Image

പ്രിയമാർന്ന നിഴലിടങ്ങൾ (കവിത: ജയമോൾ വർഗീസ് )

Published on 27 April, 2021
പ്രിയമാർന്ന നിഴലിടങ്ങൾ (കവിത: ജയമോൾ വർഗീസ് )
നോവിന്റെ താഴ് വാരങ്ങളിലെവിടോ
നീയെന്നുമെന്റേതെന്ന് ഓർമ്മിപ്പിക്കുന്നൊരിഷ്ടമുണ്ട്..

ചേർന്നിരുന്നാൽ മാത്രം കുളിർന്നു
 പതയുമൊരു അത്രമേൽ പ്രിയം
 ചേർന്നൊരിഷ്ടം...

ആതിരരാവും ആർദ്രനിലാവും
നിഴലിടങ്ങളിൽ ..
തമ്മിൽ ചുംബിച്ചടർന്നപ്പോൾ..

പെട്ടെന്നൊരു ദിനം മുതൽ...
പ്രണയത്തിന്റെ മരുഭൂമിയായ് മാറിയ
കിന്നാരം ചൊല്ലിയിരുന്ന ചില  
പ്രിയമാർന്ന നിഴലിടങ്ങൾ..

ഇഷ്ടമേ.. നിന്റെ പ്രിയമുള്ളൊരായിരം
വാക്കുകൾക്ക് കാതോർത്ത്..
ഇന്നും നിനക്കായ് മാത്രം..

കനവുകൾ നെയ്യുന്ന മനസ്സുമായ്..
വർണ്ണങ്ങൾ നഷ്ടമായ ..
ആകാശ താഴ് വരകളിൽ...
നിന്നെത്തേടി

തേങ്ങും നൊമ്പരങ്ങളുമായ്....
ഒരു പൂത്തുമ്പിയായ് എൻ മനം
പ്രണയ തൃഷ്ണയോടെ.. നിനക്കായ്..ചിറകുവിരിക്കാറുണ്ട്...

മിഴികളിൽ എന്നോ 
അടർന്നുവീഴാതുറഞ്ഞു പോയ നീർത്തുള്ളികളിന്മേൽ..

നോവുചാലിച്ചൊരു തേൻകണമായ്..
ഇഷ്ടമേ.. നീയെന്നാണെന്നെ
ആർദ്രമായൊന്ന് ചുംബിക്കുക.?

നിന്റെ മൗനങ്ങളിൽ. ഓരോ നിമിഷവും
മരിച്ചുവീഴുന്നൊരുവളുടെ ...
അതിരുകളില്ലാത്ത പ്രണയഭാവങ്ങളിൽ

അത്രമേൽ ഇഷ്ടമാണ് നിന്നെ എനിക്കെന്നോതി ..
എന്നാണ് നീയെന്നിൽ ഒരു പ്രളയമായ്.. ആർത്തലച്ചു പെയ്യുക..?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക