Image

മഷിക്കുമിളകൾ (രാജൻ കിണറ്റിങ്കര)

Published on 05 May, 2021
മഷിക്കുമിളകൾ (രാജൻ കിണറ്റിങ്കര)
മനസ്സ്
ശൂന്യമാകുന്നിടത്ത്
ചിന്തകൾ കിളിർക്കുന്നു

വെയിലും
തണലുമില്ലാത്ത
ധ്രുവഭൂമിയിലെ
തണുത്തുറഞ്ഞ
അകങ്ങളിൽ
മുള പൊട്ടി
കവിതയായ്
കഥയായ്
വരകളായ്
വർണ്ണങ്ങളായി
തളിർത്തു പൂവിടും

പേറ്റുനോവിൻ്റെ
സുഖം പോലെ
പിറവിയുടെ
വാതായനങ്ങൾ
മലർക്കെ തുറക്കും

ഒരു നിദ്രയുടെ
ആലസ്യം
കണ്ണിമകളിൽ
കനം തൂങ്ങും പോലെ
മഷിപുരണ്ട
അക്ഷരക്കൂട്ടുകൾ
വിരൽ തുമ്പിൽ
ഘനീഭവിച്ചു നിൽക്കും

ഒരു രാത്രി മഴയിൽ
എങ്ങോ ഒലിച്ചുപോയ
മുറ്റത്തെ
കടലാസുതോണികളായി
സൃഷ്ടിയുടെ
മഷിക്കുമിളകൾ
അലസമായൊഴുകും

ഭാരമൊഴിഞ്ഞ
മനസ്സ്
ഓർമ്മകളുടെ
കനൽ ചാരങ്ങളിൽ
നഷ്ടങ്ങളുടെ
ആത്മാവ് ചികയും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക