Image

ഗതികെട്ട മാധ്യമങ്ങള്‍ (ബാബു പാറയ്ക്കല്‍)

ബാബു പാറയ്ക്കല്‍ Published on 01 May, 2021
ഗതികെട്ട മാധ്യമങ്ങള്‍ (ബാബു പാറയ്ക്കല്‍)
ഈ മാധ്യമങ്ങള്‍ക്ക് എന്ത് പറ്റി? കഴിഞ്ഞ ദിവസം കണ്ട മാരത്തോണ്‍ എക്‌സിറ്റ് പോള്‍ പലര്‍ക്കും തലവേദനയുണ്ടാക്കിയതായി കേട്ടു. ആര്‍ക്കൊക്കെയോ തലയ്ക്കു വട്ടുപിടിച്ചതായിപോലും അഭിപ്രായപ്പെട്ടു. എന്നാല്‍ അതു ശരിയാണെന്നെനിക്കു തോന്നുന്നില്ല. ശരിക്കും വട്ടുപിടിച്ചത് മുഖ്യധാരാ മാധ്യമങ്ങള്‍ക്കാണ്. ചില ചാനലുകളില്‍ ഇനി രണ്ടു ദിവസത്തേക്ക് ഇതുതന്നെയാണത്രെ പരിപാടി! അപ്പോഴേക്കും യഥാര്‍ത്ഥ ഫലം പുറത്തുവരും. പിന്നെ പറയേണ്ടതില്ലല്ലോ!

എന്തിനാണീ എക്‌സിറ്റ്പോള്‍? ഇതുകൊണ്ട് ആര്‍ക്ക് എന്തു പ്രയോജനമാണുള്ളത്?   ഒരു ചാനലിലെ ഒരു അവതാരകന്‍ വിശദീകരിച്ചുകൊണ്ടിരുന്നപ്പോള്‍ പ്രോഡക്ഷനില്‍നിന്നും സന്ദേശം വന്നു. നിങ്ങള്‍ കൂടുതല്‍ സമയം എടുക്കുന്നു. വേഗം ആകട്ടെ. പിന്നെ താമസിച്ചില്ല. ഒറ്റ വിടീലായിരുന്നു. അദ്ദേഹം ശ്വാസം കിട്ടാതെ അവിടെത്തന്നെ കുഴഞ്ഞു വീഴുമോ എന്നുപോലും ഞാന്‍ സംശയിച്ചു. എല്ലാ ചാനലുകളിലും ഇതുതന്നെ ആയിരുന്നതുകൊണ്ട് ചാനല്‍ മാറ്റുന്നതുകൊണ്ടു പ്രയോജനവും ഇല്ലായിരുന്നു. ഇവര്‍ക്കൊക്കെ ഇത്ര വിഷയദാരിദ്രമാണോ? അതോ പ്രേക്ഷകരുടെ ശ്രദ്ധ മറ്റു ഗുരുതരമായ വര്‍ത്തകളിലേക്കു പോകാതിരിക്കാനുള്ള ബോധപൂര്‍വ്വമായ തന്ത്രമായിരുന്നോ? 

ഇന്ന് കേരളത്തിലെ കോവിഡ് രോഗികളുടെ കണക്കു മാത്രം പ്രതിദിനം നാല്പത്തിനായിരത്തോടടുക്കുന്നു. എന്നിട്ടും അത് വലിയ വാര്‍ത്ത ആകുന്നില്ല. ഒരു വര്ഷം മുന്‍പ് ഇതല്ലായിരുന്നല്ലോ സ്ഥിതി. അമേരിക്കയില്‍ ആദ്യമായി കൊറോണ പൊട്ടിപുറപ്പെട്ടപ്പോള്‍ നാട്ടില്‍ അത് ഭയങ്കര വാര്‍ത്തയായിരുന്നു. തുടക്കത്തില്‍ എങ്ങനെ ഈ മഹാമാരിയോടു പ്രതികരിക്കണമെന്നറിയാതെ രാജ്യം പകച്ചുനിന്നപ്പോള്‍ അമേരിക്ക ആതുരരംഗത്തൊരു കഴിവുകെട്ട രാജ്യമാണെന്നും ആളുകള്‍ ഈയലുപോലെ മരിച്ചുവീമരിച്ചുവീഴുകയാണെന്നും അമേരിക്ക ഒരിക്കലും ഇതില്‍നിന്നും കരകയറുകയില്ലെന്നും എന്തൊക്കെ ആയിരുന്നു അന്ന് തള്ളി വിട്ടത്! ശരിയാണ്, തുടക്കത്തില്‍ അമേരിക്ക പകച്ചുപോയി. പക്ഷെ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അമേരിക്കയിലെ 70 ശതമാനം ആളുകള്‍ക്കും പ്രതിരോധ കുത്തിവയ്പു നല്‍കി ഈ രോഗത്തെ ഏതാണ്ടു പിടിച്ചുകെട്ടി. ഇവിടെ ഉത്തരവാദപ്പെട്ടവര്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റി. ഈ യുദ്ധത്തില്‍ പ്രിയപ്പെട്ടവര്‍ പലരും മരിച്ചുവീണെങ്കിലും കൂടുതല്‍ വഷളാകാതെ രാജ്യം പിടിച്ചു നിന്നു. ഇവിടത്തെയും ഇറ്റലിയിലെയും ഭീകരമായ അവസ്ഥ മറ്റു രാജ്യങ്ങള്‍ക്കൊരു പാഠമായി. അവര്‍ മുന്‍കരുതലുകളെടുത്തു.

കേരളത്തില്‍ ഇറ്റലിയില്‍ നിന്നും വന്ന രണ്ടു മലയാളികള്‍ പോസിറ്റീവ് ആണെന്നു കേട്ടപ്പോഴേക്കും എന്തൊരു കോലാഹലമായിരുന്നു! അവര്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ മുതലുള്ള റൂട്ട്മാപ്പ് പ്രസിദ്ധീകരിക്കാന്‍ ചാനലുകള്‍ തമ്മില്‍ മത്സരമായിരുന്നു. ഈ പ്രവാസികള്‍ കൊച്ചിയില്‍ നിന്നും റാന്നിയിലേക്കു പോയവഴി കുറവിലങ്ങാട്ടും കോട്ടയത്തും വഴിയരികിലുള്ള തട്ടുകടയില്‍ നിന്നും കാപ്പികുടിച്ചതു കൊണ്ട് ആ തട്ടുകടക്കാരുമായുള്ള അഭിമുഖം വരെ ചാനലുകള്‍ കാണിച്ചു. ആ രണ്ടുപേരെ നാട്ടുകാര്‍ പോലും ഓടിച്ചിട്ടു വേട്ടയാടി. അവര്‍പോയ കടകളും പള്ളിയുമൊക്കെ അടപ്പിച്ചു. മറ്റൊരു പ്രവാസി തിരുവല്ലയില്‍ ഏതോ പച്ചക്കറികടയില്‍ കയറിയെന്നറിഞ്ഞു കടയിലെ പച്ചക്കറി മുഴുവന്‍ നശിപ്പിച്ചുകളഞ്ഞ സംഭവമൊക്കെ നാം കണ്ടതാണ്. എന്തൊരു മുന്കരുതലായിരുന്നു! ആരോഗ്യമന്ത്രി എല്ലാറ്റിനും മുകളില്‍ നിറഞ്ഞു നിന്നു. അമേരിക്കയില്‍ മാസ്‌കിനു ക്ഷാമമാണെന്നും കേരളത്തില്‍ നിന്നും മാസ്‌ക് അങ്ങോട്ട് അയച്ചുകൊടുത്തു് അവരെ രക്ഷിക്കണമെന്നും അവിടെയുള്ള ഫൊക്കാനാ ഫോമാ തുടങ്ങിയ സംഘടനകള്‍ അഭ്യര്‍ത്ഥിക്കുന്നു എന്നും പത്രക്കാര്‍ക്കുള്ള ഒരഭിമുഖത്തില്‍ അവര്‍ പറയുക വരെ ചെയ്തു.

ഇന്നെന്താണാവസ്ഥ? കേരളം പോലെയുള്ള ഒരു ചെറിയ സംസ്ഥാനത്തു നാല്പത്തിനായിരത്തോടടുത്തു പ്രതിദിനം കോവിഡ് രോഗികളുണ്ടായിട്ടും ഇങ്ങനെ രോഗം അസാധാരണമായി അതിവേഗം പടരുവാനുള്ള കാരണങ്ങള്‍ ആരും തെരക്കുന്നില്ല. എന്താണിതിനു കാരണം? യഥാര്‍ത്ഥത്തിലുള്ള കണക്കുകള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കില്ല എന്നുള്ള സത്യവും നമുക്കറിവുള്ളതാണല്ലോ. എന്നാല്‍ ഇന്ത്യയില്‍ മുഴുവനായി എടുത്താല്‍ പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ എന്താണ് സ്ഥിതി? ആയിരങ്ങള്‍ മരിച്ചു വീഴുന്നു. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥ. ആശുപത്രിയോ അതില്‍ രോഗികളുടെ തീവ്രത അനുസരിച്ചു ചികില്‍സിക്കാനുള്ള സൗകര്യമോ ഇല്ലാത്ത അവസ്ഥ. മൂവായിരം കോടിയുടെ പ്രതിമയോ രണ്ടായിരം കോടിയുടെ അമ്പലമോ ഉണ്ടാക്കിയാല്‍ അത് നമ്മെ രക്ഷിക്കില്ല എന്ന സത്യം മനുഷ്യന്‍ മനസ്സിലാക്കിയ അവസരം! അമേരിക്കയെ കഴിഞ്ഞ വര്‍ഷം കുറ്റപ്പെടുത്തിയവര്‍ ഒരു കാര്യം മനസ്സിലാക്കണം. ന്യൂയോര്‍ക്കില്‍  കോവിഡ് പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചപ്പോള്‍ ഈ സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ എന്നും രാവിലെയും വൈകിട്ടും പത്രസമ്മേളനം നടത്തി എല്ലാവര്‍ക്കും മനസ്സിലാകുന്നതുപോലെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. കുത്തിക്കുത്തിയുള്ള പത്രക്കാരുടെ ചോദ്യങ്ങള്‍ക്കു വിശദമായി മറുപടി നല്‍കി. ആരോടും അഹിഷ്ണത പൂണ്ട് 'കടക്കൂ പുറത്ത്' എന്ന് പറഞ്ഞില്ല. എന്തുകൊണ്ട് അവിടെ സംസ്ഥാനത്തിന്റെ മുഖ്യമന്തിയോ രാജ്യത്തിന്റെ പ്രധാനമന്ത്രിയോ ഈ കാര്യങ്ങള്‍ സത്യസന്ധമായി വിശദീകരിച്ചുകൊണ്ട് ഒരു പത്രസമ്മേളനം നടത്തി അവരുടെ സംശയങ്ങള്‍ക്കു മറുപടി നല്‍കിയില്ല?
 
ഇപ്പോഴത്തെ അതിവേഗ വ്യാപനത്തിനു കാരണമായത് ഈ തെരഞ്ഞെടുപ്പില്‍ യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയുള്ള തെരഞ്ഞെടുപ്പു റാലികളും സമ്മേളങ്ങളുമല്ലേ? എന്തേ ആരും ഇതിനെപ്പറ്റി ഒന്നും മിണ്ടാത്തത്? 'കാരണവര്‍ക്ക് അടുപ്പിലും ആകാമല്ലോ' എന്ന് പറഞ്ഞതുപോലെ അവര്‍ക്കൊക്കെ എന്തും ആകാമല്ലോ. ഇതൊന്നും ഈ മാധ്യമങ്ങളുടെ കണ്ണില്‍ പെട്ടില്ലേ? ഇതെന്തു മാധ്യമ ധര്‍മമാണ്? അതോ സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കുവേണ്ടി ഈ മാധ്യമങ്ങള്‍ക്കു കൊടുത്ത കോടികള്‍ കൊണ്ടു വാ മൂടിക്കെട്ടിയതാണോ? ഏതായാലും കഷ്ടം തന്നെ. കേരളത്തിലെ മാധ്യമങ്ങള്‍ക്കിത്ര വിഷയദാരിദ്രമോ അതോ അന്നം കൊടുക്കുന്ന യജമാനനോടുള്ള നായയുടെ നന്ദി പ്രകടനമോ? എന്തായാലും പ്രേക്ഷകരെ വടിയാക്കുന്ന ഈ പരിപാടി ഇനിയെങ്കിലും നിര്‍ത്തിക്കൂടെ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക