Image

വരിവരിയായ് (കാവ്യ ഭാസ്കർ)

Published on 02 May, 2021
വരിവരിയായ് (കാവ്യ ഭാസ്കർ)
നിനക്കു ഞാനിതാ
ശവപ്പറമ്പിൽ
ആറടി മണ്ണൊരുക്കുന്നു.
ആരുടേയും
കണ്ണ് പാഞ്ഞെത്താത്ത
 മാവിൻ ചുവട്ടിൽതന്നെ !
പൊള്ളും ചൂടേറ്റ്
 നീ ഉഷ്ണം ഭാവിക്കണ്ട.!
മാന്തണൽ നിനക്കുണ്ട്.
(നീയറുത്തെറിഞ്ഞ
കൊമ്പിൽനിന്നും
മുളപൊട്ടിയ ചില്ലകൾ
നിനക്ക് തണൽവിരിക്കാൻ
ആടിയുലഞ്ഞ്
നിൽക്കുന്നു.)
വരിവരിയായ്
വെന്തെരിയാൻ
കാത്തുനിൽക്കുന്നുണ്ട്
ഉറ്റവർ .
മണ്ണിനുവേണ്ടി
പടവെട്ടിയവർ,
തമ്മിൽ തമ്മിൽ
കൊമ്പുകോർത്തവർ
വലിയവൻ ചെറിയവൻ
സവർണ്ണൻ അവർണ്ണൻ
കറുത്തവൻ വെളുത്തവൻ
സമ്പന്നൻ ദരിദ്രൻ
അങ്ങനെയങ്ങനെ
എല്ലാവരുമുണ്ട്.!!
വാരിക്കൂട്ടിയതൊ-
ന്നുമെടുക്കാതെ
ശ്വാസംകിട്ടാതെ
പിടഞ്ഞ്പിടഞ്ഞ്.......!!

വെന്തുമരിക്കാൻ
നിരനിരയായ്
വരിവരിയായ്
നെടുനീളത്തിൽ
നീണ്ടങ്ങനെയവർ............



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക