Image

തുടർ ഭരണം എന്ന ചരിത്ര സത്യത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ (ജോസ് കാടാപുറം)

Published on 04 May, 2021
തുടർ ഭരണം എന്ന ചരിത്ര സത്യത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ (ജോസ് കാടാപുറം)
തുടർ ഭരണം എന്ന ചരിത്ര സത്യത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കാലെടുത്തു വയ്ക്കുന്നത് എല്ലാ വെല്ലുവിളികളെയും അതിജീവിച്ചാണ്. സമാനതകൾ ഇല്ലാത്ത വേട്ടയാടലുകൾക്കു വിധേയനായ ഒരു നേതാവിന്  ജനങ്ങൾ കല്പിച്ചു നൽകിയ  വിശ്വാസ്യതയാണ് ഈ ചരിത്രം വിജയം.

അഞ്ച്  വർഷത്തെ ഭരണത്തിനൊടുവിൽ അതെ രാഷ്ട്രീയ കക്ഷി തന്നെ വീണ്ടും അധികാരത്തിൽ ഏറുന്ന ചരിത്ര മുഹൂർത്തം. ഈ പുതിയ ചരിത്രത്തിലേക്ക് കേരളത്തെ  നയിച്ചത് നിലപാടുകളിൽ കർക്കശ്യവും ചങ്കുറപ്പും മാനവികതയും കാത്തു  സൂക്ഷിക്കുന്ന പിണറായി വിജയനെന്ന പോരാളിയാണ്.  

ചരിത്രം ഒരിക്കലും ഒരു ഇടതുപക്ഷക്കാരന്  പൂമെത്ത വിരിച്ചിട്ടില്ല. കല്ലും മുള്ളും നിറഞ്ഞ സമര പന്ഥാവാണ് പിണറായി വിജയെനെന്ന കരുത്തനെ  വാർത്തെടുക്കുന്നത് .പേരിനൊപ്പം  കൊണ്ടുനടക്കുന്ന പിണറായി എന്ന സ്ഥല നാമം തന്നെ ഒരു ചരിത്രമാണ്. കേരളത്തിലെ  കമ്മ്യൂണിസ്റ് പാരമ്പര്യം പിറവിയെടുത്ത  പിണറായിയിലെ  മണ്ണാണ് പിണറായി എന്ന ചരിത്ര പുരുഷനെ വളർത്തിയത്. കുടുംബത്തിൽ 14 മക്കൾ, 11 പേരും ശിശുക്കളായിരുന്നപ്പോൾ തന്നെ  മരണപെട്ടു. 1944 മെയ്മാസം ജനിച്ച  പിണറായി വിജയന്റെ ബാല്യ കൗമാരങ്ങൾ  കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന  തീപ്പൊരി  മലബാറിൽ എങ്ങും  ജ്വാലയാകുന്ന  കാലത്തായിരുന്നു.

ശാരദ വിലാസം എൽ പി എസ് സ്കൂൾ, പിരളശ്ശേരി  ഹൈസ്കൂൾ എന്നിവടങ്ങളിൽ നിന്ന് സ്കൂൾ വിദ്യഭ്യാസം.  പിണറായി എന്ന രാഷ്ട്രീയക്കാരനെ വളർത്തിയെടുത്തത് തലശേരി ബ്രണ്ണൻ കോളേജ് ആയിരുന്നു . ആർ എസ് എസ് ഊരിപ്പിടിച്ച കത്തികൾക്കിടയിലൂടെ  അയാൾ നടന്നുപോയതു  വീൺ വാക്കല്ല, ചരിത്രമാണ് .1970-ൽ തന്റെ 26 മാതു വയസിലാണ് പിണറയി വിജയൻ കൂത്തുപറമ്പിൽ നിന്ന് എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടത് .

പിണറായി വിജയന്റെ നേതൃ പാടവം നാട് തൊട്ടറിഞ്ഞത് 1972 ലെ തലശ്ശേരി കലാപകാലത്താണ്. കേരള മനസ്സാക്ഷിയുടെ നൊമ്പരമായി മാറിയത്   അടിയന്തരാവസ്ഥയുടെ  കറുത്ത നാളുകളിൽ. അന്ന്   നേരിട്ട കൊടിയ മർദനങ്ങളുടെ നേർപത്രമായ ചോര പുരണ്ട ഷർട്ട് ഉയർത്തി കാട്ടി നിയമസഭയിൽ നടത്തിയ പിണറായി വിജയൻറെ പ്രസംഗം ചരിത്രം .

നായനാർ മന്ത്രി സഭയിൽ 1996 ൽ  വൈദുതി മന്ത്രിയായതോടെ  രാഷ്ട്രീയ ജീവിതത്തിലെ രണ്ടാം ഘട്ടം തുടങ്ങുന്നു . പിണറയി വൈദുതി മന്ത്രിയായപ്പോളാണ് വടക്കോട്ടുള്ളവർ കരണ്ട്  എന്താണെന്നു അറിഞ്ഞത് . 1998 ൽ ചടയൻ ഗോവിന്ദന്റെ നിര്യാണത്തോടെ പാർട്ടിയുടെ അമരക്കാരനായി. ഈ സമയം വലതു മാധ്യമങ്ങൾ എഴുതിയത് കേരളത്തിന് നഷ്ടപെട്ടത് നല്ലൊരു വൈദുതി മന്ത്രിയെയാണെന്നാണ് . പാർട്ടി സെക്രട്ടറി ആയതോടെ മാധ്യമങ്ങളുടെയും രാഷ്ട്രീയ  എതിരാളികളുടെയും കണ്ണിലെ കരടായി. എന്നാൽ  അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ  വന്നു ചേരുന്നത് പാർട്ടിയുടെ സെക്രട്ടറി ആയതുകൊണ്ട് മാത്രമാണ് എന്നാണ് പിണറായി പറഞ്ഞത്. കിരാതമായ  മാധ്യമ  വേട്ടക്കിടയിലും പാർട്ടിയെ നയിച്ചത് നീണ്ടു 17 വർഷങ്ങൾ.

 പിന്നീട് 2016 യിൽ കേരളത്തിന്റെ മുഖ്യ മന്ത്രി പദത്തിലേക്ക് അധികാരത്തിൽ ഏറിയ അന്ന് മുതൽ ഇന്നുവരെ പിണറായി എറ്റു  വാങ്ങിയത് ഇതേ മാധ്യമ വേട്ട. ഇതിടയിൽ അയാൾ ജനങ്ങൾക്കു  ഉറപ്പു കൊടുത്തു.... എന്ത്  ഉറപ്പാണ് അയാൾ മലയാളികൾക്ക് നൽകുന്നത്? അതിൽ ഒന്നാണ് ആരും പട്ടിണി കിടക്കരുത് എന്ന്,  നല്ല സൗകര്യത്തിൽ കുട്ടികൾ പഠിക്കണമെന്ന്, എല്ലാവർക്കും മെച്ചപ്പെട്ട ചികിത്സ കിട്ടണം എന്ന്, കിടപ്പാടം ജനങ്ങളുടെ അവകാശമാണ് എന്ന്, മതത്തിന്റെ  അടിസ്ഥാനത്തിൽ ആളുകളുടെ പൗരത്വം നിശ്ചയിക്കരുത് എന്ന്...

ആരെതിർത്താലും അദ്ദേഹം ആ ഉദ്ദേശത്തോടെ മാത്രമേ മുന്നോട്ട് പോകൂ.

ഇതുകൊണ്ടാണ് കേരളം അയാളുടെ കൂടെ ചേർന്ന് നില്കുന്നത്, ഓഖിയും, പ്രളയവും ഇപ്പോൾ കോവിഡും
കേരളത്തെ  വരിഞ്ഞു മുറക്കിയപ്പോൾ ഈ ജനനായകൻ കരുതലായി , താങ്ങായി തണലായി നമ്മുക്കൊപ്പം നിലകൊണ്ടു. ഇത് വരെ നമ്മളെ ഈ നേതാവ് ചേർത്ത് പിടിച്ചു. കോവിഡിന്റെ കരാളഹസ്തത്തിൽ ഇന്നും കേരളത്തെ മോചിപ്പിക്കാൻ കൂടെ നില്കുന്നു.

സർക്കാർ നേട്ടങ്ങളെ വിവാദങ്ങളുടെ കുത്തൊഴുക്കിലേക്ക് തള്ളി വിടാനാണു നമ്മുടെ മാധ്യമങ്ങളും , കേന്ദ്ര ഏജൻസികളും , പ്രതിപക്ഷവും നിരന്തരം ശ്രമിച്ചത്. വിവാദങ്ങളുടെ കേന്ദ്ര ബിന്ദുവായി  മുഖ്യമന്ത്രിയെ കുരുക്കിയിടാനുള്ള എല്ലാ ശ്രമങ്ങളും ജനങ്ങൾ പഞ്ചായത്തു തെരെഞ്ഞെടുപ്പിൽ തന്നെ തള്ളിക്കളഞ്ഞിരുന്നു അതിന്റെ തുടർച്ചയാണ് ഇപ്പോൾ നിയമ സഭ തെരെഞ്ഞെടുപ്പിൽ  ചരിത്ര നിര്മിതിയിലേക്കു പിണറായിയെ  എത്തിച്ചത് .

തെരെഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോൾ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വോട്ട് അവരുടെ സ്ഥാനാര്‍ഥിക്ക് നല്‍കുന്നില്ല, മറിച്ച് എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ മറിച്ച് കൊടുത്ത് കച്ചവടം നടത്തി.   അല്ലെങ്കിൽ യു ഡി എഫ് നു ഇതിലും വലിയ പരാജയമുണ്ടാകുമായിരുന്നു -ജനരോഷത്തിനു മുന്നില്‍ കോണ്‍ഗ്രസ്സ് തകര്‍ന്നടിഞ്ഞുവെങ്കില്‍ അതിനു കാരണം ആ പാര്‍ടി ഇവിടെ ബി.ജെ.പി.യുടെ കയ്യാളായി നിന്നു എന്നതാണ്.

പിണറായി സർക്കാരിന്റെ സദ്ഭരണത്തിനു ലഭിച്ച അംഗീകാരമാണ് എൽഡിഎഫിനു ലഭിച്ച അഭിമാനകരമായ വിജയം. രാഷ്ട്രീയ സമീപനത്തിലും ഭരണനടപടികളിലും എൽഡിഎഫിന്റെ ബദൽ അനുഭവിച്ചറിയുകയായിരുന്നു കേരളം. പ്രതിസന്ധിയുടെ കാലത്ത് കിറ്റും പെൻഷനുമെല്ലാം വഴി ജനങ്ങൾക്കു സമാശ്വാസം നൽകുന്നതിന് ഒരു പിശുക്കും കേരളം കാണിച്ചില്ല. ഇത് ഇന്ത്യയിലെ പൊതുസ്ഥിതിയിൽ നിന്നും എത്രയോ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. ഇങ്ങനെ സമാശ്വാസത്തിനും രോഗപ്രതിരോധത്തിനും പണം ചെലവഴിച്ചതുകൊണ്ട് വികസന പ്രവർത്തനങ്ങൾ മുടങ്ങിയില്ല.

കിഫ്ബിയിലൂടെ നാടൊട്ടുക്ക് വികസനപദ്ധതികളുടെ നിർമ്മാണം ആരംഭിച്ചപ്പോൾ അത് സമ്പദ്ഘടനയ്ക്ക് ഉണർവായി. പണിയും കൂലിയുമുണ്ടായി. ഇന്ത്യയിലാകെ സർക്കാരുകൾ ചെലവു ചുരുക്കലിന്റെ യാഥാസ്ഥിതിക ധനനയം പിന്തുടർന്നപ്പോൾ, കേരളം വ്യത്യസ്തമായി നിലകൊണ്ടു.
ഈ പണികൾ നിർബാധം നടക്കുമ്പോഴും അതുമായി ബന്ധപ്പെട്ട് ഒരു അഴിമതിയാരോപണവും ഉയർന്നില്ല എന്നോർമ്മിക്കുക. ഭരണനേതൃത്വം പൂർണമായും അഴിമതി വിമുക്തമായി. പാലാരിവട്ടം പാലം അഴിമതിയുടെ നിത്യസ്മാരകമായി നിലനിന്നപ്പോഴാണ്, എൽഡിഎഫ് ഈ വിശ്വാസ്യത ആർജിച്ചത് എന്ന് പ്രത്യേകം ഓർമ്മിക്കണം.

പ്രളയത്തിന്റെയും കോവിഡിന്റെയും കാലത്ത് ഒരു ജനപക്ഷ സർക്കാരിനെ ഹൃദയംകൊണ്ട് അനുഭവിക്കുകയായിരുന്നു കേരളം. അസാമാന്യമായ നേതൃപാടവത്തോടെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ മുന്നിൽ നിന്നു നയിച്ചു. ഭൂപടത്തിന്റെ അതിരുകൾ മറികടന്ന് മലയാളി ഒരു ശരീരവും മനസുമായി. പ്രതിസന്ധിയുടെ ആ ഘട്ടത്തിൽ ഇടതുപക്ഷ സർക്കാർ മലയാളിയുടെ സർക്കാരായി മാറി.അങ്ങനെ രണ്ടാംപിണറായി സർക്കാർ 100% ഉറപ്പായി
തുടർ ഭരണം എന്ന ചരിത്ര സത്യത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ (ജോസ് കാടാപുറം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക