Image

കോവിഡിനും കോൺഗ്രസ്സിനും നന്ദി! (ബാബു പാറയ്ക്കൽ)

Published on 04 May, 2021
കോവിഡിനും കോൺഗ്രസ്സിനും നന്ദി! (ബാബു പാറയ്ക്കൽ)

കേരളത്തിലെ തെരഞ്ഞെടുപ്പു ഫലം കണ്ട് എൽഡിഫ് നേതാക്കൾ പോലും ഞെട്ടിയിരിക്കയാണ്. സർവ്വ എക്‌സിറ്റ് പോളുകളും കാറ്റിൽപറത്തി അതുക്കും മേലെ ആണ് ജനങ്ങൾ വാരിക്കോരി കൊടുത്ത്. ഇത്രയ്ക്കും നല്ലതാരുന്നോ കഴിഞ്ഞ 5 വർഷത്തെ എൽഡിഫ് ഭരണം? ആണെന്ന് അവരുടെ നേതാക്കൾ പോലും പറയില്ല എന്നതാണ് സത്യം. എന്നിട്ടും എന്തേ ഇത്രവലിയ വിജയം കൈവരിച്ചു? 
ഇത് കോൺഗ്രസ്സുകാർ ഇരന്നു വാങ്ങിയ തോൽവിയാണ്. പച്ചമലയാളത്തിൽ പറഞ്ഞാൽ അവർ തന്നെ അവരുടെ പുരയ്ക്കു തീ വച്ചു. തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾ മാത്രം ബാക്കിയുള്ളപ്പോൾ കോൺഗ്രസ്സുകാരുടെ പ്രവൃത്തി കണ്ട് ഈ ലേഖകൻ അന്നെഴുതിയ ഒരു ലേഖനത്തിൽ പറഞ്ഞു, "വിനാശകാലേ വിപരീതബുദ്ധി" എന്ന്. അത് അക്ഷരംപ്രതി ശരിയായി. എന്തായിരുന്നു ആ നേതാക്കൾ കാട്ടിക്കൂട്ടിയത്? തെരഞ്ഞെടുപ്പിന് വെറും മൂന്നാഴ്ചകൾ മാത്രം ബാക്കി നിൽക്കുമ്പോൾപോലും സ്ഥാനാർഥിപ്പട്ടിക പൂർത്തിയായിട്ടില്ല. നേതാക്കൾ തമ്മിലുള്ള ഗ്രൂപ്പുവഴക്കും പാർട്ടിയിലെ അച്ചടക്കമില്ലായ്മയും അന്യോന്യമുള്ള പരവായ്പുകളും കൊണ്ട് രംഗം കലുഷിതമായിരുന്നു. അതിനുപുറമേ റിബൽ സ്ഥാനാർത്ഥികളും!
ഒരുവിധം പൊടിപടലങ്ങളൊക്കെ അടങ്ങിക്കഴിഞ്ഞു അരയും തലയും മുറുക്കി പ്രചാരണത്തിനിറങ്ങിയപ്പോഴോ? കഴിഞ്ഞ 5 വർഷത്തെ പിണറായി സർക്കാരിന്റെ അഴിമതിയും കള്ളക്കടത്തും സ്വജനപക്ഷപാതവും തുടങ്ങി എത്രയോ കാര്യങ്ങളാണ് ജനങളുടെ മുൻപിൽ തുറന്നു കാട്ടാൻ അവർക്കുണ്ടായിരുന്നത്! എന്നിട്ടും അവർ ആകെയെടുത്തവിഷയമോ, ശബരിമലയും! അതുതന്നെ ഉയർത്തിക്കാട്ടി ജീവന്മരണ പ്രശ്നമായി അവതരിപ്പിച്ചു. ശബരിമലയിൽ സ്ത്രീ കയറണമോ വേണ്ടയോ എന്നതല്ല ജനങ്ങളുടെ പരമമായ പ്രശ്നം. എന്നാൽ കാസർകോട്ടുമുതൽ തിരുവനതപുരം വരെ വിശ്വാസികളുടെ ഏറ്റവും വലിയ വിഷയമാണ് ശബരിമല വിഷയമെന്നും യുഡിഎഫ് ഭരണത്തിൽ വന്നാൽ അതിനെതിരെ നിയമനിർമാണം നടത്തി സുപ്രീംകോടതി വിധിയെ മറികടക്കുമെന്നുമൊക്കെ നേതാക്കൾ വാ തോരാതെ സംസാരിച്ചു.
കോവിഡ് മഹാമാരിയുടെ വ്യാപനം കൊണ്ടു പൊറുതിമുട്ടിയ ജനങ്ങൾ കഴിഞ്ഞ ഒരു വർഷമായി അമ്പലത്തിലോ പള്ളിയിലോ പോയിട്ടില്ല. എന്നിട്ടും ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടു രാവുംപകലും കൃത്യമായിത്തന്നെ ഉദിക്കയും അസ്തമിക്കയും ചെയ്യുന്നുണ്ട്. അതുകൊണ്ട് അമ്പലവുംപള്ളിയും അടഞ്ഞു കിടന്നാലും മനുഷ്യനു ജീവിക്കാമെന്നുള്ള സത്യം അവർ മനസ്സിലാക്കി. അവിടെ ലക്ഷക്കണക്കിനു മനഷ്യരുടെ തൊഴിൽ നഷ്ടപ്പെട്ടു. ജീവിതമാർഗങ്ങൾ അടഞ്ഞു. വിശപ്പിന്റെവിളി ഭീകരരൂപം പൂണ്ട് അവരെ ഭയപ്പെടുത്തി. അങ്ങനെയിരിക്കെയാണ് സർക്കാർ കിറ്റുകൾ മാലാഖമാരുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്. ആ കിറ്റുകൾ കൊടുത്തയച്ചവർ ദൈവങ്ങളായി! ജാതിമതചിന്തകൾ ഊതിക്കത്തിച്ചു ജനിതകമാറ്റം വരുത്തിയ വൈറസിനെയാണ് യുഡിഎഫ് ജനങ്ങളിലേക്കിട്ടു തിളപ്പിക്കാൻ ശ്രമിച്ചത്. “ആ വെള്ളം അങ്ങു വാങ്ങിവച്ചേക്കാൻ” പറഞ്ഞ കേരള ജനതയാണ് യഥാർത്ഥത്തിൽ പ്രബുദ്ധരായത്. 
ഒരു യുദ്ധകാലത്ത് എവിടെ തെരഞ്ഞെടുപ്പു നടത്തിയാലും ഭരിക്കുന്നവർക്കു തന്നെയാണ് തുടർഭരണം ലഭിക്കാനായി ജനങ്ങൾ വോട്ടു ചെയ്യുന്നത്. ഇപ്പോൾ കേരളത്തിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ഒരു യുദ്ധം നടക്കുകയാണ്. കോവിഡിനോടുള്ള യുദ്ധം. ഇനി അത് ഏതുരൂപത്തിൽ എത്ര തീവ്രമായി മാറും എന്നു പ്രവചിക്കാൻ വയ്യ. ആ സ്ഥിതിക്ക് മറ്റൊരു ഭരണം വന്ന് കാര്യങ്ങൾ പഠിക്കാൻ സമയമെടുക്കുന്നതിനേക്കാൾ നല്ലത് ഇത്രയും കാര്യമായി ഇതിനെ കൈകാര്യം ചെയ്തവർ തന്നെ ഭരിക്കട്ടെ എന്നാണ്. അത് ഒരുപക്ഷെ, കാലഘട്ടത്തിന്റെ ആവശ്യമായിരിക്കാം. 
ബിജെപിയുടെ 'കോൺഗ്രസ് മുക്തഭാരതം' എന്ന സ്വപ്നം യാഥാർഥ്യമായി. ഇനി കോൺഗ്രസിനൊരു തിരിച്ചുവരവുണ്ടോ? ഉണ്ടാകാം. പക്ഷേ ആ പാർട്ടി ചില നടപടികൾ എടുക്കേണ്ടതായിട്ടുണ്ട്. എഴുപതോ പരമാവധി എഴുപത്തഞ്ചോ വയസ്സ് റിട്ടയർമെന്റ് പ്രായമായി നിജപ്പെടുത്തുക. വർഗീയ വിഷം ചീറ്റുന്ന കക്ഷികളുമായി യാതൊരുസഹകരണവും ഉണ്ടാകില്ലെന്നുള്ളത് പാർട്ടിയുടെ നയമാക്കുക. ഇപ്പോഴത്തെ നേതൃത്വം മുഴുവൻ മാറുക. കഴിവുള്ള ചെറുപ്പക്കാർ ധാരാളമുണ്ട്. പക്ഷെ അവർക്ക് അവസരങ്ങൾ ലഭിക്കുന്നില്ല എന്നതാണ് സത്യം. ഇനി കോൺഗ്രസ്സിൽനിന്നും ബിജെപിയിലേക്ക് ഒഴുക്കു തുടങ്ങും. അത് തടയുവാനും ചറുപ്പക്കാരെ മുൻ നിരയിലേക്കു കൊണ്ടുവരേണ്ടത് ആവശ്യമാണ്. അവർ ജനങ്ങളുടെ ഇടയിലേക്കിറങ്ങി ചെല്ലാൻ കഴിയുന്നവരായിരിക്കണം. കോൺഗ്രസ്സിനെ കേരളത്തിനാവശ്യമുണ്ട്. പക്ഷേ അവർ കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ചു മാറാൻ പഠിക്കണം. 

കേരളത്തിൽ ബിജെപിക്കു പറ്റിയതും അവരുടെ നേതൃത്വത്തിന്റെ വീഴ്ചയാണ്. ബിജെപി എന്നാൽ ഇന്ത്യ ഹിന്ദുരാഷ്ട്രം ആക്കാൻ മാത്രം ശ്രമിക്കുന്ന പാർട്ടിയായിട്ടാണ് ജനങ്ങൾ മനസ്സിലാക്കിയിരിക്കുന്നത്. എന്നാൽ എന്താണ് ഹിന്ദുരാഷ്ട്രം എന്നു നേതാക്കൾക്കുപോലും യഥാർത്ഥത്തിൽ അറിയില്ല എന്നതാണ് സത്യം. നേതാക്കൾ തമ്മിലുള്ള ഉൾപ്പോരു ജനങ്ങൾ കണ്ടുകൊണ്ടിരിക്കയായിരുന്നു. വടക്കേ ഇന്ത്യയിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതുപോലെ കേരളത്തിൽ എളുപ്പം നടക്കുമെന്നു കരുതുന്നതുതന്നെ വിഡ്ഢിത്തരമല്ലേ? ബിജെപി അവരുടെ കാഴ്ചപ്പാടു മാറ്റാതെ കേരളത്തിൽ ക്ലെച്ചു പിടിക്കില്ല.
എന്തായാലും, തോൽവി എന്നത് എല്ലാറ്റിന്റെയും അവസാനമല്ല. അതിൽനിന്നും പാഠം ഉൾക്കൊള്ളാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. കോവിഡ് എല്ലാവർക്കും ദുഃഖവും പ്രയാസവുമാണ് നൽകുന്നതെങ്കിലും കേരളത്തിൽ എൽഡിഎഫ് സർക്കാരിന് സന്തോഷം നൽകുന്നു. ഈ വൻവിജത്തിന് അവർ കോവിഡിനോടും കോൺഗ്രസ്സിനോടും കടപ്പെട്ടിരിക്കുന്നു.

Join WhatsApp News
Observer 2021-05-06 10:52:13
തികച്ചും ഉചിതമായ സന്ദേശം. കോൺഗ്രസ് ഇതൊക്കെ ശ്രദ്ധിക്കുമോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക