നപോലെ തുണിത്തുമ്പുകൊണ്ട് സ്വയം തുടച്ചു. ഞാനാ വിരലുകളില്‍ തൊട്ടു. വള്ളിക്കാട്ടെ ഓവുചാലില്‍, മണ്ണിലും ചോരയിലും മുങ്ങിപ്പോയ രക്തസാക്ഷിയുടെ ആ വാച്ച് ഞാനോര്‍ത്തു. അത് നിശബ്ദതയേ ഭേദിച്ച് ഇരുചക്രവാഹനത്തിന്റെ മുരള്‍ച്ചയെന്നോണം ചലിച്ചുതുടങ്ങുന്നതായി ഞാന്‍ സങ്കല്പിച്ചു.
മുറ്റത്ത് ഒത്തുചേര്‍ന്നവര്‍ ടി പിയുടെ സ്മാരകത്തിലേക്ക് ചുവപ്പന്‍തോരണങ്ങള്‍ വലിച്ചുകെട്ടി. മഴമേഘങ്ങള്‍ക്കിടയിലൂടെ വാര്‍ന്നുവീണ വെയില്‍ച്ചീളിനാല്‍ ടി പി യുടെ മുഖശില്പം തിളങ്ങി.
ഇന്ന് ടി പി ചന്ദ്രശേഖരന്റെ രക്തസാക്ഷിദിനം. 'മറവികൊണ്ടല്ല മൂടേണ്ടത് മുറിവുകളെ,
തുറവികൊണ്ടാവണം.' എന്നുമാത്രം കുറിക്കുന്നു. അഭിവാദ്യങ്ങള്‍ സഖാവേ.

 മുറിവുകളെ മറവികൊണ്ടല്ല മൂടേണ്ടത് (ധര്‍മ്മരാജ് മടപ്പള്ളി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക