Image

കഥകളുടെയും ചിന്തകളുടെയും തമ്പുരാൻ: ക്രിസോസ്റ്റം തിരുമേനിക്ക് നൂറ്റിനാല് വയസ്

അനിൽ പെണ്ണുക്കര Published on 27 April, 2021
കഥകളുടെയും ചിന്തകളുടെയും തമ്പുരാൻ: ക്രിസോസ്റ്റം തിരുമേനിക്ക് നൂറ്റിനാല്  വയസ്
കഥകളുടെയും ചിന്തകളുടെയും ചിരിയുടെയും  തമ്പുരാന് നൂറ്റി നാല് വയസ് .നടന്നു വരുന്ന വഴികളിൽ പോലും നർമ്മം വിതറി അത് ചിന്തയുടെ വിത്തുകളായി മാറ്റുന്ന ലോക മലയാളികളുടെ പ്രിയപ്പെട്ട തിരുമേനി. പക്ഷെ ഈ  കൊറോണക്കാലത്ത് കോവിഡ് പടിവാതിൽക്കലെത്തി തിരുമേനിയെ കണ്ട് തിരികെപ്പോയി. കഴിഞ്ഞ ദിവസങ്ങളിൽ തിരുമേനിക്ക് കോവിഡ് പോസിറ്റിവ് ആയെന്നും അല്ലെന്നും വാർത്തകൾ വന്നു. മലയാളികൾ ആശങ്കയിൽ ആയിരിക്കവേ തിരുമേനിയുടെ ടെസ്റ്റ് റിസൾട്ട് വന്നു .
നെഗറ്റിവ് .
ഇപ്പോൾ  പരിപൂർണ്ണ വിശ്രമത്തിലാണ് തിരുമേനി .

തിരുമേനി മനുഷ്യ സമൂഹത്തിനായി ചിന്തിച്ചതും പറഞ്ഞതും പ്രവർത്തിച്ചതുമെല്ലാം നൂറ്റാണ്ടുകളോളം കാത്തു വയ്‌ക്കേണ്ടതാണ്.ജീവിതത്തിൽ പകർത്തേണ്ടതാണ് .
ഒരിക്കൽ തിരുമേനി കുട്ടികളോട് ചോദിച്ചു ..
 
" നിങ്ങൾ ചക്കക്കുരു കണ്ടിട്ടുണ്ടോ ?"
" ഉണ്ട്," കുട്ടികൾ പറഞ്ഞു .
" അതിനുള്ളിൽ എന്താണുള്ളത്"
" ഒന്നും ഇല്ല " ചിലർ പറഞ്ഞു
അപ്പോൾ ക്രിസോസ്റ്റം തിരുമേനി പറഞ്ഞു.
" ഒരു ചക്കക്കുരുവിൽ പ്ലാവും അത് നിറയെ ചക്കകളും ഉണ്ട്."
അത് കേട്ട് കുട്ടികൾ ചിരിച്ചപ്പോൾ അദ്ദേഹം തുടർന്നു.

" ചക്കക്കുരുവിൽ പ്ലാവും ചക്കകളും കാണാൻ കഴിയുന്നതാവണം വിദ്യാഭ്യാസം. അല്ലാതെ എഴുത്തും വായനയും പഠിച്ചത് കൊണ്ട് വിദ്യാഭ്യാസമാകില്ല."

എത്ര ഉദാത്തമായ സങ്കൽപ്പമാണ് അത് .വിദ്യാഭ്യാസത്തിന്റെ മഹത്വം പോലെ തന്നെ പ്രകൃതിയെ നമ്മിലേക്ക് സ്വാംശീകരിക്കുന്നതിന്റെ ആവശ്യകതയതും കൃത്യമായി വരച്ചിടുകയാണ് അദ്ദേഹം .എന്നാൽ സ്വയം വിമർശനമായി അദ്ദേഹം പറഞ്ഞു വയ്ക്കുന്ന ചില കാര്യങ്ങൾ ഇരുതല വാളിനേക്കാൾ മൂർച്ചയുള്ളതാണ് .കൊച്ചു കഥകളിലൂടെ അദ്ദേഹം ചിരിപ്പിച്ചു കൊണ്ടിരിക്കുമെങ്കിലും അതിൽ നിന്ന് ചില വലിയ കാര്യങ്ങൾ നാം വായിച്ചെടുക്കും .

കണ്ണിനു കാഴ്ച ഇല്ലാത്ത രണ്ടു ഭിക്ഷക്കാര്‍ ഒരു ഞായറാഴ്ച, പള്ളിയുടെ മുൻപിൽ ഭിക്ഷ യാചിക്കുകയാണ്. പള്ളിയിലേക്ക് ആരെങ്കിലും വരുന്ന ശബ്ദം കേട്ടാല്‍ ഉടനെ അവര്‍ “എന്തെങ്കിലും തരണേ” എന്ന് പറയാന്‍ തുടങ്ങും. ഇടയ്ക്കു രണ്ടു പേര്‍ പള്ളിയുടെ മുമ്പിൽ എത്തി. ഒരു ഭിക്ഷക്കാരന്‍ ദയനീയ സ്വരത്തില്‍ ഭിക്ഷ യാചിച്ചു.

ഇത് കേട്ട രണ്ടാമത്തെ ഭിക്ഷക്കാരന്‍ പറഞ്ഞു. “ വെറുതെ കിടന്നു നില്ലവിളിക്കണ്ടാ.അത് അച്ചന്മാരാണ്. അവര്‍ ഒന്നും തരില്ല.
“ അത് അച്ചന്മാരാണെന്നു കണ്ണ് കാണാത്ത നിനക്കെങ്ങനെ മനസ്സിലായി”?
“ ഓ അതിനാണോ പ്രയാസം. അവര്‍ ബിഷപ്പിന്റെ കുറ്റം പറയുന്നത് കേട്ടില്ലേ?”
വിവിധ സഭകളിലെ പട്ടക്കാർ തമ്മിലുള്ള വഴക്കും വയ്യാവേലിയും ഇത്ര മനോഹരവും കുറിക്കു കൊള്ളുന്ന തരത്തിലും തിരുമേനിക്കല്ലാതെ ആർക്ക് അവതരിപ്പിക്കുവാൻ സാധിക്കും .മരിച്ചു ദൈവ സന്നിധിയിൽ എത്തിയ നല്ലവനായ മനുഷ്യനെയും പട്ടക്കാരനെയും അദ്ദേഹം മറ്റൊരു കാതിൽ അവതരിപ്പിക്കുന്നത് നോക്കൂ.
 
നല്ലവനായ ഒരു മനുഷ്യൻ മരിച്ച് ദൈവ സന്നിധിയിൽ എത്തി .അദ്ദേഹം ചെയ്ത ഒരേ ഒരു തെറ്റ് ജീവിതകാലത്തിലൊരിക്കലും വിശുദ്ധ കുർബാനയുടെ അനുഭവത്തിലേക്ക് വന്നിട്ടില്ല എന്നുള്ളതായിരുന്നു.പക്ഷെ ദൈവം തമ്പുരാൻ ഇതൊരു അപരാധമായി കണക്കാക്കിയില്ല. അതു കൊണ്ട് അവിടെ വച്ചുതന്നെ കുർബാന നൽകി അയക്കുവിൻ തീരുമാനിച്ചു. അതിലേക്ക് ഒരു പട്ടക്കാരന്റെ ആവശ്യം ഉണ്ടല്ലോ. സ്വർഗ്ഗത്തിൽ മുഴുവൻ പരതിയിട്ട് ഒരു അച്ചനെപ്പോലും കിട്ടിയില്ല. പിന്നെയുള്ള ഏക ആശ്രയം നരകമേയുള്ളല്ലോ. അവിടെ പര തേണ്ടി വന്നില്ല.എല്ലാ അച്ചൻമാരും അവിടെ ഉണ്ടായിരുന്നു. ആ വലിയ ബഹളത്തിനിടയിൽ നിന്നു ഒരച്ചനെ കുപ്പായത്തിൽ വലിച്ച് എടുക്കുവാൻ ശ്രമിക്കുമ്പോൾ അച്ചൻ പറയുകയാണ്
" പതുക്കെ പിടിയടോ താഴെ ബിഷപ്പ് കിടക്കുന്നു"

ഇങ്ങനെ ഒരു കഥയുണ്ടാക്കാൻ അഭിവന്ദ്യ ക്രിസോസ്റ്റം തിരുമേനിക്കല്ലാതെ ആർക്ക് കഴിയും. നൂറ്റിനാലാം  വയസിലേക്ക് കടക്കുമ്പോൾ പുഞ്ചിരിയോടെ ജീവിതം ആസ്വദിക്കയാണ് ക്രിസോസ്റ്റം തിരുമേനി.ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന തിരുമേനി നന്മയുടെ ആൾരൂപമായി നമ്മുടെ മുൻപിൽ നിൽക്കുമ്പോൾ അദ്ദേഹം നൂറ്റിനാല്  വയസ്സിന്റെ നിറവിലാണ് .
ദൈവം ഒപ്പം നടക്കുന്ന ഒരാൾ ഇന്ന് മലയാളത്തിൽ വേറെ ഉണ്ടാകുമോ എന്ന് സംശയമാണ്  .കേരളത്തിന്റെ സാമൂഹിക സാംസ്ക്കാരികരംഗത്ത് സജീവസാന്നിധ്യമായ  ക്രിസോസ്റ്റം തിരുമേനി ചിരിയും ചിന്തയും സമന്വയിപ്പിക്കാൻ ഭൂമിയിൽ വന്നത് ദൈവത്തിന്റെ നിയോഗം.നമുക്ക് അങ്ങനെ വലിയ  സൗഭാഗ്യങ്ങൾ ദൈവം നമുക്ക് നൽകുന്നു.

ഈ കൊറോണക്കാലത്ത് മനുഷ്യൻ പ്രകൃതിയിലേക്ക് മടങ്ങുമ്പോൾ   തിരുമേനിയുടെ കാഴ്ചപ്പാടുകൾക്ക് വലിയ പ്രസക്തിയുണ്ട് . കേവലം മതത്തിനുള്ളിലോ സമുദായത്തിനുള്ളിലോ ഒതുങ്ങാതെ ജാതിമതഭേദമെന്യേ തന്റെ ചുറ്റുമുള്ള ജനങ്ങളുടെ നടുവിൽ ഒരാളായി ജീവിച്ചു കാണിക്കുന്ന ഒരു പാഠപുസ്തകം കൂടിയായി മാറുകയാണ് തിരുമേനി . ഏതു സമസ്യക്കും തന്റേതായ ശൈലിയിലുള്ള ഉത്തരവുമായി അദ്ദേഹമുണ്ട് .ഒരു യോഗിവര്യന്റെ കർമ്മപഥവും ജീവിതവീക്ഷണങ്ങളും ചിന്താധാരകളും എന്നെന്നേക്കുമായി അദ്ദേഹം അടയാളപ്പെടുത്തിക്കഴിഞ്ഞു.ഇനി ആ ചിന്തകൾക്കൊപ്പം  മലയാളി നടന്നാൽ മാത്രം മതി .അദ്ദേഹം നമ്മുടെ മുന്നിൽ നമ്മെക്കാൾ ഉർജ്ജസ്വലനായി മനഃസാന്നിധ്യമായി ഒപ്പമുണ്ട് ..

ചിരിയുടെ പൊന്നു തമ്പുരാന് പ്രാർത്ഥനകളോടെ ഇ-മലയാളി  ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക