Image

ശുദ്ധികലശം (കവിത: ഉഷാമേനോൻ മേലേപറമ്പോട്ടിൽ)

Published on 28 April, 2021
ശുദ്ധികലശം (കവിത: ഉഷാമേനോൻ മേലേപറമ്പോട്ടിൽ)
മെല്ലെവന്നെത്തി നോക്കി മാരുതൻ
തെല്ലു ചിരിച്ചു ദലമർമ്മരത്താൽ
കാതിലായേവമോതി അറിഞ്ഞുവോ
പുതിയൊരു സുഗന്ധത്തിനനുഭൂതി
കൺ തുറന്നൊന്നു നോക്കൂ , നവ്യമാം
കാഴ്ചകളെത്രയോ ധരിത്രിയിൽ
സ്വച്ഛന്ദ വായുവിൽ പറക്കുന്നു
സ്വാശ്രയമിരതേടി പറവകൾ
മാനുഷരല്ലാതുള്ള മക്കളെല്ലാം
മുറിവേറിടാതെ ഭയലേശമെന്യേ
വിഹരിച്ചിടുന്നതുണ്ടിപ്പോൾ
വസുന്ധരയുടെ മടിച്ചാർത്തിലായി
ധരിത്രിയിൽ വാസമൊരുക്കിയതു
നരനുമാത്രമായല്ല  യെങ്കിലും
വെട്ടിപ്പിടിച്ചു കാടുകൾ കടലുകൾ
നാട്ടിയുറപ്പിച്ചാധിപത്യമാകവേ
അരുതരുതെന്നോതി എത്രയോ വട്ടം
ആർത്തിപൂണ്ടവൻ കേട്ടതേയില്ല
കുടഞ്ഞെറിഞ്ഞവൾ അക്ഷണം
മുടിയഴിച്ചിട്ടു താണ്ഡവ നൃത്തമാടുന്നൂ
നാലു ചുമരുകൾക്കുള്ളിലാ യൊതുക്കി
നരജന്മത്തിനഹങ്കാരമാകവേ ധരിത്രി
അടച്ചതില്ല വാതായനങ്ങളൊന്നുമേ
അരുമയാം മറ്റു മക്കളിൻ മുന്നിലായി
ആമോദമോടവർ വിലസുന്നു ഭൂവിലായ്
ആപത് ശങ്കയേതുമില്ലാതെ
വായുവിൽ വെള്ളത്തിൽ കരയിലൊന്നായ്
വീഥികളാകെ യൊഴിഞ്ഞിടുന്നു
നൽകിയ മുത്തവും ചേർത്തൊന്നണച്ചതും
പുല്കിയതു മോർത്താധി പിടിക്കുന്നു
ആണവായുധങ്ങളാൽ ഞെട്ടിവിറപ്പിച്ചവർ
കാണുവാനാകാത്തൊരു കേവലം ജീവിതൻ
ഹേതുവാൽ വിറയ്ക്കുന്നു ഭയക്കുന്നൂ
ഹന്ത പ്രാണരക്ഷാര്ഥമോടിയൊളിക്കുന്നു
മനുജനാകുമൊരു വൈറസിൽ നിന്നു
മുക്തയാകാനേറെക്കൊതിച്ചിട്ടോ
പുതുക്കുന്നു ധരിത്രിയുമവളെ സ്വയം
പുതുലോകത്തിലേക്കാനയിക്കുന്നു
മലിനമാകാതെ ശുദ്ധവായുവിൽ
വിലപിക്കാതൊരിത്തിരി നേരം
നിർമ്മലയായ് പവിത്രയായവൾ
നിൽക്കുവാൻ മോഹിച്ചതൊരു തെറ്റോ?
Join WhatsApp News
RAJU THOMAS 2021-04-28 12:22:33
തരക്കേടില്ല എന്നേ പറയാനാവൂ. നന്നാക്കാമായിരുന്നു. വൃത്തമില്ല, താളവുമില്ല. 'ധരിത്രി' 4 പ്രാവശ്യം. പുതുതായി ഒന്നുമില്ലതാനും--പദപ്രയോഗമോ, ആശയമോ, ജീവിതദര്ശനമോ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക