Image

മാനത്തു പെറുക്കി വച്ച കഥകളെടുക്കാൻ പോയതാണ് മുത്തശ്ശി (ബിനു ചിലമ്പത്ത്, സൗത്ത് ഫ്‌ളോറിഡ)

Published on 28 April, 2021
മാനത്തു പെറുക്കി വച്ച കഥകളെടുക്കാൻ പോയതാണ് മുത്തശ്ശി (ബിനു ചിലമ്പത്ത്, സൗത്ത് ഫ്‌ളോറിഡ)

കഥകളുടെ പൂക്കാലമാണ് ഓരോ മുത്തശ്ശിമാരും. അവരില്ലാതാകുന്ന ശൂന്യതകളെ മറ്റൊന്നിനും നിറയ്ക്കാനാവില്ല

നമ്മുടെയൊക്കെ കുട്ടിക്കാലത്തെ രസകരമായ വിനോദങ്ങളിൽ ഒന്നായിരുന്നു കഥ കേൾക്കൽ. മുത്തശ്ശിയ്ക്ക് ചുറ്റും കൂടിയിരിക്കുന്ന കുട്ടിക്കൂട്ടങ്ങളായിരുന്നു കേരളത്തിലെ എല്ലാ വീടുകളിളെയും അന്തിക്കാഴ്ചകൾ. ആ കഥകളിലൂടെയായിരുന്നു ഒരു സമൂഹം മുഴുവൻ ജീവിതത്തേക്കുറിച്ചും, ഭൂമിയെക്കുറിച്ചും, ചുറ്റുപാടിനെക്കുറിച്ചും, സ്നേഹത്തേക്കുറിച്ചും, സൗഹൃദത്തേക്കുറിച്ചും പഠിച്ചത്. ഓരോ വീടുകൾക്കുമുണ്ടായിരുന്ന മുത്തശ്ശിമാരെപ്പോലെ മലയാള സാഹിത്യത്തിനും ഒരു മുത്തശ്ശിയുണ്ടായിരുന്നു. കഥകളുടെ മുത്തശ്ശി. ആ മുത്തശ്ശിയുടെ പഞ്ചതന്ത്രവും, പുരാണ കഥകളും കേട്ടാണ് നമ്മളിൽ പലരും  വളർന്നത്. ഒരു കുട്ടിയുടെ വളർച്ചയിൽ അവനെ ഏറ്റവുമതികം സ്വാധീനിക്കുന്നത്  കഥകളാണ്. അതുകൊണ്ട് തന്നെ കഥകളിൽ പൊതിഞ്ഞാണ് നമ്മൾ എല്ലാ മൂല്യങ്ങളെയും കുട്ടികളെ പഠിപ്പിച്ചത്.

പക്ഷിമൃഗാദികൾ  എപ്പോഴും ഞങ്ങൾ കുട്ടികളെ വല്ലാതെ അത്ഭുതപ്പെടുത്തുന്നവയായിരുന്നു. കുട്ടികളിൽ അവരറിയാതെ വന്നുപോകുന്ന ഫാന്റസി തന്നെയാണ് അതിന്റെ പിറകിൽ. സുമംഗല ടീച്ചറുടെ കഥകൾ അതുകൊണ്ട് തന്നെ ഒരു തലമുറയുടെ വേരിൽ തന്നെ തൊട്ടുപോയവയായിരുന്നു. ആ വേരിന്റെ ഭംഗിയിലാണ് ഞാൻ ഭാഷയെ കൂടുതൽ അറിയാൻ ശ്രമിച്ചത്. കൊച്ചു കുറുപ്പുകളിലേക്കും  എഴുത്തിലേക്കും ഭാഷാ സ്നേഹത്തിലേക്കും അങ്ങനെയാണ് ഞാനടക്കമുള്ള തലമുറകൾ സഞ്ചരിച്ചത്.

മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരിയായിരുന്നു സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട്. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും നമ്മുടെ കഥമുത്തശ്ശി എഴുതിയിട്ടുണ്ട്. കുട്ടികൾ വായിച്ചു വളർണമെന്ന് വാശിയുള്ള ഈ മുത്തശ്ശിയിൽ നിന്ന് പിറന്ന കഥക്കുഞ്ഞുങ്ങളൊക്കെ ഇപ്പോഴും ഒരുപാട് കുട്ടികളുടെ ഉറക്കനേരങ്ങളെയും, ഭക്ഷണനേരങ്ങളെയും ഭംഗിയാക്കുന്നു. ടീച്ചറുടെ നഷ്ടം മലയാള സാഹിത്യത്തിന്റേത് കൂടിയാണ്. കാരണം അവരെക്കാൾ ഒരു മുത്തശ്ശിയാകാൻ മടിയിൽ കഥകളുടെ കനമുള്ള ഒരാൾ പകരമുണ്ടാകില്ലിനി. പുരാണങ്ങളെക്കുറിച്ചും അതിന്റെ ഇതിവൃതങ്ങളെക്കുറിച്ചും പഠിക്കാനും.. ജീവിതത്തിലെ മൂല്യങ്ങളെ വളർത്താനും സുമംഗലയുടെ കഥകൾ ഇനിയും ഇനിയും മനുഷ്യനുള്ള കാലം വരെ സഞ്ചരിക്കും.

നന്ദിയുണ്ട്  മുത്തശ്ശി
കഥകളുടെ നക്ഷത്രക്കൂട്ടങ്ങളെ ഞങ്ങളുടെ കണ്ണിലിറ്റിച്ചു തന്നതിന്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക