Image

വാത്മീകവും ബി ഡി എഫും (ജിഷ.യു.സി)

Published on 04 May, 2021
വാത്മീകവും ബി ഡി എഫും (ജിഷ.യു.സി)
ഇന്ന് ഞങ്ങൾ ഇറങ്ങിയത് ഗാബറോൺ മ്യൂസിയം ,ഗവൺമെൻ്റിൻ്റെ കീഴിലുള്ള ഗാബറോൺ ഗെയിംറിസർവ് ,ബോട്സ്വാനഡിഫെൻസ് ഫോഴ്സ് നടത്തുന്ന ഒരു കാഴ്ചബംഗ്ലാവും, പാമ്പു വളർത്തു കേന്ദ്രവും കാണാനായിരുന്നു .

ആദ്യം മ്യൂസിയ കാഴ്ചകൾ കണ്ടു .സാധാരണ മ്യൂസിയങ്ങളിലെപ്പോലെ തന്നെ പൈതൃകം സൂചിപ്പിക്കുന്നശേഷിപ്പുകൾ ,ഭദ്രമാക്കിവച്ചിരുന്നു .പഴയപ്രസിഡൻറുമാർഉപയോഗിച്ചിരുന്നവാഹനങ്ങൾ ,പഴയകാലത്ത് ഉപ യോഗിച്ചിരുന്ന വാഹനങ്ങൾ ,കൃഷി ഉപകരണങ്ങൾ ,ഇവയും സ്റ്റഫ് ചെയ്ത ധാരാളം മൃഗങ്ങളെയും കണ്ടു .
കൂടാതെ നാണയശേഖരങ്ങൾ  പഴയകൊത്തുപണികൾ അടങ്ങിയമരശില്പങ്ങൾ ,പഴയമാതൃകയിലെ കുടിലുകൾ ഇവയും കണ്ടു.

ഈ മ്യൂസിയക്കാഴ്ചകൾ കുട്ടികൾ വല്ലാതെ ആസ്വദിച്ചില്ല എന്നു മാത്രമല്ല

 "പോവാം ,പോവാം"
 എന്ന്,തിരക്കുകൂട്ടിക്കൊണ്ടുമിരുന്നു .കൂടാതെ
പലപ്പോഴും അവരെ നോക്കി കണ്ണുരുട്ടണ്ടതായും വന്നു.

(നമ്മൾ കുട്ടികൾക്കായി കാര്യങ്ങൾ പലതും അഡ്ജസ്റ്റ് ചെയ്യുമ്പോൾ അവരും മറ്റുള്ളവർക്കായി ചെറുപ്പത്തിൽത്തന്നെ ഇത്തിരിയൊക്കെ അഡ്ജസ്റ്റ്ചെയ്ത്ശീലിക്കണം എന്ന അഭിപ്രായമാണ് എനിക്ക് .)

മ്യൂസിയക്കാഴ്ചകളിൽ മടുപ്പു തോന്നിയ കുട്ടികൾ 'ഗെയിം റിസർവ്' എന്നു കേട്ടപാടെ ഉത്സാഹിതരായി

"അവിടെ ഏതൊക്കെ മൃഗങ്ങൾ ഉണ്ടാവും" ?
"സിംഹത്തിനെയൊക്കെ കാണാനാവുമോ" ?
എന്നിങ്ങനെ അന്വേഷണമായി

ആകാംക്ഷക്കൊടുവിൽ ഗെയിം റിസർ വിലേക്ക്...
ഉള്ളിലേക്ക് കടക്കാൻ പാസ്സ് എടുത്തു .മൺപാതകളിലൂടെയാണ്  യാത്ര .വളഞ്ഞുംപുളഞ്ഞും പോകുന്ന വഴിക്കിരുവശവും കാട്ടുവള്ളികളും ,വലിയ പുൽ ഇനങ്ങളും .വൻ മരങ്ങൾ നന്നേ കുറവാണ് എന്നത് ശ്രദ്ധേയമാണ് .മരങ്ങൾ,ധാരാളം ശാഖകളോടുകൂടിയവും,വണ്ണമുള്ള തടിയോടുകൂടിയവയും, തണൽവിരിച്ചുനിൽക്കുന്നവയും ആയിരുന്നു. ഇതു വരെ കാണാത്ത തരം പൂക്കളും ചിത്രശലഭങ്ങളും നിറഞ്ഞ ചിലയിടങ്ങൾ ...

നിറയെ ഒരു തരം കായ് നിറഞ്ഞ വലിയ ഒരുമരം ഞങ്ങളുടെശ്രദ്ധയാകർഷിച്ചു. ഒറ്റ പക്ഷിയോ ,അണ്ണാനോ,ഒന്നുംആപഴങ്ങൾക്കടുത്തുപോലുമില്ല, അതിൻ്റെ പരന്നു കിടന്ന വേരിൽ ഒന്ന് ഊഞ്ഞാടാൻ കുട്ടികൾ പുറപ്പെട്ടു .വായിച്ചറിഞ്ഞ വിവരം വച്ച് ഞാൻ അത് , വിഷവൃക്ഷമാണെന്നു പറഞ്ഞ് അവരെ വിലക്കി .

(പഴുത്തു തുടുത്ത ആ കായ്കൾ അങ്ങനെ ആർക്കും വേണ്ടാതെ കിടക്കുന്നെങ്കിൽ അതിനെന്തോ കുഴപ്പം കാണില്ലേ ) അതിൻ്റെ ഫോട്ടോ എടുത്ത് പിന്നീട് അന്വേഷിച്ചപ്പോൾ കാര്യം ശരിയെന്നുതെളിഞ്ഞു .
അത് ഒരു വിഷക്കായ തന്നെ .മാത്രമല്ല അതിന് നമ്മുടെ നാട്ടിലെ ചേര് പോലെ പലർക്കും അലർജിയുമുണ്ടത്രേ .

അങ്ങനെ പല മരങ്ങളും വള്ളികളും നിറഞ്ഞ ഇരുവശക്കാഴ്ചകളിലൂടെ അതാ വെള്ള നിറത്തിൽ ഒരു കുന്ന് .

അമ്പോ ..അടുത്തെത്തിയപ്പോഴല്ലേ അറിഞ്ഞത് ,അത് Ant hill അഥവാ ഉറുമ്പു, പുറ്റാണ് .പറഞ്ഞാൽ നിങ്ങൾക്ക് അതിൻ്റെ വലിപ്പം ഊഹിക്കാനാവില്ല .അത്ര വലുത് .

ഈപുറ്റുകൾഇവിടത്തുകാർ പലരും അകത്താക്കാറുണ്ടത്രെ .
ഇതിലെ ഉറുമ്പുകളോടെ മരുന്നായുംഉപയോഗിക്കാറുണ്ട്.ഗർഭിണികൾ പ്രത്യേകിച്ച് ഈ പുറ്റ് തിന്നുമത്രെ (മണ്ണ്)

പിന്നീട് വളഞ്ഞു പുളഞ്ഞ വഴിയിൽ സാവധാനം നീങ്ങിയപ്പോൾ അതാ ഒരാൾ വഴിതടഞ്ഞു നിൽക്കുന്നു .
ഒരു ഒട്ടകപ്പക്ഷി ,
ഹോൺ ചെറുതായി അടിച്ചപ്പോൾ  അത്കുണുങ്ങിക്കുണുങ്ങി ഓടിമാറി .നോക്കുമ്പോൾ അതാ  അതിൻ്റെ കൂടെ കുറേ എണ്ണം .. ഒരു സമതലപ്രദേശം കീഴടക്കിയിരിക്കുന്നു .ചിലർ അവിടെകിടപ്പാണ് .ചിലർ തലവെട്ടിത്തിരിച്ച് നാലുപാടും നോക്കുന്നുണ്ട്

"ഏതാണ്ട് മുപ്പതെണ്ണം കാണും"

എൻ്റെമകൻ എണ്ണമെടുത്തു കൊണ്ട് പറഞ്ഞു

പിന്നെ വിവിധയിനം മാനുകൾ ,വരയൻകുതിരകൾ ഇവയെയും കണ്ടു .കുറുക്കൻമാർ ഓടി മറയുന്നു .ചിലവ തിരിഞ്ഞു നിന്ന് ചോദ്യഭാവത്തിൽ തല ചെരിക്കുന്നു ,വീണ്ടും ഓടി മറയുന്നു.

വളരെ അപൂർവമായി കാണാൻ കഴിയുന്ന ഗോൾഡൻ സീബ്ര ... (സ്വർണ്ണവർണ വരയൻകുതിര )
ഹായ് ..എന്തു ഭംഗിയാണെന്നോ ? നല്ല സ്വർണ നിറത്തിൽ കറുത്ത വരകൾ നല്ല സുന്ദരൻ ജീവി.

അവിടെ പക്ഷികളെ നിരീക്ഷിക്കാനായി പ്രത്യേകം ഒരു സ്ഥലം ( bird watching zone) ഒരുക്കിയിട്ടുണ്ട്. ഗ്രിൽ കൊണ്ടുകെട്ടിയുയർത്തിയ ഒരുമട്ടുപ്പാവിൽ എത്തിയ പോലെ .
അവിടെക്കയറി നിന്ന് കുറേനേരംനോക്കിയെങ്കിലും പക്ഷികളെ കണ്ടില്ല.

തിരിച്ച് ഞങ്ങൾ
BDF  എന്ന് ചുരുക്കിപ്പയുന്ന BOTSWANA DEFENSE  FORCE ൻ്റെ കീഴിൽ ഉള്ള ഒരു കാഴ്ചബംഗ്ലാവ് കാണാൻ പോയി

കൂട്ടിലിട്ട മൃഗങ്ങൾ എന്നല്ലേ കാഴ്ചബംഗ്ലാവ് എന്ന വാക്ക് കേൾക്കുമ്പോൾ ഓർക്കുക .പക്ഷേ ഇവിടെ സംഗതി മറിച്ചാണ് .വലിയ ഒരു കാട് അത് കമ്പിവേലി കെട്ടിസുരക്ഷിതമാക്കിയിരിക്കുന്നു .

വന്യമൃഗങ്ങൾക്ക്  അവരുടെ അനുവദനീയ മേഖലയിൽ യഥേഷ്ടം വിഹരിക്കാം. അനുവദനീയമേഖല എന്നതുകൊണ്ടുദ്ദേശിച്ചത് ഈ കമ്പിവേലിക്കകം എന്നേയുള്ളൂ .

ചീറ്റപ്പുലി ,സിംഹം ,വൈൽഡ്ഡോഗ്സ്,പുലി ,കഴുതപ്പുലിഇവയാണ് കാര്യമായി അവിടത്തെ അന്തേവാസികൾ

സിംഹഗർജ്ജനം മാറ്റൊലി ക്കൊള്ളുന്ന ആ കാഴ്ചബംഗ്ലാവ് ഒരു വിസ്മയം തന്നെ .

ചീറ്റയുടെ ശബ്ദംനിങ്ങൾ കേട്ടിട്ടുണ്ടോ ?
കടുവയുടെയൊക്കെപ്പോലെയുള്ള മുരൾച്ചയാവും എന്നാണു ഞാൻ കരുതിയിരുന്നത്.

 എന്നാൽ ..
വെറും ഒരു മാർജ്ജാര ശബ്ദമാണ് ഈമാർജ്ജാര കുടുംബക്കാരന്.ഒരു പൂച്ചയുടെ പോലുള്ള മൃദു സ്വരം

കാടടക്കി മുഴങ്ങുന്ന സിംഹഗർജ്ജനത്തിന് തടയിടാൻ പോന്ന ഒരു കൂട്ടർ ഇവിടെയുണ്ട് .വൈൽഡ്ഡോഗ്സ് (കാട്ടുനായ്ക്കൾ )
അവ കൂട്ടമായി ചെന്നാൽ മഹാരാജാവും ഒന്ന്ത പതറുമത്രേ. എന്നാൽ നേരിട്ടു കണ്ടാൽ ഒരു എടുപ്പുമില്ല താനും

"കണ്ടാൽ ഒരു ലുക്കില്ലാന്നേള്ളു  ഭയങ്കര ശക്തിയാ."

സിനിമാ ഡയലോഗിൽ ഇത്തിരി മാറ്റം വരുത്താം അല്ലെ?

ഈ കാഴ്ചബംഗ്ലാവിനടുത്ത് പട്ടാളക്കാർ തന്നെ വളർത്തുന്ന പാമ്പുകളും ഉണ്ട് .

നമ്മുടെ ATM ബൂത്തുകൾ പോലെയുള്ള ചെറിയ കമ്പാർട്ടുമെൻറുകൾ ഓരോ പാമ്പിനും ഉണ്ട് - അവർ ഓരോപാമ്പിനെയും പുറത്ത് കൊണ്ടുവന്ന് കാണിച്ചു തന്നു.

വമ്പൻപാമ്പുകൾ .ചിലതിനെ പൊക്കാൻ രണ്ടു മൂന്ന് ആൾക്കാർ വേണം
കൂട്ടിൽ നിന്ന് പുറത്തെടുത്ത് താഴെ മണലിൽ സ്വാതന്ത്യത്തോടെ അവ നടക്കും .പേടിയില്ലാത്തവർക്ക് അവയെ കൈയിൽ എടുക്കാം .( ഞങ്ങൾ മൂന്നു സഹോദരിമാർ ഇത്തിരി പേടിയുള്ള കൂട്ടത്തിൽപ്പെട്ടതാ)

കാഴ്ചബംഗ്ലാവിൽ നിന്ന് തിരിച്ചിറങ്ങിയപ്പോൾ മുൻപിൽ ഒരു ടക് ഷോപ്പ് (തട്ടുകട) ചോളം പുഴുങ്ങി വച്ചിരിക്കുന്നു. എന്താ ചോളത്തിൻ്റെയൊക്കെ വലിപ്പം എന്നറിയോ ?
പിന്നെ  ഇഞ്ചി കാണണം ,അതുപോലെ വഴുതിന ,തക്കാളി ഇവയും ജയൻറ് എന്ന് പറഞ്ഞു പോവുന്ന വലിപ്പത്തിൽ ആണ് .

ഇവിടെ കിട്ടാത്ത ഒന്നാണത്രെ നേന്ത്രപ്പഴം .
ബാക്കി പല പഴങ്ങളും ,(നമ്മുടെ നാട്ടിൽ കാണാത്തതായ പലതും) പച്ചക്കറികളും ഇവിടെ കാണാനായി .ചെറു.. നാരങ്ങ എന്നു പറഞ്ഞ് വാങ്ങിക്കാൻ പറ്റാത്ത അത്രവലുതാണ് ഇവിടുത്തെ ചെറുനാരങ്ങ.
കൂടുതൽ കാഴ്ചകളുമായി അടുത്ത അധ്യായത്തിൽ വീണ്ടും കാണാം


വാത്മീകവും ബി ഡി എഫും (ജിഷ.യു.സി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക